UPDATES

സംഘപരിവാര്‍ കൈക്കലാക്കുന്ന സൈനിക് സ്‌കൂളുകള്‍

62 ശതമാനം സ്‌കൂളുകളും സംഘപരിവാര്‍-ബിജെപി നേതാക്കളുടെയും സഖ്യകക്ഷികളുടെയും കൈകളില്‍

                       

“ കോളേജുകളിൽ നമ്മൾ എന്താണ് കണ്ടുകൊണ്ടിരിക്കുന്നത് ? പാതിരാത്രിയിൽ പെൺകുട്ടികൾ സിഗരറ്റ് വലിക്കുന്നു. വിദ്യാഭ്യാസത്തിൻ്റെ കേന്ദ്രങ്ങളിൽ, സ്ത്രീകൾ മദ്യക്കുപ്പികൾ കയ്യിലെടുക്കുന്നു, മോട്ടോർ ബൈക്കുകളിൽ കാമുകന്മാരുമായി അപമാനകരമായി ചുറ്റി കറങ്ങുന്നു.

ഇന്ത്യയുടെ പെൺമക്കൾ ഇത്രയും നിയന്ത്രണാതീതമാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. അവർ സോഷ്യൽ മീഡിയയിൽ മര്യാദയില്ലാത്ത റീലുകൾ പോസ്റ്റ് ചെയ്യുന്നു. നഗ്നമായി ഫോട്ടോഷൂട്ടുകൾ നടത്തുന്നു. അടിവസ്ത്രത്തിൽ ശരീരം കാണിക്കുന്നു. ഈ സ്ത്രീകൾ മാനസികരോഗികളാണെന്ന് തോന്നുന്നു. ഇവർക്ക് സംസ്‍കാരം തൊട്ടു തീണ്ടിയിട്ടില്ല,”

കഴിഞ്ഞ വർഷം ജൂണിൽ ഒരു കോളേജ് പരിപാടിക്കിടെ കവി വസ്ത്ര ധാരിയായ 60 വയസ്സു പ്രായം തോന്നിക്കുന്ന സ്ത്രീ സ്റ്റേജിൽ നിന്ന് പ്രസംഗിക്കുന്ന ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്തിൻ്റെ (വിഎച്ച്പി) വനിതാ വിഭാഗമായ ദുർഗ വാഹിനിയുടെ സ്ഥാപകയും അയോധ്യ രാമക്ഷേത്ര മൂവ്‌മെന്റിലെ സുപ്രധാന വ്യക്തിയുമായ സാധ്വി ഋതംഭരയാണ് ഈ പ്രസംഗം നടത്തുന്നത്. കടുത്ത ഹിന്ദു ദേശീയവാദിയായ ഋതംഭര ഉത്തർ പ്രദേശിലെ വൃന്ദാവനിൽ ഗുരുകുലം ഗേൾസ് സൈനിക് സ്കൂൾ നടത്തുന്നുണ്ട്.

സ്കൂളിൽ നടന്ന, വ്യക്തിത്വ വികസന പരിപാടിയുടെ വേദിയിൽ വിദ്യാർത്ഥികളോട് ‘ബഹുമാനം,പാരമ്പര്യങ്ങൾ, ആചാരങ്ങൾ എന്നിവയെക്കുറിച്ച് അഭിസംബോധന ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. സ്കൂളിൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട വീഡിയോയിൽ കോളേജുകളിലും സോഷ്യൽ മീഡിയകളിലും പെൺകുട്ടികൾ എങ്ങനെ ” സമൂഹത്തിന്റെ നിയന്ത്രണങ്ങളിൽ നിന്ന് പുറത്തു പോകുന്നു” എന്ന് അഭിപ്രായപ്പെടുന്ന പ്രസംഗമാണ് വിവാദമായത്.

സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളായ വൃന്ദാവനിലുള്ള ഋതംഭരയുടെ ഗേൾസ് സ്കൂളും ഹിമാചൽ പ്രദേശിലെ സോളനിലുള്ള രാജ് ലക്ഷ്മി സംവിദ് ഗുരുകുലവും ഇനി മുതൽ അറിയപ്പെടുനന്നത് സൈനിക് സ്കൂൾ എന്ന് കൂടിയായിരിക്കും. അടുത്തിടെ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ സൈനിക് സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന് (MoD) കീഴിലുള്ള സൈനിക് സ്കൂൾ സൊസൈറ്റി (എസ്എസ്എസ്) യായി മാറ്റുന്നതിന് 40 സ്കൂളുകളാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. 2021-ലാണ്, ഇന്ത്യയിൽ സൈനിക് സ്‌കൂളുകൾ നടത്തുന്നതിന് സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുന്നത്. ആ വർഷത്തെ വാർഷിക ബജറ്റിൽ, ഇന്ത്യയിലുടനീളം 100 പുതിയ സൈനിക് സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

അംഗീകാരം ലഭിച്ചിരിക്കുന്ന ബഹുഭൂരിഭാഗം സ്കൂളുകളും സംഘപരിവാർ,ബിജെപി, ഹിന്ദുത്വ ആശയങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിന്റെ സ്വതന്ത്ര മലയാള പരിഭാഷയാണ് അഴിമുഖം പ്രസിദ്ധീകരിക്കുന്നത്.

