ചാര്‍ളി ക്രോക്കര്‍ എന്ന, ലോകം അരാധിക്കുന്ന മോഷ്ടാവിനെ അനശ്വരനാക്കിയ മൈക്കിള്‍ കെയ്ന്‍ അഭിനയം നിര്‍ത്തുന്നു. ഏഴ് പതിറ്റാണ്ടിന്റെ അഭിനയ ജീവിതമാണ് കെയ്ന്‍ അവസാനിപ്പിക്കുന്നത്. തന്റെ 90-ാം വയസിലാണ് സിനിമയില്‍ നിന്നുള്ള പിന്‍വാങ്ങല്‍ ഇറ്റാലിയന്‍ ജോബ് ആക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് തവണ ഒസ്‌കര്‍ വിജയായിട്ടുള്ള കെയ്ന്‍ കഴിഞ്ഞ മാസം തന്നെ സിനിമയില്‍ നിന്നുള്ള റിട്ടയര്‍മെന്റിനെ കുറിച്ച് സൂചന നല്‍കിയിരുന്നതാണ്. കഴിഞ്ഞ ദിവസം ബിബിസിയോട് ഇക്കാര്യം സ്ഥിരീകരിച്ചു. ‘ ഞാന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്, അഭിനയത്തില്‍ നിന്നും വിരമിക്കാന്‍ പോവുകയാണെന്ന്, ഇപ്പോള്‍ ഞാനത് ചെയ്യുകയാണ്’ എന്നായിരുന്നു കെയ്ന്‍ വ്യക്തമാക്കിയത്.
ഈ പ്രായത്തില്‍(90) തനിക്കിനി സിനിമയില്‍ കാര്യമായൊന്നും ചെയ്യാനില്ലെന്ന് തിരിച്ചറിഞ്ഞാണ് പിന്‍വാങ്ങുന്നതാണ് ഉചിതമെന്ന് തീരുമാനിച്ചതെന്നു കെയ്ന്‍ വ്യക്തമാക്കുന്നു. അദ്ദേഹം അക്കാര്യം ബിബിസിയോട് പറയുന്നുമുണ്ട്.’ ഞാന്‍ കണക്കുകൂട്ടി നോക്കിയപ്പോള്‍, ഞാന്‍ നായകനായി അഭിനയിച്ച ഒരു സിനിമയുണ്ട്. അതിനാകട്ടെ അവിശ്വസനീയമായ തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. അതിനെ മറികടക്കാന്‍ ഇനിയെനിക്ക് എന്താണ് ചെയ്യാനുണ്ടാവുക? ഇപ്പോള്‍ എനിക്ക് കിട്ടാന്‍ വഴിയുള്ളത് 90 കാരന്റെയോ, ചിലപ്പോള്‍ 85 കാരന്റെയോ വേഷമായിരിക്കും. അതൊരിക്കലും നായക കഥപാത്രമായിരിക്കില്ല. 90 വയസില്‍ നിങ്ങള്‍ക്ക് ആളുകളെ നയിക്കാന്‍ കഴിയില്ല. ഇവിടെ ചെറുപ്പക്കാരും ഭംഗിയുള്ളവരുമായ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. അതുകൊണ്ടാണ് ഞാന്‍ വിചിരിച്ചത്, ഇവിടെ നിന്നും പോകുന്നതാണ് നല്ലതെന്ന്’ ഏഴ് പതിറ്റാണ്ട് സിനിമലോകത്തില്‍ സജീവമായി നിന്ന ബ്രിട്ടീഷ് ആക്ടര്‍ സ്വയം ചോദിക്കുകയാണ്.
