UPDATES

മണിപ്പൂര്‍ കലാപം: മയക്കുമരുന്ന്, ആയുധ, രാഷ്ട്രീയ സംഘങ്ങളുടെ കഥ

മണിപ്പൂര്‍ കലാപത്തിന് പിന്നിലെ അന്വേഷണാത്മക വെളിപ്പെടുത്തലുകള്‍- ഭാഗം 2

                       

മണിപ്പൂര്‍ കലാപത്തിന് പിന്നിലെ അന്വേഷണാത്മക വെളിപ്പെടുത്തലുകള്‍ ഉള്‍ക്കൊള്ളുന്ന ഈ റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം;  മണിപ്പൂര്‍ കലാപം: അസം റൈഫിള്‍സ് റിപ്പോര്‍ട്ടില്‍ ബിജെപി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

അധ്യാപകനും 58കാരനുമായ രതന്‍ കുമാന്‍ സിംഗ് താന്‍ വിപ്ലവകാരികളെന്ന് ഇപ്പോള്‍ വിശേഷിപ്പിക്കുന്ന സായുധ പോരാളികളെ കാണുന്നതില്‍ എന്നെങ്കിലും സന്തോഷിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം മെയ് 28ന് മണിപ്പൂരിലെ സുഗ്ണു എന്ന തന്റെ പട്ടണത്തിലേക്ക് അദ്ദേഹം തന്നെ അവരെ ക്ഷണിച്ചു.

പക്ഷേ മെയ് മൂന്ന് മുതല്‍ ഏകദേശം മൂന്ന് ആഴ്ചയോളം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട മെയ്ത്തേയ് വിഭാഗക്കാരും കുക്കി-സോ ഗോത്ര വിഭാഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ അതിലൂടെ ഈ ചെറിയ പട്ടണത്തിന് സാധിച്ചു. എന്നാല്‍ അതിന് മുമ്പ് കുന്നുകളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് കുക്കി-സോ വിഭാഗക്കാരുടെ നിയന്ത്രണത്തിലുള്ള ക്യാമ്പുകളൊന്നില്‍ നിന്നും ഒരു ദിവസം ചീറിപ്പാഞ്ഞ് വന്ന വെടിയുണ്ടയില്‍ 12 ജീവനുകളാണ് നഷ്ടപ്പെട്ടത്.

‘അതിന് ശേഷം അവര്‍ ഞങ്ങളുടെ വീടുകള്‍ക്ക് തീയിട്ടു. പോലീസും സാധാരണക്കാരായ വൊളന്റിയര്‍മാരും ഉള്‍പ്പെടുന്ന ഞങ്ങളുടെ സുരക്ഷാ വിഭാഗം തിരിച്ച് വെടിവയ്ക്കുകയും ചെയ്തു. വിപ്ലവകാരികള്‍ വന്നപ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് എതിരാളികളെ വിജയിക്കാന്‍ സാധിച്ചത്.’ അദ്ദേഹം അല്‍ജസീറയോട് പറഞ്ഞു.

‘ഞങ്ങള്‍ തോക്കുകൊണ്ടുള്ള അക്രമങ്ങള്‍ക്ക് എതിരാണ്. എന്നാല്‍ ആ ദിവസം വിപ്ലവകാരികളും മെയ്ത്തേയ് വൊളന്റിയര്‍മാരും എത്തിച്ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ സന്തോഷം കൊണ്ട് കരഞ്ഞുപോയി. കാരണം, ഇനി ഞങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.’

രതന്‍ കുമാന്‍ സിംഗ്

സുഗ്ണുവിനെ സംരക്ഷിക്കാന്‍ വന്ന കലാപകാരികള്‍ അദ്ദേഹത്തെപ്പോലെ മെയ്ത്തേയ് വംശജരായിരുന്നു. പതിനൊന്ന് മാസത്തെ കലാപത്തില്‍ 219 പേര്‍ കൊല്ലപ്പെടുകയും 1,100 പേര്‍ക്ക് പരിക്കേല്‍ക്കുകയും 60,000ലേറെ പേര്‍ പലായനം ചെയ്യുകയും സംസ്ഥാനത്തെ വംശീയ അതിര്‍ത്തി ഉപയോഗിച്ച് വിഭജിക്കുകയും ചെയ്തു. ഫെഡറല്‍ സര്‍ക്കാരിന്റെയും സംസ്ഥാനത്തിന്റെയും 60,000ലേറെ വരുന്ന സായുധസേന കലാപം അവസാനിപ്പിക്കുന്നതില്‍ ഇപ്പോഴും പരാജയപ്പെടുമ്പോഴും പ്രാദേശിക നിയന്ത്രണം നേടിയെടുക്കാന്‍ സായുധസംഘങ്ങള്‍ അത്യാധുനിക ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി പോരാടുന്നു.

