പട്ടാളക്കാര്‍ തങ്ങളുടെ വീട് തേടി വരുന്നുണ്ടെന്ന് ആ അമ്മ തന്റെ ആറു വയസുകാരന്‍ മകനോടു പറഞ്ഞു. പട്ടാളക്കാര്‍ എത്തിയാല്‍ നമ്മളെയെല്ലാം കൂട്ടത്തോടെ കൊന്നുകളയുമെന്നകാര്യവും മറച്ചുവച്ചില്ല. അമ്മ നിസ്സഹായയായിരുന്നു, മരണം തെരഞ്ഞെടുക്കയല്ലാതെ മറ്റൊരു വഴിയില്ലെന്നവര്‍ക്കറിയാമായിരുന്നു. എന്നാല്‍ ആ ആറുവയസുകാരന്‍ അങ്ങനെയല്ലായിരുന്നു, അവന് മരിക്കണ്ടായിരുന്നു. അന്നത്തെ രാത്രിയില്‍ വീട്ടില്‍ നിന്നുമിറങ്ങി അടുത്ത കാട്ടില്‍ ഒളിച്ചു. മറഞ്ഞിരുന്ന മരങ്ങള്‍ക്കിടയിലൂടെ തന്റെ വീടു വളയുന്ന നാസി പട്ടാളക്കാരെ ആ ജുതബാലന്‍ കണ്ടു. അലക്‌സ് കുര്‍സെം എന്നായിരുന്നു അവന്റെ പേര്. തന്റെ കുടുംബം മുഴുവന്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് കണ്ടതില്‍ പിന്നെ അവനാ പേര് ഉപയോഗിച്ചില്ല.
തണുത്തുറഞ്ഞ ആ ബലാറഷ്യന്‍ കാടിനുള്ളില്‍ അവന്‍ എത്ര ദിവസങ്ങള്‍, ഒരുപക്ഷേ ആഴ്ച്ചകള്‍ കഴിച്ചു കൂട്ടിയെന്നോറിയില്ല. ഉപേക്ഷിക്കപ്പെട്ട ശവശരീരങ്ങള്‍ക്കിടയിലൂടെ അവന്‍ ഭക്ഷണം തേടിയലഞ്ഞു, ചെന്നായ്ക്കളുടെ വായില്‍പ്പെടാതിരിക്കാന്‍ രാത്രി കാലങ്ങളില്‍ മരക്കൊമ്പുകളില്‍ അഭയം തേടി.
മുന്നോട്ടു പോകുന്തോറും അസാധാരണമാംവിധം ഈ കഥ മാറുന്നുണ്ട്.
1990-കളിലാണ് അലക്‌സിന്റെ ജീവിതം ആദ്യമായി പരസ്യമാക്കപ്പെടുന്നത്. 2007-ലത് ഒരു ബെസ്റ്റ് സെല്ലിംഗ് പുസ്തകമായി. എന്നാല്‍ 2012-ല്‍ ഒരു ഹോളോകോസ്റ്റ് തട്ടിപ്പ് എന്ന രീതിയിലാണത് വിവാദമായത്. അപ്പോഴേക്കും ആ ടെലിവിഷന്‍ റിപ്പയറുകാരന്‍ ജോലിയില്‍ നിന്നൊക്കെ വിരമിച്ച് മെല്‍ബണിന്റെ നഗരപ്രാന്തത്തില്‍ തന്റെ ദരിദ്രജീവിതം നയിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം അലക്‌സ് കുര്‍സെമിന്റെ ജീവിതം വീണ്ടും ചര്‍ച്ചയാകുന്നത്, ഫെബ്രുവരി എട്ടിന് എസ്ബിഎസ് ചാനല്‍ സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയിലൂടെയാണ്. ഒരു ജൂത ബാലന്‍ എങ്ങനെ ‘ഹിറ്റ്‌ലറുടെ ജൂത സൈനികന്‍’ ആയെന്നാണ് ഈ ഡോക്യുമെന്ററി പരിശോധിക്കുന്നതെന്ന് ദ ഗാര്‍ഡിയന്‍ പറയുന്നു.
