പെരുപ്പിച്ചു വിറ്റ ഉത്പന്നമായ നരേന്ദ്ര മോദിയെ പോലൊരു ബ്രാന്‍ഡ് ആയി മാറാന്‍ രാഹുല്‍ ഗാന്ധിക്കു സാധ്യതകള്‍ നിലനിന്നിരുന്നു. ഒരര്‍ത്ഥത്തില്‍ ശരിയായ രീതിയില്‍ വില്‍ക്കപ്പെട്ടിട്ടില്ലാത്ത ഒരു ഉല്‍പ്പന്നമാണ് രാഹുല്‍. വില്‍ക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല, അദ്ദേഹത്തിന് സ്വയമേവയുമായില്ല. മറുവശത്ത് ബിജെപിയും സംഘപരിവാറും രാഹുലെന്ന ബ്രാന്‍ഡിനെ ജനകീയ കമ്പോളത്തില്‍ വിലയിടിച്ചുകൊണ്ടേയിരുന്നു.
ഗാന്ധികുടുംബത്തില്‍ പിറന്നതുകൊണ്ടുമാത്രം നേതാവാകാനുള്ള അവകാശം ലഭിച്ച മനുസുറപ്പില്ലാത്ത ‘പപ്പു’വായി രാഹുല്‍ തരംതാഴ്ത്തപ്പെട്ടു. താന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്നും രാഹുല്‍ ദുര്‍ബലനാണെന്നും ചിത്രീകരിക്കുന്ന തരത്തില്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായ മോദി അഴിച്ചുവിട്ട കൗശലപൂര്‍ണമായ ഒരു വിപണന തന്ത്രമായിരുന്നു അത്.
എന്നാല്‍ ഭംഗിയായി പൊതിഞ്ഞ് വില്‍ക്കാവുന്ന ഒരു ഉല്‍പ്പന്നമായിരുന്നു രാഹുല്‍(ആയിരുന്നുവെന്നു പറയണം). പൊതുവില്‍ കരുതപ്പെടുന്നതിനേക്കാള്‍ ആഴമുള്ള വ്യക്തിത്വമുണ്ടെന്ന് കരുതിയിരുന്നൊരാളായിരുന്നു രാഹുല്‍. മുന്‍കാലങ്ങളില്‍ അയാളതുപോലെ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. യുഎസ് സന്ദര്‍ശനവും പ്രവാസി ഇന്ത്യക്കാരുമായുള്ള സംവാദങ്ങളുമൊക്കെ ഓര്‍ക്കുക. അനുകമ്പയുടെയും നാനാത്വത്തിന്റെയും ഭരണഘടനയോടുള്ള പ്രതിബദ്ധതയും അടങ്ങുന്ന യഥാര്‍ത്ഥ ഇന്ത്യന്‍ മൂല്യങ്ങളെ മോദിയെക്കാള്‍ ഭംഗിയായി പ്രതിനിധാനം ചെയ്തത് രാഹുല്‍ ഗാന്ധിയായിരുന്നു. ആ നിലയില്‍ എളുപ്പത്തില്‍ വിപണനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു ഉല്‍പ്പന്നമായി രാഹുലിനെ ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് അണികളുടെ വന്യമായ സ്വപ്നങ്ങള്‍ക്കും മോദി ഭക്തരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് നാടകീയമായ രീതിയില്‍ രാഹുലിന്റെ രാഷ്ട്രീയരേഖ വളരുമെന്നു പ്രതീക്ഷിച്ചു.
പക്ഷേ, പ്രതീക്ഷിച്ചതുപോലെയൊന്നും നടന്നില്ല. ഇന്ന് മോദിക്കെതിരേ പ്രതിപക്ഷമുണ്ട്. അതിന്റെ നേതൃത്വത്തില്‍ രാഹുലിന് വലിയ പ്രസക്തിയില്ല. കാരണം, രാഹുല്‍ എന്ന ബ്രാന്‍ഡില്‍ സഖ്യനേതാക്കള്‍ക്ക് വിശ്വാസമില്ല. തന്നെ വളര്‍ത്താന്‍ രാഹുലിനും ആയില്ല, അദ്ദേഹത്തിന്റെ കുടുംബം നയിക്കുന്ന പാര്‍ട്ടിക്കുമായില്ല.
