December 09, 2024 |
Share on

അസമില്‍ മദ്രസകള്‍ ഇനി മിഡില്‍ ഇംഗ്ലീഷ് സ്‌കൂളുകള്‍

മദ്രസകള്‍ അടച്ചു പൂട്ടുന്നതിനൊപ്പം തന്നെയാണ് ബിജെപി സര്‍ക്കാരിന്റെ അടുത്ത നീക്കം

അസമിലെ മദ്രസകള്‍ ഇനി മിഡില്‍ ഇംഗ്ലീഷ് സ്‌കൂളുകളെന്ന പേരില്‍ അറിയപ്പെടും. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മദ്രസകള്‍ക്കെതിരേയുള്ള പല നടപടികളും നടന്നുവരുന്നുണ്ട്. 600 മദ്രസകള്‍ അടച്ചുപൂട്ടിയെന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ചത്. ‘ഞങ്ങള്‍ക്ക് ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും ആവശ്യമുണ്ട്, അതുകൊണ്ടു തന്നെ മദ്രസകള്‍ അടച്ചുപൂട്ടുകയാണ്. പുതിയ ഇന്ത്യയില്‍ ഞങ്ങള്‍ക്ക് മദ്രസകള്‍ ആവശ്യമില്ലെന്നായിരുന്നു ബിജെപി മുഖ്യമന്ത്രിയുടെ വാദം. ഇതിനു പിന്നാലെയാണ് ഡിസംബര്‍ 13 ന് അസമിലെ 1,281 സര്‍ക്കാര്‍ മദ്രസകളുടെ പേര് പുനര്‍നാമകരണം ചെയ്തതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. സര്‍ക്കാര്‍ മദ്രസകളെ മിഡില്‍ ഇംഗ്ലീഷ് (എം ഇ) സ്‌കൂളുകളെന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. മദ്രസകളെ കൂടി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാകാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഈ നീക്കമെന്നാണ് വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു സംഭവത്തില്‍ പ്രതികരിച്ചത്.

ആരാണ് അസമില്‍ മദ്രസകള്‍ നടത്തുന്നത്?

അസമിലെ ഒരു വലിയ വിഭാഗം മദ്രസകള്‍ സംസ്ഥാന ഗവണ്‍മെന്റാണ് നടത്തുന്നത്. സംസ്ഥാനത്തെ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് (സെബ) നിര്‍ദ്ദേശിക്കുന്ന സിലബസാണ് ഇവ പിന്തുടരുന്നത്. ഈ സിലബസില്‍ അറബിക് ഭാഷയും,തീയോളജിയും ഉള്‍പ്പെടുന്നുണ്ട്. സര്‍ക്കാര്‍ മദ്രസകള്‍ക്കു പുറമെ, സംസ്ഥാനത്ത് സ്വകാര്യമായി നടത്തുന്ന നിരവധി മദ്രസകളുമുണ്ട്. അവയുടെ ഔദ്യോദിക കണക്കുകള്‍ ലഭ്യമല്ല.

മദ്രസകളുടെ പേര് നേരത്തെ മാറ്റിയിട്ടുണ്ടോ?

മദ്രസകളുടെ പേര് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം ഇതാദ്യമായാണ്. എന്നാല്‍ നിരവധി മദ്രസകള്‍ അടച്ചുപൂട്ടാനും മതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്ന പദവി ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് നടത്തിയിരുന്നു. ഈ നീക്കങ്ങള്‍ പിന്‍പറ്റിയാണ് പുനര്‍നാമകരണം നടത്തുന്നത്. 2020 മുതല്‍, സംസ്ഥാനത്തു നടക്കുന്ന പല പരിപാടികളിലും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, സര്‍ക്കാര്‍ നടത്തുന്ന മദ്രസകളെ റെഗുലര്‍ സ്‌കൂളുകളാക്കി മാറ്റുന്നതിനുള്ള നിയമനിര്‍മ്മാണത്തിനുള്ള ശുപാര്‍ശ ഹിമന്ത ബിശ്വ ശര്‍മ്മ മുന്നോട്ട് വച്ചിരുന്നു. ഏതെങ്കിലും സമുദായത്തോടുള്ള ശത്രുത കൊണ്ടല്ല മറിച്ച് സമൂഹത്തിലെ പിന്നാക്കക്കാരും ചൂഷണം ചെയ്യപ്പെടുന്നവരുമായ ഒരു വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ നീക്കങ്ങളെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.