മതിയായ സ്ഥലം, കെട്ടിടങ്ങൾ, കമ്പ്യൂട്ടറുകൾ, അധ്യാപകർ എന്നിവ പോലുള്ള എസ്എസ്എസ് നിർദ്ദിഷ്ട ആവശ്യകതകൾ നിറവേറ്റുന്ന ഏതൊരു സ്കൂളിനും പുതിയ സൈനിക് സ്കൂളുകളായി മാറാൻ സാധിക്കും. അപ്രൂവൽ പോളിസി പ്രകാരം, ഒരു സ്കൂളിനെ സൈനിക സ്കൂളാക്കി മാറ്റാനുള്ള മാനദണ്ഡം ഈ അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ്. സംഘപരിവാറുമായി ബന്ധമുള്ള സ്കൂളുകൾക്കും സമാന ആശയങ്ങളുള്ള സംഘടനകൾക്കും ഇതോടെ തങ്ങളുടെ കീഴിലുള്ള വിദ്യഭ്യസസ്ഥാപനങ്ങൾക്ക് സൈനിക പദവിക്ക് അപേക്ഷിക്കാൻ ഈ നിയമം അനുവദിച്ചു.

RTI പ്രതികരണമനുസരിച്ച്, 2022 മെയ് 05 നും 2023 ഡിസംബർ 27 നും ഇടയിൽ കുറഞ്ഞത് 40 സ്‌കൂളുകളെങ്കിലും സൈനിക സ്‌കൂൾ സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.കേന്ദ്ര ഗവൺമെൻ്റിൻ്റെ പത്രക്കുറിപ്പുകളിൽ നിന്നും ആർടിഐ മറുപടികളിൽ നിന്നും ലഭിച്ച വിവരങ്ങൾ ആശങ്കാജനകമായ പ്രവണതയാണ് കാണിക്കുന്നത്. ഇതുവരെ അനുവദിക്കപ്പെട്ട 40 കരാറുകളിൽ 62 ശതമാനവും ആർഎസ്എസ് ബിജെപി സഖ്യകക്ഷികളും, സംഘടനകൾ, വ്യക്തികൾ, മറ്റ് ഹിന്ദു മത സംഘടനകൾ, ഹിന്ദുത്വ ആശയങ്ങളുള്ള സ്കൂളുകൾ എന്നിവക്കാണ് നൽകിയതെന്ന് റിപ്പോർട്ടേഴ്‌സ് കളക്റ്റീവിന്റെ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു.

പുതിയ അംഗീകൃത സൈനിക് സ്കൂളുകൾ നടത്തുന്ന വിവിധ വിഭാഗത്തിലുള്ള സംഘടനകൾ

പുതിയ പിപിപി മോഡൽ സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് ശക്തിപ്പെടുത്തുമെന്നാണ് സർക്കാർ പ്രതീക്ഷ. അതെ സമയം രാഷ്ട്രീയ പ്രവർത്തകരെയും, വലതുപക്ഷ സ്ഥാപനങ്ങളെയും സൈനിക മേഖലകയിലേക്ക് കൂടി തിരുകി കയറ്റുന്നതിന്റെ ആശങ്കകളാണ് മറുപുറത്തു നിന്ന് ഉയരുന്നത്. സൈനിക സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ വഴി തിരിവ് ഉണ്ടാക്കുന്നതാണ് സർക്കാർ സ്വീകരിച്ച തീരുമാനം. ആദ്യമായി, സൈനിക് സ്‌കൂളുകളുമായി സഹകരിക്കാനും സാമ്പത്തിക സഹായം നേടാനും സ്വന്തം ശാഖകൾ തുറക്കാനും സ്വകാര്യ സംഘടനകളെ അനുവദിച്ചിരിക്കുയാണ് സർക്കാർ. 2021 ഒക്‌ടോബർ12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ നിർദേശം അംഗീകരിച്ചത്. പ്രതിരോധ മന്ത്രാലയം നടത്തുന്ന സാധാരണ സൈനിക സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രത്യേക വിഭാഗം സ്കൂളുകൾ സൃഷ്ടിക്കുക എന്നതായിരുന്നു അന്ന് അവതരിപ്പിക്കപ്പെട്ട ആശയം.

കൂടാതെ കരാർ പ്രകാരം 6 മുതൽ 12 വരെ ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂൾ ഫീസിൻ്റെ പകുതിയും പരമാവധി 1000 രൂപയും നൽകി സർക്കാർ സൈനിക് സ്കൂളുകളെ സഹായിക്കും. ഒരു വിദ്യാർത്ഥിയുടെ അക്കാദമിക് പ്രകടനവും സാമ്പത്തിക ആവശ്യവും അടിസ്ഥാനമാക്കി പ്രതിവർഷം 40,000 രൂപയാണ് ലഭിക്കുക. 12-ാം തരം വരെ ക്ലാസുകളുള്ള സ്‌കൂളുകൾക്ക്, ഈ പിന്തുണ പരമാവധി 100 രൂപയിൽ എത്താം. അതായത് പ്രതിവർഷം 1.2 കോടി. കൂടാതെ സ്‌കൂളുകൾക്ക് 1000 രൂപ ലഭിക്കും. സ്കൂളുകൾക്ക് വാഗ്ദാനം ചെയ്യുന്ന മറ്റ് ആനുകൂല്യങ്ങളിൽ 12-ാം ക്ലാസിൽ വിദ്യാർത്ഥികൾ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതിനെ ആശ്രയിച്ച്, പരിശീലന ഗ്രാൻ്റായി ഓരോ വർഷവും 10 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നിട്ടും, സീനിയർ സെക്കണ്ടറിയുടെ വാർഷിക ഫീസ് നാമമാത്രമായ 13,800 രൂപ മുതൽ 2,47,900 രൂപ വരെയാണ്, ഇത് പുതിയ സൈനിക് സ്കൂളുകളുടെ ഫീസ് ഘടനയിൽ കാര്യമായ അസമത്വമാണ് സൂചിപ്പിക്കുന്നത്.

