ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഒരു വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ ഡിജിറ്റല്‍ ന്യൂസ് വെബ്‌സൈറ്റ് ഡെയ്‌ലി മാര്‍വെറിക് ഇന്ത്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
തന്നെ സ്വീകരിക്കാന്‍ ഒരു കാബിനറ്റ് മന്ത്രിയെയാണ് അയച്ചത് എന്ന കാരണം പറഞ്ഞു ഇന്ത്യന്‍ പ്രധാനമന്ത്രി തന്റെ വിമാനത്തില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ചു എന്നായിരുന്നു ഡെയ്‌ലി മാര്‍വെറിക്കിന്റെ റിപ്പോര്‍ട്ട്. മോദി വാശിപിടിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, തന്റെ വൈസ് പ്രസിഡന്റ് പോള്‍ മാഷടെയ്ല്‍-നെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ അയക്കുകയാണുണ്ടായതെന്നും ഡെയ്‌ലി മാര്‍വെറിക് പറയുന്നു. സര്‍ക്കാര്‍ സോഴ്‌സുകള്‍ ഉദ്ധരിച്ചാണ് തങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലെത്തിയത്.
‘കടുത്ത ത്രികോണ പ്രണയം; റാമഫോസ ഷീയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, വിമാനത്തില്‍ നിന്നിറങ്ങാതെ ദുശാഠ്യം പിടിച്ച് മോദി’ എന്ന തലക്കെട്ടിലാണ് ഡെയ്‌ലി മാര്‍വെറിക്ക് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഡെയ്‌ലി മാര്‍വെറിക്കിന്റെ വെബൈസൈറ്റില്‍ പരിശോധിച്ചാല്‍ സൈബര്‍ ആക്രമണം മൂലം ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ കിട്ടില്ല. എന്നാല്‍ വെബ്‌സൈറ്റ് അത് ആര്‍കൈവ്ഡ് വെര്‍ഷന്‍ നിലനിര്‍ത്തിയിട്ടുണ്ട്.
‘ഈ വാര്‍ത്ത ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണം ആണന്ന് വ്യക്തമാണ്. വെബ്‌സൈറ്റ് സംരക്ഷിക്കേണ്ടതുകൊണ്ട് മൊത്തം ഇന്ത്യന്‍ ഡൊമൈനുകളെയും ഞങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ടി വന്നിരിക്കുകയാണ്’- ഡെയ്‌ലി മാര്‍വെറിക്കിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ബ്രാങ്കോ ബ്രികിക് പറഞ്ഞു.
മോദി റിപ്പോര്‍ട്ടിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന വാര്‍ത്ത, ഡെയ്‌ലി മാര്‍വെറിക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സ്‌റ്റൈലി ചരലാമ്പ്യൂസുമായി സംസാരിച്ചു ദ സ്‌ക്രോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസ്ട്രിബ്യൂട്ടെഡ് ഡിനൈല്‍ ഓഫ് സര്‍വീസ്-DDoS വിഭാഗത്തില്‍പ്പെടുന്ന സൈബര്‍ ആക്രമണമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്നാണ് ഡെയ്‌ലി മാര്‍വെറിക് സിഇഒ പറയുന്നത്. വെബ്‌സൈറ്റിനെയോ അതിന്റെ സെര്‍വറിനെയോ തകരാറിലാക്കി, ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കത്ത തരത്തില്‍ മാറ്റി വന്‍തോതില്‍ ട്രാഫിക്കില്‍ ഇടിവുണ്ടാക്കുന്ന സൈബര്‍ ആക്രമണമാണ് DDoS.
ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സൈറ്റ് പെട്ടെന്ന് ഡൗണ്‍ ആവുകയായിരുന്നു. ഞങ്ങളുടെ അന്വേഷണത്തിലാണ് സൈബര്‍ ആക്രമണം ഉണ്ടായതായി കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്നാണ് ഈ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതെന്നും വ്യക്തമായി- ഡെയ്‌ലി മാര്‍വെറിക്കിന്റെ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ഡെയ്‌ലി മാര്‍വെറിക്കിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്നാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പറയുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ഏതെങ്കിലും തരത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നാണ് ദക്ഷണാഫ്രിക്കന്‍ സര്‍ക്കാര്‍ പറയുന്നത്. ഡെയ്‌ലി മാര്‍വെറിക്കിന്റെ റിപ്പോര്‍ട്ട് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വൈസ് പ്രസിഡന്റ് പോള്‍ മാഷടെയ്ല്‍-ന്റെ വക്താവ് പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ വൈസ് പ്രസിഡന്റിനെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയതാണ്. ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന ജൊഹന്നാസ്ബര്‍ഗിന് സമീപമുള്ള പ്രിട്ടോറിയയിലെ വാട്ടര്‍ക്ലോഫ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ വൈസ് പ്രസിഡന്റ് അവിടെ ഉണ്ടായിരുന്നുവെന്നും വക്താവ് പറയുന്നു.
ഓഗസ്റ്റ് 22-നാണ് പ്രിട്ടോറിയയിലെ വാട്ടര്‍ക്ലോഫ് എയര്‍ ഫോഴ്‌സ് ബെയ്‌സില്‍ മോദിയുടെ വിമാനം ഇറങ്ങുന്നത്. അതിഥേയ സര്‍ക്കാര്‍ പറയുന്നതനുസരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, വൈസ് പ്രസിഡന്റ് പോള്‍ മാഷടെയ്ല്‍-നെയാണ് അയച്ചതെങ്കില്‍, 21-ന് എത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജീപിംഗിനെ സ്വീകരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നേരിട്ട് ചെന്നിരുന്നു.
ഡെയ്‌ലി മാര്‍വെറിക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ആദ്യം അയച്ചത് കാബിനറ്റ് മന്ത്രിയെയാണെന്നും, മോദി പുറത്തിറങ്ങാന്‍ വിസമ്മതിച്ചതിനു പിന്നാലെയാണ് വൈസ് പ്രസിഡന്റ് എത്തിയതെന്നുമാണ്. യൂണിയന്‍ ബില്‍ഡിംഗില്‍( ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ്) ചൈനീസ് പ്രസിഡന്റ് ഷീ ജീപിംഗ് പങ്കെടുത്ത പരിപാടിയില്‍ നിന്നാണ് പോള്‍ മാഷടെയ്ല്‍ മോദിയെ സ്വീകരിക്കാനായി വാട്ടര്‍ക്ലോഫിലേക്ക് പോയത്.
ഡെയ്‌ലി മാര്‍വെറിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണാഫ്രിക്ക കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത് ചൈനീസ് പ്രസിഡന്റിനാണ്. ചൈന-ദക്ഷിണാഫ്രിക്ക വ്യാപര ബന്ധം ഉള്‍പ്പെടെ പല വിഷങ്ങളിലും സിറിള്‍ റാമഫോസയും ഷീ ജീപിംഗും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഷീ ജീപിംഗ് ഇത് നാലാം തവണയാണ് ദക്ഷിണാഫ്രിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി 2013 ലും 2018 ലും അവിടെയെത്തിയ ഷീ, 2015 ല്‍ പ്രസിഡന്റ് റാഫഫോസയ്‌ക്കൊപ്പം ‘ഫോറം ഓണ്‍ ചൈന-ആഫ്രിക്ക കോര്‍പ്പറേഷന്‍’-ലും പങ്കെടുത്തിരുന്നു. മാത്രമല്ല, രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സൗത്ത് ആഫ്രിക്ക’ നല്‍കിയും ചൈനീസ് പ്രസിഡന്റിനെ ദക്ഷിണാഫ്രിക്ക ആദരിച്ചു. ബ്രിക്‌സ് സമ്മേളനത്തിന്റെ ഭാഗമായി എത്തുന്ന ആഫ്രിക്കന്‍ നേതാക്കള്‍ഷീ ജിപിംഗുമായി കൂടിക്കാഴ്ച്ച നടത്തുന്നുമുണ്ട്.