പുറത്തു വന്നിരിക്കുന്ന കഥ തുടരുന്നതിങ്ങനെയാണ്;
കാലം 1942. ബലാറഷ്യന്‍ വനത്തില്‍ നിന്നും പുറത്തു കടന്ന അലക്‌സ് താമസിയാതെ ലാത്വിയന്‍ പൊലീസ് ബറ്റാലിയന്റെ പെട്രോളിംഗ് സംഘത്തിന്റെ പിടിയില്‍പ്പെട്ടു. ജര്‍മന്‍ അധിനിവേശ ബലാറസില്‍ നാസി എസ് എസ് മറ്റിടങ്ങളിലെന്നപോലെ പ്രാദേശിക സൈനിക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടായിരുന്നു. ലാത്വിയന്‍ പൊലീസ് അലക്‌സിനെ അവരുടെ ക്യാമ്പിലേക്ക് കൊണ്ടു പോയി. പൊലീസുകാര്‍ കരുതിയത് അതൊരു റഷ്യന്‍ അനാഥന്‍ ആണെന്നായിരുന്നു. മാത്രമല്ല, അവര്‍ അവനെയൊരു ‘ഭാഗ്യവസ്തു’വായും കണ്ടു. പൊലീസുകാര്‍ അലക്‌സിന് പാകമാകുന്നയളവില്‍ ഒരു സൈനിക യൂണിഫോം തുന്നിക്കൊടുത്തു, ഒപ്പമൊരു ഷോട്ട് ഗണ്ണും.
ആ സൈനിക ക്യാമ്പില്‍ വച്ച് അലക്‌സ് കുര്‍സെം മറ്റൊരു മനുഷ്യജീവിതമായി ജ്ഞാനസ്‌നാനപ്പെട്ടു. ഹിറ്റ്‌ലറുടെ കൂലിപ്പടയാളികള്‍ അവനൊരു പുതിയ ജന്മദിനം കുറിച്ചു; നവംബര്‍ 18. ലാത്വിയയുടെ സ്വാതന്ത്ര്യദിനം എന്നതായിരുന്നു ആ ദിവസത്തിന്റെ പ്രത്യേകത. പിന്നെയവര്‍ അവനൊരു പേരുമിട്ടു: ഉള്‍ദിസ് കുര്‍സെമ്‌ന്യെക്‌സ്.
പിന്നീടുള്ള രണ്ടുവര്‍ഷം ഉള്‍ദിസ് ആ റെജിമെന്റിന്റെ ഓമനയായി മാറിയെങ്കിലും അവിടെ അവന് കാണേണ്ടി വന്നിരുന്നത് ഭയപ്പെടുത്തുന്നതും മനസ് മരവിപ്പിക്കുന്നതുമായ കാര്യങ്ങളായിരുന്നു. ജൂതന്മാരെ ക്രൂരമായി പീഡിപ്പിക്കുന്നതും, കൊന്നു കളയുന്നതും അവന് പലപ്പോഴും കണ്ടു നില്‍ക്കേണ്ടി വന്നു. ‘ ഉള്ളാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ന് ഞാന്‍ നിന്നിരുന്നതെന്നാണ് പിന്നീട് അലക്‌സ് പറഞ്ഞത്. ഒരു ജൂത ബാലനെ പീഡിപ്പിച്ചു കൊല്ലുന്നത് കൈയടിച്ചും ചിരിച്ചും പ്രോത്സാഹിപ്പിക്കുന്ന പട്ടാളക്കാരും അലക്‌സിന്റെ ഓര്‍മകളിലുണ്ട്. ബലാറസിലെ കാട്ടില്‍ അനുഭവിക്കേണ്ടിവന്ന യാതനകള്‍ക്കിടയില്‍ നിന്നും തന്റെ കൈപിടിക്കാന്‍ പിശാച് ആയിരുന്നു വന്നിരുന്നതെങ്കിലും കൂടെപ്പോകുമായിരുന്നു എന്നാണ് അലക്‌സ് ആ റെജിമെന്റില്‍ എത്തപ്പെട്ടതിനെക്കുറിച്ച് പറയുന്നത്.
