UPDATES

മുസ്ലിമുമായുള്ള വിവാഹം തടയാന്‍ സ്വന്തം മകളെ ലഹരി വിമോചന കേന്ദ്രത്തിലടച്ച ഒരമ്മ

ഒരു പെണ്‍കുട്ടിയെ മൂന്നു മാസം തടവിലാക്കിയത് വെറും കുടംബപ്രശ്‌നമായി കാണുന്ന നിയമ സംവിധാനം

                       

മുസ്ലിമിനെ വിവാഹം ചെയ്താല്‍ തകരുന്ന കുടുംബത്തിന്റെ മാനമോര്‍ത്ത് സ്വന്തം മകളെ ‘മയക്കുമരുന്നിന് അടിമയാക്കി ചിത്രീകരിച്ച ഒരമ്മ. ദുരഭിമാനികളായ അമ്മയ്ക്കും സഹോദരനുമൊപ്പം നിന്ന പൊലീസും ഭരണസംവിധാനങ്ങളും. ജീവിത പങ്കാളിയെ കണ്ടെത്താല്‍ നിയമത്തിന്റെ എല്ലാ വാതിലുകളിലും മുട്ടിയിട്ടും അവഗണിക്കപ്പെട്ടൊരു ചെറുപ്പക്കാരന്റെ തോല്‍ക്കാന്‍ തയ്യാറാകാത്ത മനസ്, അയാള്‍ക്കൊപ്പം നിന്ന സോഷ്യല്‍ മീഡിയ, ഒടുവില്‍ തടവറകള്‍ ഭേദിച്ച് പ്രണയിനിക്കൊപ്പം ചേര്‍ന്ന പെണ്‍കുട്ടി; ഇതൊരു സിനിമക്കഥയല്ല, ഇന്നത്തെ ഇന്ത്യയില്‍ സംഭവിച്ച യാഥാര്‍ത്ഥ്യമാണ്.

മുംബൈയിലെ പ്രശസ്ത ഡിജെയാണ് ഡിജെ ഡിയോണ്‍ എന്നറിയപ്പെടുന്ന ദാമിനി ഭജങ്ക. അസമിലെ ഗുവാഹത്തിയാണ് നാട്. ദാമിനിയുടെ ജീവിത പങ്കാളിയാണ് കശ്മീര്‍ സ്വദേശി വസീം രാജ മുഗുള്‍. ആറു വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്നു. ഒടുവില്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 ന് ആയിരുന്നു രിജസ്റ്റര്‍ വിവാഹം തീരുമാനിച്ചിരുന്നത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് നാട്ടിലേക്ക് പോയ ദാമിനി ഡിസംബര്‍ 13ന് രാത്രിയിലെ വിമാനത്തില്‍ മുംബൈയില്‍ എത്താമെന്നായിരുന്നു തീരുമാനം. അവള്‍ തിരിച്ചെത്തിയില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ്, സോഷ്യല്‍ മീഡിയയിലും നിശബ്ദത. എവിടെ പോയെന്ന് ആര്‍ക്കുമറിയില്ല.

27 കാരിയായ ദാമിനിയെ തിരക്കി വസീം എല്ലായിടത്തും അലഞ്ഞു. പൊലീസ് സ്റ്റേഷന്‍ മുതല്‍ കോടതിയില്‍ വരെ. ചിലരവനെ നുണയനെന്നു വിളിച്ചു, ചിലര്‍ ഭ്രാന്തനെന്നും. ദാമിനി എവിടെപ്പോയെന്ന് അന്വേഷിക്കാന്‍ ആരും തയ്യാറായില്ല.

