UPDATES

തെരഞ്ഞെടുപ്പ് ആദ്യഘട്ടം: സാഹചര്യങ്ങളും സാധ്യതകളും

21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 109 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്

                       

ഏഴ് ഘട്ടങ്ങളിലായി, ലോകസഭയിലേയ്ക്ക്, 543 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള 2024 -ലെ പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമാണ് ഇന്ന് നടക്കുന്നത്. രാജ്യത്തെ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 109 മണ്ഡലങ്ങളിലേയ്ക്ക് ഇന്ന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഇത് കൂടാതെ അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലേയ്ക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും.

അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശ് നിലവില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ്. അറുപതംഗ നിയമസഭയില്‍ പത്ത് സീറ്റുകള്‍ എതിരില്ലാതെ ബി.ജെ.പി വിജയിച്ച് കഴിഞ്ഞു. ഇതില്‍ മുഖ്യമന്ത്രി പേമഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗവ്വമീനായും ഉള്‍പ്പെടുന്നു. 2019-ലെ തിരഞ്ഞെടുപ്പില്‍ വെറും നാലു സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 2009-ലും 2014-ലും 42 സീറ്റുകള്‍ വീതം നേടി വിജയിച്ച കോണ്‍ഗ്രസിന്റെ തകര്‍ച്ചയാരംഭിച്ചത് മന്ത്രിസഭാംഗവും മുന്‍ മുഖ്യമന്ത്രി ദോര്‍ജീ ഖണ്ഡുവിന്റെ മകനുമായ പേമഖണ്ഡു കോണ്‍ഗ്രസ് വിട്ട് ആദ്യം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലേയ്ക്കും പിന്നെ ബി.ജെ.പിയിലേയ്ക്കും ചേക്കേറിയതോടെയാണ്. 2019-ല്‍ ജയിച്ച നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും ഈ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോണ്‍ഗ്രസ് പാളയത്തിലെത്തി. ഇതോടെ ഏതാണ്ട് നാമാവശേഷമായ കോണ്‍ഗ്രസാകട്ടെ ഇത്തവണ 19 സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ഇവിടെ ബാക്കിയുള്ള 50 സീറ്റുകളില്‍ നിര്‍ത്തിയിരിക്കുന്നത്. 14 സീറ്റുകളില്‍ എന്‍.സി.പി മത്സരിക്കുന്നുണ്ടെങ്കിലും അവര്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് പൂര്‍വ്വ സഖ്യം ഉണ്ടാക്കിയിട്ടില്ല. ബി.ജെ.പിയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യമായ എന്‍.ഇ.ഡി.എയില്‍ അംഗങ്ങളായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലും നിയമസഭയില്‍ ബി.ജെ.പിയുമായി സൗഹൃദ മത്സരത്തിന് ഇറങ്ങിയിട്ടുണ്ട്. ലോകസഭയില്‍ ഇരു പാര്‍ട്ടികളുടേയും പിന്തുണ ബി.ജെ.പിക്കാണ്.

പൊതുവേ ബി.ജെ.പി തൂത്തുവാരുമെന്ന പ്രതീതിയില്‍ നിന്നും സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കി കൊണ്ട് അരുണാചല്‍ ക്രിസ്റ്റ്യന്‍ ഫോറം ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിക്കുകയും നിയമസഭയിലും ലോകസഭയിലും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്തെ മുപ്പത് ശതമാനത്തിലേറെ വരുന്ന ക്രിസ്ത്യന്‍ സമൂഹത്തിലും വിവിധ ഗോത്രസഭകളിലും വലിയ സ്വാധീനുമുള്ള സംഘടനയാണ് അരുണാചല്‍ ക്രിസ്റ്റ്യന്‍ ഫോറം. മതം മാറിയ ട്രൈബല്‍ വിഭാഗങ്ങളെ ആദിവാസി പട്ടികയില്‍ നിന്നെടുത്ത് മാറ്റിയ 1978-ലെ നിയമ ഭേദഗതി തിരുത്തുവാന്‍ മുഖ്യമന്ത്രി പേമാഖണ്ഡുവിന് നല്‍കിയ സമയം അവസാനിച്ചുവെന്ന് ഈ സംഘടനയുടെ നേതാക്കള്‍ പ്രഖ്യാപിച്ചു.

മിഡില്‍ ഈസ്റ്റില്‍ എന്തു സംഭവിക്കും? ഗള്‍ഫ് പ്രവാസികള്‍ ആശങ്കപ്പെടണോ?

ഇത് കടുത്ത വെല്ലുവിളിയാകും പാര്‍ലമെന്റിലും നിയമസഭയിലും ബി.ജെ.പിക്ക് ഉയര്‍ത്തുക. ഭരണവിരുദ്ധ വികാരവും ശക്തമാണ്. ബി.ജെ.പി ക്രിസ്ത്യന്‍ വിരുദ്ധര്‍ ആണെന്ന വികാരം രംഗത്തുണ്ട്. തവാങ് ജില്ലയില്‍ പള്ളി പണിയാന്‍ അനുവദിക്കാതിരുന്നതില്‍ പ്രശ്നമുണ്ട്. ബി..െജപി പതിവ് പോലെ കേന്ദ്രത്തിന്റെ വിജയമാണ് ആവര്‍ത്തിക്കുന്നത്. തവാങ് ജില്ലയിലെ സേല തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ മാസമാണ്. പ്രധാനമന്ത്രിയും അമിത് ഷായും രാജ്നാഥ് സിങ്ങും ജെ.പി നദ്ദയും അടക്കം പ്രമുഖ നേതാക്കളെല്ലാം അരുണാചലില്‍ പ്രചാരണത്തിനായി എത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ പോലെ നേതാക്കളെത്തിയില്ല എന്ന പരാതിയും ഉണ്ട്.

ലോകസഭ തിരഞ്ഞെടുപ്പിലെ പ്രമുഖ താരം അരുണാചല്‍ വെസ്റ്റില്‍ നിന്ന് മത്സരിക്കുന്ന കേന്ദ്ര മന്ത്രി കിരണ്‍ റിജുജ്ജൂ തന്നെ. നാലാം തവണയാണ് റിജുജ്ജു മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയാകട്ടെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ നബാം തുകിയാണ്. അരുണാചല്‍ ഈസ്റ്റിലാകട്ടെ ബി.ജെ.പിയുടെ സിറ്റിങ് എം.പി തപീര്‍ ഗാവോയെ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന മന്ത്രി ബോസിറാം സീറാം നേരിടുന്നു.

general election 2024 first phase north east voting

സിക്കിം

സിക്കിമിലെ നിയമസഭ തിരഞ്ഞെടുപ്പും ലോകസഭ തിരഞ്ഞെടുപ്പും പൊതുവേ വലിയ ചലനങ്ങളൊന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്നില്ല. വര്‍ഷങ്ങളോളം സിക്കിം ഭരിച്ചുകൊണ്ടിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പവന്‍ കുമാര്‍ ചാംലിങ് നയിക്കുന്ന പാര്‍ട്ടിയെ തോല്‍പ്പിച്ച് പ്രേം സിങ്ങ് തമാങ്ങിന്റെ സിക്കിം ക്രാന്തികാരി മോര്‍ച്ച 2019-ല്‍ അധികാരത്തില്‍ വന്നു. ഇത്തവണയും ഇരുകൂട്ടരും തമ്മിലാണ് മത്സരം. 32 അംഗ നിയമസഭയിലേയ്ക്ക് 31 സീറ്റുകളില്‍ മത്സരിക്കുന്ന ബി.ജെ.പിയും 12 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസും പ്രധാന എതിരാളികളല്ല. സംസ്ഥാനത്തെ ഒരേയൊരു പാര്‍ലമെന്റ് സീറ്റിലും മത്സരം ക്രാന്തികാരി മോര്‍ച്ചയും ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മില്‍ തന്നെ. കാപ് സിക്കിം എന്ന പാര്‍ട്ടിയും 32 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ദേശീയ തലത്തില്‍ വിജയിക്കുന്ന മുന്നണിയെ പിന്തുണയ്ക്കുക എന്ന കീഴ്വഴക്കമാണ് പൊതുവേ സിക്കിമിലെ പ്രബല പാര്‍ട്ടികള്‍ ചെയ്ത് പോരുക.