രണ്ടാം ലോക മഹായുദ്ധം കൂടുതല്‍ രൂക്ഷമായി വന്നതോടെ അലക്‌സിനെ ‘ വളര്‍ത്തി’യിരുന്ന ബറ്റാലിയന്‍ തേര്‍ഡ് റൈക്ക്‌സിലെ വാഫന്‍-എസ്എസ്സിന്റെ ഭാഗമായി ലയിച്ചു. 1944 ആയപ്പോഴേക്കും സോവിയറ്റ് പട ജര്‍മന്‍ അധിനിവേശ എസ്‌തോണിയായും ലാത്വിയായും തിരികെ പിടിക്കാനാരംഭിച്ചു. വീണ്ടും തന്റെ ജീവന്‍ രക്ഷിക്കേണ്ട ചുമതല അലക്‌സിലേക്ക് മാത്രമെത്തി. അങ്ങനെയവന്‍ രണ്ടുവര്‍ഷം ജീവിച്ച ബറ്റാലിയന്‍ ക്യാമ്പില്‍ നിന്നും ലാത്വിയന്‍ തലസ്ഥാനമായ റിഗയിലെ ഒരു ഫാക്ടറി ഉടമയായ ജേക്കബ്‌സ് ഡെനിസിന്റെയരികിലെത്തി. ജേക്കബ്‌സിന്റെ മധ്യവര്‍ഗ കുടുംബം അവനെ ദത്തെടുത്തു. 1949-ല്‍ ആ വീട്ടുകാര്‍ മെല്‍ബണിലേക്ക് കുടിയേറുമ്പോള്‍ കൂട്ടത്തില്‍ അലക്‌സുമുണ്ടായിരുന്നു. അപ്പോഴുമവന്‍ അലക്‌സ് കുര്‍സേം എന്ന യാഥാര്‍ത്ഥ്യത്തതിലേക്ക് മാറിയിരുന്നില്ല, ഉള്‍ദിസ് കുര്‍സെമ്‌ന്യെക്‌സ് എന്ന വ്യാജ വിലാസത്തില്‍ തന്നെയാണ് ഓസ്‌ട്രേലിയയിലേക്കും പോയത്. പഴയതൊന്നും മറക്കാതിരിക്കാന്‍ ഒരു പഴകിയ ലെതര്‍ ബാഗും, വേദന നിറഞ്ഞ മനസും മാത്രം.
അടുത്ത ദിവസം പുറത്തു വരുന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ ഡാന്‍ ഗോള്‍ഡ്‌ബെര്‍ഗ് ആണ്. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഓസ്‌ട്രേലിയന്‍ ജ്യൂവിഷ് ന്യൂസിന്റെ എഡിറ്റര്‍ ആയിരിക്കുന്ന സമയത്താണ് ഗോള്‍ഡ്‌ബെര്‍ഗ് ആദ്യമായി അലക്‌സിന്റെ കഥ കേള്‍ക്കുന്നത്. ഗോള്‍ഡ്‌ബെര്‍ഗ് കാണുമ്പോള്‍ ദരിദ്രനായ ആ മനുഷ്യന്‍ കഴിഞ്ഞ അരനൂറ്റാണ്ടായി തന്റെ ഓര്‍മകളെല്ലാം മൂടിക്കെട്ടിവച്ചു ജീവിക്കുകയായിരുന്നു. സംവിധായകന്റെ നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവിലാണ് തന്റെ ജീവിത കഥ പറയാന്‍ അലക്‌സ് തയ്യാറായത്.
’50 വര്‍ഷമായി യുദ്ധത്തെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ അദ്ദേഹം അടച്ചുപൂട്ടി രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. അവസാനം കഥ പറയാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് വലിയ എതിര്‍പ്പുകളായിരുന്നു. മെല്‍ബണില്‍ ഒരു ലാത്വിയന്‍ ആയി ജീവിതം നയിച്ചിരുന്ന അദ്ദേഹം തന്റെ ജൂതത്വം വെളിപ്പെടുത്തിയപ്പോള്‍ ജൂത സമൂഹവും ലാത്വിയന്‍ സമൂഹവും ഒരുപോലെ അദ്ദേഹത്തെ വഞ്ചകനെന്ന് ആക്ഷേപിച്ചു’ അത്തരം ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും അദ്ദേഹത്തിന് സഹിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ഗോള്‍ഡ്‌ബെര്‍ഗ് പറയുന്നു.
