നാലാം ക്ലാസിൽ പഠിക്കുമ്പോൾ ‘മോൺസ്റ്റർ ഇൻ മൈ ക്ലോസറ്റ്’ എന്ന കവിതയ്ക്ക് ദേശീയ കവിതാ പുരസ്കാരം ലഭിക്കുന്നിടത്ത് നിന്നാണ് ടെയിലർ സ്വിഫ്റ്റ് എന്ന ഗായിക തന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. അന്നത്തെ നാലാം ക്ലാസ്സുകാരി ഇന്ന് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള സംഗീതജ്ഞയാണ്. ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ‘ഇറാസ് ടൂറിന്’ ആദിദേയത്വം വഹിക്കുന്നതിലൂടെ സിംഗപ്പൂർ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഒരുങ്ങുകയാണ്. മാർച്ച് രണ്ട് മുതൽ ഒൻപത് വരെ സിംഗപ്പൂരിൽ നടക്കുന്ന സംഗീത പര്യടനത്തിന് ടിക്കറ്റിൽ നിന്ന് മാത്രം 260 മില്യൺ ഡോളർ മുതൽ 375 മില്യൺ ഡോളർ (31,03,21,31,250 ഇന്ത്യൻ രൂപ) വരെ ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മെയ്ബാങ്ക് റിസർച്ച് ഡയറക്ടർ എറിക്ക ടെയ് പറയുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 152 ഷോകൾ അടങ്ങുന്ന ആറാമത്തെ സംഗീത പര്യടനമാണ് ടെയിലര്‍ സ്വിഫ്റ്റിന്റെ ദി ഇറാസ് ടൂർ
ആഗോള വിൽപ്പനയിൽ ഒരു ബില്യൺ ഡോളറിൽ (82,75,23,50,000 ഇന്ത്യൻ രൂപ) കവിഞ്ഞ റെക്കോഡ് ബ്രേക്കിംഗ് പര്യടനമാണ് ടെയ്‌ലർ സ്വിഫ്റ്റിന്റേത്. ‘സ്വിഫ്റ്റോണോമിക്സ്’ എന്ന പ്രതിഭാസത്തിന്റെ ഏറ്റവും പുതിയ ഗുണഭോക്താവാണ് സിംഗപ്പൂർ. ടെയ്‌ലറിന്റെ പര്യടനത്തോടെ സിംഗപ്പൂരിൻ്റെ ജിഡിപി വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ 2.9 ശതമാനം വർധിക്കാനാണ് സാധ്യത എന്നാണ് വിദഗ്ദ്ധരുടെ കണക്ക് കൂട്ടൽ. സ്വിഫ്റ്റിന്റെ ഇറാസ് ടൂറിലേക്ക് ചൈന മുതൽ മലേഷ്യ വരെയുള്ള ആരാധകർ സിംഗപ്പൂരിലേക്ക് ഒഴുകിയെത്തി. മാർച്ച് ഒന്നിനും നും ഏഴിനും ഇടയിൽ മാത്രമുള്ള യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനത്തിലധികം വർദ്ധനവുണ്ടായതായി ചാംഗി എയർപോർട്ട് റിപോർട്ടുകൾ പുറത്ത് വിട്ടിരുന്നു.
വൻകിട ബ്രാൻഡുകൾ മുതൽ ചെറിയ വ്യാപാര സ്ഥാപനങ്ങൾ, ഫോട്ടോ സ്റ്റുഡിയോകൾ തുടങ്ങിയ സംരംഭങ്ങൾ ടെയ്‌ലർ സ്വിഫ്റ്റിൻ്റെ സന്ദർശനത്തിൽ ലാഭം കൊയ്യുന്നതിനാൽ സിംഗപ്പൂരിലെ എല്ലാവിധ ബിസിനസുകൾക്കും കാര്യമായ പുരോഗതിയുണ്ട്. ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ഇറാസ് ടൂർ സിംഗപ്പൂരിന്റെ വിനോദസഞ്ചാര മേഖലക്ക് വൻ ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ട്രാവൽ കമ്പനിയായ ക്ലൂക്ക്, നഗരത്തിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലേക്ക് പ്രവേശനം നൽകുന്ന സിംഗപ്പൂർ പാസിനുള്ള ബുക്കിംഗിൽ 50 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാതായി പറഞ്ഞിരുന്നു. സ്വിഫ്റ്റിന്റെ ഇറാസ് ടൂറിലെ തെക്കുകിഴക്കൻ ഏഷ്യയിലെ ഏക സ്റ്റോപ്പായ സിംഗപ്പൂർ ഷോയ്ക്ക് വേണ്ടി മൂന്ന് മില്യൺ ഡോളറിലതികം നൽകിയതായി തായ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ അവകാശപ്പെട്ടിരുന്നു. സിംഗപ്പൂരിന്റെ ഈ നേട്ടം അയൽ രാജ്യങ്ങൾക്കിടയിൽ ചില അസ്വാരസ്ഥ്യങ്ങൾ ഉണ്ടാക്കിയതായും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്, ഇറാസ് ടൂറുമായുള്ള സിംഗപ്പൂരിന്റെ കരാറിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ ടെയ്‌ലർ സ്വിഫ്റ്റിനെ സിറ്റി-സ്റ്റേറ്റിലേക്ക് കൊണ്ടുവരാൻ സർക്കാർ നൽകിയ തുകയെക്കുറിച്ച് സിംഗപ്പൂർ മൗനം പാലിച്ചു.