തമിഴ്നാട്

തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലേയ്ക്കും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലേയ്ക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നു. ഡി.എം.കെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൂത്തുവാരിയ തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ കൂടെ പ്രധാന പാര്‍ട്ടികളാരുമില്ല. പിഎംകെ, ടിഎംസി, എംഎംകെ തുടങ്ങിയ ചെറിയ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. എങ്കിലും ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ പ്രചാരണം നടത്തിയത് തമിഴ്നാട്ടിലാണ്. തമിഴ്നാടിന്റെ ദ്രാവിഡ പാരമ്പര്യങ്ങളെ മുഴുവന്‍ തള്ളിപ്പറഞ്ഞുകൊണ്ട് പുതിയ രാഷ്ട്രീയ പരിപാടി ആരംഭിച്ച ബി.ജെ.പി അധ്യക്ഷനും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ അണ്ണാമലയാണ് അവരില്‍ പ്രധാനി. പ്രധാനമന്ത്രി മോദിയടക്കം ബിജെപിയുടെ പ്രമുഖരൊക്കെ തമിഴ്നാട്ടില്‍ വലിയ തരംഗമുണ്ടാക്കാനെത്തി. എങ്കിലും ഡി.എം.കെയും സ്റ്റാലിനും ഏറ്റവും ശക്തമായ നിലയില്‍ തന്നെ തുടരുകയാണ് എന്നാണ് പൊതുവേ സൂചനകള്‍. ഇന്ത്യ മുന്നണിയായി കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കുമൊപ്പമാണ് ഡി.എം.കെ മത്സരിക്കുന്നത്. മിക്കവാറും സീറ്റില്‍ എ.ഐ.ഡി.എം.കെ തന്നെയാണ് ഇന്ത്യ സഖ്യത്തിന്റെ മുഖ്യ എതിരാളി.

general election 2024 first phase tamilnadu annamalai bjp

ബിഹാര്‍

ബിഹാര്‍ ലോകസഭയിലെ 40 സീറ്റുകളില്‍ നാലെണ്ണത്തിലാണ് ഇന്ന് തിരഞ്ഞെടുപ്പ്. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യു എന്‍.ഡി.എ സഖ്യത്തില്‍ തിരിച്ചെത്തിയതിന്റെ ബലത്തിലാണ് ബി.ജെ.പി ഇന്ത്യ മുന്നണിയെ നേരിടുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്ന് 39 സീറ്റുകളും എന്‍.ഡി.എ സഖ്യമാണ് നേടിയത്. നിലവില്‍ ജെ.ഡി.യുവിന് പുറമേ രാംവിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ നയിക്കുന്ന എല്‍.ജെ.പി ഘടകം, മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് എന്‍.ഡി.എയില്‍ ബി.ജെ.പിക്ക് പുറകിലുള്ളത്. ഇന്ത്യ സഖ്യത്തിലാകട്ടെ ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും പുറമേ മുകേഷ് സാഹ്നിയുടെ വികാസ് അനുശീലന്‍ പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവരുമുണ്ട്.

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സീറ്റുകളും നിലവില്‍ എന്‍.ഡി.എയുടെ കൈവശമാണ്. ഇതില്‍ ഗയ സീറ്റാണ് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതിന്‍ റാം മാഞ്ചിയാണ് ഗയയില്‍ നിന്ന് മത്സരിക്കുന്നത്. ഇന്ത്യ മുന്നണിയില്‍ നിന്ന് ആര്‍.ജെ.ഡി നേതാവായ കുമാര്‍ സര്‍വ്വജീതാണ് എതിരാളി. ഔറംഗബാദിലും നവാദയിലും ആര്‍.ജെ.ഡിയും ബി.ജെ.പിയും നേരിട്ടാണ് മത്സരം. രാംവിലാസ് പസ്വാന്റെ മകനും മുന്‍ ബോളിവുഡ് നായകനുമായ ചിരാഗ് പസ്വാന്റെ മണ്ഡലമായിരുന്ന ജാമൂയില്‍ ഇത്തവണ ചിരാഗിന്റെ സഹോദരീ ഭര്‍ത്താവായ അരുണ്‍ ഭാരതിയാണ് മത്സരിക്കുന്നത്. തന്റെ പിതാവിന്റെ മണ്ഡലമായിരുന്ന ഹാജിപൂരിലേയ്ക്ക്, അദ്ദേഹത്തിന്റെ പിന്‍മുറക്കാനെന്ന പദവിയുറപ്പിക്കുന്നതിന്റെ ഭാഗമായി ചിരാഗ് മാറി.

ഇപ്പോള്‍ രാഹുല്‍ ഗാന്ധി നാല്‍പ്പതുകളിലല്ല

general election 2024 first phase bihar modi-nitish kumar

നരേന്ദ്ര മോദി ഇതിനോടകം ബിഹാറില്‍ മൂന്ന് തവണ പ്രചരണത്തിന് എത്തിക്കഴിഞ്ഞു. അമിത് ഷായും ജെ.പി നദ്ദയും മറ്റും പല തവണ വന്നു. ഇന്ത്യ മുന്നണിക്കാകട്ടെ നേതാക്കളുടെ ക്ഷാമമുണ്ട്. അഖിലേഷ് യാദവും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും വരും, പക്ഷേ ഇതുവരെ എത്തിയിട്ടില്ല. പ്രിയങ്കയും രാഹുലും ഒന്നാം ഘട്ടത്തില്‍ ബിഹാറില്‍ വന്നില്ല. അവിടെ തേജസ്വി യാദവിന്റെ ഒറ്റയാള്‍ പോരാട്ടമാണ്. പോകുന്നിടത്തെല്ലാം ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന വലിയ നേതാവായി മാറിയിരിക്കുന്നു ലാലുപ്രസാദ് യാദവിന്റെ മകന്‍. മോദി അതുകൊണ്ട് ഇപ്പോഴും ഉന്നം വയ്ക്കുന്നത് ലാലുപ്രസാദിനെയാണ്. ലാലുവിന്റേയും റാബ്രിയുടെയും കാലം ജംഗിള്‍ രാജ് അഥവ കാട്ടുനീതിയുടെ കാലമായിരുന്നുവെന്ന് മോദി ആവര്‍ത്തിച്ച് പറയുന്നു. അഴിമതിയും കാട്ടുനീതിയുമായിരുന്നു അക്കാലത്ത് എന്ന് ഓര്‍മ്മിപ്പിക്കുന്നു. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ മനസില്‍ രാമനുണ്ടാകണം എന്ന വര്‍ഗ്ഗീയ കാര്‍ഡിറക്കുന്നു. മോദി എന്ന ഒറ്റക്കാര്യമേ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും ആവര്‍ത്തിക്കാനുള്ളൂ. ജെ.ഡി.യു പോലും നിതീഷിനെ കുറിച്ചല്ല മോദിയെ കുറിച്ചാണ് സംസാരിക്കുന്നത്.

ഇതിന് നേരെ തിരിച്ചാണ് തേജസ്വി യാദവിന്റെ പ്രവര്‍ത്തനങ്ങള്‍. ഒരു കോടി പേര്‍ക്ക് തൊഴില്‍ വാഗ്ദാനമാണ് ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ തേജസ്വി വാഗ്ദാനം ചെയ്യുന്നത്. രാമക്ഷേത്രം, ഹിന്ദുത്വ തുടങ്ങിയ മോദിയുടെ പ്രചാരണങ്ങളെ അവഗണിച്ച് തൊഴിലില്ലായ്മ, വിലക്കയറ്റം, നിത്യ ജീവിതപ്രശ്നങ്ങള്‍, ദാരിദ്യം, അസമത്വം, ഒബിസി, ദളിത്, ആദിവാസി സമൂഹങ്ങളുടെ സംവരണത്തില്‍ വരുന്ന കുറവ് തുടങ്ങിയ വിഷയങ്ങളാണ് തേജസ്വിയുടെ പ്രസംഗങ്ങളില്‍. 2020 നിയമസഭ തിരഞ്ഞെടുപ്പില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തിരുന്നു ആര്‍.ജെ.ഡിയെന്നും താന്‍ ഉപമുഖ്യ ഇമന്ത്രിയായിരുന്ന കാലത്ത്, വെറും 17 മാസങ്ങള്‍ കൊണ്ട് നാലര ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും തേജസ്വി ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു. ജെ.ഡി.യു ആര്‍ജെഡിയെ ചതിച്ച് ബി.ജെ.പിക്കൊപ്പം പോയ ശേഷം അത് നിലച്ചുവെന്നും. ഇലക്ടറല്‍ ബോണ്ടും ബി.ജെ.പിയിലെ അഴിമതിക്കാരായ നേതാക്കളും രാമക്ഷേത്ര അജണ്ടകള്‍ക്ക് പകരം തേജസ്വി മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഈ നാല് സീറ്റുകളിലേയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തേജസ്വിയുടെ ബുദ്ധി കൂര്‍മ്മത കാണാം. 2019-ല്‍ ആര്‍.ജെ.ഡിക്കൊപ്പം മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജിതിന്‍ റാം മാഞ്ചി ഇത്തവണ ഗയയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ പസ്വാന്‍ വിഭാഗത്തില്‍ നിന്നുള്ള കുമാര്‍ സര്‍വജീത് എന്ന ബോധ്ഗയയിലെ ജനപ്രിയ എം.എല്‍.എയാണ് ആര്‍.ജെ.ഡി എതിരെ നിര്‍ത്തിയിരിക്കുന്നത്. പസ്വാന്‍ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ മുഷഹര്‍ വിഭാഗക്കാരനായ ജിതിന്‍ റാം മാഞ്ചിക്കെതിരെ സര്‍വ്വജീത് ഫലപ്രദമായിരി്ക്കുമെന്നാണ് കേള്‍വി. അയല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ചിരാഗ് പസ്വാന്റെ എല്‍.ജെ.പിക്കാര്‍ക്ക് പോലും ഒരു പസ്വാന്‍ സ്ഥാനാര്‍ത്ഥിക്ക് പകരം മുഷാഹര്‍ വിഭാഗക്കാരന് വോട്ട് ചെയ്യണം എന്ന് പറയാനുള്ള താത്പര്യമില്ല.