ഓരോ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുമ്പോള്‍ രണ്ട് വര്‍ഷം മുമ്പ് ബി.ജെ.പി മുഖ്യമന്ത്രിയും ഒരു മെയ്ത്തേയ് വിഭാഗക്കാരനുമായ എന്‍ ബൈരേണ്‍ സിംഗിന്റെ ഉപതെരഞ്ഞെടുപ്പ് റാലിയില്‍ ഭിന്നതകള്‍ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പാണ് ലംഘിക്കപ്പെടുന്നത്.

‘ഉപരോധ സംസ്ഥാനത്തില്‍ നിന്നും മണിപ്പൂര്‍ അന്താരാഷ്ട്ര വ്യാപരത്തിന്റെ കണ്ണിയായി മാറാനൊരുങ്ങുകയാണ്. കുന്നിനും താഴ്വരയ്ക്കുമിടയിലുള്ള ഭിന്നതകള്‍ പരിഹരിക്കുന്നതിന് ഞങ്ങളുടെ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.’ അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

മലയോരത്ത് താമസിക്കുന്ന കുക്കി വിഭാഗക്കാരും അവരെക്കാള്‍ സമ്പന്നരും തലസ്ഥാനമായ ഇംഫാലിലും ചെറിയ താഴ്വരകളിലും ജീവിക്കുകയും ചെയ്യുന്ന ഭൂരിപക്ഷമായ മെയ്ത്തേയ് വിഭാഗക്കാരും ഉള്‍പ്പെടെയുള്ള ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ചരിത്രപരമായി നിലനില്‍ക്കുന്ന വിവേചനത്തെക്കുറിച്ചാണ് മോദി പരാമര്‍ശിച്ചത്. സിംഗിന്റെ നയങ്ങള്‍ മലയോര, താഴ്വര സമൂഹങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന സമുദായങ്ങള്‍ക്കിടയില്‍ സംയോജിത ബന്ധം വളര്‍ത്തിയെടുക്കുമെന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത്.

അക്കാലത്ത് അത് പ്രാവര്‍ത്തികമായി. കുന്നിന്റെ പലഭാഗങ്ങളിലും സാധാരണക്കാരും ചില കുക്കി-സോ വിമത വിഭാഗങ്ങളും സിംഗിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി. ഗോത്ര സമുദായത്തിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ ബി.ജെ.പി ടിക്കറ്റിനായി അണിനിരക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ബി.ജെ.പി തൂത്തുവാരി. 2022ല്‍ ആരംഭിച്ച രണ്ടാം ബി.ജെ.പി സര്‍ക്കാരിന് കുക്കി-സോ സ്വാധീന മലയോര നിയമസഭാ മണ്ഡലങ്ങളില്‍ പത്തില്‍ അ്ഞ്ച് സീറ്റ് നേടാനും സാധിച്ചു. ജനതാദള്‍ യുണൈറ്റഡ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച രണ്ട് എം.എല്‍.എമാര്‍ 2022 സെപ്തംബറില്‍ കൂറുമാറി ഭരണപക്ഷത്തെത്തിയതോടെ കുക്കി എം.എല്‍.എമാരുടെ എണ്ണം ഏഴായി. ഇതില്‍ രണ്ട് പേര്‍ മന്ത്രിമാരുമായി.

എന്നാല്‍ രണ്ട് വര്‍ഷത്തിനിപ്പുറം കുക്കി, മെയ്ത്തേയ് വിഭാഗങ്ങള്‍ തമ്മില്‍ വംശീയ കലാപത്തിലേര്‍പ്പെടുകയും 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വംശീയ കലാപത്തിന് രാജ്യം സാക്ഷിയാകുകയും ചെയ്യുമ്പോള്‍ മോദിയുടെയും സിംഗിന്റെയും അവകാശവാദങ്ങള്‍ പാഴായിരിക്കുകയാണ്.

പതിനൊന്ന് മാസം കൊണ്ട് കലാപം എങ്ങനെ ശക്തമായെന്നും വംശീയ സായുധസംഘങ്ങള്‍ പുനരുജ്ജീവിക്കപ്പെട്ടുവെന്നും ഈ പരമ്പരയുടെ ആദ്യ ഭാഗത്ത് പറഞ്ഞത്. കലാപം ആളിക്കത്തിച്ചതായി അസം റൈഫിള്‍സ് പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ ലിസ്റ്റ് ചെയ്ത ചില ഘടകങ്ങളെക്കുറിച്ചും അതില്‍ വെളിപ്പെടുത്തിയിരുന്നു. മ്യാന്‍മാറില്‍ നിന്നും അനധികൃത കുടിയേറ്റം, കുക്കിലാന്‍ഡിനുള്ള ആവശ്യം, രാഷ്ട്രീയ സ്വെച്ഛാധിപത്യം, മുഖ്യമന്ത്രി ബൈരേണ്‍ സിംഗിന്റെ അതിമോഹം, മറ്റുള്ളവരുടെ മയക്കുമരുന്ന് വ്യാപാരത്തിനെതിരെ അദ്ദേഹത്തിന്റെ കടുത്ത നിലപാട് എന്നിവയാണ് ആ ഘടകങ്ങള്‍.

