UPDATES

സൂപ്പര്‍ ഹിറ്റ് ഹൊറര്‍ നോവലും മാന്ത്രികനായ നോവലിസ്റ്റും

കട്ടപ്പന ഇരട്ടക്കൊലപാതകം

                       

കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ നിധീഷ്, മാന്ത്രിക നോവലിലൂടെ ജനപ്രിയനായ എഴുത്തുകാരന്‍. 2018 ഒക്ടോബറില്‍ പ്രതിലിപി എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് നിധീഷിന്റെ ‘ മഹാമാന്ത്രികം’ എന്ന മാന്ത്രിക നോവല്‍ ആറ് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചത്. പ്രതികാരവും, ദുര്‍മാന്ത്രവാദവും, പ്രേതങ്ങളും, അസുരന്മാരുമൊക്കെയുള്ള, ഒരു ഹൊറര്‍ നോവലിന്റെ എല്ലാ കച്ചവട ചേരുവകളും ചേര്‍ത്തെഴുതിയ നോവലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്, അമ്പതിനായിരത്തിന് മുകളില്‍ പേര്‍ നോവല്‍ വായിച്ചിട്ടുണ്ട്. കട്ടപ്പന ഇരട്ടക്കൊലപാതകത്തിനു പിന്നിലെ കഥകള്‍ കൂടുതല്‍ വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ്.

ഒരു ഭൂവുടമയുമായുടെ കുടുംബവുമായി അടുപ്പം സ്ഥാപിക്കുകയും അയാളുടെ മകളെ വശീകരിച്ചെടുക്കുകയും ചെയ്യുന്ന ഒരു മന്ത്രവാദിയുടെ കഥയാണ് നിധീഷിന്റെ നോവല്‍. കട്ടപ്പന ഇരട്ടക്കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്തുമ്പോള്‍ പൊലീസ് പറയുന്നത്, നിധീഷിന്റെ നോവലിന്റെ ഇതിവൃത്തവുമായി കൊലപാതകങ്ങള്‍ക്ക് അസാധാരണമാം വിധം സാമ്യമുണ്ടെന്നാണ്.

സമീപ ദിവസങ്ങളില്‍ കേരളം നടുങ്ങിയ വാര്‍ത്തയാണ് കട്ടപ്പന ഇരട്ടക്കൊലപാതകം. 65 വയസുള്ള പുരുഷനും നാല് ദിവസം പ്രായമുള്ള നവജാത ശിശുവുമാണ് കൊല്ലപ്പെട്ടത്. ഒരു ഓട്ടോമൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് രണ്ടിന് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരട്ടക്കൊലപാതകം തെളിയുന്നത്. മോഷണക്കേസില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ നിധീഷ് ആയിരുന്നു, മറ്റൊന്ന് 27 കാരനായ വിഷ്ണുവും. വിഷ്ണുവിന്റെ അച്ഛനും സഹോദരിയുടെ കുഞ്ഞുമാണ് കൊല്ലപ്പെട്ടത്.

മോഷണക്കേസില്‍ ചോദ്യം ചെയ്യവെ, നിധീഷിന്റെയും വിഷ്ണുവിന്റെയും മൊഴികളിലുണ്ടായ വൈരുദ്ധ്യമാണ് പൊലീസിനെ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്. ഇടുക്കി കട്ടപ്പനയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലുള്ള കക്കാട്ടുകടയിലെ വിഷ്ണുവിന്റെ വാടക വീട് പരിശോധിച്ചതോടെയാണ് രഹസ്യങ്ങള്‍ ചുരുളഴിയുന്നത്. മോഷ്ടിച്ച സ്വര്‍ണം തേടി വീട്ടിലെത്തിയ പൊലീസ് കാണുന്നത് ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുന്ന രണ്ടു സ്ത്രീകളെയാണ്. വിഷ്ണുവിന്റെ അമ്മയും സഹോദരിയുമായിരുന്നു അത്, രണ്ടുപേരും മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു.

പൊലീസ് വിഷ്ണുവിന്റെ അച്ഛന്‍ എന്‍ ജി വിജയനെ കുറിച്ച് അന്വേഷിച്ചു. വിജയനെ കുറിച്ച് വിഷ്ണുവും അമ്മയും അവ്യക്തമായ മറുപടികളാണ് നല്‍കിയത്. തുടര്‍ന്ന് ബന്ധുക്കളെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, കഴിഞ്ഞ സെപ്തംബര്‍ മുതല്‍ വിജയനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ്.

