UPDATES

സയന്‍സ്/ടെക്നോളജി

ഭക്ഷ്യവിഷബാധ തടയാന്‍ ഇലക്‌ട്രോണിക് മൂക്കുകള്‍

നിര്‍ദ്ദിഷ്ട ഗന്ധങ്ങള്‍ കണ്ടെത്താനും റിപ്പോര്‍ട്ട് ചെയ്യാനും കഴിയുന്ന ഹൈടെക് സെന്‍സറുകളാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ നോസുകള്‍

                       

പുത്തന്‍ രുചികളും സൗരഭ്യങ്ങളും എന്നും മനുഷ്യനെ ത്രസിപ്പിക്കുന്ന ഒന്നാണ്. പുതിയ രുചികള്‍ അന്വേഷിച്ച് കണ്ടെത്തുകയും അത് നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലുമാണ് മലയാളികള്‍. നമുക്കിഷ്ടപെട്ട ഭക്ഷണം രുചിച്ചു നോക്കുന്നതിനു മുന്‍പേ അതിന്റെ മണം ആസ്വദിക്കാത്തവര്‍ ചുരുക്കമാണ്. പലപ്പോഴും ഇത്തരം രുചി വൈവിധ്യങ്ങളെ അറിയുന്നതില്‍ വില്ലനായെത്തുന്നത് ഭക്ഷ്യ വിഷ ബാധയാണ്. പേടി കൊണ്ട് പുറത്ത് നിന്നൊന്ന് കഴിക്കാന്‍ മടിക്കുന്നവരുണ്ട്. നമ്മുടെ ഭക്ഷണത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന അപകടങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ നമ്മുടെ മൂക്കിനാകില്ല. എന്നാലും ഇതേ പ്രശ്‌നം പരിഹരിക്കാനായി ഇലക്‌ട്രോണിക് മൂക്ക് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ആദ്യമായി കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും സംഗതി സത്യമാണ്.

ഒരു ട്രില്യണ്‍ വ്യത്യസ്ത ഗന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഏകദേശം 400-ഓളം സുഗന്ധ റിസപ്റ്ററുകള്‍ ഓരോ മനുഷ്യ നാസികയിലും അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇതിനൊന്നും ഭക്ഷ്യ വിഷബാധ ഉണ്ടാകുന്ന ഭക്ഷ്യ വസ്തുക്കളെ കണ്ടെത്താന്‍ സാധിക്കില്ല. ഒരു ഇലക്‌ട്രോണിക് ഉപകരണത്തിൽ ഇത്തരത്തിലുളള വൈദഗ്ധ്യം തീര്‍ക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്.

നിര്‍ദ്ദിഷ്ട ഗന്ധങ്ങള്‍ കണ്ടെത്താനും റിപ്പോര്‍ട്ട് ചെയ്യാനും കഴിയുന്ന ഹൈടെക് സെന്‍സറുകളാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ നോസുകള്‍. ഇസ്രയേലി കമ്പനിയായ സെന്‍സിഫിയാണ് ഈ ആര്‍ട്ടിഫിഷ്യല്‍ നോസിന്റെ ഉപജ്ഞാതാക്കള്‍. ഈ പുതിയ ഇ- നോസുകള്‍ ഒരു നായയുടെ മൂക്കിനേക്കാള്‍ ആയിരം മടങ്ങ് കൂടുതല്‍ സെന്‍സിറ്റീവാണ്. സാല്‍മൊണെല്ലയും ഇ.കോളിയുമാണ് ഭക്ഷണത്തിലൂടെ പകരുന്ന സാധാരണ ബാക്ടീരിയകള്‍. ഇവയ്ക്ക് രണ്ടിനും വ്യത്യസ്തങ്ങളായ ‘ഇലക്ട്രോണിക് ഐഡന്റിറ്റിയുണ്ട്. സെസിഫിയുടെ ഇ- നോസുകളില്‍ കാര്‍ബണ്‍ നാനോ കണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ബാക്റ്റീരിയകള്‍ പുറപ്പെടുവിക്കുന്ന ഓര്‍ഗാനിക് സംയുക്തങ്ങള്‍ (വോളറ്റൈയില്‍ ഓര്‍ഗാനിക് കോമ്പൗണ്ടസ്-voc) ഇവ കണ്ടെത്തുന്നു.