ദാമിനിയെ കാണാതായി 13 ദിവസം പിന്നിട്ടപ്പോള്‍ മുഗുള്‍ ഇ-കംപ്ലയ്ന്റ് സംവിധാനം വഴി മുംബൈയിലെ ദിസ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഏതൊരു ഇന്ത്യന്‍ പൗരനും ഈ സംവിധാനത്തിലൂടെ പരാതി രജിസ്റ്റര്‍ ചെയ്യാം. പരാതി പരിശോധിച്ചശേഷം ബന്ധപ്പെട്ട പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്. ഡിസംബര്‍ 26 ന് ആണ് മുഗുള്‍ പരാതി നല്‍കിയത്. ദ സ്‌ക്രോള്‍ പരിശോധിച്ച ഈ പരാതിയില്‍ പറയുന്നൊരു കാര്യം, ഡിസംബര്‍ 31 ന് ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന ഒരു പ്രോഗ്രാമില്‍ ദാമിനി പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അവളുടെ സഹോദരന്‍ അഡ്വാന്‍സായി വാങ്ങിച്ചിരുന്ന 50,000 രൂപ തിരികെ നല്‍കിയെന്നും, സംഘാടകരോട് ദാമിനിയെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ലെന്നുമാണ്.

അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയ ദിസ്പൂര്‍ പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്നും, ഓഫിസര്‍ ഇന്‍-ചാര്‍ജ് ആയ ഉദ്യോഗസ്ഥന്‍ തന്റെ കോളും വാട്‌സ് ആപ്പ് മെസേജുകളും ബ്ലോക് ചെയ്തു കളഞ്ഞെന്നുമാണ് മുഗുള്‍ സ്‌ക്രോളിനോട് പറഞ്ഞത്.

ജനുവരി മൂന്നിന് മുഗുള്‍ ദേശീയ വനിത കമ്മീഷനിലും പരാതി നല്‍കി. നടപടിയൊന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ജനുവരി 19 ന് ഗുവഹാത്തി ഹൈക്കോടതിയില്‍ മുഗുള്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ദാമിനിയുടെ അമ്മ രേഖ ഭജങ്ക, സഹോദരന്‍ നിഷാന്ത് അഗര്‍വാള്‍, അസം ഡിജിപി, ദേശീയ വനിത കമ്മീഷന്‍, ദിസ്പൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ എന്നിവരെ കക്ഷി ചേര്‍ത്തായിരുന്നു ഹര്‍ജി. ഹര്‍ജി കോടതി മൂന്നു തവണ പരിഗണനയ്‌ക്കെടുത്തുവെങ്കിലും ഓരോ തവണയും വാദം നീട്ടിവയ്ക്കാനായിരുന്നു മുഗുളിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

ദാമിനിക്ക് എന്താണ് സംഭവിച്ചത്?
വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് ദാമിനിയെ അമ്മ രേഖ വിളിക്കുന്നത്. അത്യാവശ്യമായി നാട്ടില്‍ വരണമെന്നും വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യത്തിനായി ചില പേപ്പറുകളില്‍ ദാമിനി ഒപ്പിടേണ്ടതുണ്ടെന്നുമാണ് അമ്മ പറഞ്ഞത്. മുഗുളുമായുള്ള ബന്ധം അമ്മയ്ക്കറിയാവുന്നതാണ്, വിവാഹത്തിന് സമ്മതിച്ചിട്ടുമുണ്ട്. അതുകൊണ്ട് കൂടുതലായൊന്നും ചിന്തിച്ചില്ല. ഡിസംബര്‍ 13 ന് മുംബൈയിലെത്താന്‍ റിട്ടേണ്‍ ടിക്കറ്റും ബുക്ക് ചെയ്തിട്ടായിരുന്നു ദാമിനി ഗുവാഹത്തിയിലേക്ക് വിമാനം കയറിയത്.

പുലര്‍ച്ചെ 12.13 ന് ദാമിനി ഗുവാഹത്തിയില്‍ വിമാനമിറങ്ങി. അപ്പോള്‍ തന്നെ തന്റെ പ്രതിശ്രുത വരന് അവള്‍ മെസേജും അയച്ചു. അതായിരുന്നു ദാമിനിയില്‍ നിന്നും മുഗുളിന് ലഭിക്കുന്ന അവസാന മെസേജ്.