പുതിയ സൈനിക് സ്കൂളുകൾ നടത്തുന്നത് ആരാണ് ?

പുതിയ നയം വരുന്നതുവരെ, 16,000 കേഡറ്റുകളുള്ള 33 സൈനിക് സ്കൂളുകളാണ് രാജ്യത്തുള്ളത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് എസ്എസ്എസ്. രാജ്യത്തെ പ്രതിരോധ സേനയിലേക്ക് കേഡറ്റുകളെ അയക്കുന്നതിൽ സൈനിക് സ്കൂളുകളുടെ പ്രാധാന്യത്തിലേക്ക് ഒന്നിലധികം സർക്കാർ റിപ്പോർട്ടുകൾ വിരൽ ചൂണ്ടിയിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമിക്കും (എൻഡിഎ) ഇന്ത്യൻ നേവൽ അക്കാദമിക്കും വേണ്ടി കേഡറ്റുകളെ തയ്യാറാക്കുന്നതിൽ സൈനിക് സ്‌കൂളുകളുടെ പങ്ക് പലപ്പോഴും പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ പോലും ഊന്നിപ്പറഞ്ഞിട്ടുണ്ട്. 2013-14 സ്റ്റാൻഡിംഗ് കമ്മിറ്റി പ്രകാരം എൻഡിഎയിൽ ചേരാൻ ഏറ്റവുമധികം ആവശ്യപ്പെടുന്ന സൈനിക പ്രവേശന പരീക്ഷകളിലൊന്നിൽ, ഓരോ വർഷവും പരീക്ഷ എഴുതുന്ന സൈനിക് സ്‌കൂൾ വിദ്യാർത്ഥികളിൽ ഏകദേശം 20% എല്ലാ വർഷവും പരീക്ഷയിൽ വിജയിക്കുന്നുണ്ട്. ഈ വർഷം ആദ്യം രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, കഴിഞ്ഞ ആറ് വർഷത്തിനിടെ 11 ശതമാനം സൈനിക് സ്‌കൂൾ കേഡറ്റുകളും സായുധ സേനയിൽ ചേർന്നിട്ടുണ്ട്. സായുധ സേനയിലേക്ക് 7,000-ത്തിലധികം ഉദ്യോഗസ്ഥരെ സംഭാവന ചെയ്ത സൈനിക് സ്‌കൂളുകളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രശംസിച്ചിരുന്നു. സൈനിക് സ്കൂളുകൾ, റോയൽ ഇന്ത്യൻ മിലിട്ടറി കോളേജ്, റോയൽ ഇന്ത്യൻ മിലിട്ടറി സ്കൂളുകൾ എന്നിവയ്‌ക്കൊപ്പം 25-30 ശതമാനത്തിലധികം കേഡറ്റുകളെ ഇന്ത്യൻ സായുധ സേനയുടെ വിവിധ പരിശീലന അക്കാദമികളിലേക്ക് അയയ്ക്കുന്നുണ്ട്.

“തത്വത്തിൽ, പിപിപി മോഡൽ ഒരു നല്ല ആശയമാണ്. എന്നാൽ ഈ കരാറുകൾ ഏത് തരത്തിലുള്ള ഓർഗനൈസേഷനുകൾ നേടുമെന്നതാണ് എൻ്റെ ആശങ്ക. ഉടമസ്ഥതയുടെ ഭൂരിഭാഗവും ബിജെപിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ/സംഘടനകളുടെ കൈകളിലാണെങ്കിൽ, ആ പക്ഷപാതം വിദ്യാഭ്യാസത്തിൻ്റെ സ്വഭാവത്തെ തന്നെ ബാധിക്കും. സാധാരണ സൈനിക് സ്‌കൂളുകളെപ്പോലെ, ഈ വിദ്യാർത്ഥികൾക്കും എൻഡിഎയ്ക്കും സായുധ സേനയിലേക്കുള്ള മറ്റ് പ്രവേശന പരീക്ഷകൾക്കും അപേക്ഷിക്കേണ്ടിവന്നാൽ, അവർക്ക് ലഭിച്ച വിദ്യാഭ്യാസം തീർച്ചയായും സായുധ സേനയുടെ കാഴ്ചപ്പാടിനെയാണ് ബാധിക്കുക, ” പേര് വെളിപ്പെടുത്താൻ തയാറല്ലാത്ത വിരമിച്ച മേജർ ജനറൽ പറയുന്നു.