മോദി കാലം വന്നതോടെ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ക്കപ്പെടുകയാണുണ്ടായത്. തകര്‍ച്ചയുടെ കാരണം ആ പാര്‍ട്ടി തന്നെയായിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്, പാര്‍ട്ടി നേരിട്ട തിരിച്ചടികള്‍ക്കിടയില്‍ പറഞ്ഞൊരു കാര്യമുണ്ട്, ‘രാഹുല്‍ ഗാന്ധി ഇപ്പോഴും പക്വത കൈവരിച്ചിട്ടില്ല… പക്വത കൈവരിക്കാന്‍ അദ്ദേഹത്തിന്റെ പ്രായം അനുവദിക്കുന്നില്ല. തന്റെ നാല്‍പ്പതുകളിലാണ് അദ്ദേഹം. ദയവായി അദ്ദേഹത്തിന് അല്‍പം സമയം നല്‍കൂ’. രാഹുല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അമ്പതുകളിലാണ്. രാഷ്ട്രീയ പക്വത ഇപ്പോഴും അദ്ദേഹത്തിന് കൈവന്നോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഷീല ദീക്ഷിത് രാഹുലിന്റെ പക്വതയെക്കുറിച്ച് പറയുന്നത് ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. രാഹുലിന് 46 വയസുള്ളപ്പോള്‍.
ഇന്ത്യയിലും വിദേശത്തുമുള്ള ഇതിനെക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളുകള്‍ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ ലഭ്യമാണെന്നിരിക്കെ 46 വയസുള്ള ഒരാള്‍ക്ക് പക്വതയില്ലെന്ന് പരിഗണിക്കേണ്ടി വരുന്നത് വളരെ വിചിത്രമായ സംഗതിയാണ്. ഇന്ത്യയിലെ കാര്യം തന്നെ ഒന്ന് പരിശോധിക്കാം. 48 വയസുള്ളപ്പോഴാണ് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായത്. രാഹുലിന്റെ അച്ഛന്‍ 40-ാം വയസില്‍ പ്രധാനമന്ത്രിയായി. 43-ാം വയസിലാണ് ലോകത്തിലെ ഏറ്റവും ശക്തമായ പദവിയിലേക്ക് ജോണ്‍ എഫ് കെന്നഡി എത്തുന്നത്. ബറാക് ഒബാമ 47-ാം വയസിലും. 43-ാം വയസില്‍ ജസ്റ്റിന്‍ ട്രുഡ്യൂ കാനഡയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കലുഷിതമായ പാകിസ്ഥാന്റെ ചുമതല ബേനസിര്‍ ഭൂട്ടോ ഏറ്റെടുക്കുന്നത് തന്റെ നാല്‍പതാം വയസിലാണ്.
പ്രായം വച്ച് ഗണിക്കാവുന്ന ഒന്നല്ല രാഷ്ട്രീയ ബുദ്ധിയും വിവേകവും. രാഹുല്‍ വയനാട്ടില്‍ നിന്നു മത്സരിക്കട്ടെ. അത് പാര്‍ട്ടി തീരുമാനമാണ്. പക്ഷേ, വയനാട്ടില്‍ നില്‍ക്കുമ്പോഴും രാഹുല്‍ ദേശീയ നേതാവാണ്. രാഹുലിന്റെ പോരാട്ടം മോദിയോടും ബിജെപിയോടുമാണ്. പ്രതിപക്ഷ രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അയാള്‍ക്കുള്ള ഉത്തരവാദിത്തം രാജ്യത്തിന്റെ അധികാരം സ്വന്തമാക്കുകയെന്നതാണ്.