മയക്കുമരുന്ന് വ്യാപാരത്തിനെതിരായ യുദ്ധം ആദ്യം രാഷ്ട്രീയ സാഹചര്യത്തിലും പിന്നീട് മണിപ്പൂരിലെ കലാപം ആളിക്കത്തിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചു. മയക്കുമരുന്ന് വ്യാപാരവും അതിന് പിന്നിലെ രാഷ്ട്രീയവും മണിപ്പൂരിനെ എങ്ങനെ പിടിച്ചുകുലുക്കിയെന്ന് പരമ്പരയുടെ ഈ അവസാന ഭാഗത്ത് അന്വേഷിക്കുന്നു.

മയക്കുമരുന്നിനെതിരായ യുദ്ധം

2018ല്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോഴാണ് ബൈരേണ്‍ സിംഗ് മയക്കുമരുന്ന് വ്യാപാരത്തിനെതിരായ തന്റെ യുദ്ധം പ്രഖ്യാപിക്കുന്നത്.

‘മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്ക് സമീപം ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമിയില്‍ പോപ്പി കൃഷി നടത്തുന്നുണ്ട്.’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദരിദ്ര സാഹചര്യവും തൊഴിലവസരങ്ങളുടെ അപര്യാപ്തതയും മയക്കുമരുന്നുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും സംസ്ഥാനത്ത് ലഹരി ആസക്തരുടെ എണ്ണം വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

അദ്ദേഹം പറഞ്ഞത് തെറ്റായിരുന്നില്ല. ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ തെക്കുകിഴക്കന്‍ ഏഷ്യയിലെ കുപ്രസിദ്ധമായ സുവര്‍ണ്ണ ത്രികോണത്തോട് ചേര്‍ന്നാണ് മണിപ്പൂര്‍ സ്ഥിതിചെയ്യുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം നിര്‍വ്വചിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് ഇടനാഴിയാണ് ഈ മേഖല എന്നാണ്. ഏഷ്യാ, പസഫിക് മേഖലയാകെ ഹെറോയിന്‍, കറുപ്പ്, മെത്താംഫെറ്റാമൈന്‍ പോലുള്ള സിന്തറ്റിക് മരുന്നുകള്‍ എന്നിവ എത്തിച്ചേരുന്നത് ഇവിടെ നിന്നാണെന്നും ഐക്യരാഷ്ട്ര സംഘടന പറയുന്നു.

മണിപ്പൂരിലേക്കുള്ള മയക്കുമരുന്ന് കച്ചവടത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ‘കഴിഞ്ഞ പതിനഞ്ച് വര്‍ഷമായാണ് മണിപ്പൂരില്‍ മയക്കുമരുന്ന് കച്ചവടം പിടിമുറുക്കിയത്. അടുത്തിടെ അമേരിക്കയും മറ്റ് പശ്ചാത്യരാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും മ്യാന്‍മാറിനെയും സുവര്‍ണ്ണ ത്രികോണത്തെയും നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു’ 2017ല്‍ വിരമിച്ച മെയ്ത്തേയ് വിഭാഗക്കാരന്‍് കൂടിയായ ലഫ്റ്റനന്റ് ജനറല്‍ കൊന്‍സാം ഹിമാലയ് സിംഗ് എന്നോട് പറഞ്ഞു. ‘അതിന്റെ ഫലമായി സുവര്‍ണ്ണ ത്രികോണം പടിഞ്ഞാറോട്ട് അതായത് മണിപ്പൂരിലേക്ക് വ്യാപിച്ചു. എളുപ്പത്തില്‍ പണം കണ്ടെത്താമെന്നതിനാല്‍ സായുധസംഘങ്ങളാണ് ഇത് നിയന്ത്രിച്ചതും വേഗതയിലാക്കിയതും.’ മണിപ്പൂരില്‍ ക്രമാധീതമായി വര്‍ധിക്കുകയും തുറന്നുകിടക്കുന്ന മ്യാന്മാര്‍ അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കുക്കി, മെയ്ത്തെയ് സായുധ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സായുധ വിമത സംഘങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

വിവിധ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മയക്കുമരുന്ന് വ്യാപാരം വര്‍ധിച്ചു.
’90കളിലും 80കളിലും മയക്കുമരുന്ന് വില്‍ക്കുന്ന ഏതാനും ചില കേന്ദ്രങ്ങള്‍ മാത്രമാണ് മണിപ്പൂരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് സംസ്ഥാനത്ത് എല്ലായിടത്തും കാണാം.’ മയക്കുമരുന്നിനും മദ്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന 18 പൊതുസമൂഹങ്ങളുടെ ഐക്യമായ 3.5 കളക്ടീവിന്റെ സഹകണ്‍വീനര്‍ മെയ്ബാം ജോഗേഷ് പറഞ്ഞു.

