UPDATES

വിദേശം

മിഡില്‍ ഈസ്റ്റില്‍ എന്തു സംഭവിക്കും? ഗള്‍ഫ് പ്രവാസികള്‍ ആശങ്കപ്പെടണോ?

ഇസ്രായേൽ ഇറാൻ സംഘർഷത്തിൽ കെ പി ഫാബിയാന്‍ പ്രതികരിക്കുന്നു

                       

ഇസ്രയേല്‍- ഇറാന്‍ യുദ്ധം ആഗോളതലത്തില്‍ വലിയ പ്രത്യാഘാതകള്‍ ഉണ്ടാക്കുമെന്ന് മുന്‍ നയതന്ത്ര വിദഗ്ദ്ധന്‍ കെപി ഫാബിയാന്‍. സംഘര്‍ഷം യുദ്ധത്തിലേക്ക് വഴി മാറില്ലെങ്കില്‍ കൂടിയും ഈ പ്രത്യാഘാതം ഉണ്ടാവുമെന്നാണ് അദ്ദേഹം പറയുന്നത്. ഇറാനില്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുറന്ന പോരിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.

ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വരുമോ?

ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ 80 ലക്ഷത്തിലധികം ആളുകളാണ് ഇരു രാജ്യങ്ങളിലുമായി തൊഴില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പിരിമുറുക്കം വര്‍ധിക്കുകയാണെങ്കില്‍ ഇസ്രയേലിലുള്ള ആളുകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കേണ്ട സാഹചര്യം ഉണ്ടാവും. സംഘര്‍ഷത്തില്‍ ഇന്ത്യ ഏതെങ്കിലും രാജ്യത്തിന്റെ പക്ഷം ചേരാന്‍ സാധ്യതയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഹൃദയം നെതന്യാഹുവിന് ഒപ്പമാണെങ്കില്‍ പോലും, പക്ഷം ചേരാതെ വെടിനിര്‍ത്തല്‍ അടക്കമുള്ള സമാധാന ഉടമ്പടികളിലേക്ക് കടക്കാന്‍ ഇന്ത്യ നിര്‍ദ്ദേശം വച്ചേക്കാം.

വില്ലന്‍ ആണവായുധ ശേഖരമോ?

യുദ്ധമുണ്ടായാല്‍ ഹൂതി വിമത ആക്രമണം വര്‍ധിക്കാനും ഇടയുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്കും നീങ്ങിയേക്കില്ല. മറ്റൊരു തലത്തില്‍ വിശകലനം ചെയ്യുകയാണെങ്കില്‍, ഇസ്രയേല്‍ ഇറാനുമായും, ഹൂതി വിമതരുമായും, ഹമാസുമായും സംഘര്‍ഷത്തിലാണ്. ഇവരെ ഒരുമിച്ചു നേരിടാനുള്ള സൈനിക ശക്തി ഇസ്രയേലിന്റെ പക്കലില്ല. എന്നാല്‍ ഇറാനിനു നേരെ വ്യോമാക്രമണം അഴിച്ചുവിട്ടു കൊണ്ട് ആക്രമണം ശക്തമാക്കന്‍ ഇസ്രായേലിന് കഴിയും. മധ്യേഷ്യയില്‍ നിലവില്‍ ആണവായുധങ്ങള്‍ കൈവശം വച്ചിട്ടുണ്ടന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഏക രാജ്യം ഇസ്രായേല്‍ മാത്രമാണ്. അടുത്തിടെ ഇറാന്‍ പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ തങ്ങളുടെ ന്യൂക്ലിയര്‍ റിസര്‍ച് സെന്ററുകള്‍ ലക്ഷ്യം വച്ചുകൊണ്ട് ഇസ്രായേല്‍ ആക്രമണം നടത്തുകയാണെങ്കില്‍, നിലവിലെ ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന നയം പുനഃപരിശോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കം ഇറാന്‍ നടത്തുകയാണെങ്കില്‍ പ്രത്യാഘതങ്ങള്‍ വലുതായിരിക്കും. ആണവായുധങ്ങള്‍ നിര്‍മ്മിക്കാനാണ് ഇറാന്റെ തീരുമാനമെങ്കില്‍ അത് തീര്‍ച്ചയയും രഹസ്യമായി തന്നെ തുടര്‍ന്നേക്കാം.