പിണറായി വിജയനല്ല, നരേന്ദ്ര മോദിയാണ് തന്റെ എതിരാളിയെന്ന് മനസിലാക്കുന്നതാണ് രാഷ്ട്രീയ ബുദ്ധി, അതാണ് കാണിക്കേണ്ട വിവേകം. രാഹുല്‍ മത്സരിക്കുന്ന മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടര്‍മാര്‍ ഏത് സമുദായമാണ്, മുസ്ലിങ്ങളാണ്. മലബാര്‍ മേഖലയിലെ മുസ്ലിം ജനവിഭാഗം മൊത്തത്തില്‍ ആശങ്കപ്പെടുന്നത് പിണറായി വിജയനെ ഓര്‍ത്തല്ല, അവരുടെ ഭാവിയെക്കുറിച്ചാണ്. ഈ നാട്ടില്‍ ജീവിച്ചു മരിക്കാന്‍ അവര്‍ക്കാകുമോയെന്നോര്‍ത്ത്. രാഹുല്‍ മാറ്റേണ്ടത് ആ ആശങ്കയായിരുന്നു. അല്ലാതെ പിണറായി വിജയനെ എന്താ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം തിരക്കലല്ലായിരുന്നു. വയനാട്ടില്‍ ജയിക്കുക മാത്രമാണോ രാഹുലിന്റെ ലക്ഷ്യം? പിണറായി ബിജെപിക്കും മോദിക്കുമെതിരേ എന്തു പറഞ്ഞു, പറഞ്ഞില്ല എന്നല്ല ജനം ചോദിക്കുന്നത്, കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നാണ്. പൗരത്വ വിഷയം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താത്ത, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന നേതാക്കന്മാരെയാണ് ജനം പേടിക്കുന്നത്.
ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടും മുഖ്യധാരാ മാധ്യമങ്ങളെ വെറും കുഴലൂത്തുകാരാക്കി മാറ്റിക്കൊണ്ടും ഒരുകൂട്ടര്‍ മുന്നോട്ടു പോകുമ്പോള്‍ തങ്ങളുടെ ചരിത്രത്തിലേക്കും വേരുകളിലേക്കും ഒന്നു തിരിഞ്ഞു നോക്കാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാനോ കോണ്‍ഗ്രസിന് ഇപ്പോഴും കഴിയുന്നില്ല. രാജ്യം നേരിടുന്ന പ്രതിസന്ധിയല്ല, കേവല രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിന് മുഖ്യം.
പൗരത്വ ഭേദഗതി നിയമത്തില്‍ എന്നപോലെ ഓരോ പ്രതിസന്ധികളോടും കോണ്‍ഗ്രസ് പ്രതികരിച്ച വിധം നോക്കുകയാണെങ്കില്‍, ഇപ്പോള്‍ നടക്കുന്നതിലും അത്ഭുതം തോന്നില്ല.
റാഫേല്‍ കുംഭകോണം പുറത്തു വന്നപ്പോള്‍ രാഹുല്‍ ഗാന്ധി(അന്നു കോണ്‍ഗ്രസ് അധ്യക്ഷനാണ്) കരുതിയത്, ഏതാനും പത്രസമ്മേളനങ്ങളിലൂടെയും ട്വീറ്റുകളിലൂടെയുമൊക്കെ ആ വിഷയം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്നായിരുന്നു. റാഫേലില്‍ നടന്നത് അഴിമതിയായിരുന്നു, മോദിക്കാലത്ത് ക്രോണി ക്യാപിറ്റലിസം എങ്ങനെയാണ് ബിസിനസ് നടത്തുന്നത് എന്നതിന്റെ ഒരുദാഹരണം കൂടിയായിരുന്നു അത്. ഇതിന്റെ പേരില്‍ ഏതാനും പ്രതിഷേധങ്ങളും നിരത്തുകളില്‍ അരങ്ങേറി. എന്നാല്‍ അതൊന്നും മോദി-ഷാമാരുടെ രാഷ്ട്രീയ മൂലധനത്തെ പിടിച്ചു കുലുക്കാന്‍ പോന്നതായിരുന്നില്ല.
നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസ് അതിനോട് പ്രതികരിച്ചത്? എടിഎമ്മുകള്‍ക്ക് മുമ്പില്‍ വരിനിന്ന് തളര്‍ന്നു വീണു മരിച്ചവര്‍ക്കൊപ്പം നില്‍ക്കാന്‍ അവര്‍ക്കായോ? ഈ വിഡ്ഡിത്തം നിറഞ്ഞ പരിപാടി സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞോ? അവിടെയും ഏതാനും പത്രസമ്മേളനങ്ങള്‍ അരങ്ങേറി. പേരിനുള്ള ചില പ്രതിഷേധങ്ങളും.
രാജ്യത്തെ ഉന്നത നീതിപീഠം പ്രതിസന്ധിയിലായപ്പോള്‍, മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട്, ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ പുറത്തിറങ്ങി പത്രസമ്മേളനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് എവിടെയായിരുന്നു? ഒരു അടിക്കുറിപ്പ് മാത്രമായി അവരുടെ പ്രതിഷേധം ഒടുങ്ങി.
സാമ്പത്തികരംഗം ഇപ്പോഴത്തെ വിധത്തില്‍ തകര്‍ന്നു തുടങ്ങിയപ്പോള്‍, തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായപ്പോള്‍, രാഹുല്‍ ഗാന്ധി എന്തെങ്കിലും ചെയ്തോ? രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കാലിയാക്കിക്കൊണ്ട് ഇവിടുത്തെ കോര്‍പറേറ്റ് കള്ളന്മാര്‍ ഓരോന്നായി നാടു വിട്ടപ്പോള്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ?
പ്രിയങ്കയെക്കുടി രാഷ്ട്രീയത്തില്‍ ഇറക്കി നോക്കി. 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പായി. അവര്‍ തെരഞ്ഞെടുപ്പ് പ്രചരണം നയിച്ച സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു. കാലാകാലങ്ങളായി ഗാന്ധി-നെഹ്റു കുടുംബം അട്ടിപ്പേറാക്കി വച്ചിരിക്കുന്ന അമേത്തി ഉള്‍പ്പെടെ.
തങ്ങളുടെ നടപടികള്‍ക്ക് മോദി സര്‍ക്കാരിനെ ഉത്തരവാദികളാക്കാന്‍, അവരുടെ പ്രതിസന്ധികളെ വേണ്ട വിധത്തില്‍ പുറത്തു കൊണ്ടുവരാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി അമ്പേ പരാജയപ്പെടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തിനു മുന്നില്‍ തുറന്നു വച്ച പ്രതിസന്ധികളുടേയും വിഡ്ഡിത്തങ്ങളുടേയും തെറ്റായ നയങ്ങളുടേയും നീണ്ട നിര ഉള്ളപ്പോള്‍ തന്നെ.
തെറ്റായ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരായി ആരും പ്രതിഷേധിക്കാതിരിക്കുകയോ അവയെല്ലാം ‘മോദി മാജിക്കി’ല്‍ ചെന്ന് ലയിച്ചു ചേരുകയോ അല്ല ചെയ്തത്. അതിന് ഉദാഹരണമായിരുന്നു കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടുന്ന ചെറുസംഘങ്ങള്‍. പൊതു പ്രതിഷേധങ്ങള്‍ വളരെ ഫലപ്രദമായി എങ്ങനെ നടത്താമെന്ന് അവര്‍ കാണിച്ചു തന്നു, തങ്ങള്‍ക്കുള്ള വിയോജനത്തിന്റെ ശക്തി എന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ക്കായി.