2022 മെയ് 05 നും 2023 ഡിസംബർ 27 നും ഇടയിൽ കുറഞ്ഞത് 40 സ്‌കൂളുകളെങ്കിലും സൈനിക സ്‌കൂൾ സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖകൾ പറയുന്നു. 40 സ്‌കൂളുകളിൽ 11 എണ്ണം ബിജെപിയുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതാണെന്ന് കളക്ടീവ് നടത്തിയ സൂക്ഷ്മ പരിശോധനയിൽ വ്യക്തമാണ്. ഇവ നിയന്ത്രിക്കുന്നത് ബിജെപി പ്രവർത്തകർ അധ്യക്ഷനായ ട്രസ്റ്റുകളോ, അല്ലെങ്കിൽ ബിജെപിയുടെ സുഹൃത്തുക്കളുടെയും രാഷ്ട്രീയ സഖ്യകക്ഷികളുടെയും ഉടമസ്ഥതയിലുള്ളവരോ ആണ്.

എട്ടെണ്ണം നിയന്ത്രിക്കുന്നത് ആർഎസ്എസും അനുബന്ധ സംഘടനകളും നേരിട്ടാണ്. കൂടാതെ, ആറ് സ്കൂളുകൾക്ക് ഹിന്ദുത്വ സംഘടനകളുമായോ അല്ലെങ്കിൽ തീവ്ര വലതുപക്ഷ കലാപകാരികളുമായോ മറ്റ് ഹിന്ദു മത സംഘടനകളുമായോ അടുത്ത ബന്ധമുണ്ട്. അംഗീകൃത സ്കൂളുകളൊന്നും ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലീം സംഘടനകളോ ഇന്ത്യയിലെ ഏതെങ്കിലും മതന്യൂനപക്ഷങ്ങളോ നടത്തുന്നതല്ല.

പാർട്ടി അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി നൽകിയ അനുവാദം

ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെ അനുവദിക്കപ്പെട്ടിട്ടുള്ള പുതിയ സൈനിക് സ്കൂളുകളിൽ വലിയൊരു വിഭാഗം ബിജെപി നേതാക്കളുടെ നേരിട്ടുള്ള ഇടപെടലുണ്ട്. അതുമല്ലെങ്കിൽ അവർ നേതൃത്വം നൽകുന്ന ട്രസ്റ്റുകളുടെ ഉടമസ്ഥതയിലുള്ളവയാണ്. അരുണാചലിന്റെ അതിർത്തി പട്ടണമായ തവാങ്ങിലെ തവാങ് പബ്ലിക് സ്കൂൾ ആണ് സംസ്ഥാനത്ത് അംഗീകാരം നേടിയ ഏക സൈനിക് സ്കൂൾ. സംസ്ഥാന മുഖ്യമന്ത്രി പേമ ഖണ്ഡുവിൻ്റെ ഉടമസ്ഥതയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ മുൻ ഒഫീഷ്യൽ സെക്രട്ടറിയും, സ്കൂൾ പ്രിൻസിപ്പലുമായ ഹിതേന്ദ്ര ത്രിപാഠി, സ്കൂൾ കമ്മിറ്റി ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. തവാങ്ങിൽ നിന്നുള്ള ബിജെപി എംഎൽഎയും ഖണ്ഡുവിൻ്റെ സഹോദരനുമായ സെറിംഗ് താഷിയാണ് സ്കൂളിൻ്റെ മാനേജിങ് ഡയറക്ടർ.

ബിജെപിയുമായുള്ള ബന്ധം കാരണം അവരുടെ സ്കൂളിന് പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യം റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് ഉന്നയിച്ചിരുന്നു. ബന്ധപ്പെട്ട അധികാരികൾ മൂന്ന് സമഗ്രമായ പരിശോധനകൾ നടത്തിയതുകൊണ്ട് മാത്രമാണ് സ്കൂളിന് അംഗീകാരം ലഭിച്ചതെന്ന് പ്രതികരിച്ച ത്രിപാഠി ബിജെപിയുമായി ബന്ധപ്പെട്ട അവകാശവാദം നിഷേധിച്ചു.

ഗുജറാത്തിലെ മെഹ്‌സാനയിൽ, മോത്തിഭായ് ആർ. ചൗധരി സാഗർ സൈനിക് സ്‌കൂൾ ദൂദ്‌സാഗർ ഡയറിയുമായാണ് അഫിലിയേറ്റ് ചെയ്‌തിരിക്കുന്നത്. മെഹ്‌സാനയുടെ മുൻ ബി.ജെ.പി ജനറൽ സെക്രട്ടറി അശോക്‌കുമാർ ഭവസംഗ്‌ഭായ് ചൗധരിയുടെ അധ്യക്ഷതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രി അമിത് ഷാ സ്കൂളിൻ്റെ തറക്കല്ലിട്ടിരുന്നു. ഗുജറാത്തിലെ മറ്റൊരു സ്‌കൂളായ ബനാസ്‌കാന്തയിലെ ബനാസ് സൈനിക് സ്‌കൂൾ നിയന്ത്രിക്കുന്നത് ബനാസ് ഡയറിക്ക് കീഴിലുള്ള ഗൽബാഭായ് നഞ്ചിഭായ് പട്ടേൽ ചാരിറ്റബിൾ ട്രസ്റ്റാണ്. തരാഡിൽ നിന്നുള്ള ബിജെപി എംഎൽഎയും ഗുജറാത്ത് നിയമസഭയുടെ ഇപ്പോഴത്തെ സ്പീക്കറുമായ ശങ്കർ ചൗധരിയാണ് സംഘടനയെ നയിക്കുന്നത്.

ഉത്തർപ്രദേശിലെ ഇറ്റാവയിലെ ശകുന്ത്ലം ഇൻ്റർനാഷണൽ സ്‌കൂൾ, ബി.ജെ.പി എം.എൽ.എ സരിത ബദൗരിയ അധ്യക്ഷയായ മുന്ന സ്മൃതി സൻസ്ഥാനാണ് നടത്തുന്നത്. സ്‌കൂളിൻ്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന അവരുടെ മകൻ ആശിഷ് ബദൗരിയ പറയുന്നത്, “ഞങ്ങൾക്ക് സൈനിക് സ്‌കൂളുകൾ നടത്തി പരിചയമില്ല” എന്നാണ്. ”വരുന്ന സെഷൻ മുതൽ ഞങ്ങൾ അത് ആരംഭിക്കും. സ്കൂൾ സൈനിക് സ്കൂളാക്കി മാറ്റുന്നതിനെക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ വിപുലമായിരുന്നു” എന്ന് അദ്ദേഹം അവകാശപ്പെട്ടു. അവരുടെ അപേക്ഷ
പാർട്ടി അസോസിയേഷൻ അനുകൂലിച്ചോ എന്ന ചോദ്യത്തിന്, “നിങ്ങൾ ഇത് സർക്കാരിനോട് ചോദിക്കണം,” എന്ന് അദ്ദേഹം പ്രതികരിച്ചു.

ഈ പുതിയ പിപിപി മോഡൽ പ്രയോജനപ്പെടുത്തുന്നവരിൽ നിരവധി ബിജെപി രാഷ്ട്രീയക്കാരും ഉൾപ്പെടുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ നീണ്ട പട്ടികയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബിജെപി നേതാക്കളുണ്ട്. ഹരിയാനയിലെ റോഹ്തക്കിലെ ശ്രീ ബാബ മസ്ത്നാഥ് റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ ഇപ്പോൾ ഒരു സൈനിക് സ്കൂളാണ്. മുൻ ബിജെപി എംപി മഹന്ത് ചന്ദ്നാഥ് സ്ഥാപിച്ചതാണ് സ്കൂൾ. നിലവിൽ രാജസ്ഥാനിലെ തിജാരയിൽ നിന്നുള്ള ബിജെപി എംഎൽഎയായ മഹന്ത് ബാലക്നാഥ് യോഗിയാണ് അദ്ദേഹത്തിൻ്റെ പിൻഗാമി.

രാജസ്ഥാനിലെ തിജാരയിൽ നിന്നുള്ള ബിജെപി എംഎൽഎ മഹന്ത് ബാലക്നാഥ് യോഗി ഹരിയാനയിലെ റോത്തക്കിൽ സൈനിക് സ്കൂൾ നടത്തുന്നു

മഹാരാഷ്ട്രയിലെ പുതുതായി അംഗീകാരം ലഭിച്ച സ്‌കൂളുകളിൽ അഹമ്മദ്നഗറിലെ പത്മശ്രീ ഡോ വിതൽറാവു വിഖെ പാട്ടീൽ സ്‌കൂൾ ഉൾപ്പെട്ടിട്ടുണ്ട്. 2019ൽ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് എംഎൽഎ രാധാകൃഷ്ണ വിഖെ പാട്ടീലാണ് സ്കൂൾ ചെയർമാൻ. രാജസ്ഥാനിലെ മുൻ സിക്കാർ ജില്ലാ ബിജെപി പ്രസിഡൻ്റ് ഹരിറാം രൺവയാണ് ഭാരതീയ പബ്ലിക് മാനേജ്‌മെൻ്റ് ട്രസ്റ്റിൻ്റെ ചെയർപേഴ്‌സൺ. സൈനിക് സ്‌കൂൾ അഫിലിയേഷൻ ലഭിച്ച സാംഗ്ലിയിലെ എസ്‌കെ ഇൻ്റർനാഷണൽ സ്‌കൂൾ സ്ഥാപിച്ചത് സദാഭൗ ഖോട്ട് ആണ്. 2014-ലെ ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ മന്ത്രിയായിരുന്നു സദാഭൗ ഖോട്ട്. മധ്യപ്രദേശിലെ കത്‌നിയിൽ, അംഗീകാരം ലഭിച്ച സിന ഇൻ്റർനാഷണൽ സ്‌കൂളിന് നേതൃത്വം നൽകുന്നത് മധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എ സഞ്ജയ് പഥക്കിൻ്റെ ഭാര്യ നിധി പഥക് ആണ്.

മുകളിൽ സൂചിപ്പിച്ച ചില സ്കൂളുകൾ സൈനിക സ്കൂളുകളായി മാറുന്നതിനുള്ള അംഗീകാരം നേടിയ സ്കൂളുകളാണ്. രാജ്യത്തെ മറ്റ് സർക്കാർ നടത്തുന്ന സ്‌കൂളുകളെപ്പോലെ സൈനിക് സ്‌കൂളുകളും പ്രാഥമികമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. ധാർമ്മിക മൂല്യങ്ങൾ, രാജ്യസ്‌നേഹം, സാമുദായിക സൗഹാർദം, വ്യക്തിത്വ വികസനം എന്നിവ പോലുള്ള  അധിക വിഷയങ്ങളും പാഠ്യപദ്ധതയിലുണ്ട് .

ബിജെപിയുമായി അടുപ്പമുള്ള അദാനി ഗ്രൂപ്പിന് കീഴിലുള്ള ഫൗണ്ടേഷൻ നടത്തുന്ന സ്കൂളിനും അഫിലിയേഷൻ നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ അദാനി വേൾഡ് സ്കൂളും അഫിലിയേറ്റ് ചെയ്തു. കിഴക്കൻ തീരത്ത് അദാനി ഗ്രൂപ്പിൻ്റെ കീഴിലുള്ള ആഴക്കടൽ തുറമുഖമായ കൃഷ്ണപട്ടണം തുറമുഖത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അദാനി കമ്മ്യൂണിറ്റി എംപവർമെൻ്റ് ഫൗണ്ടേഷൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. ഫൗണ്ടേഷൻ ചെയർപേഴ്‌സൺ പ്രീതി അദാനി കളക്ടീവിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ല.

സൈനിക് സ്കൂളുകളുടെ കാവിവൽക്കരണം

അംഗീകാരങ്ങളുടെ പട്ടികയിൽ ബിജെപി നേതാക്കൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. സ്വകാര്യ സൈനിക സ്കൂളുകൾ നടത്താനുള്ള ഉത്തരവ് ആർഎസ്എസ് സ്ഥാപനങ്ങൾക്കും അതുമായി ബന്ധപ്പെട്ട നിരവധി ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾക്കും കൈമാറിയിട്ടുണ്ട്. ആർഎസ്എസിൻ്റെ വിദ്യാഭ്യാസ വിഭാഗമാണ് വിദ്യാഭാരതി അഖിൽ ഭാരതീയ ശിക്ഷാ സൻസ്ഥാൻ (വിദ്യാഭാരതി). അത്തരം ഏഴ് അഫിലിയേഷനുകൾ ഇന്ത്യയിലുടനീളമുള്ള നിലവിലുള്ള വിദ്യാഭാരതി സ്‌കൂളുകളിലേക്ക് പോയിട്ടുണ്ട്. അവയിൽ മൂന്നെണ്ണം ബീഹാറിലും ഒരെണ്ണം മധ്യപ്രദേശ്, പഞ്ചാബ്, കേരളം, ദാദ്ര ആൻഡ് നഗർ ഹവേലി എന്നിവിടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ആർഎസ്എസിൻ്റെ സാമൂഹിക സേവന വിഭാഗമായ രാഷ്ട്രീയ സേവാ ഭാരതിയുടെ അഫിലിയേറ്റ് ആയ ഭൗസാഹബ് ഭുസ്‌കുതേ സ്മൃതി ലോക് ന്യാസും സ്‌കൂളുകൾ നടത്തുന്ന സംഘത്തിൻ്റെ ഭാഗമാണ്. ഹൊസങ്കബാദിലെ അവരുടെ സ്കൂളായ സരസ്വതി ഗ്രാമോദേ ഹയർസെക്കൻഡറി സ്കൂളിനും ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ചരിത്രം തിരുത്തിയെഴുതുന്നു, പ്രബോധനം, മുസ്ലീം വിരുദ്ധ പാഠ്യപദ്ധതി ഉൾകൊള്ളിക്കുന്നു എന്നീ ആരോപണ ങ്ങൾ ഉയർന്നു കേട്ട വിദ്യാഭാരതി ആർഎസ്എസ് സ്ഥാപിക്കുന്നത് 1978- ലാണ്. നിലവിൽ വിദ്യാഭാരതിക്ക് കീഴിലുള്ള 12,065 സ്കൂളുകളിലായി, 3,158,658 വിദ്യാർത്ഥികളാണ് ഉള്ളത്. ഒരുപക്ഷേ ഇന്ത്യയിലെ സ്വകാര്യ സ്കൂളുകളുടെ ഏറ്റവും വലിയ ശൃംഖലയാണ് വിദ്യാഭാരതി. വിദ്യാഭാരതിയുടെ പ്രഖ്യാപിത ദൗത്യം, വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ, ഹിന്ദുത്വയ്ക്ക് സമർപ്പിക്കപ്പെട്ടതും ശക്തമായ ദേശസ്‌നേഹം നിറഞ്ഞതുമായ ഒരു യുവതലമുറയെ വളർത്തിയെടുക്കുക എന്നതാണ്.

പുതിയ നയ മാറ്റങ്ങൾ സ്വകാര്യ കമ്പനികൾ നടത്തുന്ന സൈനിക സ്‌കൂളുകളുടെ പ്രത്യയശാസ്ത്രപരമായി വലിയ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. “ഇത് വ്യക്തമാണ്, ‘ ചെറുപ്പം മുതൽ തന്നെ പിടിക്കുക’ എന്നതാണ് ആശയം. സായുധ സേനയ്ക്ക് നല്ലതല്ല,” മുൻ ലെഫ്റ്റനൻ്റ് ജനറൽ പ്രകാശ് മേനോൻ പറഞ്ഞു, അത്തരം സംഘടനകൾക്ക് കരാർ നൽകുന്നത് സായുധ സേനയുടെ സ്വഭാവത്തെയും ധാർമ്മികതയെയും ബാധിക്കുമെന്ന് സമ്മതിച്ചു. മേനോൻ ഇപ്പോൾ തക്ഷശില ഇൻസ്റ്റിറ്റ്യൂഷനിലെ സ്ട്രാറ്റജിക് സ്റ്റഡീസ് പ്രോഗ്രാമിൻ്റെ ഡയറക്ടറാണ്.

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അകന്നു നിൽക്കുകയും; ഒരു പ്രത്യേക പ്രത്യയശാസ്ത്ര ത്തോട് ചായ്‌വുള്ള വിദ്യാഭ്യാസത്തിൻ്റെ ഒരു പുതിയ പതിപ്പാണ് സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലൂടെ നടക്കുന്നതെന്ന് ഒരു ലേഖനത്തിൽ, മേനോൻ ചൂണ്ടികാണിക്കുന്നു.

ആർഎസ്എസ്, സ്കൂൾ ടെക്‌സ്‌റ്റ്‌സ് ആൻഡ് മർഡർ ഓഫ് മഹാത്മാഗാന്ധി: ദി ഹിന്ദു കമ്മ്യൂണൽ പ്രൊജക്‌റ്റ് എന്ന പുസ്തകത്തിൻ്റെ സഹ രചയിതാവാണ് ആദിത്യ മുഖർജി. ഈ സൈനിക് സ്‌കൂളുകൾക്ക് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് സ്‌പോൺസർഷിപ്പും ഔദ്യോഗിക പിന്തുണയും ലഭിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് അവർ പറയുന്നു. “ന്യൂനപക്ഷങ്ങൾക്കെതിരെ പടർത്തുന്ന വിദ്വേഷം കാരണം ജനാധിപത്യത്തിൽ വിദ്യാഭാരതി സ്‌കൂളുകൾ പോലും ഉണ്ടാകരുത്. പക്ഷേ, അവർ ആർഎസ്എസ് സ്കൂളുകൾ മാത്രമായിരുന്നു. അവരെ ദേശീയ സ്ഥാപനങ്ങളുമായി, പ്രത്യേകിച്ച് പ്രതിരോധവുമായി ബന്ധപ്പെടുത്തുന്നതിലൂടെ, ഭരണകൂടം രാജ്യത്തിന് പറഞ്ഞറിയിക്കാനാവാത്ത അപകടമാണ് കൊണ്ടുവരുന്നത്. ഇത് പ്രതിരോധ സേനയെ ഭൂരിപക്ഷ, വർഗീയ വീക്ഷണം ബാധിക്കാൻ ഇടയാക്കും, ”മുഖർജി ദ കളക്ടീവിനോട് പറഞ്ഞു.

വിദ്യാഭാരതി സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി അവ്‌നീഷ് ഭട്‌നാഗർ ദി കളക്ടീവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു, “ഞങ്ങൾ ഈ ആപ്ലിക്കേഷനുകൾ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നില്ല. ഓരോ സ്കൂളും വ്യക്തിഗത തലത്തിലാണ് അപേക്ഷിക്കുന്നത് . അവരെ അനുകൂലിച്ചാൽ സ്കൂൾ കമ്മിറ്റി അറിയും. എനിക്ക് അതിന് ഉത്തരം നൽകാൻ കഴിയില്ല. ” എന്നിരുന്നാലും, വിദ്യാഭാരതി സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡൻ്റ് ഡി. രാംകൃഷൻ റാവു, അത്തരം കൂടുതൽ അഫിലിയേഷനുകൾക്ക് അപേക്ഷിക്കാനുള്ള പദ്ധതികളെക്കുറിച്ച് സംസാരിച്ചു, “ഇപ്പോൾ, ഞങ്ങൾ കുറച്ച് സ്കൂളുകളിൽ ശ്രമിച്ചു. എന്നാൽ, കൂടുതൽ വിദ്യാഭാരതി സ്‌കൂളുകൾക്ക് അപേക്ഷിക്കാനും എസ്എസ്എസുമായി അഫിലിയേറ്റ് ചെയ്യാനും ഞങ്ങൾ പദ്ധതിയിടുന്നു, റാവു പറഞ്ഞു.

സെൻട്രൽ ഹിന്ദു മിലിട്ടറി എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള നാഗ്പൂരിലെ ഭോൻസാല മിലിട്ടറി സ്‌കൂളിനും സൈനിക് സ്കൂളായി പ്രവർത്തിക്കാൻ അനുമതി ലഭിച്ചു. 1937-ൽ ഹിന്ദു വലതുപക്ഷ സൈദ്ധാന്തികനായ ബി.എസ്. മൂഞ്ജേയാണ് സ്കൂൾ സ്ഥാപിച്ചത്. 2006-ലെ നന്ദേഡ് ബോംബ് സ്‌ഫോടനം, 2008-ലെ മാലേഗാവ് സ്‌ഫോടനങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ, സ്‌ഫോടന പ്രതികൾക്ക് പരിശീലനം ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഭോൺസാല മിലിട്ടറി സ്‌കൂളിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം നടത്തിയിരുന്നു.

