UPDATES

പി ആര്‍ എസ് കര്‍ഷകര്‍ക്ക് ദ്രോഹമോ സഹായമോ?

വിവാദമുണ്ടാക്കുകയല്ല, വാസ്തവം അറിയുകയാണ് വേണ്ടത്

                       

കേരളത്തിലെ നെല്‍കര്‍ഷകരുടെ ജീവിതം കടക്കെണിയിലാക്കുന്ന ഒന്നാണ് പി ആര്‍ എസ് അഥവ പാഡി റസീപ്റ്റ് ഷീറ്റ്? കുട്ടനാട്ടില്‍ കെ ജി പ്രസാദ് എന്ന കര്‍ഷകന്റെ ആത്മഹത്യയാണ് സംസ്ഥാന സര്‍ക്കാരിനെയും പി ആര്‍ എസ് സംവിധാനത്തെയും വിവാദത്തിലാക്കിയിരിക്കുന്നത്. നെല്ലിന്റെ കൂലിയായി സപ്ലൈകോ ബാങ്ക് വഴി നല്‍കിയ കൂലി(പിആര്‍എസ്) വായ്പ്പ കുടിശ്ശികയായി മാറിയെന്നും അതുമൂലം തനിക്ക് ബാങ്ക് ലോണ്‍ കിട്ടാതെ വന്നെന്നുമാണ് പ്രസാദ് ആത്മഹത്യ കുറിപ്പില്‍ ആരോപിച്ചിരുന്നത്. ഇതോടെയാണ് സംസ്ഥാന സര്‍ക്കാരാണ് ആ കര്‍ഷകന്റെ ജീവനെടുത്തതെന്ന തരത്തില്‍ പരാതികളും കുറ്റപ്പെടുത്തലുകളും ശക്തമായി.

യഥാര്‍ത്ഥത്തില്‍ പി ആര്‍ എസ് കര്‍ഷകന് ദ്രോഹം ചെയ്യുന്ന സംവിധാനമാണോ? പി ആര്‍ എസ് വഴി പണം കിട്ടുന്നത് കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കുന്നുണ്ടോ?

എന്താണ് പി ആര്‍ എസ് (പാഡി റസീപ്റ്റ് ഷീറ്റ്)

പി ആര്‍ എസ് സ്‌കീം കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. കൃഷി ചെയ്‌തെടുത്ത നെല്ല് സംഭരിക്കുമ്പോള്‍ സപ്ലൈകോ കര്‍ഷകര്‍ക്ക് പണത്തിനു പകരമായി നല്‍കുന്ന റസീപ്റ്റ് ആണ് പാഡി റെസീപ്റ്റ് ഷീറ്റ് അഥവാ പിആര്‍എസ്. ഉദാഹരണത്തിന് നെല്ലിന് വിപണിയില്‍ കിലോയ്ക്ക് 17 രൂപയാണെകില്‍ അതില്‍ നിന്ന് കൂട്ടി 23-24 രൂപക്ക് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതുമൂലം കര്‍ഷകര്‍ക്ക് സാധരണയില്‍ നിന്നും കൂടിയ വിലക്ക് നെല്ല് വില്‍ക്കാന്‍ സാധിക്കുകയാണ്. സംഭരണത്തിനുശേഷം പതിവ് കാലതമാസം ഇല്ലാതെ നെല്ലിന്റെ വില കര്‍ഷകര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗമാണ്. പല ഏജസികള്‍ വഴി കൈമറിഞ്ഞ് വില്പന നടത്തുമ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് വളരെ തുച്ഛമായ തുകയായിരിക്കും. അതുകൊണ്ട് കൂടിയാണ് കര്‍ഷകര്‍ എല്ലാവരും നെല്ല് സര്‍ക്കാരിന് കൊടുക്കാനായി താല്പര്യപ്പെടുന്നത്. കൂടുതല്‍ വിലക്ക് സര്‍ക്കാര്‍ കര്‍ഷകരുടെ കയ്യില്‍ നിന്ന് നെല്ല് സപ്ലൈകോ വഴി ശേഖരിച്ച് കര്‍ഷകര്‍ക്ക് ഒരു പാഡി റസീപ്റ്റ് ഷീറ്റ് നല്‍കുന്നു. എസ് ബി ഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയാണ് അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍. നെല്‍ സംഭരണ വില കര്‍ഷകര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തില്‍ കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ ചേര്‍ന്നു രൂപീകരിച്ച കണ്‍സോര്‍ഷ്യവുമായി സപ്ലൈകോ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

സര്‍ക്കാര്‍ നല്‍കുന്ന പാഡി റെസീപ്റ്റ് പി ആര്‍ എസ് സ്‌കീം ഉള്ള ബാങ്കില്‍ കൊടുക്കുമ്പോള്‍ റസീപ്റ്റ് കൈപറ്റി കര്‍ഷകന്റെ അകൗണ്ടിലേക്ക് തുക അപ്പോള്‍ തന്നെ ബാങ്ക് നല്‍കുന്നു. സംഭരിച്ച നെല്ലിന്റെ വിലക്ക് തുല്യമായ തുകയാണ് ബാങ്കുകള്‍ വായ്പയായി കര്‍ഷകന് നല്‍കുന്നത്. പിന്നീട് കര്‍ഷകന് നല്‍കേണ്ടിയിരുന്ന പണം സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുമ്പോള്‍ കര്‍ഷകരുടെ പേരിലുള്ള വായ്പ ഒഴിവാകുന്നു.