2006 മുതല്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ മണിപ്പൂരിലെ കുന്നുകളില്‍ നിന്നും പോപ്പി കൃഷി കണ്ടെത്തുന്നുണ്ടെന്നും സംസ്ഥാനത്തെ മയക്കുമരുന്ന് ഇരകളുടെ ഏറ്റവും പഴക്കമേറിയ സംഘടനയായ യൂസേഴ്സ് സൊസൈറ്റി ഫോര്‍ എഫക്ടീവ് റെസ്പോണ്‍സിന്റെ നേതാവ് കൂടിയായ ജോഗേഷ് പറഞ്ഞു.

‘ഇംഫാല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ ആറേഴ് വര്‍ഷമായി ഉല്‍പ്പാദന യൂണിറ്റുകളും കണ്ടുവരുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു. പ്രാദേശികമായി നിര്‍മ്മിക്കുന്ന തും മൊറോക്-മെയ്ത്തേയ് ഭാഷയില്‍ ഉപ്പും മുളകും- മ്യാന്‍മാറില്‍ നിര്‍മ്മിക്കുന്ന നാലാം തരം ഹെറോയിന് പകരം വയ്ക്കാവുന്നവയാണ്.

‘ഡിസംബര്‍ പകുതിയില്‍ തും മൊറോക് ഒരു ഗ്രാമിന് 500 രൂപയായിരുന്നു വില. എന്നാല്‍ ഇരുപത് വര്‍ഷം മുമ്പ് നാലാം തരം ഹെറോയിന് ഗ്രാമിന് 1200 രൂപയായിരുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഫലമായി മയക്കുമരുന്ന് ഉപയോക്താക്കളുടെ എണ്ണവും ക്രമാധീതമായി വര്‍ധിച്ചു.

കുന്നില്‍ കൃഷി നടക്കുന്നുണ്ട്. പ്രത്യേകിച്ചും കുന്നിന്‍ പ്രദേശങ്ങളോട് ചേര്‍ന്നുള്ള തൗബാല്‍, ബിഷ്ണുപുര്‍ ജില്ലകളിലെ താഴ്വരകളില്‍ ഇപ്പോള്‍ ധാരാളം സംസ്‌കരണ കേന്ദ്രങ്ങളും പൊങ്ങിവന്നിട്ടുണ്ട്.’എന്ന് 2023ല്‍ ജൂണില്‍ അന്നത്തെ മണിപ്പൂര്‍ നര്‍ക്കോട്ടിക്സ് ആന്‍ഡ് ബോര്‍ഡര്‍ അഫയേഴ്സ് വിഭാഗം പോലീസ് സൂപ്രണ്ടും ഇപ്പോഴത്തെ ബിഷ്ണുപുര്‍ ജില്ലാ പോലീസ് മേധാവിയുമായ കെ. മേഘചന്ദ്ര എന്നോട് പറഞ്ഞിരുന്നു. ‘ബ്രൗണ്‍ഷുഗറിന്റെ സംസ്‌കരണ കേന്ദ്രങ്ങള്‍ പ്രധാനമായും മുസ്ലിം പ്രദേശങ്ങളിലാണ്.’ അദ്ദേഹം പറഞ്ഞു. ‘ഇംഫാലില്‍ മെയ്ത്തേയ്കളാണ് കടത്തുന്നത്.’ അദ്ദേഹം വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 2017 മുതല്‍ മയക്കുമരുന്ന് കേസുകളില്‍ 2,518 അറസ്റ്റുകള്‍ നടന്നിട്ടുണ്ട്. ഇതില്‍ 873 കുക്കി-ചിന്‍ വിഭാഗക്കാരും 1,083 മുസ്ലിങ്ങളും 381 മെയ്ത്തേയ്കളും 181 മറ്റുള്ളവരുമാണ് ഉള്‍പ്പെട്ടത്.

ആ മാസം കുക്കി-സോ വിഭാഗക്കാര്‍ സ്വാധീനമുള്ള ചുരാചന്ദ്പുര്‍ ജില്ലയിലെ ഒരു കോണിലുള്ള ഒരു കുടിലില്‍ വച്ച് ഞാന്‍ ഏതാനും പോപ്പി കര്‍ഷകരെ പരിചയപ്പെട്ടു.