ഇതേ യുക്തിയാണ് മേല്‍ജാതി രാജ്പുത്തുകളല്ലാതെ മറ്റാരും ഇന്നേ വരെ ജയിച്ചിട്ടില്ലാത്ത ഔറംഗബാദ് മണ്ഡലത്തിലും പ്രയോഗിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സുശീല്‍ കുമാര്‍ സിങ് എന്ന രാജ്പുത് സ്ഥാനാര്‍ത്ഥിക്കെതിരെ കോയ്റി-കുശ്വാഹ സമൂഹത്തില്‍ വളരെ ജനപ്രിയനായ അഭയ് കുശ്വാഹ എന്ന നേതാവിനെയാണ് തേജസ്വി നിയോഗിച്ചിരിക്കുന്നത്. മോഡി മാജിക്കല്ലാതെ മറ്റൊരു വികസന നേട്ടവും പറയാനില്ലാത്ത മേല്‍ജാതി സിറ്റിങ് എം.പിക്കെതിരെ പിന്നാക്ക- മുസ്ലീം ഐക്യം ഔറംഗബാദിലുണ്ടായാല്‍ അത്ഭുതങ്ങള്‍ സംഭവിക്കാമെന്നാണ് കണക്ക് കൂട്ടല്‍.

നവാദ മണ്ഡലത്തിലും ഇതേ തന്ത്രത്തിന്റെ ഭാഗമായി ബി.ജെ.പിയുടെ ഠാക്കൂര്‍ സ്ഥാനാര്‍ത്ഥി വിവേക് ഠാക്കൂറിനെതിരെ പ്രദേശിക യുവ നേതാവും കോയ്രി-കുശ്വാഹ മുഖവുമായ ശ്രാവണ്‍ കുശ്വാഹയെ നിര്‍ത്തിയെങ്കിലും ആര്‍.ജെ.ഡിയുടെ സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ തിരിച്ചടിയുണ്ടായി. വിനോദ് യാദവ് എന്ന ആര്‍.ജെ.ഡി റിബലിനെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി ഇവിടെ സ്വന്തം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടുണ്ട്. ജയിക്കുകയല്ല, പിന്നാക്ക വോട്ട് വിഭജിപ്പിച്ച് ബി.ജെ.പി ജയം സുഗമമാക്കുകയാണ് ബിഎസ്പി ലക്ഷ്യം. ചിരാഗ് പസ്വാന്‍ സഹോദരീ ഭര്‍ത്താവിന് വേണ്ടി ഉപേക്ഷിച്ച ജാമൂയില്‍ ആര്‍.ജെ.ഡി രംഗത്തിറക്കിയിരിക്കുന്നത് പ്രദേശിക ദളിത് സാമൂഹിക പ്രവര്‍ത്തകയായ അര്‍ച്ചന രവിദാസിനെയാണ്. അര്‍ച്ചന വിവാഹം കഴിച്ചിരിക്കുന്നത് ഒരു യാദവ് സമുദായാംഗത്തെയായതിനാല്‍ യാദവ-ദളിത് വോട്ട് സമവാക്യവും ഇവിടെ പ്രയോഗികമാകുമെന്ന് സൂചനകളുണ്ട്.

ഉത്തര്‍പ്രദേശ്

രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിലെ എണ്‍പത് മണ്ഡലങ്ങളില്‍, പടിഞ്ഞാറന്‍ യു.പി. പ്രദേശത്തുള്ള എട്ട് മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. സഹാറന്‍പുര്‍, കൈരാന, മുസഫര്‍ നഗര്‍, ബിജ്നോര്‍, നഗീന, മൊറാദാബാദ്, രാംപൂര്‍, പിലിഭിത് എന്നീ മണ്ഡലങ്ങളില്‍.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ യു.പി ബി.ജെ.പി സഖ്യം തൂത്ത് വാരിയപ്പോഴും ചെറിയൊരു പ്രതിരോധം നടത്തിയ പ്രദേശമായിരുന്ന പടിഞ്ഞാറന്‍ യു.പി. സമാജ്വാദി പാര്‍ട്ടിക്കൊപ്പം ജാട്ട് പാര്‍ട്ടിയായ ആര്‍.എല്‍.ഡിയും ബി.എസ്.പിയും ചേര്‍ന്നതോടെ ദളിത്, മുസ്ലീം, ജാട്ട്, ഗൂജ്ജര്‍ വോട്ടുകള്‍ നിര്‍ണായകമായ ഈ പ്രദേശത്ത് എസ്.പിയും ബി.എസ്.പിയും ബി.ജെ.പിക്കൊപ്പം പിടിച്ച് നിന്നു. ബി.എസ്.പിക്ക് മൂന്ന് സീറ്റുകളും സമാജ്വാദി പാര്‍ട്ടിക്ക് രണ്ട് സീറ്റുകളിലും നേടാനായി. എന്നാല്‍ ഇത്തവണ ആ സഖ്യങ്ങളൊന്നുമില്ല. ബി.എസ്.പി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ആര്‍.എല്‍.ഡി ആകട്ടെ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് എന്‍.ഡി.എ സഖ്യത്തിലായി. അതോടെ ഈ മേഖലയിലെ തിരഞ്ഞെടുപ്പിന്റെ ചിത്രമെല്ലാം മാറി മറിഞ്ഞുവെങ്കിലും വര്‍ദ്ധിച്ച പോരാട്ട വീര്യത്തിലാണ് സമാജ്വാദി പാര്‍ട്ടി ഇന്ത്യ മുന്നണിക്ക് വേണ്ടി ഇവിടെ രംഗത്തിറങ്ങിയിട്ടുള്ളത്.

ഇന്ത്യയിലെ ന്യൂസ് റൂമുകളില്‍ എത്ര ദളിതരുണ്ട്?

മുസഫര്‍ നഗറിലും ചുറ്റുമായി അരങ്ങേറിയ കലാപത്തില്‍ നിന്ന് പടര്‍ന്ന തീയില്‍ ഉത്തര്‍പ്രദേശിന്റെ മതേതര സ്വഭാവവും ജാതി രാഷ്ട്രീയവും കത്തിയെരിയുകയും വര്‍ഗ്ഗീയതയും ഹിന്ദു-മുസ്ലീം വൈര്യവും സംസ്ഥാനത്തിന്റെ മുഖമുദ്രയാവുകയും ചെയ്തിരുന്നു. ഈ കലക്കത്തില്‍ നിന്നാണ് ബി.ജെ.പി സംസ്ഥാനത്ത് രാഷ്ട്രീയ വിജയം നേടിയത്. അതുകൊണ്ട് തന്നെ മുസഫര്‍ നഗര്‍ അടങ്ങുന്ന പടിഞ്ഞാറന്‍ യു.പിയുടെ തീരുമാനങ്ങള്‍ സംസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ പ്രാധാന്യമുള്ളതാണ്. ഈ എട്ടു സീറ്റുകളില്‍ ഏഴ് സീറ്റുകളില്‍ വീതം ബി.ജെ.പിയും സമാജ്വാദി പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്. ബിജ്നൂര്‍ മണ്ഡലം ഇത്തവണ എന്‍.ഡി.എ മുന്നണിയിലെത്തിയിട്ടുള്ള ആര്‍.എല്‍.ഡിക്ക് നല്‍കാന്‍ ബി.ജെ.പി തീരുമാനിച്ചു. സഹ്റാന്‍പൂര്‍ മണ്ഡലത്തില്‍ ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിക്കുന്നത് കോണ്‍ഗ്രസാണ്.