പൊലീസ് അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കി. അങ്ങനെയവര്‍ സത്യം കുഴിച്ചെടുത്തു. വിജയന്റെ മകള്‍, വിഷ്ണുവിന്റെ സഹോദരി- 2016 ല്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. അവിവാഹിതയായ സഹോദരി പ്രസവിച്ച കുഞ്ഞിനെ, ജനിച്ച് നാലം ദിവസം കൊന്നു കുഴിച്ചു മൂടി. കട്ടപ്പനയിലുള്ള അവരുടെ സ്വന്തം വീട്ടിലായിരുന്നു കുഞ്ഞിനെ മറവ് ചെയ്തത്. ഈ കൊലപാതകത്തിന് വിഷ്ണുവിനും വിജയനും സഹായവും ഉപദേശവും കൊടുത്തത് നിധീഷ് ആയിരുന്നു. കുഞ്ഞിനെ കൊന്നതിനു പിന്നാലെ വിജയന്‍ കട്ടപ്പനയിലെ വീട് വിറ്റു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവര്‍ കക്കാട്ടുകടയില്‍ വാടകവീട് എടുത്തു. അധികം വൈകാതെ വിജയനും കൊലപ്പെട്ടു. വിജയന്റെ മൃതദേഹം വാടകവീടിന്റെ തറ മാന്തിയാണ് അടക്കം ചെയ്തത്. ആ കൊലപാതകത്തിന് പിന്നിലും വിഷ്ണുവും നിധീഷും തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍, വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായെങ്കിലും, കുഞ്ഞിനെ അവശിഷ്ടങ്ങള്‍ കിട്ടിയിട്ടില്ല. കുഞ്ഞിനെ പശുത്തൊഴിത്തിലാണ് കുഴിച്ചിട്ടതെന്ന് ആദ്യം മൊഴി നല്‍കിയ വിഷ്ണു, അവിടെ നിന്നും ഒന്നും കണ്ടെത്താതിരുന്നതോടെ മൊഴി മാറ്റി. വിജയന്‍ മൃതദേഹം കത്തിച്ച് പുഴയിലൊഴുക്കിയെന്നാണ് ഇപ്പോള്‍ പറയുന്നത്. വിജയനെ കൊന്നതെന്തിനാണെന്ന കാരണവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു സ്വയം പ്രഖ്യാപിത മാന്ത്രികനായിരുന്നുപുത്തന്‍പുരയ്ക്കല്‍ നിധീഷ് എന്ന നിധീഷ് പി ആര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ മേല്‍വിലാസത്തില്‍ തന്നെയാണ് നിധീഷ് വിജയന്റെയും വിഷ്ണുവിന്റെയും കുടുംബവുമായി അടുക്കുന്നത്. വൈകാതെ വിജയന്റെ മകളുമായി നിധീഷ് ബന്ധം സ്ഥാപിച്ചു, ആ ബന്ധത്തിലാണ് അവിവാഹിതയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതും, 2016 ജൂലൈയില്‍ ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതും. ഈ കുഞ്ഞിനെ വിഷ്ണുവിന്റെ സഹായത്തോടെ വിജയന്‍ കൊന്നു. പിന്നാലെ വിജയനും കൊലപ്പെട്ടു.

ആദ്യത്തെ കൊലപാതവും(കുഞ്ഞിന്റെ കൊലപാതകം) നിധീഷിന്റെ നോവലും തമ്മില്‍ വളരെ സാമ്യമുണ്ടെന്നാണ്, കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ എന്‍ സുരേഷ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്. ‘ ആദ്യത്തെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും നോവലിലെ കഥയും തമ്മില്‍ നിരവധി സാമ്യതകളുണ്ട്. ദുര്‍മന്ത്രവാദത്തിന്റെ മറവിലാണ് നിധീഷ് വിജയന്റെ കുടുംബവുമായി ബന്ധം സ്ഥാപിക്കുന്നത്. ദുര്‍മന്ത്രവാദത്തില്‍ തത്പരനായിരുന്നു വിജയന്‍. ആ താത്പര്യം മുതലെടുത്ത നിധീഷ്, കുടുംബത്തിന്റെ അന്ധവിശ്വസം മുതലെടുക്കുകയായിരുന്നുവെന്നാണ് ഇന്‍സ്‌പെക്ടര്‍ പറയുന്നത്.

പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് നിധീഷ് 12 ആം ക്ലാസ് വരെയാണ് പഠിച്ചിരിക്കുന്നത്. പിന്നീടയാള്‍ മന്ത്രവാദത്തിലേക്ക് തിരിയുകയായിരുന്നു.

