UPDATES

ആ അമ്മ എന്തിന് സ്വന്തം മകനെ കൊന്നു? ഉത്തരം കിട്ടാതെ പൊലീസ്

തറയിലെ രക്ത തുള്ളികള്‍ സംശയമുണ്ടാക്കി, 30,000 രൂപയ്ക്ക് ഇന്നോവയില്‍ ബെംഗളൂരുവിലേക്ക്

                       

സ്വന്തം മകനെ കൊലപ്പെടുത്താന്‍ മാത്രം ആ അമ്മയെ പ്രകോപിതയാക്കിയ കാര്യമെന്താണ്? പൊലീസിന് ഇതുവരെയും ആ ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. തകര്‍ന്ന വിവാഹബന്ധമോ? കുട്ടിയെ വിട്ടുകൊടുക്കേണ്ടി വരുമെന്ന പേടിയോ? കാരണങ്ങള്‍ പലതാകാം. ഒന്നും സ്ഥിരീകരിക്കാനായിട്ടില്ല.

പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നാല് വയസുകാരന്‍ മകനെ കൊന്ന് ബാഗിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച സുചന സേഥ് എന്ന അമ്മയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ അഴിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഗോവന്‍ പൊലീസ്. നാലു വയസുകാരന്‍ മകനെ കൊന്നു ബാഗിലാക്കി സ്റ്റാര്‍ട്ട് അപ്പ് സിഇഒ ആയ അമ്മ

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന സ്ത്രീ, അവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അക്കാരണത്താല്‍ സുചന തീര്‍ത്തും അസന്തുഷ്ടയായിരുന്നു. പക്ഷേ, ഡിവോഴ്‌സുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളൊന്നും തന്നെ പൊലീസിന് കിട്ടിയിട്ടുമില്ല. എന്നാല്‍ സുചന പറയുന്നത്, അവര്‍ വേര്‍പിരിഞ്ഞുവെന്നാണ്. എന്നാലത് സ്ഥിരീകരിക്കേണ്ടതുണ്ട്- നോര്‍ത്ത് ഗോവ പൊലീസ് സൂപ്രണ്ട് നിതിന്‍ വല്‍സന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്ന കാര്യങ്ങളാണ്. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ച് തിങ്കളാഴ്ച്ച രാത്രി അറസ്റ്റിലായ സുചനയെ ഗോവയിലെ മപുസ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്. പ്രാഥമിക ചോദ്യം ചെയ്യല്‍ കഴിയുമ്പോഴും കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം പൊലീസിന് മനസിലായിട്ടില്ല.

ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്, സമീപകാലത്തെ ഒരു കോടതി ഉത്തരവ് പ്രകാരം ഞായറാഴ്ച്ചകളില്‍ കുട്ടിയെ കാണാന്‍ അവരുടെ ഭര്‍ത്താവിന് അനുവാദം ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍ ഇക്കാര്യവും സ്ഥിരീകരിക്കേണ്ടതുണ്ടെന്നാണ് പൊലീസ് മാധ്യമങ്ങളോട് പറയുന്നത്.

മറ്റൊരു കാര്യം പൊലീസ് പറയുന്നത്, ചോദ്യം ചെയ്യലിനിടയില്‍ സുചന പറഞ്ഞത്, മകനെ അവര്‍ കൊന്നിട്ടില്ലെന്നും, കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നും എങ്ങനെ മരിച്ചുവെന്ന് അറിയില്ലെന്നുമാണ്.

ബെംഗളുരൂവിലെ തനിസന്ദ്രയില്‍ താമസിക്കുന്ന സുചന ജനുവരി ആറിനാണ് എയര്‍ബിഎന്‍ബി വഴി ഓണ്‍ലൈന്‍ ആയി നോര്‍ത്ത് ഗോവയിലെ കണ്ടോളിമിലുള്ള ഹോട്ടല്‍ സോള്‍ ബന്യന്‍ ഗ്രാന്‍ഡില്‍ മുറി ബുക്ക് ചെയ്യുന്നത്. ജനുവരി 7 ന് പുലര്‍ച്ചെ ഒരു മണിയോടെ താന്‍ മുറിയൊഴിയുകയാണെന്ന് സുചന ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചു. തനിക്ക് ബെംഗളൂരുവിലേക്ക് പോകാന്‍ ഒരു ടാക്‌സി ഏര്‍പ്പാടാക്കി തരണമെന്നും ഹോട്ടലുകാരോട് ആവശ്യപ്പെട്ടിരുന്നു.