മേനക ഗാന്ധിയുടേയും മകന്‍ വരുണ്‍ ഗാന്ധിയുടേയും കുത്തക സീറ്റായിരുന്ന പിലഭിത്തില്‍ ഇത്തവണ വരുണ്‍ ഗാന്ധിക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊതുമരാമത്ത് മന്ത്രിയുമായ ജിതിന്‍ പ്രസാദയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ജിതേന്ദ്ര പ്രസാദയുടെ മകനാണ് മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ അംഗമായിരുന്ന ജിതിന്‍ പ്രസാദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമടക്കമുള്ളവര്‍ ജിതിന്‍ പ്രസാദയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നുവെങ്കിലും സിറ്റിങ് എം.പി വരുണ്‍ ഗാന്ധി പ്രചരണത്തില്‍ നിന്ന് വിട്ട് നിന്നു. സമാജ്വാദി പാര്‍ട്ടിയുടെ ഭഗ്വത് സരണ്‍ ഗംഗാവാറും ബി.എസ്.പിയുടെ അഹ്‌മദ് ഖാനുമാണ് എതിരാളികള്‍.

സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന രാംപൂരില്‍ അവിടത്തെ പഴയ കാലപ്രതാപിയും മുലായം സിങ്ങിന്റെ അടുത്ത അനുയായിയും ആയിരുന്ന അസം ഖാനും അഖിലേഷ് സിങ്ങ് യാദവും തമ്മിലുള്ള പ്രശ്നങ്ങള്‍ ബി.ജെ.പിക്ക് ഗുണകരമായി മാറുമെന്നാണ് പലരും കരുതുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഇമാമായ മൗലാന മൊഹീബുള്ള നാദ്നിയെ രാംപൂരില്‍ മത്സരിപ്പിക്കാനുള്ള അഖിലേഷിന്റെ തീരുമാനം അസംഖാനെ ചൊടിപ്പിച്ചു. അദ്ദേഹത്തിന്റെ സഹായിയായ അസീം രാസയുടെ സ്ഥാനാര്‍ത്ഥിത്വം അഖിലേഷ് നിരസിച്ചതോടെ പാര്‍ട്ടിക്കകത്ത് ആഭ്യന്തര യുദ്ധം രൂക്ഷമാണ്. 2022-ല്‍ രാംപൂര്‍ ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി വിജയിച്ചതിനെ ബി.ജെ.പി നേതാവ് ഘനശ്യാം സിങ് ലോധി തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. ഈ അവസരം മുതലെടുത്ത് ബി.എസ്.പി സീഷന്‍ ഖാനെ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരികയും അസംഖാന്റെ അനുയായികള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ഇത്തവണ രണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ പരസ്പരം പോരടിക്കുന്നതിനിടെ വിജയിച്ച് പോകാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

സമാജ്വാദി പാര്‍ട്ടിയുടെ മറ്റൊരു ശക്തികേന്ദ്രമായ മൊറാദാബാദിലും ഇതേ സ്ഥിതി വിശേഷമാണുള്ളത്. സിറ്റിങ് എം.പി എസ്.റ്റി ഹസനെ തന്നെ മത്സരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചതിന് ശേഷം അസംഖാന്റെ താത്പര്യപ്രകാരം മുന്‍ എം.എല്‍.എ രുചി വീരയ്ക്ക് സീറ്റ് നല്‍കുകയായിരുന്നു അതോടെ ഹസന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പിന്‍മാറുകയും ഹസന്റെ അനുയായികള്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി ഇര്‍ഫാന്‍ സൈഫിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 2014-ല്‍ മൊറാദാബാദ് എം.പിയായിരുന്ന കുന്‍വാര്‍ സര്‍വേഷ് കുമാര്‍ സിങ്ങ് തന്നെയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി.

ബി.ജെ.പിക്ക് 2019-ല്‍ പരാജയം സംഭവിച്ച നഗീനയിലും മുസ്ലീം ദളിത് വോട്ടുകള്‍ ചിതറിപ്പോകുന്നതിനിടയില്‍ വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി. ബി.എസ്.പിയുടെ ഈ സിറ്റിങ് സീറ്റില്‍ അവരെ വെല്ലുവിളിച്ച് കൊണ്ട് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കാന്‍ ഇറങ്ങിയിട്ടുണ്ട.് മുന്‍ ജഡ്ജിയായ മനോജ് കുമാര്‍ എസ്.പിക്ക് വേണ്ടിയും ജാടവ് സമുദായ നേതാവായ സുരേന്ദ്ര പാല്‍ ബി.എസ്.പിക്ക് വേണ്ടിയും രംഗത്തിറങ്ങിയപ്പോള്‍ ബി.ജെ.പി മണ്ഡലത്തിന്റെ കീഴിലുള്ള നേതൂര്‍ എം.എല്‍.എയായ ഓംകുമാറിനെയാണ് മത്സരിപ്പിക്കുന്നത്. അഖിലേഷ് യാദവും യോഗി ആദിത്യനാഥും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി ഈ ചതുഷ്‌കോണ മത്സരത്തെ കൂടുതല്‍ ചൂട് പിടിപ്പിച്ചിട്ടുണ്ട്.

മുന്‍ സുഹൃത്തുക്കള്‍ ഇപ്പോള്‍ ബദ്ധശത്രുക്കള്‍

മായാവതിയുടെ പഴയ സീറ്റുകൂടിയായ ബിജ്നോര്‍ മണ്ഡലത്തില്‍ എന്‍.ഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്നത് ആര്‍.എല്‍.ഡിയുടെ മീരാപൂര്‍ എം.എല്‍.എ ചന്ദന്‍ ചൗഹാനാണ്. ഗുജ്ജര്‍ നേതാവ് കൂടിയായ ചന്ദന്‍ ചൗഹാനെ നേരിടാന്‍ സിറ്റിങ് എം.പി മലൂക് നാഗറിനെ മാറ്റി ജാട്ട് നേതാവായ ചൗധരി വീരേന്ദ്ര സിങ്ങിന് ബി.എസ്.പി സീറ്റ് നല്‍കി. ഇതോടെ മലൂക് നാഗര്‍ ആര്‍.എല്‍.ഡിയില്‍ ചേര്‍ന്ന് ചന്ദന്‍ ചൗഹാന് പിന്തുണ നല്‍കി. സൈനി അഥവ ഗുജ്ജര്‍ വോട്ടുകളില്‍ കണ്ണ് നട്ട് ദീപക് സൈനിക്കാണ് എസ്.പി സീറ്റ് നല്‍കിയത്.

യു.പിയിലെ കലാപങ്ങളുടെ ആസ്ഥാനമായിരുന്ന മുസഫര്‍ നഗറില്‍ ആ കലാപങ്ങളുടെ മുഴുവന്‍ ആസൂത്രകന്‍ എന്ന് എതിരാളികള്‍ ആരോപിക്കുന്ന സഞ്ജീവ് ബാലിയന്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. കേന്ദ്ര മന്ത്രി കൂടിയായ സഞ്ജീവ് ബാലിയനെതിരെ പ്രദേശികമായി വലിയ എതിര്‍പ്പുകളുണ്ട്. പല തവണ പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് അയാള്‍ക്ക് നേരെ കല്ലേറ് വരെ ഉണ്ടായിട്ടുണ്ട്. 2019-ല്‍ ആര്‍.എല്‍.ഡിയുടെ സാക്ഷാല്‍ അജിത് സിങിനെ തോല്‍പ്പിച്ചാണ് ബാലിയന്‍ വിജയിച്ചത്. എസ്.പിയുടെ ഹല്‍േ ഈ പ്രദേശത്ത് ജാട്ട് വിഭാഗങ്ങള്‍ക്ക് ആര്‍.എല്‍.ഡിയുടെ എന്‍.ഡി.എ രംഗപ്രദേശം തന്നെ ആശയക്കുഴപ്പവും എതിര്‍പ്പും സൃഷ്ടിച്ചിട്ടുണ്ട.്

