UPDATES

സൂപ്പര്‍മാന്‍: ദി ക്രിസ്റ്റഫര്‍ റീവ് സ്റ്റോറി, സാഹസികതകളോട് പോരടിച്ച ഒരു ജീവിതകഥ

ഓര്‍മയുണ്ടോ സൂപ്പര്‍മാനെ?

                       

”അപകടം പറ്റിയാല്‍ രക്ഷിക്കാന്‍ സൂപ്പര്‍ മാന്‍ വരും”: സൂപ്പര്‍ മാന്‍ കഥാപത്രങ്ങളുടെ ആരാധകര്‍ ഒരുവട്ടമെങ്കിലും ഇങ്ങനെ ചിന്തിക്കാതിരുന്നിട്ടുണ്ടാവില്ല. അപ്പോള്‍ ആ സൂപ്പര്‍മാന് തന്നെ അപകടം പറ്റിയാലോ? സൂപ്പര്‍ ഹീറോ സങ്കല്പങ്ങള്‍ക്ക് ലോകം എങ്ങും ആരാധകരുണ്ടാകുന്നത് 1978-ല്‍ ഡിസി കോമിക്‌സിന്റെ സൂപ്പര്‍മാന്‍ സിനിമയാക്കുന്നതോടെയാണ്. നാലു ഭാഗങ്ങളിലായി പുറത്തിറങ്ങിയ സൂപ്പര്‍ ഹീറോ സീരിസില്‍ തന്റെ 24-മത്തെ വയസില്‍ സൂപ്പര്‍മാന്റെ നീല കുപ്പായം അണിഞ്ഞത് ക്രിസ്റ്റഫര്‍ റീവ് എന്ന അതുല്യ നടനായിരുന്നു. സൂപ്പര്‍മാന്‍ സീരിസില്‍ എണ്ണിയാലൊടുങ്ങാത്ത സാഹസികതകളിലൂടെ അപകടങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിച്ച സൂപ്പര്‍മാന് 1995-ല്‍ തന്റെ ജീവിതത്തിലുണ്ടായ യഥാര്‍ത്ഥ അപകടത്തില്‍ നിന്ന് രക്ഷ നേടനായില്ല. കുതിരയോട്ടത്തിനിടയില്‍
ഉണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ ക്രിസ്റ്റഫര്‍ റീവിനു തന്റെ ചലന ശേഷി തന്നെ നഷ്ടപ്പെട്ടു.

ഈ കഥകളെല്ലാം സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ക്രിസ്റ്റഫര്‍ റീവിനെ കുറിച്ചുള്ള ഡോക്യൂമെന്ററിയിലുണ്ട്. നിറകണ്ണുകളോടെയും, കരഘോഷത്തിലുമാണ് ആളുകള്‍ ഈ ഡോക്യുമെന്ററി കണ്ടു തീര്‍ത്തതെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ പറയുന്നു. അണുബാധയെത്തുടര്‍ന്ന് റീവ് മരണമടഞ്ഞ് 20 വര്‍ഷം പിന്നിടുന്ന വേളയിലാണ് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തെയും അപകടത്തിന് ശേഷമുള്ള ജീവിതവും വരച്ചു കാണിക്കുന്ന ‘സൂപ്പര്‍/മാന്‍: ദി ക്രിസ്റ്റഫര്‍ റീവ് സ്റ്റോറി” ജനുവരി 21 ന് രാവിലെ സണ്‍ഡാന്‍സില്‍ പ്രദര്‍ശിപ്പിച്ചത്.