ഇങ്ങനെ കൊടുക്കുന്ന തുകയ്ക്കു സ്‌പ്ലൈകോയുടെ ഗ്യാരന്റി ബാങ്കിന് ലഭിക്കുന്നുണ്ട്. എന്നിരുന്നാലും ഓരോ കര്‍ഷകന്റെയും പേരില്‍ തന്നെയാണ് വായ്പകള്‍ നല്‍കുന്നത്. അത്തരം വായ്പകള്‍ക്ക് സ്‌പ്ലൈകോ ഉറപ്പ് നല്‍കുന്നുണ്ട് എന്നു മാത്രം. ഇത്തവണത്തെ പി ആര്‍ എസ് വായ്പകളെല്ലാം ഒരു വര്‍ഷത്തെ കാലാവധിയിലാണ് നല്‍കിയിട്ടുള്ളത്. അതിന്റെ കാലാവധി ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. മൂന്നോ നാലോ മാസം മാത്രം ആകുന്നേയുള്ളു. ഇതുവരെയുള്ള പി ആര്‍ എസുകള്‍ എല്ലാം കുടിശിക വരാതെ കൃത്യസമയത്ത് തന്നെ സര്‍ക്കാര്‍ അടച്ചിട്ടുമുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുചേര്‍ന്നാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട തുക കര്‍ഷകര്‍ക്ക് കൈമാറുന്നത്. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കുന്ന മിനിമം താങ്ങുവിലയില്‍ 20.60 രൂപ കേന്ദ്ര സര്‍ക്കാരും 7.80 രൂപ സംസ്ഥാന സര്‍ക്കാരും പങ്കുവെച്ചാണ് കര്‍ഷകരില്‍നിന്നും നെല്ല് സംഭരിക്കുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം കൃത്യമായി ലഭിക്കാറില്ലെന്നാണ് സംസ്ഥാനത്തിന്റെ പരാതി.

പി ആര്‍ എസ് സിബില്‍ സ്‌കോറിനെ ബാധിക്കുമോ?

ഏത് വ്യക്തിയാണെങ്കിലും ഒരു ബാങ്ക് ലോണ്‍ എടുത്താല്‍ അത് ആ വ്യക്തിയുടെ സിബില്‍ സ്‌കോറില്‍ കാണാന്‍ സാധിക്കും. പക്ഷെ അത് കുടിശ്ശിക ആയാല്‍ മാത്രമേ വായ്പ്പ കുടിശിക മൂലം സിബില്‍ സ്‌കോര്‍ കുറയാന്‍ കാരണമാവുകയുള്ളൂ. പണം അടക്കാന്‍ ഇനിയും കാലാവധിയുള്ള ഒരു പി ആര്‍ എസ് വായ്പ്പ, ഒരു വ്യക്തിയുടെ സിബില്‍ സ്‌കോറിനെ മോശമായി ബാധിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പി ആര്‍ എസ് വായ്പ്പ ഉള്ളതുകൊണ്ട് മറ്റൊരു വായ്പ എടുക്കുന്നതിന് ഒരു വിധത്തിലുള്ള തടസവുമില്ല. സര്‍ക്കാര്‍ വായ്പ കുടിശിക വരുത്തിയാല്‍ മാത്രമേ ഇത് മോശമായി ബാധിക്കുകയുള്ളൂ.

എന്താണ് സിബില്‍ സ്‌കോര്‍

സിബില്‍ റിപ്പോര്‍ട്ടിലെ(CIR അതായത് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് എന്നും അറിയപ്പെടുന്നു) ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചാണ് ഒരു ഉപഭോക്താവിന് സ്‌കോര്‍ നല്‍കുന്നത്. ഒരു നിശ്ചിത കാലയളവില്‍ വിവിധ വായ്പകളായി വിവിധ സ്ഥാപനങ്ങളിലുള്ള ഒരു വ്യക്തിയുടെ ക്രെഡിറ്റ് പേയ്‌മെന്റ് റെക്കോര്‍ഡാണ് സി ഐ ആര്‍. ഓരോരുത്തരുടെയും സമ്പാദ്യം, നിക്ഷേപം, സ്ഥിര നിക്ഷേപം എന്നിവയുടെ വിശദാംശങ്ങള്‍ ഒന്നും തന്നെ ഒരു സി ഐ ആറില്‍ അടങ്ങിയിട്ടുണ്ടാകില്ല. ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുന്ന കാര്യത്തില്‍ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ബാങ്കിനെയോ സാമ്പത്തിക സ്ഥാപനത്തെയോ വായ്പ ലഭിക്കുന്നതിന് സമീപിക്കുകയാണെങ്കില്‍ സ്ഥാപനങ്ങള്‍ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുകയോ ലോണ്‍ അംഗീകരിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യും. ബാങ്കുകള്‍, ക്രെഡിറ്റ് കമ്പനികള്‍, നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ (NBFC) എന്നിവയില്‍ നിന്നുള്ള നിങ്ങളുടെ മുന്‍കാല ക്രയവിക്രയങ്ങളുടെ റെക്കോര്‍ഡ് ഈ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നു. 300 മുതല്‍ 900 വരെയാണ് ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുക. കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കുന്നതിന്റ സാധ്യതകള്‍ കുറക്കാന്‍ ഇടയാക്കാറുണ്ട്. സ്‌കോര്‍ 700 നോ അതിന് മുകളിലോ ഉള്ളപ്പോഴാണ്, നല്ല സ്‌കോര്‍ ആയി കണക്കാക്കുന്നത്.

(ബാങ്കിംഗ് മേഖലയിലെ വിദഗ്ധരുമായി സംസാരിച്ച് തയ്യാറാക്കിയത്)

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