general election first phase utarpradesh kairana iqra hasan

കൈറാനയാണ് കനത്ത പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം. 2018-ലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡിയും എസ്.പിയും ചേര്‍ന്ന് പഴയ ബി.എസ്.പി നേതാവും മുസ്ലീം ഗുജ്ജര്‍ കുടുംബാംഗവുമായ തബ്സു ഹസനെ മുന്‍ നിര്‍ത്തി വിജയിച്ച ഈ മണ്ഡലം കഴിഞ്ഞ തവണ ബി.ജെ.പി തിരിച്ച് പിടിച്ചിരുന്നു. ഇത്തവണ തബ്സു ഹസിന്റെ മകള്‍ ഇഖ്റ ഹസനാണ് എസ്.പിയുടെ സ്ഥാനാര്‍ത്ഥി. ലണ്ടനില്‍ നിന്ന് നിയമ ബിരുദമെടുത്ത ശേഷം ഉപരിപഠനത്തിന് തയ്യാറെടുത്ത് നില്‍ക്കുമ്പോള്‍ കോവിഡ് മഹാമാരി മൂലം നാട്ടിലെത്തിയ ഇഖ്റ എന്ന ചെറുപ്പക്കാരി രാഷ്ട്രീയ പ്രവര്‍ത്തകയായി മാറുകയായിരുന്നു. ചൗധരി മുനാവര്‍ ഹസനെന്ന പഴയ ഉത്തര്‍പ്രദേശ് മന്ത്രിയുടെ രാഷ്ട്രീയ പാരമ്പര്യം ഏറ്റെടുത്ത ഇഖ്റ ജയിലായിരുന്ന തന്റെ സഹോദരന്‍ നാഹിദ് ഹസന് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങി. പൊടുന്നനെ തന്നെ ജനപ്രിയയായി മാറിയ ഇഖ്റയാണ് നാഹിദിന്റെ വിജയത്തിന്റെ പുറകിലെന്നാണ് പൊതുവിലയിരുത്തല്‍. 27 കാരിയായ ഇഖറയെ കൈറാനയില്‍ മത്സരിപ്പിക്കാന്‍ എസ്.പി തീരുമാനിച്ചത് അങ്ങനെയാണ്. ഇവിടേയും പ്രചരണ രംഗത്ത് ബി.എസ്.പിയുടെ ശ്രീപാല്‍ സിങ് റാണയേക്കാളും സിറ്റിങ് എം.പി പ്രദീപ ചൗധരിയേക്കാളും ഒരു പടി മുന്നിലാണ് ഇഖ്റ.

സഹാറന്‍പുര്‍ സീറ്റില്‍ കോണ്‍ഗ്രസിന് വേണ്ടി മുന്‍ ബി.എസ്.പി നേതാവും എം.എല്‍.എയുമായ ഇമ്രാന്‍ മസൂദാണ് മ്ത്സരിക്കുന്നത്. ബി.എസ്.പി തങ്ങളുടെ സിറ്റിങ് എം.പി ഹാജി ഫാസ്ലൂര്‍ റഹ്‌മാന് പകരം മജീദ് അലിക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. 2014-ല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാഘവ് രാംപാലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

ഈ പ്രദേശങ്ങളിലാകവേ ബിജെപിക്കെതിരെ രാജ്പുത്ത് വംശജരുടെ പ്രതിഷേധമുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തിയാണ് ഇതിനെ ശമിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലീം-പിന്നാക്ക ഐക്യത്തിലാണ് എസ്.പിയുടെ പ്രതീക്ഷയത്രയും. ഗുജ്ജര്‍വിഭാഗങ്ങള്‍ക്ക് 2019-ല്‍ ബിജെപിക്ക് ഒപ്പം നിന്നത് പോലെ ഇത്തവണ ഉണ്ടാകില്ല എന്നവര്‍ കരുതുന്നു. കര്‍ഷക സമരങ്ങളും തുടര്‍ സംഭവങ്ങളും, ആര്‍.എല്‍.ഡി ബിജെപിക്ക് ഒപ്പമെത്തിയിട്ട് പോലും, ജാട്ട് വിഭാഗങ്ങളെ അവരില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുണ്ട്. ഇതെല്ലാം പശ്ചിമ യു.പിയിലെ തിരഞ്ഞെടുപ്പില്‍ പ്രധാനമാകും.

മഹാരാഷ്ട്ര

രാജ്യം ഏറ്റവും പ്രാധാന്യത്തോടെ ഈ തിരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുന്ന 48 സീറ്റുകളാണ് മഹാരാഷ്ട്രയിലേത്. കഴിഞ്ഞ രണ്ട് ലോകസഭ തിരഞ്ഞെടുപ്പുകളില്‍ ശിവസേന-ബിജെപി സഖ്യം മഹാരാഷ്ട്ര തൂത്തുവാരുകയായിരുന്നു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയ എന്‍.ഡി.എ സഖ്യം 43 സീറ്റുകളും നേടി. ശേഷിച്ച അഞ്ച് സീറ്റുകളില്‍ നാല് എന്‍.സി.പിക്കും ഒന്ന് കോണ്‍ഗ്രസിനും ലഭിച്ചു. എന്നാല്‍ എന്‍.സി.പിയിലും ശിവസേനയിലുമുണ്ടായ പിളര്‍പ്പ് ഈ ലോകസഭ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്നും അത് എന്‍.ഡി.എ സഖ്യത്തിന് അത്ര ശുഭകരമായ രീതിയില്‍ ആയിരിക്കില്ല എന്നുമാണ് പ്രാഥമിക സൂചനകള്‍.

ശിവസേന ഉദ്ദവ് താക്കറെ പക്ഷം (21 സീറ്റ്), കോണ്‍ഗ്രസ് (17 സീറ്റ്), എന്‍.സി.പി ശരത് പവാര്‍ പക്ഷം (10 സീറ്റ്) എന്നിവരാണ് ഇന്ത്യ മുന്നണിയിലെ സീറ്റ വിഭജനം. എന്‍.ഡി.എയിലാകട്ടെ ബി.ജെ.പിക്ക് പുറമേ ശിവസേനയുടെ ലോകനാഥ് ഷിന്‍ഡേ വിഭാഗവും എന്‍.സി.പി അജിത് പവാര്‍ വിഭാഗവും രാഷ്ട്രീയ സമാജ് പക്ഷ എന്ന പാര്‍ട്ടിയും അണിനിരക്കുന്നു. രാമക്ഷേത്രമോ ദേശീയ പ്രശ്നങ്ങളോ അല്ല, കര്‍ഷക സമരവും കര്‍ഷക ആത്മഹത്യയും മറാത്ത രാഷ്ട്രീയവും അഴിമതിയും വിലക്കയറ്റവുമാണ്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായി ഇന്ത്യ സഖ്യത്തിന് ധാരണയുമുണ്ട്.

general election 2024 maharashtra eknath shinde with sharad pawar

ആര്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂര്‍, ചന്ദ്രപൂര്‍, രാംടേക്, ഗഡ്ചറോളി, ഭണ്ഡാര-ഗോണ്ടിയ സീറ്റുകളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. വിദര്‍ഭ മേഖലയില്‍ പെടുന്ന ഈ മണ്ഡലങ്ങളില്‍ സ്വഭാവികമായും കാര്‍ഷിക പ്രശ്നങ്ങളായിരുന്നു വലിയ ചര്‍ച്ച വിഷയം. 2019-ല്‍ ചന്ദ്രപൂര്‍ ഒഴികെയുള്ള നാല് സീറ്റുകളും ബി.ജെ.പി- സേന സഖ്യം വിജയിച്ചതാണ്. ചന്ദ്രപൂരായിരുന്നു കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് വിജയിച്ച ഏകസീറ്റ്. നാഗ്പൂരില്‍ വീണ്ടും ജനവിധി നേടുന്ന ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരിയാണ് ഇന്ന് മത്സരിക്കുന്നവരില്‍ പ്രമുഖന്‍. മുന്‍ നാഗ്പൂര്‍ മേയറും എം.എല്‍.എമായുമായ വികാസ് താക്കറെയാണ് കോണ്‍ഗ്രസിന് വേണ്ടി നിതിന്‍ ഗഡ്കരിയെ നേരിടുന്നത്.

ചന്ദ്രപൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഭ ധനോര്‍കറെ നേരിടുന്നത് സംസ്ഥാന വനം മന്ത്രിയായ സുധീര്‍ മുംഗണ്ഡിവാറാണ്. സിറ്റിങ് എം.പിയായ സുരേഷ് ധനോര്‍ക്കറുടെ മരണത്തെ തുടര്‍ന്നാണ് ഭാര്യ പ്രതിഭ ധനോര്‍കര്‍ സ്ഥാനാര്‍ത്ഥിയായത്. ഗഡചറോളി, ഗോണ്ടിയ മണ്ഡലങ്ങള്‍ രാജ്യത്തെ നക്സല്‍ ബാധിത മേഖലയായി അറിയപ്പെടുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. കോണ്‍ഗ്രസ് ഏകനാഥ് ഷിന്‍ഡേ ശിവസേന വിഭാഗത്തിനെ നേരിടുന്ന രാംടേക് മണ്ഡലമാകട്ടെ മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ മണ്ഡലമെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ച പ്രദേശമാണ്.