എന്തിനേറെ, ഇവിടെ ചിലര്‍ വ്യക്തിപരമായി ചെയ്ത കാര്യങ്ങള്‍ പോലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ സ്ഥിരതയോടെയും ശക്തമായും നിലകൊള്ളാനും അവ പൊതുജനമധ്യത്തിലെത്തിക്കാനും കര്‍ഷകര്‍ക്കു കഴിഞ്ഞിട്ടുപോലും, ദശകങ്ങളുടെ പാരമ്പര്യം പേറുന്ന മുഖ്യ പ്രതിപക്ഷ പാര്‍ട്ടിക്ക് സാധിച്ചില്ല.
രാജ്യത്തെ ഭരണഘടന പ്രതിസന്ധിയിലാണെന്നും മോദി സര്‍ക്കാര്‍ ഇവിടുത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കൊക്കെ ഭീഷണിയാണെന്നും പൊതുജനത്തെ ബോധ്യപ്പെടുത്താനോ അതിനനുസരിച്ച് ദേശീയ തലത്തില്‍ ഒരു ബദല്‍ ആഖ്യാനം രൂപപ്പെടുത്താനോ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അതിന്റെ കൂടി ഫലമായിരുന്നു 2019 ല്‍ അനുഭവിച്ചത്. സ്‌കൂള്‍ കുട്ടികളെ പോലെ വഴക്കടിച്ച് അവര്‍ ഓരോ സംസ്ഥാനങ്ങളിലായി സാധ്യതകള്‍ അവസാനിപ്പിക്കുകയാണ് ചെയ്തത്. ഡല്‍ഹിയില്‍ ഞങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം പോകില്ല, യുപിയില്‍ എസ്പി, ബിഎസ്പി സഖ്യത്തിന്റെ ഭാഗമാകില്ല, ജമ്മു-കാശ്മീരില്‍ പോലും കൂട്ടു ചേരില്ല… അങ്ങനെ പോയി അവരുടെ ന്യായങ്ങള്‍. ഫലം, കൂട്ടത്തോല്‍വി.
തുറന്ന ഹൃദയത്തോടും വിട്ടുവീഴ്ചയോടും കൂടിയ, ശക്തമായ ലിബറല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ ഒരു വിശാല സഖ്യം രൂപപ്പെടുത്താന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടതിന് മുഖ്യ ഉത്തരവാദി കോണ്‍ഗ്രസാണ്. അതിലൂടെ അവര്‍ ചെയ്ത ചതി ഒരു ഉദാര ഇന്ത്യക്ക് ഉത്കണ്ഠയുടേയും ഭയത്തിന്റേയും ഒക്കെച്ചേര്‍ന്ന ഒരു അഞ്ച് വര്‍ഷം കൂടി സമ്മാനിക്കുക എന്നതായിരുന്നു.
ഇത്തവണ സാഹചര്യം മാറി. അത് കോണ്‍ഗ്രസിന്റെ മിടുക്കിലല്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പിനു മുമ്പായി ദേശീയ, മതേതര, ഉദാര നയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു യഥാര്‍ത്ഥ രാഷ്ട്രീയ സഖ്യം രൂപപ്പെട്ടുവന്നു. കോണ്‍ഗ്രസ് കൂടുതല്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായി. പക്ഷേ, സഖ്യത്തിന്റെ പ്രധാന ഭാരവാഹികള്‍ എന്ന നിലയില്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കന്മാരും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പറയാനുള്ളതൊക്കെ അപ്പോള്‍ പറയാം, ഇപ്പോള്‍ ഈ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് നടക്കുകയാണ്, അത് മനസിലാക്കിയുള്ള രാഷ്ട്രീയ ബുദ്ധിയും വിവേകവും ഉണ്ടാകണം.
English Summary: Rahul gandhi criticism against kerala cm pinarayi vijayan