 

ഫോട്ടോ: Cinetext Bildarchiv/Warner Bros./Allstar

ഇയാന്‍ ബോണ്‍ഹോട്ടും പീറ്റര്‍ എറ്റെഡ്ഗുയിയും ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ റീവിന്റെ മൂന്ന് മക്കളുടെയും, സഹതാരങ്ങളുടെയും അഭിമുഖവും, അദ്ദേഹത്തിന്റെ വ്യക്തിഗത ഹോം ഫൂട്ടേജുകളില്‍ നിന്നെടുത്ത വീഡിയോകളുമാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2004-ല്‍ തന്റെ 52-മത്തെ വയസില്‍ അന്തരിച്ച റീവ്, തന്റെ സിനിമ ജീവിതത്തിന്റെ അനുഭവങ്ങളും ഡോക്യൂമെന്ററിയില്‍ പങ്കുവെക്കുന്നുണ്ട്. തന്റെ ജീവിതകഥ പങ്കുവെച്ച രണ്ട് ഓഡിയോ ബുക്കുകളില്‍ നിന്നുള്ള റീവിന്റെ ശബ്ദമാണ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്നത്. 1994-ലെ പുതുവര്‍ഷ രാവില്‍ തന്റെ സിനിമ ജീവിതവും, വ്യക്തിജീവിതവും ഓരോ താളത്തില്‍ പോയികൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി എല്ലാം മാറി മറഞ്ഞെതെന്ന് റീവ് പറയുന്നിയിടം തൊട്ടാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്.

കുതിരകളോട് ശക്തമായ അലര്‍ജിയുണ്ടായിരുന്ന, റീവിന് 1984 ലെ ‘അന്ന കരെനീന’ എന്ന സിനിമയില്‍ കുതിരയോട്ടം രംഗങ്ങളില്‍ അഭിനയിക്കുന്നതിനായി ധാരാളം ആന്റിഹിസ്റ്റാമൈനുകള്‍ (അലര്‍ജിക്കുള്ള മരുന്നുകള്‍) എടുക്കേണ്ടി വന്നിരുന്നു. പക്ഷെ കുതിരയോട്ടം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിനോദങ്ങളില്‍ ഒന്നായിരുന്നു. തന്റെ 42 മത്തെ വയസ്സില്‍ ലോകം അങ്ങേയറ്റവും ആരാധിച്ചിരുന്ന ആ നടന്റെ ജീവിതം മാറ്റി മറച്ചതും ഈ വിനോദം തന്നെയായിരുന്നു. 1995 മെയില്‍, ഒരു കുതിരയോട്ട മത്സരത്തിനിടെ കുതിരപ്പുറത്ത് നിന്ന് അദ്ദേഹം താഴെ വീണു. കഴുത്തിന് താഴേക്ക് പൂര്‍ണമായും തളര്‍ന്നു.

ചികിത്സാകലയളവിനിടെ, റീവിന് തന്റെ ആത്മസംഘര്‍ഷത്തെ കൈ കാര്യം ചെയ്യാന്‍ കഴിയാതെയായി. കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട റീവിന്റെ ജീവിതം പിടിച്ചു നിര്‍ത്തുന്ന യന്ത്രസഹായങ്ങള്‍ എടുത്തുമാറ്റി മരണത്തിന് വിട്ടുകൊടുക്കനുള്ള തീരുമാനങ്ങളെ ചൊല്ലി അദ്ദേഹത്തിന്റെ അമ്മയും, കുടുംബവും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. റീവ് ജീവിതത്തില്‍ എത്തി പിടിച്ച ഉന്നതികളും ആ ഉയര്‍ച്ചയില്‍ നിന്നുള്ള അപ്രതീക്ഷിത വീഴ്ചയും ഡോക്യൂമെന്ററിയില്‍ ചിത്രീകരിക്കുന്നുണ്ട്. അപകടത്തിന് ശേഷം റീവ് കടന്നു പോകേണ്ടി വന്ന ദുരവസ്ഥകളെയും ഡോക്യൂമെന്ററി കാണിക്കുന്നുണ്ട്. അന്താരികാവയവങ്ങള്‍ മുതല്‍ ചര്‍മ്മം, സംസാരശേഷി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായ താന്‍ ഏതു നിമിഷം വേണമെങ്കിലുംമരണപ്പെട്ടേക്കാമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി സുഹൃത്ത് ഗ്ലെന്‍ ക്ലോസ് ഓര്‍ത്തെടുക്കുന്നു.