‘2014ല്‍ ഒരു കിലോ മുളകിന് 50 മുതല്‍ 60 രൂപ വരെയായപ്പോള്‍ വേറെ നിവര്‍ത്തിയില്ലാത്തതിനാലാണ് ഞാന്‍ ഒപ്പിയം കൃഷിയിലേക്ക് തിരിഞ്ഞത്. ജീവിതച്ചെലവ് വര്‍ധിച്ചു. എനിക്ക് ഏഴ് മക്കളാണ്.’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കര്‍ഷകന്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം 700 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് ഇന്ന് മയക്കുമരുന്ന് വിപണിയില്‍ നടക്കുന്നത്. എന്നാല്‍ ഇതിന്റെ അഞ്ച് ശതമാനം മാത്രം വരുന്ന 20 ലക്ഷം കോടി മുതല്‍ 25 ലക്ഷം കോടി രൂപ വരെയുള്ള വ്യാപാരം മാത്രമാണ് തടയപ്പെടുന്നതെന്ന് ലഫ്റ്റനന്റ് ജനറല്‍ കൊന്‍സായ് ഹിമാലയ് സിംഗ് പറഞ്ഞു.

സര്‍ക്കാര്‍ ഇതിന്റെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിടാത്തതിനാല്‍ അല്‍ജസീറയ്ക്ക് ഈ കണക്കുകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ മണിപ്പൂരില്‍ രണ്ടര വര്‍ഷം കൊണ്ട് 20 ലക്ഷം കോടി രൂപയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതായും രണ്ട് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതായും സര്‍ക്കാര്‍ 2020ല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2.72 ദശലക്ഷം ജനസംഖ്യയും 400 ലക്ഷം കോടി രൂപയുടെ പ്രതിശീര്‍ഷ വരുമാനവുമുള്ള ഒരു ചെറിയ സംസ്ഥാനത്തെ സംബന്ധിച്ച് ഇതൊരു വലിയ തുകയാണ്. രാജ്യസഭയിലെ നക്ഷത്രചിഹ്നം ഇടാത്ത ഒരു ചോദ്യത്തിനുള്ള ഉത്തരമനുസരിച്ച് 2021ലും 2022ലുമായി രാജ്യത്ത് 1,728 കിലോ ഹെറോയിന്‍ പിടിച്ചെടുത്തിട്ടുണ്ട്. 2021ല്‍ യു.എന്‍.ഒ.ഡി.സിയുടെ കണക്കനുസരിച്ച് ഹെറോയിന്റെ ഇതിന്റെ മൂല്യം 213.24 ദശലക്ഷം ഡോളര്‍ വരും.

മുഖ്യമന്ത്രി മയക്ക് മരുന്ന് വ്യാപാരത്തിനെതിരായ യുദ്ധം പ്രഖ്യാപിച്ച് അഞ്ച് മാസത്തിന് ശേഷം മണിപ്പൂര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും കുക്കി-സോ വിഭാഗത്തിലെ ഒരു മയക്കുമരുന്ന് രാജാവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നു. ആരോപണം ഉന്നയിച്ച നര്‍ക്കോര്‍ട്ടിക്സ് ആന്‍ഡ് അഫയേഴ്സ് ഓഫ് ബോര്‍ഡര്‍ ബ്യൂറോയുടെ ചുമതലയുള്ള പോലീസ് സൂപ്രണ്ട് തനൂജം ബ്രിന്ദ പിന്നീട് രാജിവച്ചു.

തനൂജം ബ്രിന്ദ

മണുപ്പൂര്‍ ഹൈക്കോടതിയില്‍ അവര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിന്റെ മുന്‍മേധാവിയും ബി.ജെ.പി നേതാവും മയക്കുമരുന്ന് രാജാവുമായ ലുക്കോസേയി സൂവുവിനെതിരായ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തി.

സൂവുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി 4.595 കിലോ ഹെറോയിന്‍ പൗഡറും 2,80,200 യാബാ ടാബ്ലറ്റുകളും(മെതാംഫെറ്റാമിന്‍) പിടിച്ചെടുത്തതിന്റെ പിറ്റേദിവസം രാവിലെ തനിക്ക് മണിപ്പൂര്‍ ബി.ജെ.പി വൈസ് പ്രസിഡന്റ് അസ്നികുമാര്‍ മൗറിംഗ്തത്തിന്റെ ഫോണ്‍ വന്നതായും അല്‍ജസീറയ്ക്ക് ലഭിച്ച അവരുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

‘അറസ്റ്റിലായ എ.ഡി.സി ചെയര്‍മാന്‍ ചന്ദലില്‍ മുഖ്യമന്ത്രിയുടെ രണ്ടാം ഭാര്യ ഒലീസിന്റെ (എസ്.എസ് ഒലിഷ്) വലംകൈയാണെന്നും അറസ്റ്റില്‍ ഒലീസിന് ദേഷ്യമുണ്ടെന്നുമാണ് അ്ദ്ദേഹം എന്നോട് പറഞ്ഞത്.’ അവര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അറസ്റ്റിലായ എ.ഡി.സി ചെയര്‍മാനെ വിട്ടയയ്ക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതായും അദ്ദേഹം എന്നോട് പറഞ്ഞു.