കുഞ്ഞിനെ കൊന്നശേഷവും ബാക്കി കുടുംബാംഗങ്ങള്‍ മുഴുവന്‍ നിധീഷിന്റെ വാക്കുകള്‍ക്കാണ് കാതോര്‍ത്തത്. നിധീഷ് പറയുന്നതിനനുസരിച്ചായിരുന്നു അവര്‍ പ്രവര്‍ത്തിച്ചത്. നിധീഷ് വിജയന്റെ ഭാര്യയെ വരെ ലൈംഗികമായി പീഢിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അയാള്‍ തന്നെയാണ് വിഷ്ണുവിനെ കൊണ്ട് നിര്‍ബന്ധിച്ച് മോഷണം നടത്തിച്ചതുമെന്നും ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു. ഇതോടെ വിജയനും നിധീഷുമായി തെറ്റി. വൈകാതെ വിജയന്‍ കൊല്ലപ്പെടുകയും ചെയ്തു.

കട്ടപ്പന പട്ടണത്തില്‍ തന്നെ, വിജയന്റെ വീടുമായി അത്ര അകലത്തിലല്ലാതെയായിരുന്നു നിധീഷിന്റെ വീടും. നിധീഷിന്റെ അച്ഛനെ വര്‍ഷങ്ങള്‍ മുമ്പേ കാണാതായതാണ്. അമ്മ വീട്ടുപണിയെടുത്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്.

നിധീഷിനെ പരിചയപ്പെടുന്നതിന് മുമ്പ് സ്വസ്ഥമായി കഴിഞ്ഞിരുന്നൊരു കുടുംബമായിരുന്നു വിജയന്റെത്. കര്‍ഷകനായ വിജയന്‍ വലിയൊരു അന്ധവിശ്വാസിയുമായിരുന്നു. സ്വന്തം വീട് താമസിക്കാന്‍ കൊള്ളാത്തതാണെന്ന വിശ്വാസമായിരുന്നു അയാള്‍ക്ക്. വിജയനെ മൂടിയിരുന്ന അന്ധവിശ്വാസമാണ് അയാളെ നിധീഷുമായി അടുപ്പിക്കുന്നത്. നിധീഷ് വന്നതിനു പിന്നാലെ മിക്ക ദിവസങ്ങളിലും വിജയന്റെ വീട്ടില്‍ പൂജകളായിരുന്നുവെന്ന് അയല്‍ക്കാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നുണ്ട്. പിന്നീട് വിജയന്‍ സ്വന്തമായി ഉണ്ടായിരുന്ന വീട് 94 ലക്ഷം രൂപയ്ക്ക് വിറ്റു(കുഞ്ഞിനെ കൊന്നശേഷമായിരുന്നു വില്‍പ്പന).

കട്ടപ്പനയിലെ വീട് വിറ്റിട്ടാണ് കക്കാട്ടുകടയില്‍ വാടക വീടെടുക്കുന്നത്. ഏറ്റവും ആശ്ചര്യകരമായ കാര്യം, വിജയനെയോ, വിഷ്ണുവിന്റെ അമ്മയോയോ സഹോദരിയെയോ ആ നാട്ടുകാരോ അയല്‍ക്കാരോ കണ്ടിട്ടേയുണ്ടായിരുന്നില്ല. രണ്ടു സ്ത്രീകള്‍ ആ വീട്ടില്‍ ഉണ്ടെന്ന കാര്യം പൊലീസ് അവരെ കണ്ടെത്തുന്ന സമയം മാത്രമാണ് നാട്ടുകാരും അറിയുന്നത്. തനിക്കും അച്ഛനും താമസിക്കാന്‍ വേണ്ടിയാണ് വാടക വീടെന്നാണ് വിഷ്ണു പറഞ്ഞിരുന്നത്, പക്ഷേ, വിജയനെ ആരും കണ്ടിരുന്നില്ല. അമ്മയും സഹോദരിയും പൂനെയിലാണെന്നും ആളുകളെ പറഞ്ഞു വിഷ്ണു വിശ്വസിപ്പിച്ചിരുന്നു. എല്ലാ ദിവസവും വൈകുന്നേരം വിഷ്ണു തങ്ങളുടെ പുതിയ വീട് പണി നടക്കുന്ന സ്ഥലത്തേക്ക് എന്നു പറഞ്ഞു പോകാറുണ്ടായിരുന്നുവെന്നും അയല്‍ക്കാര്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