വിമാനത്താവളത്തില്‍ ദാമിനിയെ കാത്ത് അവളുടെ 25 കാരനായ സഹോദരന്‍ നിഷാന്തും കസിന്‍ ഗൗരവും ഉണ്ടായിരുന്നു. അവര്‍ ദാമിനിയെ കൊണ്ട് യാത്രയായി.

അഭിഭാഷകന്റെ വീട്ടിലേക്കെന്നായിരുന്നു ദാമിനിയോട് പറഞ്ഞിരുന്നത്. യാത്രയുടെ ദൂരം കൂടുന്തോറും ദാമിനി അപകടം മണത്തു. 40 മിനിട്ടത്തെ യാത്രയ്‌ക്കൊടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് നഗരമധ്യത്തിലുള്ള ഒരു ലഹരി വിമോചന കേന്ദ്രത്തിലായിരുന്നു. ഒരു സംഘം സ്ത്രീകള്‍ വന്ന് ദാമിനിയെ വണ്ടിയില്‍ നിന്നും വലിച്ചിറക്കി കൊണ്ടു പോയി. അതിനു മുമ്പേ അവളുടെ ഫോണും സാധാനങ്ങളും മറ്റുള്ളവര്‍ കൈക്കലാക്കിയിരുന്നു. ദാമിനിയുടെ എതിര്‍പ്പുകളെല്ലാം വിഫലമായി. സഹോദരനോടവള്‍ യാചിച്ചു. കൊന്നുകളയുമെന്നായിരുന്നു ഭീഷണി. താന്‍ ജീവിതത്തില്‍ ഇന്നേവരെ ഒരു തരത്തിലുള്ള ലഹരിയും ഉപയോഗിച്ചിട്ടില്ലെന്നവള്‍ ആണയിട്ടിട്ടും ആരും ചെവിക്കൊണ്ടില്ല.

ഇന്നേവരെ ഒരു ഡോക്ടറും താനൊരു ലഹരി അടിമയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും, പിന്നെന്തിനാണ് തന്നെയിവിടെ അടച്ചിട്ടിരിക്കുന്നതെന്നും അവള്‍ ചോദിപ്പോള്‍, സ്ഥാപനത്തിന്റെ അധികൃതര്‍ പറഞ്ഞത്, സ്വന്തം അമ്മ പറഞ്ഞിട്ടു തന്നെയാണ് അവളെയിവിടെ കൊണ്ടുവന്നിരിക്കുന്നതെന്നാണ്. പെറ്റമ്മയില്‍ നിന്നുണ്ടായ ചതിയോര്‍ത്ത് ആ രാത്രി മുഴുവന്‍ ദാമിനി കരഞ്ഞു.

ലഹരിക്കടിപ്പെട്ട കൊടും ക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലായിരുന്നു അടുത്ത രണ്ടു മാസം ദാമിനിക്ക് കഴിയേണ്ടി വന്നത്. ഓരോ ദിവസവും പേടിച്ച് പേടിച്ചുള്ള ജീവിതം. രണ്ടു മാസവും അമ്മയോ സഹോദരനോ ആരും ദാമിനിയെ കാണാന്‍ വന്നില്ല.

40 ദിവസങ്ങള്‍ക്കുശേഷം അമ്മയുടെ സഹോദരന്‍ അവളെ കാണാന്‍ വന്നു. അമ്മാവനോട് തന്നെ രക്ഷിക്കാന്‍ അവള്‍ കാലുപിടിച്ച് അപേക്ഷിച്ചു.

ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ് നിന്നെയിവിടെ പാര്‍പ്പിച്ചിരിക്കുന്നതെന്നായിരുന്നു അമ്മാവന്റെ മറുപടി. ഒരു മുസ്ലിമിനെ വിവാഹം കഴിക്കുന്നതില്‍ നിന്നും നിന്നെ രക്ഷിച്ചുവെന്ന് അഭിമാനത്തോടെയായിരുന്നു അമ്മാവന്‍ ദാമിനിയോട് പറഞ്ഞത്.

അവിടുത്തെ ജീവിതം തീര്‍ത്തും ദുസ്സഹനീയമായിരുന്നു. മരിക്കാന്‍ പോലും തോന്നി, ഒരിക്കല്‍ അവളതിന് തുനിയുകയും ചെയ്തു. കൈയിലെ ഞരമ്പ് മുറിച്ചു.