1989 മുതൽ സിംഗപ്പൂർ നഗര-സംസ്ഥാനത്തെ ഒരു പ്രാദേശിക കലാ-സാംസ്കാരിക കേന്ദ്രമായി രൂപപ്പെടുത്തുന്നതിനുള്ള മഹത്തായ പദ്ധതിയുടെ ഭാഗമാണ് ഇറാസ് ടൂർ. സിംഗപ്പൂരിൻ്റെ ടൂറിസം അജണ്ടയെക്കുറിച്ച് പഠിച്ച ടാസ്മാനിയ സർവകലാശാലയിലെ പ്രൊഫസറായ ക്യാൻ സെങ് ഓയിയുടെ വാക്കുകൾ. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന 2023 – 2024 ടെയ്‍ലർ സ്വിഫ്റ്റിൻറെ ‘ദി ഇറാസ് ടൂറിൽ’ സിംഗപ്പൂരിൽ ആദ്യം മൂന്ന് വേദികളായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വിറ്റുപോയ ടിക്കറ്റുകളുടെ എണ്ണം 80 ലക്ഷം. ഇതോടെ സിംഗപ്പൂർ സർക്കാർ തന്നെ ടെയ്‍ലർ സ്വിഫ്റ്റുമായി ഇടപെട്ട് വേദികൾ ആറാക്കി വർദ്ധിപ്പിച്ചു. അതിനായി കരാർ തുകയിലും മാറ്റം വരുത്തി. ഒരു പരിപാടിക്ക് 3 മില്യൺ ഡോളറാണ് സിംഗപ്പൂർ ലക്ഷ്യമിട്ടിരുന്നത്.
ശബ്ദം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ ടെയ്‍ലർ ലോകം കീഴടക്കാനിറങ്ങുകയായിരുന്നു 2009 – 2010 ൽ ഫിയർലസ് എന്ന പേരിൽ അവർ യുഎസ്, ഇംഗ്ലണ്ട്, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ബഹാമാസ് എന്നിവിടങ്ങളിൽ അവതരിപ്പിച്ച സംഗീത പരിപാടിക്ക് എത്തിയത് ലക്ഷക്കണക്കിന് ആരാധകരായിരുന്നു. 2011 – 2012 ൽ സ്പീക് നൌ വേൾഡ് ടൂർ, 2013 – 2014 ൽ ദി റെഡ് ടൂർ, 2015 -ൽ ദി 1989 വേൾഡ് ടൂർ, 2018 ൽ റെപ്യൂട്ടേഷൻ സ്റ്റേഡിയം ടൂർ. ഏറ്റവും ഒടുവിലായിള്ളതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന 2023 – 2024 ടെയ്‍ലർ സ്വിഫ്റ്റിൻറെ ദി ഇറാസ് ടൂർ. വർത്തമാനകാലത്ത് ഒരു വ്യക്തിക്കും നേടാൻ കഴിയാത്തത്രയും ആരാധകർ ഇന്ന് ടെയ്‍ലർ സ്വിഫ്റ്റിനൊപ്പമുണ്ട്. . ബ്ലൂംബെർഗിന്റെ വിശകലനമനുസരിച്ച് 2023 ഒക്ടോബർ വരെ ടെയ്ലർ സ്വിഫ്റ്റിൻറെ മൊത്തം ആസ്തി 1.1 ബില്യൺ ഡോളറാണ് (91,17,62,50,000 ഇന്ത്യൻ രൂപ). ടെയിലർ സ്വിഫ്റ്റിൻറെ സമ്പാദ്യത്തെ വിശേഷിപ്പിക്കാൻ ‘സ്വിഫ്റ്റോണോമിക്സ്’ (Swiftonomics) അഥവാ ‘ടെയ്‍ലറോണോമിക്സ്’ (Taylornomics) എന്ന വാക്കുകൾ തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു. സംഗീത ലോകം മാത്രമല്ല, ബിസിനസും ടെയിലർ സ്വിഫ്റ്റിൽ സുരക്ഷിതമാണ്.
.