ആക്രമണം ഇറാനുള്ള താക്കിതാവാന്‍ സാധ്യത

ഏപ്രില്‍ ആദ്യ വാരം സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുകയും,രണ്ട് ജനറല്‍മാരും മറ്റ് അഞ്ച് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേര്‍കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചിരുന്നു. ഇതാദ്യമായല്ല ഇസ്രയേല്‍ ഇത്തരത്തില്‍ ഇറാനുനേരെ ആക്രമണം അഴിച്ചുവിടുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയുള്ള പ്രത്യാക്രമണമായാണ് ഇറാന്റെ നീക്കങ്ങള്‍ ഞാന്‍ വിലയിരുത്തുന്നത്. ഇറാന് നേരെ നടത്തുന്ന അക്രമണങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണ്- കെ പി ഫാബിയന്‍ പറയുന്നു.സിറിയയിലെ ദമാസ്‌കസില്‍ സ്ഥിതി ചെയ്യുന്ന ഇറാന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിലേക്കാണ് ഏപ്രില്‍ ഒന്നിന് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സിലെ രണ്ട് ഉന്നതന്മാരടക്കം 13 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇറാന്‍ 200 ഓളം ഡ്രോണുകളും മിസൈലുകളും ഇസ്രായേലിനു നേരെ തൊടുത്തു വിട്ടിരുന്നു. ഡ്രോണാക്രമണം ഇസ്രയേല്‍ തടഞ്ഞിരുന്നു. എന്നാല്‍ ഈ അക്രമണത്തോടെ ഇറാന്‍ ഉപരോധമേര്‍പ്പെടുത്താന്‍ യുറോപ്പിയന്‍ യൂണിയന്‍ തയ്യാറാവുകയാണ്. രാജ്യത്തിന് ഉപരോധം ഏര്‍പ്പെടുത്തിയതിന് പുറമെ ഇറാന്‍ ഉപയോഗിച്ച ഡ്രോണുകളുടെ എന്‍ജിന്‍ നിര്‍മ്മിച്ചവര്‍ക്ക് നേരെയും അമേരിക്കയും ബ്രിട്ടനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുതിക്കും എണ്ണവില

ഇസ്രയേല്‍- ഇറാന്‍ യുദ്ധം ലോകരാജ്യങ്ങളെ ബാധിക്കുക ഇന്ധനവിലയുടെ രൂപത്തില്‍ കൂടിയാണ്. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് എണ്ണ വിലയുടെ ക്രമാതീതമായ വര്‍ധനവ് തന്നെയാണ് ലോക രാജ്യങ്ങളെ പ്രധാനമായും ബാധിക്കുക. ശനിയാഴ്ച ഇറാന്‍ നടത്തിയ ആക്രമണത്തിന് ബദലായാണ് ഇസ്രയേല്‍ ഇറാന് നേരെ വീണ്ടും വ്യോമാക്രമണം നടത്തിയത്. ഇസ്ഫഹാന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയുടെ 85ാം ജന്മദിനത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്താന്‍ തെരെഞ്ഞെടുത്ത ദിവസം. ഇറാന്റെ ആണവായുധ കേന്ദ്രങ്ങള്‍ പ്രധാനമായും സ്ഥിതി ചെയുന്നത് ഈ മേഖലയിലാണ്. നിലവില്‍ ഇവയ്ക്ക് തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നും, സുരക്ഷിതമാണെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

English Summary: Israel-Iran conflict how effect middle east and gulf nri’s

 

Share on

മറ്റുവാര്‍ത്തകള്‍