അദ്ദേഹത്തിനെ ഏകാന്തതയില്‍ നിന്നും പുറത്തുകൊണ്ടുവന്നത് ഒരു പുനരധിവാസമായിരുന്നു. റോബര്‍ട്ട് ഡി നീറോ, കാതറിന്‍ ഹെപ്‌ബേണ്‍, പോള്‍ മക്കാര്‍ട്ട്‌നി തുടങ്ങിയ പ്രശസ്തരായ ആളുകളുടെ നിരന്തര പിന്തുണ അദ്ദേഹത്തിനെ ആ ഏകാന്തതയില്‍ നിന്ന് പുറത്തെത്തിച്ചു. പിന്നീടങ്ങോട്ട് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, വികലാംഗരുടെ അവകാശങ്ങള്‍ക്കായി സംസാരിക്കുന്നത് വളരെ പ്രധാനമായിരുന്നു. വൈകല്യമുള്ളവരെ ഉള്‍ക്കൊള്ളാന്‍ ലോകം തയ്യാറെടുത്തിട്ടില്ലെന്ന് വസ്തുത അദ്ദേഹത്തെ വേട്ടയാടി . 1996-ലെ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ നടത്തിയ ശക്തമായ പ്രസംഗത്തില്‍, സഹായം ആവശ്യമുള്ള പൗരന്മാരെ സ്വയം പ്രതിരോധിക്കാന്‍ അമേരിക്ക വിടരുതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതേ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങളെക്കുറിച്ചും സിനിമ പറയുന്നുണ്ട്. ക്രിസ്റ്റഫര്‍ റീവ് സുഷ്മന നാഡിക്ക് പരിക്കേറ്റ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പിന്നീട് അറിയപ്പെടുന്ന വ്യക്തിയായി മാറിയെങ്കിലും, ഗവേഷണത്തെ പിന്തുണയ്ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഏകീകരിക്കുന്നതായിരുന്നുവെന്ന വിമര്‍ശനങ്ങള്‍ പലപ്പോഴും ഉയര്‍ന്നു വന്നു. തനിക്ക് വീണ്ടും നടക്കാന്‍ കഴിയുമെന്ന് തോന്നിപ്പിക്കാന്‍ സ്പെഷ്യല്‍ ഇഫക്റ്റുകള്‍ ഉപയോഗിച്ച ഒരു പരസ്യത്തെച്ചൊല്ലി അക്കാലത്ത് ഒരു വിവാദമുണ്ടായി. വലിയ രീതിയിലിലുള്ള വിമര്‍ശനങ്ങളും അന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നു.

ഡോക്യൂമെന്ററിയുടെ പ്രീമിയര്‍ സ്‌ക്രീനിംഗില്‍, നിറഞ്ഞ കണ്ണുകളും നെടുവീര്‍പ്പുകളും ഉയര്‍ന്നു നിന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പലപ്പോഴും സ്‌ക്രീനില്‍ ഇരുട്ട് നിറയുമ്പോള്‍ താന്‍ കണ്ണുനീര്‍ തുടച്ചു കളയാന്‍ പണിപെട്ടുവെന്ന് പ്രേക്ഷകരിലൊരാള്‍ പോസ്റ്റിനോട് പ്രതികരിക്കുന്നു. നായകനെന്ന വാക്കിന്റെ നിര്‍വചനത്തിന് അപകടത്തിന് മുമ്പും ശേഷവും എങ്ങനെയാണ് മാറ്റങ്ങള്‍ ഉണ്ടായതെന്ന റീവിന്റെ ഒരു പ്രതികരണത്തോടെയാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്. അതിങ്ങനെയാണ്: ”താന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഒട്ടനവധി വെല്ലുവിളികളില്‍ നിന്ന് സഹനശക്തി കണ്ടെത്തുന്ന ഒരു സാധാരണ വ്യക്തിയാണ് നായകന്‍”.

Share on

മറ്റുവാര്‍ത്തകള്‍