അസം

അസമിലെ പതിനാല് ലോകസഭ മണ്ഡലങ്ങളില്‍ കാസിരംഗ, സോണിത്പൂര്‍, ലഖിംപൂര്‍, ദിബ്രൂഘട്ട്, ജോര്‍ഹാട്ട് എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ ദിബ്രൂഗഢിലൊഴികെ നാല് സീറ്റുകളിലും കോണ്‍ഗ്രസും ബിജെ.പിയും നേരിട്ടാണ് ഏറ്റ് മുട്ടുക. ജോര്‍ഹാട്ട് മണ്ഡലത്തിലാണ് ഏറ്റവും വാശിയേറിയ മത്സരം നടക്കുന്നത്. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗഗോയിയുടെ മകനും കോണ്‍ഗ്രസിന്റെ യുവനേതാക്കളിലൊരാളുമായ ഗൗരവ് ഗഗോയ് നേരിടുന്നത് സംസ്ഥാനത്തെ മുന്‍ മന്ത്രി തപന്‍കുമാര്‍ ഗൊഗോയിയെ ആണ്. ദിബ്രൂഗഢില്‍ ഇന്ത്യ സഖ്യം സീറ്റ് നല്‍കിയിരിക്കുന്നത് ആം ആദ്മി പാര്‍ട്ടിക്കാണ്. 2019-ല്‍ 14-ല്‍ ഒന്‍പത് സീറ്റും ബി.ജെ.പിക്കായിരിക്കുന്നു അസമില്‍ ലഭിച്ചത്. മൂന്ന് സീറ്റ് കോണ്‍ഗ്രസിനും രണ്ട് സീറ്റ് സഖ്യകക്ഷികള്‍ക്കും. അസംഗണപരിഷദിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റുകളൊന്നും ലഭിച്ചില്ല.

മോദിയെ ഞെട്ടിക്കുന്ന ഇന്ത്യന്‍ ജനത: ആവര്‍ത്തിക്കപ്പെടുക തെരഞ്ഞെടുപ്പ് ചരിത്രം

ഈ തിരഞ്ഞെടുപ്പ് നടക്കുന്നത് പൗരത്വ നിയമത്തിനെതിരെ അസമില്‍ പ്രക്ഷോഭം തുടരുന്നതിനിടയിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി, ഹിന്ദുക്കളടക്കം വിദേശത്ത് നിന്ന് വരുന്ന ആര്‍ക്കും പൗരത്വം നല്‍കരുത് എന്ന മുദ്രവാക്യമുയര്‍ത്തിയാണ് അസമില്‍ ഈ പ്രക്ഷോഭം മുന്നോട്ട് പോകുന്നത്. കുടിയേറ്റത്തിനെതിരായ അസമിന്റെ പൊതുവികാരത്തിനെതിരാണ് ഈ നിയമം എന്നുള്ളത് കൊണ്ട് തന്നെ ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പ് എങ്ങനെ ബാധിക്കും എന്നുള്ളത് പ്രധാനമാണ്. അസം ഗണപരിഷദും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും യു.ഡി.എസ്.എഫും അടക്കം വിവിധ പാര്‍ട്ടികള്‍ വിവിധ രീതികളില്‍ പൗരത്വ നിയമത്തിനെതിരായി അസമില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്.

അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലാണ് ഈ പ്രചരണത്തെ ബി.ജെ.പി നേരിടുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമാന്ത ബിശ്വ ശര്‍മ്മ ശാരദ അഴിമതിക്കേസില്‍ കുടുങ്ങി നില്‍ക്കുമ്പോഴാണ് ബി.ജെ.പിയിലേയ്ക്ക് ചേക്കേറിയത്. ഇപ്പോള്‍ ബി.ജെ.പിയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ നേതാവാണ് ഹിമാന്ത. എന്‍.ഇ.ഡി.എ യുടെ കണ്‍വീനറും പ്രദേശത്തെ അമിത് ഷായുടെ പ്രതിനിധിയുമായാണ് ഹിമാന്ത അറിയപ്പെടുന്നത്. പൗരത്വ പ്രക്ഷോഭം വലുതായതോടെ, പ്രധാനമന്ത്രിയും അമിത്ഷായും അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ റോഡ് ഷോയും റാലികളുമായി അസമില്‍ വലിയ പ്രചാരണമാണ് നടത്തിയത്.

ജമ്മുകശ്മീര്‍

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പുകളിലൊന്നാണ് ജമ്മു-കശ്മീരിലെ ഉധംപൂര്‍-ദോദ മണ്ഡലത്തിലേത്. ബി.ജെ.പിയുടെ സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയുടെ അടുപ്പക്കാരില്‍ ഒരാളായി അറിയപ്പെടുന്ന നേതാവുമായ ജിതേന്ദ്ര സിങ്ങാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. രണ്ട് മാസം മുമ്പ് വരെ ബി.ജെ.പിക്ക് നിഷ്പ്രയാസം ജയിക്കാന്‍ കഴിയുന്ന സീറ്റ് എന്നാണ് ഉധംപൂരിനെ കണക്കാക്കിയിരുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ നേതാവ് ഗുലാം നബി ആസാദ് രൂപവത്കരിച്ച ഡെമോഗ്രാഫിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയിലേയ്ക്ക് കുറേയധികം കോണ്‍ഗ്രസ് നേതാക്കള്‍ പോയതോടെ പ്രദേശത്തെ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചിരുന്നു. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് നേതാവും ഉധംപൂരിലെ മുന്‍ എം.പിയുമായ ചൗധരി ലാല്‍സിങ് പത്ത് വര്‍ഷത്തിന് ശേഷം ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേയ്ക്ക് തിരിച്ച് വന്നതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളില്‍ ബി.ജെ.പിയെ ഭയപ്പെടുത്തുന്ന പ്രചാരണം നടത്താന്‍ ലാല്‍സിങ്ങിന് കഴിഞ്ഞു. നരേന്ദ്ര മോദിയും രാജ്നാഥ്സിങ്ങും യോഗി ആദിത്യനാഥും അടക്കമുള്ളവര്‍ ജിതേന്ദ്ര സിങ്ങിന് വേണ്ടി രംഗത്തെത്തിയെങ്കിലും അവരെ പോലും നിഷ്പ്രഭമാക്കുന്നുണ്ട് ലാല്‍സിങ്ങിന്റെ പ്രചരണം.

general election 2024 jammu kashmir

ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ ഉറപ്പ് വരുത്തിയിരുന്ന 370-ാം ചട്ടം 2019-ല്‍ റദ്ദാക്കിയത് തന്നെയാണ് കോണ്‍ഗ്രസും സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും ഊന്നുന്നത്. ‘അവര്‍ നമ്മുടെ സംസ്ഥാന പദവിയും ഭരണഘടന പ്രത്യേകമായി നല്‍കിയിരുന്ന കാര്യങ്ങളും ജീവിതമാര്‍ഗ്ഗത്തിലും ജോലികളുമുണ്ടായിരുന്ന പ്രത്യേക അവകാശങ്ങളും എടുത്ത് കളഞ്ഞു. അവരെ നമുക്കൊരു പാഠം പഠിപ്പിക്കണം’ എന്നാണ് ലാല്‍സിങ് ആവര്‍ത്തിച്ച് പറയുന്നത്. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എടുത്ത് കളഞ്ഞതും നിയമസഭ തിരഞ്ഞെടുപ്പ് അനശ്ചിതമായി വൈകിക്കുന്നതും വലിയ ചര്‍ച്ചയാണ്.

ഉധം പൂര്‍ മണ്ഡലത്തിലെ രംബാന്‍, ദോദ, കിഷ്ട്വാര്‍ ജില്ലകളിലെ മുസ്ലീം പ്രദേശത്ത് സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിനുള്ള സ്വാധീനത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നത്. ഫറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും ഈ മേഖലയില്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. കഥ്വ, ഉധംപൂര്‍ പ്രദേശങ്ങളില്‍ ചൗധരി ലാല്‍സിങ്ങിന് വ്യക്തിപരമായി സ്വാധീനമുണ്ട്. എന്നാല്‍ കഥ്വയിലെ പെണ്‍കുട്ടിയുടെ ബലാത്സംഗ കൊലപാതക കേസില്‍ പ്രതികള്‍ക്കൊപ്പം നിലകൊണ്ടതിന്റെ ചീത്തപ്പേര് ഇപ്പോഴും ലാല്‍സിങ്ങിനെ വേട്ടയാടുന്നുണ്ട്. മെഹ്ബൂബ മന്ത്രിസഭയില്‍ നിന്ന് ബി.ജെ.പി പ്രതിധിനിയായിരിക്കുന്ന കാലത്ത് ലാല്‍സിങ്ങിന് രാജിവക്കേണ്ടി വന്നത് പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന റാലിയില്‍ പങ്കെടുത്തതിനാണ്. ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസിന് ഭീഷണിയാണ്. ജയിക്കാനായില്ലെങ്കിലും മുസ്ലീം -മതേതര വോട്ടുകള്‍ പിളര്‍ത്തി ബി.ജെ.പിയെ വിജയിപ്പിക്കാന്‍ അവര്‍ക്ക് കാരണമാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. കശ്മീരിന്റെ പുതിയ വികസനവും മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയുമാണ് ബി.ജെ.പി പ്രചാരണങ്ങളില്‍ ആവര്‍ത്തിക്കുന്നത്.