രണ്ട് മാസങ്ങള്‍ക്ക് ശേഷം ദാമിനിയെ കാണാന്‍ അമ്മയും സഹോദരനുമെത്തി. അമ്മയെ കെട്ടിപ്പിടിച്ചവള്‍ കരഞ്ഞു, ആ നരകത്തില്‍ നിന്നും കൊണ്ടു പോകാന്‍ യാചിച്ചു. നീ ഒരു മുസ്ലിമിനെ വിവാഹം ചെയ്താല്‍ സ്വന്തം ജീവിതവും കുടുംബത്തിന്റെ മാനവും തകരുമെന്നായിരുന്നു അമ്മ അവളോട് പറഞ്ഞത്. യാതൊരു ദയയും കാണിക്കാതെ അവര്‍ ദാമിനിയെ അവിടെ തന്നെ ഉപേക്ഷിച്ചു പോന്നു.

നിയമും നിയമപാലകരും കൈയൊഴിഞ്ഞെങ്കിലും വസീം മുഗുളിന് വെറുതെയിരിക്കാന്‍ സാധിക്കുമായിരുന്നില്ല. അയാള്‍ തെരുവുകളില്‍ തന്റെ പ്രണയിനിക്കു വേണ്ടി ശബ്ദമുയര്‍ത്തി. ആ ചെറുപ്പക്കാരന്റെ പോരാട്ടം ചില മാധ്യമങ്ങള്‍ ശ്രദ്ധിച്ചു. പിന്നാലെ സോഷ്യല്‍ മീഡിയയും. ദാമിനിയെ എവിടെയെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ സജീവമായി. പ്രാദേശിക ചാനലുകളും സംഭവം വാര്‍ത്തയാക്കി.

കാര്യങ്ങളുടെ ഗതി മാറിയതോടെ മാര്‍ച്ച് 11 ന് ലഹരി വിമോചന കേന്ദ്രത്തില്‍ നിന്നും ദാമിനിയും മോചിതയായി. രേഖയും നിഷാന്തും ഗൗരവും കൂടി അവളെ അവിടെ നിന്നും കൊണ്ടു പോന്നു. വീട്ടിലേക്കായിരിക്കും എന്നാണ് ദാമിനി കരുതിയത്. ഗുവാഹാത്തിയിലേക്കല്ല, അവര്‍ പോയത് മേഘാലയിലേക്കായിരുന്നു. ഷില്ലോംഗിലെ മിഥില്‍ കോട്ടേജ് എന്ന റിസോര്‍ട്ട് ആയിരുന്നു ദാമിനിക്കു വേണ്ടി അവര്‍ ഒരുക്കിയ അടുത്ത തടവറ. എങ്കിലും രേഖയും നിഷാന്തും പരിഭ്രാന്തരായിരുന്നു. ദാമിനിക്കു വേണ്ടിയുള്ള സോഷ്യല്‍ മീഡിയ പോരാട്ടവും മാധ്യമ വാര്‍ത്തകളും അവരെ പേടിപ്പിച്ചു. ആരോപണം തങ്ങള്‍ക്കു നേരെയാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അത് തടയാന്‍ അവരൊരു തന്ത്രം മെനഞ്ഞു.

