UPDATES

വിദേശം

ജൂത കൂട്ടക്കൊല പയസ് ഏഴാമന്‍ മാര്‍പാപ്പ അറിഞ്ഞിരുന്നു? വിവാദമുയര്‍ത്തിയൊരു കത്ത്

ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട് പയസ് മാര്‍പാപ്പയുടെ പേരില്‍ രണ്ട് തട്ടിലാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്

                       

നാസി ക്രൂരതയുടെ വിവരങ്ങള്‍ അറിഞ്ഞിട്ടും മിണ്ടാതിരിക്കുകയാണോ വത്തിക്കാന്‍ ചെയ്തത്? ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഒരു കത്ത് അത്തരമൊരു ആരോപണത്തിനു കീഴിലാക്കുകയാണ് കത്തോലിക്ക സഭയെ.

രണ്ടാം ലോക മഹായുദ്ധകാലം, ജര്‍മന്‍ അധിനിവേശ പോളണ്ടില്‍ ദിവസേന 6000-ന് മുകളില്‍ ജൂതരെയും പോളണ്ടുകാരെയും ഹിറ്റ്‌ലറുടെ നാസി പട്ടാളം ഗ്യാസ് ചേംബറിലിട്ട് കൊന്നൊടുക്കുമായിരുന്നു എന്ന വിവരം വിശ്വസ്തനായൊരു ജര്‍മന്‍ ജസ്യൂട്ട് പുരോഹിതന്‍ അന്നത്തെ മാര്‍പാപ്പ പയസ് ഏഴാമനെ വിശദമായി എഴുതിയറിച്ചിരുന്നുവെന്നതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. നാസി ക്രൂരതകളെ തള്ളിപ്പറയാന്‍ നയതന്ത്ര റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുറപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് വത്തിക്കാനുള്ളത്.

വത്തിക്കാന്റെ ശേഖരത്തില്‍ നിന്നുള്ള രേഖകള്‍ ഇറ്റാലിയന്‍ പത്രമായ കോറിയര്‍ ഡെല്ല സെറയാണ് പ്രസിദ്ധീകരിച്ചത്. പയസ് ഏഴാമന്‍ മാര്‍പാപ്പയുടെ പാരമ്പര്യത്തെയും, മുടങ്ങി കിടക്കുന്ന വാഴ്ത്തപ്പെടല്‍ ചടങ്ങിന്റെ കാമ്പയിനെക്കുറിച്ചുമുള്ള വിവാദത്തിന് പുതിയ ഇന്ധനം പകരുന്ന തെളിവുകളാണിത്.

ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട് മുമ്പ് തന്നെ പയസ് മാര്‍പാപ്പയുടെ പേരില്‍ രണ്ട് തട്ടിലാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. അദ്ദേഹത്തിന്റെ അനുയായികള്‍ വാദിക്കുന്നത് ജൂത ജീവനുകള്‍ രക്ഷിക്കാന്‍ നയതന്ത്രശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നാണ്, എന്നാല്‍ ചരിത്രകാരന്മാര്‍ ആരോപിക്കുന്നത്, ജൂത കൂട്ടക്കൊലയില്‍ മൗനം പാലിച്ചിരുന്ന മാര്‍പാപ്പയായിരുന്നു പയസ് എന്നാണ്.

വത്തിക്കാന്റെ അപ്പസ്‌തോലിക് ആര്‍കൈവ്‌സിലെ രേഖ സൂക്ഷിപ്പുകാരനും ഗവേഷകനുമായ ജിയോവാനി കോകോയുടെ പയസ് ഏഴാമനുമായി ബന്ധപ്പെട്ടുള്ള വരാനിരിക്കുന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന കത്താണ് കോറിയര്‍ പത്രം പുനര്‍നിര്‍മിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കത്ത് 1942 ഡംസംബര്‍ 14 ന് ജസ്യൂട്ട് പുരോഹിതന്‍ പയസ് മാര്‍പാപ്പയുടെ സെക്രട്ടറിക്ക് എഴുതിയതാണ്. ഈ കത്ത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണെന്നാണ് കോകോ കോറിയര്‍ പത്രത്തോട് പ്രതികരിച്ചത്. ജൂതരെ ഗ്യാസ് ചേംബറില്‍ അടച്ചും മറ്റും ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ച് ജര്‍മനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഹിറ്റ്‌ലര്‍ വിരുദ്ധ കത്തോലിക്ക വിഭാഗത്തില്‍ നിന്നു കിട്ടിയ വ്യക്തമായ വിവരങ്ങള്‍ അടങ്ങിയ കത്തായിരുന്നു അതെന്നാണ് കോകോ പറയുന്നത്.

