December 10, 2024 |
Share on

മോദിയുടെ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികളെ ‘ ബിജെപി പ്രചാരകരാക്കി’

സ്‌കൂളിനെതിരേ അന്വേഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ അന്വേഷണം. മാര്‍ച്ച് 18 ന് നടന്ന റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചതിനെതിരേയാണ് കോയമ്പത്തൂര്‍ ജില്ല വിദ്യാഭ്യാസ ഓഫിസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

മേട്ടുപ്പാളയത്തെ ഗംഗ ഹോസ്പിറ്റല്‍ മുതല്‍ ആര്‍ എസ് പുരത്തെ ഹെഡ് പോസ്റ്റ് ഓഫിസ് വരെ നാല് കിലോമീറ്ററായിരുന്നു മോദിയുടെ റോഡ് ഷോ. ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളായ ശ്രീ സായ് ബാബ വിദ്യാലയം എയ്ഡഡ് മിഡില്‍ സ്‌കൂളിലെ 14 വയസില്‍ താഴെയുള്ള കുട്ടികളെയാണ് വിവിധയിടങ്ങളിലായി റോഡ് ഷോയില്‍ പങ്കെടുപ്പിച്ചത്. കാവി നിറത്തിലുള്ള തുണിക്കഷ്ണത്തില്‍ ബിജെപിയുടെ ചിഹ്നം ധരിപ്പിച്ചാണ് കുട്ടികളെ റോഡ് ഷോയിലും ബിജെപിക്കാര്‍ തയ്യാറാക്കിയ വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാനുമൊക്കെയായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞയച്ചത്. കുട്ടികളെ രാഷ്ട്രീയ ജാഥകളില്‍ പങ്കെടുപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഘടകവിരുദ്ധമായ കാര്യമാണ്.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ നടന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടും വിദ്യാഭ്യാസ വകുപ്പ് ചോദിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് കോയമ്പത്തൂര്‍ ജില്ല കളക്ടര്‍ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ ലേബര്‍ കമ്മീഷനും ചീഫ് എജ്യുക്കകേഷന്‍ ഓഫിസറും പ്രത്യേക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, ആ പരിപാടിക്ക് മുന്നോടിയായി തന്നെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം പരിപാടികളില്‍ പങ്കാളികളാകരുതെന്ന് വ്യക്തമായി നിര്‍ദേശം നല്‍കിയിരുന്നതാണെന്നും ചീഫ് എജ്യുക്കേഷന്‍ ഓഫിസര്‍ ദ ഹിന്ദുവിനോട് പറയുന്നുണ്ട്. വിദ്യാര്‍ത്ഥികളെ റോഡ് ഷോയില്‍ പങ്കെടുപ്പിച്ചതിലൂടെ വ്യക്തമായ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസര്‍ പി സുരേഷും ഹിന്ദുവിനോട് സ്ഥിരീകരിക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായില്‍ മേല്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുമെന്നും അസിസ്റ്റന്‍ റിട്ടേണിംഗ് ഓഫിസര്‍ അറിയിച്ചു.

×