കുടുംബം ആസൂത്രണം ചെയ്ത നാടകം തന്നെയായിരുന്നു ദാമിനിയെ രക്ഷപ്പെടുത്തിയത്. റിസോര്‍ട്ടില്‍ വച്ച് രേഖ അവളെക്കൊണ്ട് നിര്‍ബന്ധിച്ചൊരു കാര്യം ചെയ്യിപ്പിക്കാന്‍ ശ്രമിച്ചു. മൊബൈല്‍ വീഡിയോ ഷൂട്ട് ചെയ്യണം. തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും, തടവിലാക്കിയിട്ടില്ലെന്നും കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയാണെന്നും ദാമിനി പറയണം. കിട്ടിയ അവസരം അവള്‍ പാഴാക്കിയില്ല. മാര്‍ച്ച് 11 ന് മൂന്നു മാസത്തിനുശേഷം അവളുടെ കൈയില്‍ ഫോണ്‍ കിട്ടി. കിട്ടിയപാടെ മുറിയില്‍ കയറി കതകടച്ചശേഷം ദാമിനി മുഗുളിനെ വിളിച്ചു. റിസോര്‍ട്ടിന്റെ വിവരങ്ങളും പറഞ്ഞു കൊടുത്തു. മുഗുള്‍ വിവരം മേഘാലായ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി, ദാമിനി ഒടുവില്‍ മോചിതയായി. ഒരു സുഹൃത്തിന്റെ വീട്ടില്‍ ആ ദിവസം തങ്ങിയിട്ട് പിറ്റേദിവസം തന്നെ അവള്‍ മുംബൈയ്ക്ക്് വിമാനം കയറി, തന്റെ പ്രിയപ്പെട്ടവന് അരികിലേക്ക്. കഥ അവിടം കൊണ്ടു തീര്‍ന്നില്ല.

മൂന്നു മാസം ഒരു പെണ്‍കുട്ടിയെ, ലഹരിവിമോചന കേന്ദ്രത്തിലടക്കം തടവിലാക്കി പാര്‍പ്പിച്ചതില്‍ ആര്‍ക്കുമെതിരേ കേസ് ഇല്ല. പരാതി കിട്ടാത്തതുകൊണ്ടല്ല. അമ്മയ്ക്കും സഹോദരനുമെതിരേ മൂന്നു സംസ്ഥാനങ്ങളിലെ പൊലീസിനാണ് ദാമിനി പരാതി നല്‍കിയത്. തന്നെ തട്ടിക്കൊണ്ടു പോയ അസമില്‍, താന്‍ ജീവിച്ചിരുന്ന മഹാരാഷ്ട്രയില്‍, തന്നെ മോചിപ്പിച്ച മേഘാലയില്‍. ഒരു പൊലീസും അനങ്ങിയില്ല. റിസോര്‍ട്ടില്‍ നിന്നും ദാമിനിയെ മോചിപ്പിച്ചെങ്കിലും മേഘാലയ പൊലീസ് ചെയ്തത്, അമ്മയെയും സഹോദരനെയും വെറുതെ വിടുകയായിരുന്നു. ദാമിനി അവര്‍ക്കെതിരേ രേഖാമൂലം പരാതി കൊടുത്തിട്ടും. ദ സ്‌ക്രോള്‍ പൊലീസുകാരെ ബന്ധപ്പെട്ടപ്പോള്‍, അവര്‍ പറയുന്നത്, അതൊരു കുടുംബ പ്രശ്‌നം മാത്രമാണെന്നായിരുന്നു! ഒരു പെണ്‍കുട്ടിയെ മൂന്നുമാസം അന്യായമായി തടവില്‍ പാര്‍പ്പിക്കുന്നത് വെറും കുടുംബ പ്രശ്‌നം! ലഹരി വിമോചന കേന്ദ്രം പറയുന്നത്, മാതാപിതാക്കളുടെ സമ്മതമുണ്ടായിട്ടാണ് ദാമിനി പൂട്ടിയിട്ടതെന്നാണ്.

ദാമിനി വിഷയം നിരവധി സ്ത്രീ സംഘടനകള്‍ ഏറ്റെടുത്തിട്ടുണ്ട്. ദാമിനിയും മുഗുളും നിയമപോരാട്ടത്തിലുമാണ്. എങ്കിലും പൊലീസിന് ഇപ്പോഴുമത്, ഒരു കുടംബ പ്രശ്‌നമാണ്, മുസ്ലിമിനെ കല്യാണം കഴിക്കാതിരിക്കാന്‍ ചെയ്ത നല്ലൊരു കാര്യം!

കടപ്പാട്; ദ സ്‌ക്രോള്‍

Share on

മറ്റുവാര്‍ത്തകള്‍