ഈ ബയോ സെന്‍സര്‍ സാങ്കേതികവിദ്യ ഭക്ഷണത്തിന്റെ ഗുണനിലവാര നിയന്ത്രണത്തിനും, ഭക്ഷ്യവസ്തുകളിലെ രോഗാണുക്കളെ കണ്ടെത്താനും പരിസ്ഥിതി, ആരോഗ്യ നിരീക്ഷണം തുടങ്ങി എല്ലായിടത്തും ഉപയോഗിക്കാമെന്നും സെന്‍സിഫിയുടെ ചീഫ് ടെക്‌നോളജി ഓഫീസറും സ്ഥാപകനുമായ ആന്‍ഡ്രൂ ക്രാലിസെക് പറയുന്നു. ഓരോ ബാക്റ്റീരിയയും ഉത്പാദിപ്പിക്കുന്ന വി ഒ സികളും ഇ- നോസില്‍ ഒരു വൈദ്യുത സിഗ്‌നല്‍ സൃഷ്ടിക്കുന്നു. ഇതൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്യുകയും മുന്‍കൂട്ടി തയ്യാറാക്കിയിരിക്കുന്ന ഡാറ്റ ബേസനുസരിച്ച് പരിശോധിച്ച് ഫലം ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുന്നു.

നിലവില്‍ ഭക്ഷ്യ വിഷബാധയുമായി സംബന്ധിച്ച സാമ്പിളുകള്‍ പരിശോധനക്കായി ലബോറട്ടറിയിലേക് അയച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫലങ്ങള്‍ ലഭിക്കുക. എന്നാല്‍ സെന്‍സിഫി ഇ- നോസുകള്‍ വഴി ഒരു മണിക്കൂറിനുള്ളില്‍ തന്നെ സാമ്പിളുകള്‍ പരിശോധിച്ച് ഫലം അറിയാന്‍ സാധിക്കുന്നു. ഇത് ഭക്ഷ്യ സുരക്ഷാ രംഗത്ത് പുതിയ വിപ്ലവകരമായ വഴിത്തിരിവിന് കാരണമാകുമെന്ന് സെന്‍സിഫിയുടെ ചീഫ് എക്‌സിക്യൂട്ടീവ് മോഡി പെലെഡ് പറഞ്ഞു. സെന്‍സിഫിയുടെ ഇ- നോസുകളുടെ വിലയെത്രയാണെന്ന് ഇത് വരെ പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും ഇ -നോസുകള്‍ക്ക് ഭീമമായ വില ഈടാക്കില്ലെന്നും പകരം സബ്സ്‌ക്രിപ്ഷന്‍ ഫീസായിരിക്കും ഉണ്ടാവുകയെന്നും കമ്പനി അറിയിച്ചു.

ഓരോ വര്‍ഷവും 600 ദശലക്ഷം പേര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേല്‍ക്കുന്നത്, 4.2 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതിന്റെ പിന്നിലും സുരക്ഷിതമല്ലാത്ത ഭക്ഷണമാണ്(ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ-എഫ്എസ്എസ്എഐ- ചീഫ് എക്‌സിക്യൂട്ടീവ് ജി കമലവര്‍ധന റാവു 2023ലെ ഗ്ലോബല്‍ ഫുഡ് റെഗുലേറ്റേഴ്‌സ് സമ്മിറ്റില്‍ പറഞ്ഞത്). ഇ-എം നിലവില്‍ വിപണിയില്‍ ലഭ്യമായി തുടങ്ങിയിട്ടില്ലെങ്കിലും ഇവ പ്രാബല്യത്തില്‍ വരുന്നതോടെ ഭക്ഷ്യ സുരക്ഷാ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