2022 മെയ് മാസത്തില്‍ ആര്‍എസ്എസ്സുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പ്രസംഗിക്കവെ, ഇന്ത്യന്‍ മുസ്ലിങ്ങള്‍ വിദ്യാഭ്യാസത്തില്‍ മുന്നേറണമെങ്കില്‍ ‘മദ്രസ’ എന്ന വാക്ക് ഇല്ലാതാകണമെന്ന വിവാദ പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു.”നിങ്ങള്‍ക്ക് മതം പഠിപ്പിക്കണമെങ്കില്‍ അത് വീട്ടില്‍ വെച്ചാണ് ചെയ്യേണ്ടത്. സ്‌കൂളുകളില്‍, ശാസ്ത്രവും ഗണിതവുമാണ് പഠിക്കേണ്ടതെന്നും”അദ്ദേഹം പറഞ്ഞിരുന്നു.

”ദിനം പ്രതി ബംഗ്ലാദേശില്‍ നിന്ന് ആളുകള്‍ എത്തിച്ചേരുന്ന അസമില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇത് നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഭീഷണിയായി മാറുന്നുണ്ട്. അതുകൊണ്ടു തന്നെ 600 മദ്രസകള്‍ അടച്ചുപൂട്ടി, സംസ്ഥാനത്തെ എല്ലാ മദ്രസകളും പൂട്ടുക എന്നതാണ് എന്റെ ഉദ്ദേശം. എനിക്കിതെങ്ങനെ പറയാന്‍ കഴിഞ്ഞുവെന്ന ചോദ്യങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഞങ്ങള്‍ക്ക് മദ്രസകളല്ല, ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയുമാണ് ആവിശ്യം. അതുകൊണ്ടു തന്നെ എനിക്ക് ഇങ്ങനെ ഒരു കാര്യം ഉന്നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ മറുപടിയും നല്‍കി. സ്‌കൂളുകളും കോളേജുകളും സര്‍വകലാശാലകളും ഞങ്ങളുടെ ആവശ്യമാണ്”-ഈ വര്‍ഷം മാര്‍ച്ചില്‍ ബെലഗാവിയില്‍ നടന്ന ഒരു പരിപാടിയിലെ പ്രസംഗത്തിലെ ഈ ഭാഗം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പുതിയ ഇന്ത്യയില്‍’ മദ്രസകള്‍ ആവശ്യമില്ലെന്നും അദ്ദേഹം ഈ പ്രസംഗത്തില്‍ പറയുന്നുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍, സംസ്ഥാനത്തെ 100-ലധികം ചെറിയ മദ്രസകള്‍ വലിയവയുമായി ലയിപ്പിച്ചതായി അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ ‘സമൂലമായ അധ്യാപനത്തെ’ അഭിസംബോധന ചെയ്യാനാണ് ഈ നീക്കമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 50-ല്‍ താഴെ വിദ്യാര്‍ത്ഥികളുള്ള മദ്രസകളെ കണ്ടെത്തി വലിയവയുമായി ലയിപ്പിക്കുന്നതിന് സംസ്ഥാനത്തെ സ്വകാര്യ മദ്രസ ബോര്‍ഡുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് സമര്‍പ്പിക്കാന്‍ തങ്ങള്‍ ”സര്‍വേ” നടത്തുന്നുണ്ടെന്ന് മദ്രസ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.

മദ്രസകള്‍ ഇല്ലാതാകുമ്പോള്‍

അസമില്‍ 2022 ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍, ‘രാജ്യ വിരുദ്ധ, ജിഹാദി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം’ ആരോപിച്ച് നാല് മദ്രസകളാണ് തകര്‍ത്തത്. മദ്രസ തകര്‍ത്ത കേസുകളില്‍ ഒന്നില്‍ പ്രദേശവാസികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് പറയുന്നു. 2022 ഓഗസ്റ്റ് 31-ന് ഗോള്‍പാറ ജില്ലയിലെ പഖിയുറ ചാര്‍ നിവാസികള്‍ ഒരു മദ്രസ തകര്‍ത്തിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് മദ്രസയിലെ പുരോഹിതനെ തടവിലാക്കിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ്പ്രദേശവാസികളില്‍ നിന്ന് ഈ നീക്കമുണ്ടാകുന്നത്.

വിമര്‍ശനങ്ങള്‍

ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎല്‍എ അമിനുള്‍ ഇസ്ലാം മദ്രസകളുടെ പേരുമാറ്റാനുള്ള സര്‍ക്കാര്‍ ശ്രമത്തെ ശക്തമായി വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. അദ്ദേഹം പറഞ്ഞു: ”ജനാധിപത്യത്തിന്റെ മരണമാണ് ഇവിടെ നടന്നത്. വിദ്യാഭ്യാസം എന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ കാര്യമാണ്. എന്റെ മക്കള്‍ എവിടെ നിന്ന് വിദ്യാഭ്യാസം നേടണമെന്നത് എന്റെയോ മക്കളുടെയോ തെരഞ്ഞെടുപ്പാണ്. തിരഞ്ഞെടുക്കാനുള്ള ആ സ്വാതന്ത്ര്യമാണ് ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്” അദ്ദേഹം ആരോപിച്ചു.

×