ജാമ്യത്തിലിറങ്ങിയ സൂവുവിനെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. ബ്രിന്ദയുടെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്ന എല്ലാവരും മയക്കുമരുന്ന് വ്യാപാരത്തില്‍ തങ്ങള്‍ക്കുള്ള പങ്ക് കോടതി മുമ്പാകെയും പിന്നീട് പൊതുപ്രസ്താവനയിലൂടെയും നിഷേധിച്ചു. ഇവരിലാരും ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെട്ടതുമില്ല.

എസ്.എസ് ഒലിഷിനെക്കുറിച്ചും അസ്നികുമാര്‍ മൗറിംഗ്തത്തെക്കുറിച്ചും റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.

ചെറുകിട കച്ചവടക്കാരെ കുരുക്കുന്ന സര്‍ക്കാര്‍ രാഷ്ട്രീയ ബന്ധമുള്ള മയക്കുമരുന്ന് രാജാക്കന്മാര്‍ക്കും അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബൃന്ദ തന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുത്ത കുക്കി സ്വാധീനമുള്ള മലനിരകളും മണിപ്പൂരിലെ മറ്റ് മലയോര പ്രദേശങ്ങളും മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് സംസ്ഥാനങ്ങളും മയക്കുമരുന്ന് കടത്താനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്നതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

‘രാഷ്ട്രീയ രക്ഷകര്‍ത്വത്തോടെ മാത്രമേ ഇത്ര അളവില്‍ വ്യാപാരം നടത്താനാകുകയുള്ളൂ. മണിപ്പൂരില്‍ രാഷ്ട്രീയക്കാരും, വ്യാപാരികളും വിമത സംഘങ്ങളും ഈ വ്യാപാരത്തിന്റെ ഭാഗമാണ്.’ രഹസ്യാന്വേഷണത്തില്‍ പ്രസിദ്ധനായിരുന്ന ഒരു മുന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു.

അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഏറ്റവും വലിയ സാന്നിധ്യമുള്ള സംസ്ഥാനമാണ് മണിപ്പൂര്‍ എന്നതാണ് ഇതിലെ വൈരുദ്ധ്യം.

മയക്കുമരുന്ന് വ്യാപാരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ശരിയാണോയെന്ന് ചോദിച്ചപ്പോള്‍ ‘എനിക്ക് ആരെയും പേരെടുത്ത് പറയാനാകില്ല’ എന്നായിരുന്നു ലഫ്റ്റനന്റ് ജനറല്‍ ഹിമാലയ് സിംഗിന്റെ മറുപടി.

ഇന്തോ-മ്യാന്‍മാര്‍ അതിര്‍ത്തിയായ മോറെ

ഇന്തോ-മ്യാന്‍മാര്‍ അതിര്‍ത്തിയായ മോറെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കള്ളക്കടത്ത്, കൊള്ള എന്നിവ നടക്കുന്ന പ്രധാന കേന്ദ്രമാണെന്ന് മുന്‍ഉന്നത പോലീസ് ഉദ്യോഗസ്ഥനും അറിയിച്ചു.

അല്‍ജസീറയ്ക്ക് ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല. പക്ഷേ 2022ല്‍ ഏകദേശം 200 ലക്ഷം കോടി രൂപ വിലവരുന്ന നിരോധിച്ച യാബ ടാബ്ലറ്റുകളുമായി ഒരു മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥനും അസം റൈഫിള്‍സ് സൈനികനും ഗുവഹത്തിയില്‍ അറസ്റ്റിലായിരുന്നു. അന്നത്തെ വാര്‍ത്തകള്‍ അനുസരിച്ച് മോറെയില്‍ നിന്നാണ് ഇത് കടത്തിയതെന്ന് വ്യക്തമാണ്.

മയക്കുമരുന്ന് വ്യാപാരത്തിലെ ഏതെങ്കിലും അസന്തുലിതാവസ്ഥ പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും മണിപ്പൂര്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള അസം റൈഫിള്‍സിന്റെ പവര്‍ പോയിന്റ് പ്രസന്റേഷന്റെ അടിസ്ഥാനത്തില്‍ കലാപത്തിന്റെ പെട്ടെന്നുള്ള കാരണങ്ങളിലൊന്നായി അതിനെ കണക്കാക്കുന്നു.

സത്യത്തില്‍ ഡിസംബര്‍ അവസാനം മുതല്‍ കുക്കി-സോ, മെയ്ത്തേയ് പോരാട്ടത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രമായി മോറെ മാറിയിരിക്കുകയാണ്. മെയ് 17ന് മണിപ്പൂര്‍ പോലീസും കുക്കി പോരാളികളും തമ്മില്‍ 20 മണിക്കൂര്‍ നീണ്ട പോരാട്ടത്തോടെ ഇത് ഗുരുതരമായ വഴിത്തിരിവായി.

