യുദ്ധസന്നാഹമൊരുക്കി കേന്ദ്രസര്‍ക്കാര്‍
കര്‍ഷകര്‍ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങിക്കഴിഞ്ഞിരിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വീണ്ടുമൊരു കാര്‍ഷിക സമരം തിരിച്ചടിയാകുമെന്നതിനാല്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവുന്നത് പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേന്ദ്രമന്ത്രിമാരും കര്‍ഷക സംഘടന നേതാക്കളുമായുള്ള യോഗം ഫെബ്രുവരി 12 തിങ്കളാഴ്ച ചണ്ഡീഗഡില്‍ നടന്നെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ‘ഡല്‍ഹി ചലോ’ സമരം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.
പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ സര്‍വ സന്നാഹങ്ങളുമായി കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധവുമായി മുന്നോട്ട് തന്നെ എന്നുറപ്പിച്ചിരിക്കുകയാണ് ഓരോരുത്തരും. കര്‍ഷകരെ നേരിടാന്‍ ഹരിയാന പൊലീസ് തങ്ങളുടെ പ്രതിരോധവും ശക്തമാക്കി. യുദ്ധസമാനമായ രീതിയിലാണ് പോലീസ് സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം കര്‍ഷകരുടെ പ്രതിഷേധം ഡല്‍ഹിയിലേക്ക് പുനരാംഭിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ മുന്നോട്ട് പോകും എന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതിനെ തുടര്‍ന്ന് കര്‍ഷകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 60 ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി ഡല്‍ഹി പോലീസ് അതിര്‍ത്തികളില്‍ റോഡുകള്‍ കുഴിച്ചും, ഗതാഗതം തടഞ്ഞും കനത്ത സുരക്ഷ ഏര്‍പെടുത്തിയിരിക്കുകയാണ്. സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലെ ദേശീയ തലസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുന്നതിനും വലിയ ബാരിക്കേഡിംഗിന് ഏര്‍പ്പെടുത്തിയതിന് പുറമെ പോലീസിന്റെയും അര്‍ദ്ധസൈനികരുടെയും വന്‍ വിന്യാസവും അതിര്‍ത്തിയിലുണ്ട്. എന്നാല്‍ അധികാരികള്‍ തങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്ന എല്ലാവിധ വെല്ലുവിളികളെയും ചെറുക്കുന്നതിന് വേണ്ടിയുള്ള സര്‍വ്വസന്നാഹങ്ങളോടെയാണ് ഇത്തവണ കര്‍ഷകര്‍ എത്തിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് എന്നും, എന്നാല്‍ അത്തരത്തിലുള്ള യാതൊരു വിധശ്രമങ്ങളും ഇത്തവണ തങ്ങളുടെ സമരത്തെ ബാധിക്കില്ലെന്നും കര്‍ഷകര്‍ ഉറപ്പിച്ച് പറയുന്നു. കൂടാതെ, കഴിഞ്ഞ തവണയുണ്ടായത് പോലെ സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് മടങ്ങാന്‍ ഇത്തവണ തങ്ങള്‍ ഒരുക്കമല്ലെന്നും മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ മടങ്ങാന്‍ തയ്യാറാകൂ എന്നും കര്‍ഷകര്‍ പറഞ്ഞു.
തലസ്ഥാനത്തേക്കുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് കണക്കിലെടുത്ത് ഒമ്പത് ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ പ്രവേശനവും പുറത്തുകടക്കലും പോലീസ് നിയന്ത്രിച്ച് വരുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ അംബാല ലക്ഷ്യമാക്കി രാജ്പുര ബൈപാസ് കടക്കാന്‍ പഞ്ചാബ് പോലീസ് കര്‍ഷകരെ അനുവദിച്ചിരുന്നു. അതേസമയം പഞ്ചാബ്-ഹരിയാന ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ അവരുടെ ട്രാക്ടറുകള്‍ ഉപയോഗിച്ച് സിമന്റ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. കര്‍ശനമായ സുരക്ഷ ലംഘിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുകയായിരുന്നു. കുറച്ച് പേര്‍ പാലം തകര്‍ക്കുകയും പൊലീസ് ബാരിക്കേഡുകള്‍ ബലമായി നീക്കുകയുമായിരുന്നു.
ഫെബ്രുവരി 12 തിങ്കളാഴ്ച രാത്രി ചണ്ഡീഗഢില്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതോടെയാണ് ചൊവ്വാഴ്ച രാവിലെ കര്‍ഷകര്‍ ഫത്തേഹ്ഗഡ് സാഹിബില്‍ നിന്നു ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത്.
സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ പ്രധാന ആവശ്യങ്ങള്‍;
ഡോ. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില(MSP-മിനിമം സപ്പോര്‍ട് പ്രൈസ്) ഉറപ്പുനല്‍കുന്ന ഒരു നിയമം നടപ്പിലാക്കുക.
കര്‍ഷകരുടെയും തൊഴിലാളികളുടെയും കടം സമ്പൂര്‍ണമായി എഴുതിത്തള്ളുക.
കര്‍ഷകരുടെ രേഖാമൂലമുള്ള സമ്മതവും കളക്ടര്‍ നിരക്കിന്റെ നാലിരട്ടി നഷ്ടപരിഹാരവും ഉറപ്പാക്കിക്കൊണ്ട് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം രാജ്യവ്യാപകമായി പുനഃസ്ഥാപിക്കുക.
ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയുടെ കുറ്റവാളികളെ ശിക്ഷിക്കുകയും ദുരിതബാധിതരായ കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കുകയും ചെയ്യുക.
വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ നിന്ന് പിന്‍വാങ്ങുകയും എല്ലാ സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യുക.
കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുക.
ഡല്‍ഹി പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിലെ ഒരു അംഗത്തിന് ജോലി വാഗ്ദാനം ചെയ്യുക. 2020 ലെ വൈദ്യുതി ഭേദഗതി ബില്‍ ഒഴിവാക്കുക.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിവര്‍ഷം 200 ദിവസത്തെ തൊഴിലും 700 ദിവസ വേതനവും നല്‍കുക, കൃഷിയുമായി ബന്ധിപ്പിക്കുക.
വ്യാജ വിത്ത്, കീടനാശിനികള്‍, വളങ്ങള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് കര്‍ശനമായ പിഴ ചുമത്തുകയും വിത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക.
മുളക്, മഞ്ഞള്‍, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കായി ഒരു ദേശീയ കമ്മീഷന്‍ രൂപീകരിക്കുക.
ആദിവാസി ഭൂമി കൊള്ളയടിക്കുന്ന കമ്പനികളെ തടയുക, വെള്ളം, വനം, ഭൂമി എന്നിവയുടെ മേലുള്ള തദ്ദേശവാസികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുക.