ബിനാക്ക ഗീത് മാല എന്ന ഒരൊറ്റ റേഡിയോ പരിപാടിയിലൂടെ ഒരു തലമുറയെ ഒന്നടങ്കം ആവേശം കൊള്ളിച്ച അമീന്‍ സയാനി വിട പറഞ്ഞിരിക്കുന്നു. 91 വയസ്സായിരുന്നു അദ്ദേഹത്തിന്. അമീന്‍ സയാനിയുടെ മകന്‍ രജില്‍ സയാനിയാണ് മരണ വിവരം ലോകത്തെ അറിയിച്ചത്. ഫെബ്രുവരി 20 രാത്രി ഹൃദയഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1932 ഡിസംബര്‍ 21ന് മുംബൈയിലാണ് സയാനി ജനിച്ചത്.
1951-ല്‍ റേഡിയോ സിലോണിലൂടെയാണ് അമീന്‍ സയാനി തന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അമ്പതിനായിരത്തോളം റേഡിയോ പരിപാടികളുടെ ഭാഗമായിട്ടുള്ളയാളാണ് അമീന്‍ സയാനി. സാധാരണക്കാരന്റെ സംഗീതാസ്വാദനത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ സയാനിയോളം മനസ്സിലാക്കിയ ഒരു അവതാരകന്‍ അക്കാലത്ത് വേറെയുണ്ടായിരുന്നില്ല. ഹിന്ദി സിനിമ സംഗീതത്തെക്കുറിച്ച് അത്രമേല്‍ ആഴത്തോടെയും വ്യക്തതയോടെയുമായിരുന്നു അമീന്‍ സയാനിയുടെ അവതരണം. ഒരു കാലത്ത് അമീന്‍ സയാനിക്ക് വെള്ളിത്തിരയിലെ സൂപ്പര്‍താരങ്ങളെക്കാള്‍ താരമൂല്യമുണ്ടായിരുന്നു.
അവതാരകനായുള്ള അമീന്‍ സയാനിയുടെ അരങ്ങേറ്റം അദ്ദേഹത്തിന്റെ ഏഴാം വയസ്സിലായിരുന്നു. മുംബൈ എഐആറില്‍ ആയിരുന്നു ആദ്യമായി അദ്ദേഹം മൈക്കിന് മുമ്പില്‍ നില്‍ക്കുന്നത്. ജ്യേഷ്ഠന്‍ ഹമീദ് സയാനിയുടെ പ്രോത്സാഹനത്തോടെ കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളുടെ അവതാരകനായാണ് അമീന്‍ സയാനി റേഡിയോയുടെ ലോകത്തേക്ക് ചുവട് വക്കുന്നത്. അക്കാലത്തെ റേഡിയോ അവതാരകരുടെ ഗൗരവം നിറഞ്ഞ അവതരണത്തില്‍ നിന്ന് വ്യത്യസ്തമായി സരസമായ അവതരണ രീതിയും ശൈലിയും ഭാഷയുമായിരുന്നു അമീന്‍ സായാനിയുടെ ആകര്‍ഷണം. റേഡിയോ സിലോണില്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടിയായി ആരംഭിച്ച ബിനാക്ക ഗീത് മാല എന്ന അമീന്‍ സായനിയുടെ പരിപാടി 1950 കളിലെ ആവേശമായിരുന്നു. ബിനാക ഗീത് മാല , ഹിറ്റ് പരേഡ്, സിബാക്ക ഗീത് മാല തുടങ്ങി നിരവധി പേരുമാറ്റങ്ങളിലൂടെ പരിപാടി കടന്നുപോയെങ്കിലും, ഒരിക്കല്‍ പോലും അതിന്റെ സത്ത നഷ്ടപ്പെട്ടില്ല. 1952 മുതല്‍ 1994 വരെ നീണ്ടു നിന്ന പരിപാടിയായിരുന്നു ബിനാക്ക ഗീത് മാല. 1988ലാണ് ബിനാക്ക ഗീത് മാല റേഡിയോ സിലോണില്‍ നിന്ന് പടിയിറങ്ങിയത്. തുടര്‍ന്ന് ഏഴുവര്‍ഷം വിവിധ് ഭാരതിയില്‍ സിബാക്ക ഗീത് മാല എന്ന പേരിലായിരുന്നു അവതരണം.
‘ഓരോ ശ്രോതാവിനോടും സംസാരിക്കുന്ന രീതിയിലായിരിക്കണം എന്റെ അവതരണം എന്ന് ആഗ്രഹിച്ചുകൊണ്ടാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത്. അതുപക്ഷേ അതുവരെയുള്ള റേഡിയോ അവതരണത്തില്‍ വിപ്ലവം സൃഷ്ടിച്ചു. അടുത്ത വര്‍ഷങ്ങളില്‍ അതൊരു പ്രതിഭാസമായി മാറുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ല. എന്നെ സംബന്ധിച്ച് അത്രയധികം അതിശയകരമായ സമയങ്ങളായിരുന്നു അത്. സത്യത്തില്‍ റേഡിയോ സിലോണുമായി പ്രണയത്തിലാക്കിയത് ബിനാക്ക ഗീത് മാല ആയിരുന്നു’- ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അമീന്‍ സായാനി പറഞ്ഞിരുന്നു.
മനം മയക്കുന്ന ഹിന്ദി ഗാനങ്ങളായിരുന്നു ബിനാക്ക ഗീത് മാലയുടെ പ്രത്യേകത. ‘നമസ്തേ ബെഹ്നോം ഔര്‍ ഭായിയോം, മേം ആപ്കാ ദോസ്ത് അമീന്‍ സയാനി ബോല്‍ രഹാ ഹൂം’ (നമസ്തേ സഹോദരീ സഹോദരന്മാരേ, ഞാന്‍ നിങ്ങളുടെ സുഹൃത്ത് അമീന്‍ സയാനിയാണ് സംസാരിക്കുന്നത്) എന്ന അദ്ദേഹത്തിന്റെ ആമുഖത്തിനും ഒട്ടേറെ ആരാധകരുണ്ടായിരുന്നു. ആറുപതിറ്റാണ്ടോളം അമീന്‍ സായാനിയുടെ ജനങ്ങളുടെ ശബ്ദം കാതുകള്‍ക്ക് ഇമ്പമായി. ദീര്‍ഘമായ ഔദ്യോഗികജീവിതത്തില്‍ 54,000-ഓളം റേഡിയോ പരിപാടികള്‍ക്കും 19,000-ഓളം പരസ്യങ്ങള്‍ക്കും ജിംഗിളുകള്‍ക്കും അമീന്‍ തന്റെ ശബ്ദം നല്‍കി. 2009ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. തലമുറകള്‍ക്ക് മുന്നിലേക്ക് ആസ്വാദനത്തിന്റെ വാതിലുകള്‍ തുറന്നിട്ട വിഖ്യാത അവതാരകന്‍ ഇനി ഓര്‍മകളില്‍ മധുരം നിറയ്ക്കും.