June 14, 2025 |

മകളെ രക്ഷിക്കാൻ ജീവൻ ത്യജിച്ച അമ്മ

സിഡ്‌നി ആക്രമണത്തിൽ കുഞ്ഞിനെ സംരക്ഷിക്കാൻ സ്വന്തം ജീവൻ വെടിഞ്ഞ് ഒരമ്മ

ലോക മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു ഓസ്ട്രേലിയയിലെ ഷോപ്പിംഗ് മാളിൽ നടന്ന ആക്രമണം. ആക്രമത്തിൽ ഒരു പാട് പേർക്ക് തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടിരുന്നു. തന്റെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കുന്നതിടയിൽ വേണ്ടി സ്വന്തം ജീവൻ നഷ്ടപെട്ട ആഷി ഗുഡ് എന്ന അമ്മ എല്ലാവരുടെയും ഉള്ളിൽ ഒരു തീരാനോവായി അവശേഷിക്കുകയാണ്.

38 കാരിയായ ആഷ്‌ലി ഗുഡ്, ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റട്ടിട്ടും തൻ്റെ പെൺകുഞ്ഞിനെ സമീപത്തുള്ളവരുടെ കൈകളിലേക്ക് സുരക്ഷിതമായി കൈമാറിയെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നത്.

‘ആക്രമണത്തിൽ ആഷ്ലിക്ക് ഗുരുതരമായി കുത്തേറ്റിരുന്നു അത്രയും വേദനയിലാണ് ആഷ്‌ലി, കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ എൻ്റെ നേരെ എറിഞ്ഞത്. ആഷ്‌ലി ജീവന് വേണ്ടി കഷ്ടപെടുമ്പോൾ ഞാൻ അമ്മയെയും കുഞ്ഞിനേയും രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു, അപകട സമയത്ത് ആഷ്‌ലിയുടെയും കുഞ്ഞിന്റെയും അവസ്ഥ വളരെ മോശമായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഒരു പാട് രക്തം നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിനെ രക്ഷിക്കാനും അതോടൊപ്പം ഇരുവരുടെയും മുറിവിൽ അമർത്തി പിടിച്ച് കൂടുതൽ രക്തം നഷ്ടപ്പെടുന്നത് തടയാനും ഞാനും എന്റെ സഹോദരനും നന്നേ കഷ്ട്ടപെട്ടു. ഒരു സഹായത്തിനായി ഞങ്ങൾ മൂവരും നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു’.  അപകട സമയത്ത് ആഷ്‌ലിയെയും കുഞ്ഞിനെയും രക്ഷിക്കാൻ ശ്രമിച്ച വ്യക്തി നയൻ ന്യൂസിനോട് പറയുന്നു.

ഒമ്പത് മാസം മാത്രം പ്രായമുള്ള ആഷ്ലിയുടെ കുഞ്ഞ് ശസ്ത്രക്രിയക്ക് ശേഷം സുഖമായിരിക്കുന്നുവെന്ന് ആഷ്‌ലിയുടെ ബന്ധുക്കൾ വ്യക്തമാക്കി.

ഒരു നല്ല അമ്മ, മകൾ, സഹോദരി, പങ്കാളി, സുഹൃത്തും ഒപ്പം ഒരു നല്ല വ്യക്തിത്വത്തിനുടമയുമായിരുന്നു ആഷ്‌ലി. അവളുടെ വേർപാടിന്റെ നഷ്ടത്തിൽ തങ്ങൾ തളർന്നിരിക്കുകയാണ് എന്നാണ് ആഷ്‌ലി ഗുഡിൻ്റെ കുടുംബം പറഞ്ഞത്. അതോടൊപ്പം, ആഷ്‌ലിക്കും ഞങ്ങളുടെ കുഞ്ഞിനും വേണ്ടി പ്രവർത്തിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്ത ഓസ്‌ട്രേലിയയിലെ ജനങ്ങളോട് തങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായും ആഷ്‌ലിയുടെ കുടുംബം തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.

