UPDATES

വിദേശം

സംഗീത പരിപാടിക്കിടയില്‍ കൂട്ടക്കൊല

റഷ്യയെ ഞെട്ടിച്ച് മോസ്‌കോ കണ്‍സേര്‍ട്ട് ഹാള്‍ ആക്രമണം

                       

റഷ്യയെ ഞെട്ടിച്ച തീവ്രവാദിയാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി ഫെഡല്‍ സെക്യൂരിറ്റി സര്‍വീസിന്റെ സ്ഥിരീകരണം. 100 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാര്‍ച്ച് 22 വെള്ളിയാഴ്ച്ച പടിഞ്ഞാറന്‍ മോസ്‌കോയിലെ ക്രോക്കസ്‌ സിറ്റി ഹാളില്‍ സംഗീത പരിപാടി നടന്നുകൊണ്ടിരിക്കേ അകത്തേക്ക് ഇരച്ചു കയറിയ തോക്കുധാരികള്‍ കാണികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.  റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയുടെ പ്രാന്തപ്രദേശത്തുള്ള ക്രാസ്‌നോഗോര്‍സ്‌ക് നഗരത്തില്‍ ക്രിസ്ത്യാനികളുടെ ഒരു വലിയ സമ്മേളനത്തിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ ആക്രമിച്ചു കയറുകയും, നൂറുകണക്കിന് ആളുകളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷം സുരക്ഷിതമായി താവളങ്ങളിലേക്ക് രക്ഷപ്പെട്ടുവെന്നും, വലിയ നാശമുണ്ടാക്കിയ ശേഷമാണ് തങ്ങളുടെ പോരാളികള്‍ തിരികെ പോന്നതെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. സമീപകാലത്ത് റഷ്യ കണ്ട ഏറ്റവും ഭയാനകമായ ആക്രമണമാണിത്. വ്‌ളാദിമിര്‍ പുടിന്‍ വീണ്ടും റഷ്യയുടെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നത്.

യന്ത്രത്തോക്കുകള്‍ കൊണ്ട് നാലുപാടും വെടിയുതിര്‍ക്കുകയായിരുന്നു അക്രമികള്‍, ഹാളില്‍ പരിപാടി കാണാന്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ഹാളില്‍ തീപടരുകയും മേല്‍ക്കൂര തകര്‍ന്നു വീഴുകയും ചെയ്തതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ ഹാളിനുള്ളിലേക്ക് എറിഞ്ഞിട്ടുണ്ടെന്നും തീപിടിത്തം ഉണ്ടായത് അങ്ങനെയാണെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഹാളില്‍ നിന്നും കറുത്ത പുകച്ചുരുകളും തീയും ഉയര്‍ന്നു പൊങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

പ്രശസ്ത റഷ്യന്‍ റോക്ക് ബാന്‍ഡ് ആയ പിക്‌നിക്കിന്റെ സംഗീത പരിപാടിയായിരുന്നു ക്രോക്കസ്‌ ഹാളില്‍ നടന്നുകൊണ്ടിരുന്നത്. പരിപാടി കാണാനായി ഏകദേശം 6,000 പേര്‍ ഹാളില്‍ തടിച്ചുകൂടിയിരുന്നുവെന്നാണ് വിവരം. ആളുകളെ മുഴുവനായി ഹാളില്‍ നിന്നും ഒഴിപ്പിക്കാനായിട്ടില്ലെന്നും, തീപിടുത്തത്തില്‍ കുറെപ്പേര്‍ അകത്ത് കുടുങ്ങിപ്പോയിട്ടുണ്ടെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആക്രമണത്തിന്റെ വീഡിയോകള്‍ റഷ്യന്‍ മീഡിയയിലും അതുപോലെ സോഷ്യല്‍ മീഡിയകളിലും വന്നിട്ടുണ്ട്. രണ്ടു പേര്‍ തോക്കുമായി ഹാളിലേക്ക് പോകുന്നതിന്റെയും, ഹാളില്‍ തീപിടിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ വെടിയൊച്ചകള്‍ മുഴങ്ങുന്നതിന്റെയുമൊക്കെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ഒന്നിലധികം ആക്രമികളായിരുന്നു കൂട്ടക്കൊലപാതകം നടത്തിയത്. നാല് പേരുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തൊപ്പി ധരിച്ചിരിക്കുന്ന ഇവര്‍ ജീവനുവേണ്ടി അലറി വിളിക്കുന്ന മനുഷ്യരെ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി വെടിവയ്ക്കുകയാണ്.

സംഭവസ്ഥലത്ത് കനത്ത സുരക്ഷയേര്‍പ്പെടുത്തിയിരിക്കുകയാണ്. പൊതുജനങ്ങളെയും മീഡിയയെയും പ്രദേശത്തേക്ക് അടുപ്പിക്കുന്നില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മോസ്‌കോ ഗവര്‍ണര്‍ ആന്‍േ്രഡ വോറോബ്യോവ് അറിയിച്ചത്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പങ്കുവയ്ക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. മോസ്‌കോയിലെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും അതീവ സുരക്ഷയേര്‍പ്പെടുത്തി. ആഴ്ച്ചാന്ത്യത്തില്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന എല്ലാ ജനപങ്കാളിത്ത പരിപാടികളും മോസ്‌കോ മേയര്‍ റദ്ദാക്കിയിട്ടുണ്ട്.

ആക്രമണത്തെ അമേരിക്ക അപലപിച്ചുവെങ്കിലും കൂടുതല്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണെന്നാണ് വൈറ്റ് ഹൗസിലെ നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി പ്രതികരിച്ചത്.

ആക്രമണ സാധ്യത കണക്കിലെടുത്ത് മോസ്‌കോയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ നിന്നും അമേരിക്കന്‍ പൗരന്മാര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് മോസ്‌കോയിലെ യു എസ് എംബസി ഈ മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ കാര്യം തന്നെ മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെ എംബസികളും അവരവരുടെ പൗരന്മാരോടും ആവശ്യപ്പെട്ടിരുന്നു. ആക്രമണ സാധ്യത ശക്തമായിരുന്നുവെന്നാണ് ഇത്തരം മുന്നറയിപ്പുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍, ഇത്തരം മുന്നറിയിപ്പുകള്‍ റഷ്യക്കാരെ ഭയപ്പെടുത്താനുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ തന്ത്രമാണെന്നായിരുന്നു പ്രസിഡന്റ് പുട്ടിന്റെ ആക്ഷേപം. അടുത്ത ആറു വര്‍ഷത്തേക്ക് കൂടി രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത പുടിനെതിരേ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. കൂടാതെ, യുക്രെയ്ന്‍ അധിനിവേശവും റഷ്യ കൂടുതല്‍ അക്രമാസക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