അഭിനയജീവിതത്തിലെ വിരമിക്കലിനെ കുറിച്ച് മുന്‍പ് സൂചന നല്‍കിയ സമയത്ത് കെയ്ന്‍ പറഞ്ഞിരുന്നത് ‘ ദ ഗ്രേറ്റ് എസ്‌കേപ്പര്‍’ തന്റെ അവസാന സിനിമ ആയിരിക്കുമെന്നാണ്. കെയ്ന്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചിരിക്കുന്ന സിനിമയാണ് 2023 സെപ്തംബറില്‍ റിലീസ് ചെയ്ത ദ ഗ്രേറ്റ് എസ്‌കേപ്പര്‍. 2009-ല്‍ റിലീസ് ചെയ്ത ഹാരി ബ്രൗണും 2021 ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലേഴ്‌സും ഇതുപോലെ തന്റെ അവസാന ചിത്രങ്ങളാണെന്ന തരത്തിലാണ് കെയ്ന്‍ അവകാശപ്പെട്ടിരുന്നത്. അതേസമയം, ഗ്രേറ്റ് എസ്‌കേപ്പര്‍ കൊണ്ട് അഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞ കെയ്ന്‍, അതിനു ഒരു മാസം മുമ്പാണ് ദ ഗാര്‍ഡിയനോട് പറഞ്ഞത്, അടുത്ത വര്‍ഷം താന്‍ ചാള്‍സ് ഡാര്‍വിനായി അഭിനയിക്കാന്‍ പോവുകയാണെന്ന്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിരമിക്കല്‍ പ്രഖ്യാപനവും മുന്‍പെന്നപോലെ മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സംസാരം.
ബ്രിട്ടീഷ് റോയല്‍ നേവി മുന്‍ ഉ ദ്യാഗസ്ഥനായ ബെര്‍നാര്‍ഡ് ജോര്‍ദാന്റെ വേഷമാണ് ദ ഗ്രേറ്റ് എസ്‌കേപ്പറില്‍ കെയ്ന്‍ ചെയ്തിരിക്കുന്നത്. 2014-ല്‍ ജോര്‍ദാന്‍ ലോകം ശ്രദ്ധിച്ചൊരു വാര്‍ത്തയായി മാറിയിരുന്നു. കിഴക്കന്‍ സസെക്‌സിലെ ഹോവിലുള്ള കെയര്‍ ഹോമില്‍ കഴിഞ്ഞിരുന്ന ജോര്‍ദാന്‍ അവിടെ നിന്നും ആരുമറിയാതെ ഒറ്റയ്‌ക്കൊരു യാത്ര പൊയ്ക്കളഞ്ഞു. ഡി-ഡേയുടെ 70 ആം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ നോര്‍മാണ്ടിയിലേക്കായിരുന്നു ആ യാത്ര.
ദ ഗ്രേറ്റ് എസ്‌കേപ്പറില്‍ കെയ്‌നൊപ്പം അഭിനയിച്ച ഗ്ലെന്‍ഡ ജാക്‌സണ്‍, സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ജീവിതത്തോട് വിട പറഞ്ഞിരുന്നു. 1975-ല്‍ പുറത്തിറങ്ങിയ ദ റൊമാന്റിക് ഇംഗ്ലീഷ് വുമണ്‍ എന്ന ചിത്രത്തിലായിരുന്നു ഗ്ലെന്‍ഡയും കെയ്‌നും ആദ്യമായി ഒന്നിക്കുന്നത്. ഒരു ഇടതുപക്ഷ രാഷ്ടീയക്കാരിയായിരുന്ന ഗ്ലെന്‍ഡ ജോണ്‍സണ്‍ രണ്ട് ദശാബ്ദക്കാലത്തോളം ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായിരുന്നു.
തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ഗ്ലെന്‍ഡ അവളുടെ ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ലെന്നാണ് കെയ്ന്‍ പിന്നീട് പറഞ്ഞിട്ടുള്ളത്. ‘ അവളൊരു കടുത്ത ഇടതുപക്ഷക്കാരിയായിരുന്നു. എന്നാലും അവള്‍ക്കെന്നെ ഇഷ്ടമായിരുന്നു. പക്ഷേ, എന്നോട് അടുത്തിടപഴകാന്‍ ആഗ്രഹിച്ചല്ല. ഞാന്‍ എല്ലാം ഉള്ളവനായൊരു സമ്പന്നനായിരുന്നതുകൊണ്ടാകും. ഞാനൊരു സോഷ്യലിസ്റ്റുമായിരുന്നില്ല’ എന്നാല്‍ താന്‍ ടോണി ബ്ലെയര്‍ക്കാണ്(ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവും) വോട്ട് ചെയ്തതെന്നും കെയ്ന്‍ പറയുന്നുണ്ട്. തങ്ങള്‍ക്കിടയിലുണ്ടായിരുന്ന രാഷ്ട്രീയ വ്യത്യാസത്തെക്കുറിച്ച് പറയുമ്പോള്‍, കെയ്ന്‍ ഒരു കാര്യം കൂടി ഗാര്‍ഡിയനോട് പറയുന്നുണ്ട്, ഞാന്‍ പണത്തിനുവേണ്ടിയായിരുന്നു എല്ലാം ചെയ്തിരുന്നത്, കാരണം ഞാന്‍ വരുന്നത് വളരെ ദരിദ്രമായൊരു പശ്ചാത്തലത്തില്‍ നിന്നായിരുന്നു’.