രാജസ്ഥാന്‍

രാജസ്ഥാനിലെ 25 ലോകസഭ സീറ്റുകളില്‍ 12 എണ്ണത്തിലും ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ചുരു, ജുന്‍ജുനു, നാഗൂര്‍, ബിക്കാനീര്‍, സീക്കര്‍, ജയ്പൂര്‍ റൂറല്‍, ജയ്പൂര്‍, ആല്‍വാര്‍, ഭരത്പൂര്‍, കരൗളി-ഡോല്‍പൂര്‍, ദൗസ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ രണ്ട് ലോകസഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മുഴുവന്‍ സീറ്റുകളും എന്‍.ഡി.എ നേടുകയാണ്. കഴിഞ്ഞ തവണ 24 സീറ്റുകള്‍ ബി.ജെ.പിക്കും ഒരു സീറ്റ് സഖ്യകക്ഷിയായ രാഷ്ട്രീയ ലോകതാന്ത്രിക് പാര്‍ട്ടിക്കുമായിരുന്നു. 2020-ല്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് എന്‍.ഡി.യില്‍ നിന്ന് ജാട്ട് പാര്‍ട്ടിയായ ആര്‍.എല്‍.പി പടിയിറങ്ങി. ആര്‍.എല്‍.പിയും സി.പി.ഐ.എമ്മും ഭാരത് ആദിവാസി പാര്‍ട്ടിയും അടങ്ങുന്ന ഇന്ത്യ മുന്നണിക്കാണ് കോണ്‍ഗ്രസ് ഇത്തവണ നേതൃത്വം നല്‍കുന്നത്.

ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ സീറ്റ് സീക്കറാണ്. കര്‍ഷക പ്രക്ഷോഭങ്ങളിലെ നയിച്ചിരുന്ന സി.പി.ഐ.എം നേതാവ് അമ്രാറാമാണ് ഇവിടെ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി. രണ്ട് വട്ടം എം.എല്‍.എ ആയിരുന്ന ആമ്രാറാം ശെഖാവട്ടി മേഖലയിലെ ഏറ്റവും ജനപ്രിയരായ നേതാക്കളിലൊരാളാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദസ്തോരയുടെ ജില്ല കൂടിയാണ് സീക്കര്‍. ഈ ലോകസഭ സീറ്റിലെ എട്ട് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചിലും കോണ്‍ഗ്രസാണ് വിജയിച്ചത്. നിലവിലുള്ള എം.പിയായ ബി.ജെ.പിയുടെ സുമേദനാഥ് സരസ്വതിയാണ് എതിരാളി. അതേ പോലെ തന്നെ സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമാണ് നാഗൂറിലേയും. കഴിഞ്ഞ തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍.എല്‍.ഡി സ്ഥാപകന്‍ ഹനുമാന്‍ ബേനിവാള്‍ ഇത്തവണ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാണ്. ബേനിവാളിന്റെ എതിരാളിയാകട്ടെ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബേനിവാളിനോട് പരാജയപ്പെട്ട മുന്‍ എം.പി ജ്യോതി മിര്‍ധയുമാണ്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജ്യോതി മിര്‍ധ ബി.ജെ.പിയിലേയ്ക്ക് ചേക്കേറിയത്. ബിക്കാനീര്‍ ലോകസഭ സീറ്റില്‍ കേന്ദ്ര മന്ത്രി അര്‍ജുന്‍ രാം മേഘ്വാളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. 2009- മുതല്‍ ബിക്കാനീറിന്റെ പ്രതിനിധിയാണ് മേഘ്വാള്‍.

general election 2024 narendra modi

നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിങ്, യോഗി ആദിത്യനാഥ് തുടങ്ങി ബി.ജെ.പിയുടെ താരപ്രചാരകരെല്ലാം വലിയ പ്രചരണമാണ് ഈ മേഖലയില്‍ നടത്തിയത്. ദേശീയ ഭരണം മോദി പ്രതിച്ഛായയും ഉജ്ജ്വല തുടങ്ങിയ കേന്ദ്ര പദ്ധതികളുമാണ് ബി.ജെ.പിയുടെ പ്രചരണത്തിന്റെ കാതല്‍. എന്നാല്‍ കാര്‍ഷിക പ്രശ്നങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. കിഴക്കന്‍ രാജസ്ഥാനില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവിട്ട് പോയ ഗുജ്ജര്‍ വോട്ടുകള്‍ ഇത്തവണ തിരിച്ച് കിട്ടുമെന്നും ശെഖാവട്ടി മേഖലയില്‍ ജാട്ട് വോട്ടുകള്‍ കൂടെ നില്‍ക്കുമെന്നും അവര്‍ കരുതുന്നു. ഭരത് പൂര്‍, ധോല്‍ പൂര്‍ ജില്ലകളില്‍ ഈയിടെ നടന്ന ജാട്ട് സമരങ്ങളും കര്‍ഷക സമരത്തിന്റെ ഇപ്പോഴുമുള്ള അലയൊലികളും ബി.ജെ.പിക്ക് എതിരാകുമെന്നാണ് അവരുടെ പ്രതീക്ഷ. രാഹുലും പ്രിയങ്കയുമടങ്ങിയ നേതൃ നിര കോണ്‍ഗ്രസിന് വേണ്ടിയും പ്രചാരണത്തിന് എത്തിരുന്നു.

മധ്യപ്രദേശ്

മധ്യപ്രദേശിലെ 29 ലോകസഭ സീറ്റുകളില്‍ മഹാകോശല്‍, വിന്ധ്യ പ്രദേശങ്ങളിലെ ആറ് സീറ്റുകളിലേയ്ക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. സിന്ധി, ഷാഡോള്‍, ജബല്‍പൂര്‍, മാണ്ട്ല, ബലാഗഢ്, ചിന്ത്വാഡ. അതില്‍ ഏറ്റവും പ്രധാനം ചിന്ത്വാഡയാണ്. അവിടെ മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകനും സിറ്റിങ് എം.പിയുമായ നകുല്‍ നാഥാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ബി.ജെ.പിയുടെ വിവേക് ബണ്ടി സാഹുവാണ് എതിര്‍ സ്ഥാനാര്‍ത്ഥി. 2019-ല്‍ മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് ജയിച്ച ഏക മണ്ഡലമാണ് ചിന്ത്വാഡ. മാണ്ട്ല മണ്ഡലത്തില്‍ നിന്ന് കേന്ദ്ര സഹമന്ത്രിയായ ഫഗ്ഗന്‍സിങ്ങ് കുലസ്തേയാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നിവാസ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട കുലസ്തേക്ക് ലോകസഭയിലേയക്ക് വീണ്ടും ടിക്കറ്റ് നല്‍കിയിരിക്കുകയാണ് ബി.ജെ.പി.

മണിപ്പൂര്‍

മണിപ്പൂരിലില്‍ തിരഞ്ഞെടുപ്പ് പ്രധാനമേ അല്ല. ഏകപക്ഷീയമായ കലാപമെന്നോ വംശഹത്യയെന്നോ ഒക്കെ വിളിക്കാവുന്ന അതിക്രൂരമായ, മാസങ്ങളോളം നീണ്ട് നിന്ന മനുഷ്യ കുരുതിയുടെ യാതനകളില്‍ നിന്ന് മണിപ്പൂര്‍ മുക്തമായിട്ടില്ല. അതുകൊണ്ട് തന്നെ കലാപത്തിനിരയായ കുകി സോമി സമൂഹം, കലാപത്തിന്റെ നടത്തിപ്പുകാരുടെ മെയ്തേയി സമൂഹം, ഇവരായി പലതരത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന നാഗസമൂഹം എന്നിങ്ങനെയുള്ള മൂന്ന് കൂട്ടരും പരസ്പരം അവിശ്വസിക്കുകയും കലഹിക്കുകയും ചെയ്യുന്നത് അവസാനിച്ചിട്ടില്ല. സമുദായങ്ങള്‍ എന്ന നിലയില്‍ പരസ്പരം വിഭജിച്ച് നില്‍ക്കുന്ന ഇവര്‍ക്കിടയില്‍ പല പാര്‍ട്ടികളും ഉള്‍പ്പിരിവുകളും സൃഷ്ടിച്ചിട്ടുണ്ട്.