ഫെബ്രുവരിയില്‍ പതിനാറ് കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് വിസയില്ലാതെ പാസ് ഉപയോഗിച്ച് അതിര്‍ത്തി കടക്കാവുന്ന ഇന്തോ-മ്യാന്‍മാര്‍ ഫ്രീ മൂവ്മെന്റ് റീജിം(എഫ്.എം.ആര്‍) ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിനെ പ്രാദേശിക കുക്കി-സോ, നാഗ സംഘങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടയിലും മയക്കുമരുന്ന് വ്യാപരത്തിനെതിരായ യുദ്ധം നടക്കുന്നുണ്ടെന്ന് 2022ല്‍ ബൈറേണ്‍ സിംഗ് അവകാശപ്പെട്ടു. 2022 ജനുവരിയില്‍ സമൂഹമാധ്യമമായ എക്സില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ 110 ഏക്കര്‍ പോപ്പി കൃഷി നശിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പോപ്പി തോട്ടങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഫെബ്രുവരിയിലും മുഖ്യമന്ത്രി വീണ്ടും പറഞ്ഞു.

കലാപം പൊട്ടിപ്പുറപ്പെട്ട 2023 മെയില്‍ ചില മെയ്ത്തേയ് സംഘടനകള്‍ മയക്കുമരുന്ന് വ്യാപാരത്തിന് സാമുദായിക നിറം നല്‍കുകയും കുക്കി സമുദായക്കാര്‍ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി ആരോപിക്കുകയും ചെയ്തു. സമൂഹമാധ്യമത്തില്‍ കുക്കി സമുദായത്തെ ആകമാനം നാര്‍ക്കോ ഭീകരര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഇതോടെ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍ കുക്കി, മെയ്ത്തേയ് വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു. അറംബായ് ടെങ്കോല്‍, മെയ്ത്തേയ് ലീപോണ്‍ തുടങ്ങിയ പുതിയ മെയ്ത്തേയ് സായുധ സംഘങ്ങളെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി വര്‍ഗ്ഗീയത വളര്‍ത്തുകയാണെന്നും തങ്ങളുടെ സമുദായത്തെ ലക്ഷ്യമിടുകയാണെന്നും കുക്കി നേതാക്കള്‍ ആരോപിച്ചു.

കുക്കി സായുധ സംഘങ്ങളുടെ പ്രത്യക്ഷ പിന്തുണയോടെ 2022ല്‍ മുഖ്യമന്ത്രി എന്‍. ബൈറേണ്‍ സിംഗിനെ പിന്തുണച്ച എം.എല്‍.എമാരാണ് ഇവര്‍. ‘അവര്‍ ഗോത്രരാഷ്ട്രീയത്തിന്റെ ഭാഗമാണ്, ആര്‍ക്കെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അവരുടെ അനുഗ്രഹാശിസുകള്‍ ആവശ്യമാണ്. അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നതോടെ സായുധ സംഘങ്ങള്‍ക്ക് സര്‍ക്കാരുമായി മറ്റൊരു കരാര്‍ ലഭിക്കുന്നു.’ തന്റെ സുരക്ഷയെക്കരുതി പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത സംസ്ഥാനത്തെ ഒരു രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു.

വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഒരുകാലത്ത് മെയ്ത്തേയ് മുഖ്യമന്ത്രിയുമായി സഖ്യത്തിലായിരുന്ന കുക്കി സമുദായത്തിലെ വിമത സംഘങ്ങളും രാഷ്ട്രീയ നേതാക്കളും പ്രത്യക്ഷത്തില്‍ തന്നെ അദ്ദേഹത്തില്‍ നിന്നും അകന്നു.

ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വേലി കെട്ടി മണിപ്പൂരിലെ തദ്ദേശീയരെ രക്ഷിക്കുക, സ്വതന്ത്ര സഞ്ചാരം അവസാനിപ്പിക്കുക, ‘അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുക’ തുടങ്ങിയ ഇതുവരെ സംഘര്‍ഷ കാരണമായ മറ്റ് വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാനത്തെ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറയുന്നു.

പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള ആവശ്യം

വംശീയകലാപത്തിന് കാരണക്കാരനായി ബൈറേണ്‍ സിംഗിനെ കുറ്റപ്പെടുത്തുകയും ബി.ജെ.പിയിലെ കുക്കി നേതാക്കള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ നിന്നോ പാര്‍ട്ടിയില്‍ നിന്നോ രാജിവച്ചിട്ടില്ല.

പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഉന്നയിച്ച് കുക്കി-സോ വിഭാഗം നടത്തിയ പ്രതിഷേധം

സമുദായത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിക്കാന്‍ ഇക്കാലത്തിനിടെ നിരവധി കുക്കി-സോ പൗരസംഘങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കലാപത്തിന്റെ തുടക്കം മുതല്‍ ഈ സംഘങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് മണിപ്പൂരില്‍ നിന്നും വേര്‍പ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കുകയെന്നതാണ്. നിയമസഭയിലെ പത്ത് കുക്കി-സോ അംഗങ്ങളാണ് ഈ ആവശ്യം ആദ്യം മുന്നോട്ട് വച്ചത്. അവരില്‍ ഏഴ് പേര്‍ ബി.ജെ.പിയില്‍ നിന്നുള്ളവരാണ്.