ദ ഗ്രേറ്റ് എസ്‌കേപ്പറിനു ശേഷം വന്നൊരു സിനിമ നിരസിച്ചതായും കെയ്ന്‍ പറയുന്നുണ്ട്. തന്റെ വേഷത്തിന് അധികം പ്രാധാന്യമില്ലെന്ന് തോന്നിയതുകൊണ്ടാണ് വേണ്ടെന്നു വച്ചത് എന്നാണ് കെയ്ന്‍ പറയുന്നത്. അദ്ദേഹം അക്കാര്യം പറയുന്നതിങ്ങനെയാണ്; ” എനിക്കൊരു തിരക്കഥ അയച്ചു കിട്ടി. ഞാനത് വായിച്ചു നോക്കി. അതുവരെ ഞാന്‍ ചെയ്തിട്ടില്ലാത്തൊരു കാര്യം അപ്പോള്‍ ഞാന്‍ ചെയ്തു. മൊത്തം തിരക്കഥയില്‍ എന്റെ കഥാപാത്രം എത്ര പേജില്‍ വരുന്നുണ്ടെന്ന് കണക്കുകൂട്ടി നോക്കി. 99 പേജുള്ള തിരക്കഥയില്‍ ആകെ 15 പേജുകളാണ് എനിക്ക് അവര്‍ നിര്‍ദേശിച്ച കഥാപാത്രത്തിനുള്ളത്. അതുവളരെ ചെറുതാണെന്നു തോന്നി, ആ സിനിമ വേണ്ടെന്നു തീരുമാനിച്ചു. ഞാന്‍ വിരമിക്കുകയാണ്. ഇപ്പോള്‍ എനിക്കൊരു സ്ഥാനമുണ്ട്. ചെറിയ വേഷങ്ങള്‍ ചെയ്ത്, അതിന് മോശം പ്രതികരണങ്ങളുമുണ്ടായാലോ, ഇപ്പോള്‍ എന്തുകൊണ്ട് എല്ലാം അവസാനിപ്പിച്ചുകൂടാ എന്ന് ചിന്തിക്കുകയും, അങ്ങനെ ഞാന്‍ എല്ലാം അവസാനിപ്പിക്കുകയും ചെയ്തു’
കഴിഞ്ഞ 60 വര്‍ഷത്തിലെ ഏറ്റവും പ്രതിഭാധനനായ, ആരാധകരുടെ പ്രിയപ്പെട്ട നടനായ ഈ ബ്രിട്ടീഷ് താരം 130 സിനിമകളാണ് കരിയറില്‍ ചെയ്തിട്ടുള്ളത്. അതില്‍ ദ ഇറ്റാലിയന്‍ ജോബ്, സുലു, ആല്‍ഫി, സ്ലൂത് എന്നിവ അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്ത ചിത്രങ്ങളാണ്. ഹന്ന ആന്‍ഡ് ഹെര്‍ സിസ്റ്റേഴ്‌സ്, ദ സൈഡര്‍ ഹൗസ് റൂള്‍സ് എന്നീ ചിത്രങ്ങളിലൂടെ രണ്ട് തവണ സഹനടനുള്ള ഒസ്‌കര്‍ അദ്ദേഹം സ്വന്തമാക്കി. 2020-ല്‍ ഇങ്ങിയ ക്രിസ്റ്റഫര്‍ നോളന്റെ ദ ടെനന്റില്‍ കെയ്ന്‍ ഒരു വേഷം ചെയ്തിട്ടുണ്ട്.