ജര്‍മന്‍ ജസ്യൂട്ട് പാതിരിയായിരുന്ന റവ. ലോഥര്‍ കൊയ്‌നിഗ് ആണ് പയസിന്റെ സെക്രട്ടറിയായിരുന്ന മറ്റൊരു ജസ്യൂട്ടുകാരനായ റവ. റോബര്‍ട്ട് ലെയ്ബറിന്, 1942 ഡിസംബര്‍ 14 നു കത്തെഴുതുന്നത്. ജര്‍മന്‍ ഭാഷയിലുള്ള ആ കത്ത് കൊയ്‌നിഗ് ആരംഭിക്കുന്നത്, പ്രിയപ്പെട്ട സുഹൃത്തെ എന്ന് ലെയ്ബറെ അഭിസംബോധന ചെയ്തുകൊണ്ടാണ്. ജര്‍മന്‍ അധിനിവേശത്തിന് മുമ്പ് പോളണ്ടിന്റെ ഭാഗമായിരുന്ന റാവ റുസ്‌കയില്‍ നിന്നും(ഇന്നിത് യുക്രെയ്‌ന്റെ ഭാഗമാണ്) ജൂതരെയും പോളീഷുകാരെയും ബെല്‍സെക്കിലെ മരണ പാളയത്തിലേക്ക് എത്തിച്ച് ദിവസേന ആറായിരത്തിന് മുകളില്‍ മനുഷ്യരെ കൊന്നൊടുക്കുമായിരുന്നു എന്നതടക്കമുള്ള നാസി ക്രൂരതകളെക്കുറിച്ചായിരുന്നു കത്തിലെ വിവരണം.

2004 ല്‍ ബെല്‍സെക് സ്മാരകം ലോകത്തിന് തുറന്നു കൊടുത്തിരുന്നു. അഞ്ചു ലക്ഷത്തോളം ജൂതരെ ഈ കാമ്പില്‍ വച്ച് കൂട്ടക്കൊല ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഈ സ്മാരക കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്, 1942 ഡിസംബര്‍ ഏഴ് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ 3,500 ജൂതരെ ബെല്‍സെക്കിലേക്ക് കൊണ്ടുപോയെന്നും റാവ റുസ്‌കയിലുണ്ടായിരുന്ന ജൂതസങ്കേതങ്ങള്‍ ഇല്ലാതാക്കിയെന്നുമാണ്. ‘ ഏകദേശം മൂവായിരത്തിനും അയ്യായിരത്തിനും ഇടയില്‍ ജൂതരെ അവിടെവച്ചു തന്നെ വെടിവച്ചു കൊന്നു. രണ്ടായിരത്തിനും അയ്യായിരത്തിനും ഇടിയില്‍ ജൂതരെ ബെല്‍സെക്കിലേക്ക് കൊണ്ടു പോയി” വെബ്‌സൈറ്റില്‍ കുറിച്ചിട്ടുള്ള കാര്യമാണ്.

കൊയ്‌നിഗ് കത്തെഴുതിയ തീയതി ഏറെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്. ആ തീയതി പ്രകാരം മാര്‍പാപ്പയുടെ സെക്രട്ടറിക്ക് കെയ്‌നിഗ് കത്തെഴുതുന്നത് റാവ റുസ്‌കയിലെ ജൂതസങ്കേതങ്ങള്‍ നാസി പട്ടാളം ഇല്ലാതാക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ്. വിവിധ വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ നേരിട്ട് സന്ദര്‍ശിച്ചും നിരവധിയായ നയതന്ത്ര മാര്‍ഗത്തിലുള്ള ആശയവിനിമയങ്ങള്‍ വഴിയും പയസിനെ നാസി ഭീകരതയെക്കുറിച്ച് അറിയിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1942 മുതല്‍ പത്തു ലക്ഷം ജൂതന്മാര്‍ പോളണ്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഈ കത്തുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു പ്രതിരോധ വാദം, കത്ത് മാര്‍പാപ്പ കണ്ടിരുന്നോ എന്നാണ്. അക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിച്ചിട്ടില്ല. അതേസമയം റോബര്‍ട്ട് ലെയ്ബര്‍ പോപ്പിന്റെ ഏറ്റവുമടുത്ത സഹായി ആയിരുന്നുവെന്നത് ആ കത്ത് പയസ് കണ്ടിരിക്കാം എന്ന ന്യായത്തെ പിന്തുണയ്ക്കുന്നു. ലെയ്ബര്‍ 1920 കളില്‍ ജര്‍മനിയിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്നു. മാത്രമല്ല, മാര്‍പാപ്പയുമായി ജര്‍മനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നയാള്‍ കൂടിയായിരുന്നു ലെയ്ബര്‍.

