UPDATES

ഗുജറാത്തില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി കോണ്‍ഗ്രസും

ബിഎസ്പി മാത്രമാണ് മുസ്ലിങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയ ഏക ദേശീയ പാര്‍ട്ടി

                       

ഗുജറാത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി പ്രധാന ദേശീയ പാര്‍ട്ടികള്‍. ബിഎസ്പി മാത്രമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ മുസ്ലിങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും ഒറ്റ മുസ്ലിമിനെയും ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല. മേയ് ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് 26 ലോക്‌സഭ മണ്ഡലങ്ങളിലായി ആകെ 266 സ്ഥാനാര്‍ത്ഥികളാണുള്ളത്, ഇതില്‍ വെറും 32 പേര്‍ മാത്രമാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ളത്. ഇവരില്‍ ഭൂരിപക്ഷവും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. ബാക്കിയുള്ളത് ചെറിയ പ്രാദേശിക പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ്.

ഏറ്റവും കൂടുതല്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതു ഗാന്ധിനഗര്‍ മണ്ഡലത്തിലാണ്. അമിത് ഷായാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. സോണാല്‍ പട്ടേല്‍ കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുന്നു. നാല് മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ വീതം മത്സരിക്കുന്ന ബാറൂച്ച്, പത്താന്‍ മണ്ഡലങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഗുജറാത്തിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനമാണ് മുസ്ലിങ്ങള്‍. 15 മണ്ഡലങ്ങളിലെങ്കിലും മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്. കച്ച്, ജാംനഗര്‍, ജുനാഗഢ്, ബാറൂച്ച്, ഭവ്‌നഗര്‍, സുരേന്ദ്രനഗര്‍, പത്താന്‍, ബനാസ്‌കാന്ത, സബര്‍കാന്ത, അഹമ്മദാബാദ് വെസ്റ്റ്, അഹമ്മദാബാദ് ഈസ്റ്റ്, ഗാന്ധിനഗര്‍, നവ്‌സരി, പഞ്ച്മഹല്‍സ്, ആനന്ദ് എന്നീ മണ്ഡലങ്ങളിലാണ് വിജയത്തിന് മുസ്ലിം പിന്തുണ കൂടി അനിവാര്യമായത്.

ബറൂച്ച് ആയിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ സ്ഥിരമായി മത്സരിച്ചിരുന്ന മണ്ഡലം. ഇത്തവണ അവിടെയും മുസ്ലിമിനെ ഒഴിവാക്കി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്നു അഹമ്മദ് പട്ടേലിന്റെ ശക്തി കേന്ദ്രമായിരുന്നു ബറൂച്ച്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും(2019) 2009 ലും 2004 ലും കോണ്‍ഗ്രസ് ഇവിടെ മുസ്ലിം സ്ഥാനാര്‍ത്ഥികളെ തന്നെയായിരുന്നു നിര്‍ത്തിയിരുന്നത്. ഷേര്‍ഖാന്‍ പത്താന്‍, അസിസ് തങ്കറ്വി, മൊഹമ്മദ് പട്ടേല്‍ എന്നിവരായിരുന്നു ബറൂച്ചില്‍ നിന്നും കോണ്‍ഗ്രസിനായി ജനവിധി തേടിയത്. ഇത്തവണ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടിക്കാണ് ബറൂച്ച് ലഭിച്ചത്. എംഎല്‍എ ചൈതാര്‍ വാസവയെയാണ് എഎപി നിയോഗിച്ചിരിക്കുന്നത്.

2014 ലും 2019 ലും ഗുജറാത്തിലെ 26 സീറ്റുകളും ബിജെപി മൊത്തത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സൂറത്ത് അവരുടെ കൈയിലായി കഴിഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തതുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പ്.

മുസ്ലിങ്ങളെ കോണ്‍ഗ്രസും ഒഴിവാക്കുന്നുവെന്ന വിമര്‍ശനത്തെ തള്ളിക്കളയുകയാണ് ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ഏക മുസ്ലിം എംഎല്‍എ ആയ ഇമ്രാന്‍ ഖേദാവാല. അദ്ദേഹം പറയുന്നത്, ബറൂച്ച് മണ്ഡലത്തില്‍ ചൈതാറിനെ പോലൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ബുദ്ധിപരമായ തീരുമാനമാണെന്നാണ്. 1957 മുതല്‍ 1984 വരെ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു ബറൂച്ച്. അഹമ്മദ് പട്ടേല്‍ 1977 മുതല്‍ 84 വരെ തുടര്‍ച്ചയായി മൂന്നു തവണ ഇതേ മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭയില്‍ എത്തിയത്. പക്ഷേ, അതേ പട്ടേല്‍ തന്നെയായിരുന്നു ബറൂച്ചില്‍ നിന്നുള്ള അവസാന കോണ്‍ഗ്രസ് എംപിയും. 1989 ല്‍ പട്ടേലിനെ ബിജെപിയുടെ ചന്ദുഭായ് ദേശ്മുഖ് പരാജയപ്പെടുത്തുന്നതോടെ കോണ്‍ഗ്രസ് ആധിപത്യം അവസാനിച്ചു. 1998 വരെ ദേശ്മുഖ് ആയിരുന്നു എംപി. തുടര്‍ന്ന് മണ്ഡലം ബിജെപിയുടെ മറ്റൊരു നേതാവായ മന്‍സുഖ് വാസവയുടെ കൈയിലായി. ഇത്തവണത്തേ മന്‍സുഖിന്റെ ഏഴാമത്തെ മത്സരമാണ്.

അഹമ്മദ് പട്ടേലിന്റെ മക്കളായ ഫൈസലും മുംതാസും ബറൂച്ചില്‍ ടിക്കറ്റ് കിട്ടാന്‍ ശ്രമിച്ചിരുന്നതാണ്. അവര്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളല്ലെന്നാണ് ഇമ്രാന്‍ ഖേദാവാല പറയുന്നത്. അതേസമയം ചൈതര്‍ ലോക്കല്‍ നേതാവാണെന്നും, സിറ്റിംഗ് എംഎല്‍എ എന്ന നിലയിലും മണ്ഡലത്തിലെ പ്രബല സമുദായത്തിന്റെ പ്രതിനിധിയെന്ന നിലയിലും വിജയസാധ്യതയേറിയ സ്ഥാനാര്‍ത്ഥിയാണെന്നുമാണ് കോണ്‍ഗ്രസ് നേതാവ് സമര്‍ത്ഥിക്കുന്നത്. മണ്ഡലത്തില്‍ ആകെയുള്ളത് മൂന്നു ലക്ഷം മുസ്ലിം വോട്ടുകളാണ്. മൊത്തം മുസ്ലിം വോട്ടുകളും കിട്ടിയാലും ജയിക്കാന്‍ പറ്റില്ല, ഹിന്ദു വോട്ടുകള്‍ കൂടി കിട്ടണം; ഖേദവാലയുടെ വാദമിങ്ങനെയാണ്.

Content Summary; General election 2024, in gujarat no muslim candidate for congress party

Share on

മറ്റുവാര്‍ത്തകള്‍