‘നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാര്‍ ബൈറേണ്‍ സിംഗിന്റെ വിശദീകരണം മാത്രം കേട്ട് ഈ ആവശ്യത്തെ തള്ളിക്കളയുകയാണെന്നാണ് എനിക്ക് തോന്നുന്നത്.’ പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു കുക്കി-സോ എം.എല്‍.എ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കാനുള്ള ഉദ്ദേശമുണ്ടോയെന്ന ചോദ്യത്തിന് ‘ഞാന്‍ ഇന്ന് ബി.ജെ.പിയില്‍ നിന്നും രാജിവച്ചാല്‍ പാര്‍ട്ടി എന്നെ അയോഗ്യനായി പ്രഖ്യാപിക്കും.’ മാത്രമല്ല, ഭൂരിപക്ഷമുള്ള മണിപ്പൂരിലെ സര്‍ക്കാര്‍ ഏതാനും ബി.ജെ.പി എം.എല്‍.എമാര്‍ രാജിവച്ച് ഉപതെരഞ്ഞെടുപ്പ് നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ്ത്തേയ് സമുദായത്തിനും പ്രത്യേകിച്ചും ബൈറേണ്‍ സിംഗിനും എതിരായ ജനവികാരം കണക്കിലെടുത്താല്‍ മുഖ്യമന്ത്രി പിന്തുണയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് കുക്കി സ്വാധീന മലയോര പ്രദേശങ്ങളില്‍ ജയിക്കാന്‍ സാധിക്കില്ല.

എന്നാല്‍ എം.എല്‍.എ നല്‍കുന്ന സൂചന മറിച്ചാണ്. ‘ഞങ്ങളുടെ ആളുകള്‍ ഗോത്രവര്‍ഗ്ഗക്കാരായതിനാല്‍ ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കാനുള്ള ഒരു ദിവസം അവര്‍ക്ക് ലഭിക്കും. അതാണ് അവര്‍ക്ക് വേണ്ടതും അങ്ങനെയാണ് അവര്‍ ഇന്ത്യയില്‍ രാഷ്ട്രീയം കളിക്കുന്നതും.’

മണിപ്പൂര്‍ രാഷ്ട്രീയത്തിലെ അടരുകളും രാഷ്ട്രീയ വരേണ്യവര്‍ഗവും വംശീയ വിഭജനത്തിലുള്ള അവരുടെ താല്‍പര്യങ്ങളും തമ്മിലുള്ള ബന്ധവും രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ ലളിതമാക്കി ചിത്രീകരിച്ച് തള്ളിക്കളയുന്നു.

തോക്കേന്തിയ ചെറുപ്പക്കാരും വൃദ്ധരുമായ മനുഷ്യര്‍ അയല്‍പക്കത്തെ കുക്കി, മെയ്ത്തേയ് ഗ്രാമങ്ങളില്‍ നിന്നും തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കുന്നു. ഏതാനും ദിവസങ്ങള്‍ കൂടുമ്പോള്‍ അവിടെനിന്നും വെടിവയ്പ്പിന്റെയും കൊലപാതകങ്ങളുടെയും വാര്‍ത്തകള്‍ പുറത്തുവരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണത്തിന് പ്രശസ്തനായ ഒരു മുന്‍പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് ‘ഇത്തരത്തിലുള്ള അക്രമങ്ങള്‍ കുറയുന്നത് കൂടുതല്‍ അപകടകരമാണ്. ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും പരിശീലനം നല്‍കുകയും ചെയ്യുന്നതിന്റെ സൂചനകളാണ് അവ.’ ഈ ആക്രമണങ്ങള്‍ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തെ എങ്ങനെയാണ് സഹായിക്കുന്നതെന്ന ചോദ്യത്തിന് ‘അസ്ഥിരതയുടെ കാലത്ത് ട്രാന്‍സ്ഷിപ്പ്മെന്റും പലായനവും കൂടുതല്‍ സജീവമാകുമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

‘മെയ്ത്തേയ്കള്‍ക്ക് കുന്നിലേക്ക് പോകാനാകില്ല, കുക്കികള്‍ക്ക് താഴ്വരയിലേക്ക് ഇറങ്ങിവരാനും ആകില്ല. എന്നാല്‍ മയക്കുമരുന്നിന് ഇപ്പോഴും എവിടെയും പോകാനാകും.’ 3.5 കളക്ടീവിന്റെ ജോഗേഷ് പറഞ്ഞു.

റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ ഈ അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് രൂപം പ്രസിദ്ധീകരിച്ചിരിക്കുന്നത് അല്‍-ജസീറയാണ്.

Share on

മറ്റുവാര്‍ത്തകള്‍