2007-ല്‍ അലക്‌സിന്റെ മൂത്തമകന്‍ മാര്‍ക് അച്ഛന്റെ ഓര്‍മകള്‍ ‘ ദ മസ്‌കോട്ട്’ എന്ന പേരില്‍ പുസ്തകമായി ഇറക്കി. അതൊരു ബെസ്റ്റ് സെല്ലര്‍ ഓര്‍മക്കുറിപ്പുകളായി മാറി. ആ പുസ്തകത്തിലെ വലിയ ആകര്‍ഷണം ലാത്വിയന്‍ എസ്എസ് യൂണിഫോമിലുള്ള സുന്ദരനായൊരു ബാലന്റെ പഴകിയ ചുവപ്പ്-തവിട്ട് നിറത്തിലുള്ള രണ്ടു ഫോട്ടോഗ്രാഫുകളായിരുന്നു. തന്റെ ജീവിതയാത്രയിലൂട നീളം കൈയില്‍ കരുതിയ സ്യൂട്ട്‌കെയ്‌സില്‍ അലക്‌സ് ഒളിപ്പിച്ചിരുന്ന രഹസ്യമായിരുന്നു ആ ഫോട്ടോഗ്രാഫുകള്‍.
ഈ ബുക്ക് അന്താരാഷ്ട്രശ്രദ്ധ നേടി. ഹോളിവുഡിന്റെ കണ്ണിലും അലക്‌സിന്റെ ഓര്‍മക്കുറിപ്പുകളുടക്കി. അലക്‌സ് കുര്‍സെമിന്റെ ജീവിതം സിനിമയാക്കാന്‍ ചര്‍ച്ചകള്‍ നടന്നു. അലക്‌സിനെ അവതരിപ്പിക്കാന്‍ ആന്തണി ഹോപ്കിന്‍സിന്റെയും റോബിന്‍ വില്യംസിന്റെയും പേരുകള്‍ ഉയര്‍ന്നു വന്നു. പക്ഷേ, ഈ സമയം പുസ്തകവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും പിറന്നു.
ജേക്കബ്‌സ് ഡെനിസിന്റെ കുടുംബത്തിലെ മാരിസ് ലാകിസ് ആയിരുന്നു പ്രശ്‌നമുണ്ടാക്കിയത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുമ്പുള്ള തങ്ങളുടെ കുടുംബത്തെ നാസി അനുകൂലികളാക്കി പുസ്‌കതത്തില്‍ ചിത്രീകരിച്ചതായിരുന്നു ഡെനിസ് കുടുംബത്തെ രോഷാകുലരാക്കിയത്. പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ പെന്‍ഗ്വിന്‍ ബുക്‌സിനോട് ആവശ്യപ്പെട്ടു, അപ്പോഴേക്കും ആ ഓര്‍മക്കുറിപ്പുകള്‍ വായനക്കാരുടെ കൈകളിലെത്തിയിരുന്നു.
ഈ കഥയിലെ അടുത്ത ട്വിസ്റ്റ് അമേരിക്കയില്‍ നിന്നാണ്. ‘ ദ മസ്‌കോട്ട്’ ന്റെ 60 മിനിട്ട് ദൈര്‍ഘ്യമുള്ള പ്രദര്‍ശനം ലോസ് ഏഞ്ചല്‍സിലെ തന്റെ വീട്ടിലിരുന്ന് കാണുമ്പോഴാണ് അമേരിക്കന്‍ അക്കാദമീഷ്യനായ ഡോ. ബാരി റെസ്‌നിക്കിന്റെ മനസില്‍ ചില ചിന്തകള്‍ ഉയര്‍ന്നത്. ഹോളോകോസ്റ്റ് ഇരകളുടെ പിന്‍ഗാമിയായിരുന്നു റെസ്‌നിക്. റെസ്‌നിക് യു എസ് ഫോറന്‍സിക് വംശശാസ്ത്രജ്ഞന്‍ കോളിന്‍ ഫിറ്റ്‌സ്പാട്രികുമായി ചേര്‍ന്ന് അലക്‌സിന്റെ കഥ പരിശോധിച്ചു. കോളിന്‍ മുമ്പ് ഇതുപോലെ പല ഹോളോകോസ്റ്റ് തട്ടിപ്പു കഥകളും വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്. അവരുടെ സംയുക്ത അന്വേഷണത്തിന്റെ പ്രതികരണം, അലക്‌സിന്റെത് ഒരു കെട്ടുകഥയാണെന്നായിരുന്നു. അലക്‌സ് കുര്‍സെമുമായി ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരു ബെലാറഷ്യന്‍ കുടുംബത്തിന് അദ്ദേഹവുമായി രക്ത ബന്ധവുമില്ലെന്ന് കണ്ടെത്തിയിരുന്നു. അലക്‌സ് ആകട്ടെ വര്‍ഷങ്ങളായി തന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ ശാഠ്യത്തോടെ വിസമ്മതിച്ചിരുന്നു. ഒടുവില്‍ 2019-ല്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ അലക്‌സ് കുര്‍സെം ആഷ്‌കെനാസി ജൂതനാണെന്നും ജീവിച്ചിരിക്കുന്ന ബന്ധുക്കളുണ്ടെന്നും കണ്ടെത്തിയിരുന്നു(മധ്യ-കിഴക്കന്‍ യൂറോപ്പിലുണ്ടായിരുന്ന ജൂതന്മാരുടെ പിന്‍ഗാമികളെയാണ് ആഷ്‌കെനാസി ജൂതര്‍(Ashkenazi Jesw) എന്നു പറയുന്നത്).