ടാക്‌സി വിളിച്ചു ബെംഗളൂരുവില്‍ പോകുന്നതിനെക്കാള്‍ ചെലവ് കുറവായിരിക്കും ഫ്‌ളൈറ്റില്‍ പോകുന്നതിനെന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഉപദേശിച്ചുവെങ്കിലും ടാക്‌സിക്കു വേണ്ടി തന്നെ സുചന നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ സുചനയ്ക്ക് ബെംഗളൂരുവിലേക്ക് പോകാനായി ഒരു ഇന്നോവ ഹോട്ടലില്‍ എത്തി. പുലര്‍ച്ചെ ഒന്നരയോടെ ലഗേജും കയറ്റി സുചന യാത്രയായി.

പിന്നീടാണ് ക്രൂരമായൊരു കൊലപാതകത്തിന്റെ വിവരം ലോകം അറിയുന്നത്.

തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു സുചന ഉപയോഗിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കാന്‍ ഹോട്ടല്‍ ജീവനക്കാരന്‍ എത്തുന്നത്. അയാളാണ് തറയില്‍ രക്ത തുള്ളികള്‍ ശ്രദ്ധിക്കുന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസ് ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തിരക്കിയറിഞ്ഞ് സുചന പോയ ടാക്‌സി ഡ്രൈവറെ ബന്ധപ്പെട്ടു. അയാളോട് പറഞ്ഞ് ഫോണ്‍ സുചനയ്ക്ക് കൊടുത്ത് പൊലീസ് മകനെ കുറിച്ച് തിരക്കി. മര്‍ഗോവയിലുള്ള ഒരു സുഹൃത്തിനൊപ്പം മകന്‍ പോയെന്നായിരുന്നു സുചനയുടെ മറുപടി. എന്നാല്‍ പൊലീസ് ഫറ്റോര്‍ഡ സ്‌റ്റേഷനില്‍ ബന്ധപ്പെട്ട് സുചന നല്‍കിയ സുഹൃത്തിന്റെ വിലാസം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അതൊരു വ്യാജ വിലാസമായിരുന്നുവെന്ന് ബോധ്യമായത്.

ഉടന്‍ തന്നെ പൊലീസ് വീണ്ടും ടാക്‌സി ഡ്രൈവറെ വിളിച്ചു. സുചന മനസിലാകാതിരിക്കാന്‍ പൊലീസ് അയാളോട് കൊങ്കണി ഭാഷയിലാണ് സംസാരിച്ചത്. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോകണം എന്ന് ഡ്രൈവര്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കി. ചിത്രദുര്‍ഗ ജില്ലയിലെ അയ്മംഗള പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ഡ്രൈവര്‍ വണ്ടി വിട്ടത്. സ്റ്റേഷനില്‍ എത്തിയ ഉടനെ കര്‍ണാടക പൊലീസ് സുചനയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അതില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

30,000 രൂപയായിരുന്നു ബെംഗളൂരുവിലേക്ക് പോകാന്‍ ടാക്‌സി ഡ്രൈവര്‍ ചോദിച്ചത്. സുചന അത് സമ്മതിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ബാഗ് കാറിലേക്ക് വയ്ക്കുമ്പോള്‍ അസാധാരണമായ ഭാരം അനുഭവപ്പെട്ടുവെങ്കിലും വേറൊന്നും ചിന്തിക്കാന്‍ പോയില്ലെന്നാണ് ഡ്രൈവര്‍ പൊലീസിനോട് പിന്നീട് പറഞ്ഞത്.

കുട്ടിയുടെ മൃതദേഹം കര്‍ണാടകയില്‍ ഒരു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടതിന് ശേഷം മാത്രമെ മരണം നടന്നത് എങ്ങനെയായിരുന്നു എന്നടതക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്നാമ് ഗോവന്‍ പൊലീസ് പറയുന്നത്.

സുചനയുടെ ഭര്‍ത്താവ് ഇപ്പോള്‍ ഇന്തോനേഷ്യയിലാണുള്ളതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തോട് എത്രയും വേഗം ഗോവയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് സുചന സേഥിനെതിരേ ചുമത്തിയിരിക്കുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