ആഷ്‌ലി മുൻപ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ അംഗങ്ങൾ ആഷ്‌ലിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

നോർത്ത് മെൽബണിന് വേണ്ടി കളിച്ച മുൻ ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗ് താരം കെറി ഗുഡിൻ്റെ മകളാണ് ആഷ്‌ലി ഗുഡ്. ഏപ്രിൽ 14 ഞായറാഴ്ച നടന്ന മത്സരത്തിനിടെ ക്ലബ്ബ് ആഷ്‌ലിയുടെ ഓർമ്മയ്ക്കായി കറുത്ത ആംബാൻഡ് ധരിച്ചിരുന്നു. ക്ലബ്ബിൻ്റെ പരിശീലകനായ അലസ്റ്റർ ക്ലാർക്‌സൺ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു.

“ആഷ്‌ലിയുടെ മരണം ഞങ്ങളുടെ ക്ലബ്ബിനും അവളുടെ കുടുംബത്തിനും ഒരു പോലെ ഞെട്ടലുളവാക്കുന്നതാണ്, ആഷ്‌ലിയുടെ മകൾക്ക് ഇത്ര നല്ല ഒരമ്മയെ നഷ്ടപെട്ടത് ഞങ്ങളുടെ ഹൃദയത്തെ തകർക്കുകയാണ് എന്നും അലസ്റ്റർ ക്ലാർക്‌സൺ ഫോക്സ് സ്പോർട്സിനോട് പറഞ്ഞു.

ആക്രമിയിൽ നിന്ന് ഷോപ്പിംഗ് മാളിലുണ്ടായിരുന്നവരെ സംരക്ഷിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ഗാർഡ് ഫറാസ് താഹിറാണ് ജോയലിന്റെ കത്തിക്കിരയായ മറ്റൊരു വ്യക്തി. 30 വയസ്സ് മാത്രം ഫറാസ് ഒരു വർഷം മുമ്പാണ് പാകിസ്ഥാനിൽ നിന്ന് ഓസ്‌ട്രേലിയയിൽ ജോലിതേടി എത്തിയത്.

‘ഫറാസ് താഹിർ ഞങ്ങളുടെ കൂട്ടായ്മയിലെ പ്രിയപ്പെട്ട അംഗവും അർപ്പണബോധമുള്ള ഒരു വ്യക്തിയുമായിരുന്നുവെന്നും ഓസ്‌ട്രേലിയയിലെ അഹമ്മദിയ മുസ്‌ലിം കൂട്ടായ്മ്മ പറഞ്ഞു. കൂടാതെ, ഫറാസിന്റെ വേർപാടിൽ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരോടൊപ്പം തങ്ങളുടെ നിരന്തര പ്രാർത്ഥനകൾ ഒപ്പമുണ്ടെന്നും അഹമ്മദിയ മുസ്‌ലിം കൂട്ടായ്മ്മ തങ്ങളുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഫറാസിനൊപ്പമുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥൻ പരിക്കേറ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ഇവരെ കൂടാതെ ആർക്കിടെക്റ്റ് ആയ ജേഡ് യങ്, പിക്രിയ ഡാർച്ചിയ, എന്നിവരും ആക്രമണത്തിന് ഇരയായതായി ന്യൂ സൗത്ത് വെയിൽസ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ശനിയാഴ്ച പ്രാദേശിക സമയം മൂന്ന് മണിക്ക് ശേഷമാണ് , ജോയൽ കൗച്ചി, എന്ന 40 ത്കാരൻ, ഓസ്ട്രേലിയയിലെ ഷോപ്പിംഗ് മാളിൽ ആക്രമണം നടത്തുകയും വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തത്. തന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജോയൽ മാളിലുണ്ടായിരുന്ന അഞ്ച് പേരെ കുത്തിക്കൊലപ്പെടുത്തി. സിഡ്‌നിയിലുള്ള ബോണ്ടി ജംഗ്ഷനിലെ തിരക്കേറിയ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് മാളിലാണ് ജോയൽ ആക്രമണം അഴിച്ചു വിട്ടത്. ഇയാളെ സംഭവ സ്ഥലത്ത് വച്ച് തന്നെ പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമിയായ ജോയൽ മാനസിക രോഗി ആയിരുന്നുവെന്നും അതിന്റ പശ്ചാത്തലത്തിലായിരുന്നു ആക്രമണം എന്നുമാണ് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×