വീണ്ടെടുത്ത ഒരു നാസി പ്രൊപ്പഗാണ്ട റീലില്‍ 1943 കാലങ്ങളില്‍ ആര്യന്‍ കുട്ടികളുമായി കളിക്കുന്ന ‘മാസ്‌കോട്ട്’ എന്ന് വിളിക്കപ്പെടുന്ന ഒരു ആണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. അതുപോലെ ബെലാറസ് ഗ്രാമമായ കൊയ്ഡനോവില്‍ 1942-ല്‍ നടന്ന ഒരു കൂട്ടക്കൊലയുടെ രേഖകളും ഗവേഷണഫലമായി കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയായി കഴിഞ്ഞ് അലക്‌സിന് ആകെ ഓര്‍മിക്കാന്‍ കഴിഞ്ഞത് ഒന്നോ രണ്ടോ ബെലാറഷ്യന്‍ വാക്കുകള്‍ മാത്രമാണ്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പരിശോധിച്ച 18ആം കുര്‍സെം പൊലീസ് ബറ്റാലിയനിലെ ഒരു സൈനികന്റെ ഡയറിയില്‍ 1942 ജൂലൈ 12 ന് തങ്ങള്‍ മാതാപിതാക്കള്‍ ആരാണെറിയാത്ത ഒരു അനാഥ ബാലനെ കണ്ടെത്തിയെന്ന കാര്യം എഴുതിയിട്ടുണ്ട്. ആ കുട്ടിക്ക് ഉള്‍ദിസ് കുര്‍സെമ്‌ന്യെക്‌സ് എന്നു പേര് നല്‍കിയതും ഡയറിയിലുണ്ടായിരുന്നു. ഇതെല്ലാം അയാളുടെ കഥകള്‍ ശരിയാണോ തെറ്റാണോ എന്നതില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതാണ്.
അലക്‌സ് കുര്‍സെമിനെക്കുറിച്ചുള്ള രണ്ട് അഭിപ്രായങ്ങളും ഗോള്‍ഡ്‌ബെര്‍ഗ് തന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും ഉത്തരങ്ങളില്ലാത്ത പല ചോദ്യങ്ങളും മുന്നിലുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.
ഒരു കൊച്ചു പയ്യന് എങ്ങനെ തന്റെ ജൂത വ്യക്തിത്വം മറച്ചുവയ്ക്കാനാകും? 2019 വരെ എന്തുകൊണ്ടാണ് അലക്‌സ് ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകാതിരുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അലക്‌സും ഉത്തരം പറഞ്ഞിട്ടില്ല. ഒരിക്കല്‍ അയാള്‍, തന്റെ കുടുംബാഗത്തോട് പറഞ്ഞത്, തന്റെയുള്ളില്‍ രണ്ടു മനുഷ്യരുണ്ടെന്നും, അവര്‍ തമ്മില്‍ ഒട്ടും ചേര്‍ച്ചയിലല്ലെന്നുമാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാതെയാണ് 2021 ജനുവരി 31 ന് കോവിഡ് ബാധിതനായി അലക്‌സ് കുര്‍സെം ഈ ലോകത്ത് നിന്നും യാത്രയായത്.