നാഗവിഭാഗത്തിന്റെ ആവശ്യം പല സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന നാഗ ഭൂരിപക്ഷ പ്രദേശങ്ങളെല്ലാം ചേര്‍ത്തുള്ള ഗ്രേറ്റര്‍ നാഗ സ്റ്റേറ്റാണ്. മെയ്തേയികളുടെ ആവശ്യം നാഗവിഭാഗത്തിനും കുക്കി വിഭാഗത്തിനും നല്‍കുന്ന സംവരണ പരിഗണനളൊക്കെ ഇല്ലാതാക്കുക, മണിപൂരിനകത്ത് എല്ലാവര്‍ക്കും തുല്യമായ പരിഗണന മാത്രം നല്‍കുക എന്നത്. കുക്കി സോ വിഭാഗത്തിനാകട്ടെ ഇവരുടെ പ്രധാനപ്പെട്ട മേഖലയായ ഹില്‍ -മല-പ്രദേശത്തിന് പ്രത്യേക ഭരണസംവിധാനമാണ് ആവശ്യം.

ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ നേരത്തേ പറഞ്ഞത് പോലെ ബിജെ.പിയും കോണ്‍ഗ്രസും നേരിട്ടാണ് മത്സരം. ഇന്നര്‍ മണിപ്പൂരിലാണ് അല്പമെങ്കിലും തിരഞ്ഞെടുപ്പ് പ്രതീതിയുള്ളത്. പക്ഷേ ഒരു പാര്‍ട്ടികള്‍ക്കും മണിപ്പൂരിന്റെ വികസനമോ, ദേശീയ പ്രശ്നങ്ങളോ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നില്ല.

പക്ഷേ ബി.ജെ.പി വിവിധ നാഗസമൂഹങ്ങളുമായി ഉണ്ടാക്കിയിട്ടുള്ള ബന്ധത്തിന്റെ ഫലമായിട്ട് തിരഞ്ഞെടുപ്പ് ബോയ്കോട്ട് ആഹ്വാനങ്ങളൊന്നും ഇല്ല. പക്ഷേ അവിടെ അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാണ്. ഈ ഏപ്രില്‍ 12, 13നും നടന്ന സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മോദി മണിപ്പൂരില്‍ വന്നിട്ടില്ല. 2023 മേയ് മൂന്നിന് ശേഷം മോദി മണിപ്പൂരില്‍ കാല് കുത്തിയിട്ടില്ല. അമിത് ഷാ ഏപ്രില്‍ 25 വരികയും പ്രകോപനപരമായി മെയ്തേയി അനുകൂല പ്രസംഗം നടത്തുകയും ചെയ്തു.

ഓസ്‌കാര്‍ നേടിയിട്ടും രക്ഷയില്ല: പാര്‍ടിസിപന്റ് ഹോളിവുഡിനോട് വിടപറയുന്നു

ഇന്നര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ജെ.എന്‍.യു വില്‍ അധ്യാപകനായിരുന്ന ബിമല്‍ അകോയ്ജാമാണ്. ബിജെപിയുട സ്ഥാനാര്‍ത്ഥി മുന്‍ വിദ്യാഭ്യാസ മന്ത്രിയായ ബസന്ത് കുമാര്‍ സിങ്ങാണ്. ഇരുവരും മെയ്തേയി വിഭാഗക്കാരാണ്. രാംദാസ് അതേവാലയുടെ റിപബ്ലിക്കന്‍ പാര്‍ട്ടി മഹേശ്വര്‍ തൊനാവോജാം എന്ന പ്രദേശിക സിനിമതാരത്തെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് അനുകൂലമായ മെയ്തേയി വോട്ടുകളെ ഭിന്നിപ്പിക്കുക എന്നതാണ് ഈ സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യം. ബി.ജെ.പിക്ക് വേണ്ടി മുന്നണി സഖ്യകക്ഷിയായ അതേ വാല ചെയ്യുന്നതാണത്. മെയ്തേയികള്‍ക്ക് വേണ്ടി പോരിനിറങ്ങുന്ന അറാംബി തെങ്കോള്‍ എന്ന ക്രിമിനല്‍ വംശീയ സംഘടനയുമായി ആഴത്തിലുള്ള ബന്ധം ബി.ജെ.പിക്കുണ്ട്.

ഔട്ടര്‍ മണിപൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നില്‍ക്കാതെ എന്‍.പി.എഫിന് പിന്തുണ നല്‍കുകയാണ്. എന്‍.പി.എഫിന് വേണ്ടി നാഗാലാന്റ മുഖ്യമന്ത്രി നിഫ്യൂ റിയോ മുഴുവന്‍ സമയ പ്രചരണത്തിലുണ്ട്. പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ള ജില്ലകളിലെല്ലാം നാഗ ഭൂരിപക്ഷമാണ് ഉള്ളത്. അതോടെ ഔട്ടര്‍ അസാമില്‍ കുക്കി സോം വിഭാഗത്തിനുള്ളതിനേക്കാള്‍ ശക്തി നാഗവിഭാഗത്തിനായി. നാഗ-മെയ്തേയി വിഭാഗങ്ങളുടെ പിന്തുണ, വര്‍ഷങ്ങളായി അവിടെ കൃതമായി വോട്ട് നടക്കാത്തത്. കുക്കി വിഭാഗത്തിന്റെ താത്പര്യ കുറവ്, ഇതെല്ലാം ഔട്ടര്‍ മണിപ്പൂരില്‍ ഘടകങ്ങളാണ്.

general election 2024 india bloc

ത്രിപുര

1952-ല്‍ സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം ആദ്യമായി ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സഖ്യമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്. ത്രിപുര വെസ്റ്റില്‍ മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആഷിഷ് കുമാര്‍ സാഹ അവിടെ ഇടത്-കോണ്‍ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ്. 2014-ല്‍ സി.പി.ഐ.എം അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച് മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിനും പുറകില്‍ 171000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സംവരണ സീറ്റായ ത്രിപൂര ഈസ്റ്റില്‍ സി.പി.ഐ.എമ്മിന്റെ രാജേന്ദ്ര റീഗാണ് ബി.ജെ.പിയുടെ കൃതി സിങ്ങ് ദേബ്ബര്‍മ്മനെ നേരിടുന്നത്. 2014-ല്‍ ഇവിടെയും അഞ്ച് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സി.പി.ഐ.എം ജയിച്ചിരുന്നതാണ്. ത്രിപുര ഈസ്റ്റില്‍ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ്.

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനുമുള്ള, ത്രിപുര മോത്തയും ഐ.പി.എഫ്.റ്റി എന്ന വലിയ സ്വാധീന ശക്തിയുള്ള മറ്റൊരു ആദിവാസി പാര്‍ട്ടിയും ബി.ജെ.പി സഖ്യത്തിനൊപ്പമായത് കൊണ്ട് തന്നെ കോണ്‍ഗ്രസ്-ഇടത് കൂട്ട് കെട്ട് വലിയ മാറ്റം ത്രിപുരയിലുണ്ടാക്കുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. ത്രിപുര മോത്ത മേധാവിയും മുന്‍ രാജ കുടുംബാംഗവുമായ പ്രത്യോദ് കിഷോര്‍ മാണിക്യ, മുഖ്യമന്ത്രി മണിക് സാഹ, ഐ.പി.എഫ്.റ്റി അധ്യക്ഷന്‍ പ്രേം കുമാര്‍ റീഗ് തുടങ്ങിയവരെല്ലാം ഒറ്റക്കെട്ടായാണ് പ്രചരണ രംഗത്തുള്ളത്. എന്നാല്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് ശേഷം ത്രിപുരയില്‍ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തിട്ടില്ല എന്നും ബൂത്ത് പിടിച്ചെടുക്കലുകള്‍ വ്യാപകമാണ് എന്നുമുള്ള ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും പരാതിക്ക് ഇത്തവണയെങ്കിലും പരിഹാരമുണ്ടാകുമോ എന്നുള്ളതും പ്രധാനമാണ്.

ഉത്തരാഖണ്ഡിലെ ആകെയുള്ള അഞ്ച് സീറ്റുകളിലേയ്ക്കും ആദ്യഘട്ടത്തില്‍ തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. പശ്ചിമബംഗാളിലെ കുച്ച് ബിഹാര്‍, ജയ്പാല്‍ ഗുഡി, ആലിപൂര്‍ദാസ് എന്നീ മണ്ഡലങ്ങള്‍, ഛത്തീസ്ഗഢിലെ ബസ്തര്‍, മിസോറാം നാഗലാന്‍ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, പുതച്ചേരി എന്നീ പ്രദേശങ്ങളിലെ ഒരോ മണ്ഡലങ്ങള്‍ എന്നിവടങ്ങളിലേയ്ക്കും ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

English Summary: India National Election 2024  First Phase utarpradesh ,tamilnadu, bihar, madhyapradesh, rajastan, maharashtra

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