പുലിസ്റ്റര്‍ പുരസ്‌കാര ജേതാവായ നരവംശശാസ്ത്രജ്ഞന്‍ ഡേവിഡ് കെര്‍ട്‌സെര്‍ എഴുതിയ ‘ദ പോപ്പ് ആറ്റ് വാര്‍; ദ സീക്രട്ട് ഹിസ്റ്ററി ഓഫ് പയസ് ഏഴാമന്‍, മുസോളനി ആന്‍ഡ് ഹിറ്റ്‌ലര്‍’ എന്ന പുസ്തകത്തില്‍ പറയുന്നത്, ഡിസംബര്‍ മധ്യത്തില്‍ വത്തിക്കാനിലെ ബ്രിട്ടീഷ് പ്രതിനിധിയോട് മുതിര്‍ന്ന സെക്രട്ടറി തല ഉദ്യോഗസ്ഥനായ മൊസീഞ്ഞര്‍ ഡമെന്‍ഷ്യോ ടര്‍ഡീനി വ്യക്തമാക്കിയത്, നാസി ക്രൂരതകളെക്കുറിച്ച് മാര്‍പാപ്പയ്ക്ക് പ്രതികരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു. കിട്ടിയ വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കാത്തതുകൊണ്ടാണിതെന്നാണ് കാരണമായി ടര്‍ഡീനി പറയുന്നത്. കോകോയെ ഉദ്ധരിച്ചുകൊണ്ട് കോറിയര്‍ പത്രം എഴുതുന്നത്, ഈ കത്തിന്റെ ഇപ്പോഴുള്ള പുതുമയും പ്രാധാന്യവും, ജൂത കൂട്ടക്കൊലയെക്കുറിച്ച് ഒരു ജര്‍മന്‍ കത്തോലിക്ക ചര്‍ച്ചില്‍ നിന്നു തന്നെ വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ പയസ് മാര്‍പാപ്പ അറിഞ്ഞിരുന്നുവെന്ന് തീര്‍ച്ചപ്പെടുത്തുന്നു എന്നതാണെന്നാണ്.

കത്തെഴുതിയ ലോഥര്‍ കെയ്‌നിഗ് വത്തിക്കാന്‍ ഭരണകേന്ദ്രത്തോട്(ഹോളി സീ) പ്രത്യേകം അഭ്യര്‍ത്ഥിച്ചിരുന്നത്, തന്റെ കത്ത് യാതൊരു കാരണവശാലും പുറത്തു പോകരുതെന്നായിരുന്നു. അത് തന്റെയും രഹസ്യവിവരങ്ങള്‍ നല്‍കുന്ന ഹിറ്റ്‌ലര്‍ വിരുദ്ധ കത്തോലിക്ക പ്രതിരോധ വിഭാഗത്തിലുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുമെന്ന് കെയ്‌നിഗ് ഭയപ്പെട്ടിരുന്നു. ഇതേ ഭയം മുന്‍നിര്‍ത്തിയാണ് പയസിന്റെ പിന്തുണക്കാര്‍ അദ്ദേഹത്തെ ന്യായീകരിച്ചു പോരുന്നത്. പ്രതികാര ഭീതി കാരണമായിരുന്നു മാര്‍പാപ്പ നാസി ക്രൂരതയ്‌ക്കെതിരെയും ജൂതരുടെ ജീവനുവേണ്ടിയും ഒന്നും മിണ്ടാതെ മൗനം പാലിച്ചതെന്നാണ് ആ ന്യായീകരണം.

Share on

മറ്റുവാര്‍ത്തകള്‍