ബിഎംഎസ് പോലെ തന്നെ, ഹിന്ദുത്വ കലാപകാരികൾ സ്ഥാപിച്ച മറ്റ് നിരവധി ഹിന്ദു മത ട്രസ്റ്റുകൾക്ക്, അവരുടെ നിലവിലുള്ള സജ്ജീകരണത്തിൽ സൈനിക് സ്‌കൂളുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ ഹിന്ദുത്വ നേതാവ് സാധ്വി ഋതംഭരയുടെ മുകളിൽ സൂചിപ്പിച്ച രണ്ട് സ്കൂളുകളും ഉൾപ്പെടുന്നു.

1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച ഋതംഭരയുടെ കുപ്രസിദ്ധമായ പ്രസംഗങ്ങൾക്ക് “മുസ്‌ലിം വിരുദ്ധ അക്രമങ്ങൾ അഴിച്ചുവിടാനുള്ള ഏറ്റവും ശക്തമായ ഉപകരണം” എന്ന് വിശേഷിപ്പിച്ചു. അയോധ്യയിലെ ബാബറി മസ്ജിദ് തകർച്ചയെ കുറിച്ച് അന്വേഷിച്ച ലിബർഹാൻ കമ്മീഷൻ, ഋതംഭര ഉൾപ്പെടെ 68 പേർ രാജ്യത്തെ സാമുദായിക സംഘർഷത്തിൻ്റെ വക്കിലേക്ക് നയിച്ചുവെന്ന് ആരോപണം വന്നിരുന്നു. അവർ സംഘപരിവാറിനുള്ളിലും നിരവധി ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 2023 ഡിസംബറിൽ അവരുടെ ജന്മദിനത്തിൽ വൃന്ദാവനിലേക്ക് പോയി. ജനുവരിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  പെൺകുട്ടികൾക്കു വേണ്ടിയുള്ള സംവിദ് ഗുരുകുലം  സൈനിക് സ്‌കൂൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, രാമക്ഷേത്ര പ്രസ്ഥാനത്തിലെ നിർണായക പങ്കിനെ സിംഗ് ഋതംഭരയെ അഭിനന്ദിച്ചു. രാമക്ഷേത്ര പ്രസ്ഥാനത്തിൽ ദീദി മാ [ഋതംഭര] ഒരു പ്രധാന സംഭാവന നൽകി. അവൾ സമൂഹത്തെ തൻ്റെ കുടുംബമായി കണക്കാക്കുന്നു,” സിംഗ് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് പറഞ്ഞു.

ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള കേസരി ദേവി ലോഹ്യ ജയറാം പബ്ലിക് സ്കൂൾ ഹിന്ദു സന്യാസിമാരുടെ സമൂഹമായ ഭാരത് സാധു സമാജിൻ്റെ (ബിഎസ്എസ്) ദേശീയ വൈസ് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. സൈനിക് സ്‌കൂൾ അഫിലിയേഷൻ ലഭിച്ച ഗുജറാത്തിലെ ജുനാഗഡ് ബ്രഹ്മാനന്ദ് വിദ്യാ മന്ദിർ, ഭഗവതിനന്ദ്ജി എജ്യുക്കേഷൻ ട്രസ്റ്റാണ് നടത്തുന്നത്, അതിൻ്റെ മാനേജിംഗ് ട്രസ്റ്റി – മുക്താനന്ദ് ‘ബാപ്പു’ – 2019 മുതൽ ഭാരത് സാധു സമാജിൻ്റെ (ബിഎസ്എസ്) പ്രസിഡൻ്റുമാണ്.

എട്ടാം നൂറ്റാണ്ടിലെ ഹിന്ദു തത്ത്വചിന്തകനും പണ്ഡിതനുമായ ആദിശങ്കരൻ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സനാതൻ ഹിന്ദു മഠമായ ശൃംഗേരി ശാരദാപീഠത്തിൻ്റെ ഒരു യൂണിറ്റായ ആദിശങ്കര ട്രസ്റ്റാണ് എറണാകുളത്തെ ശ്രീ ശാരദാ വിദ്യാലയം നടത്തുന്നത്. പ്രതിരോധ മന്ത്രാലയത്തിനും സൈനിക് സ്കൂൾ സൊസൈറ്റിക്കും കളക്ടീവ് വിശദമായ അന്വേഷണങ്ങൾ അയച്ചു. ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിട്ടും ഇരുവരിൽ നിന്നും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. പരമശക്തി പീഠത്തിൻ്റെ സ്ഥാപക സാധ്വി ഋതംഭരയുമായും അതിൻ്റെ ജനറൽ സെക്രട്ടറി സഞ്ജയ് ഗുപ്തയുമായും കൂടിക്കാഴ്ച നടത്താനുള്ള അഭ്യർത്ഥനയ്ക്കും ഉത്തരം ലഭിച്ചില്ല.

 

Share on

മറ്റുവാര്‍ത്തകള്‍