UPDATES

മണിപ്പൂരിലെ ‘സമയോചിത ഇടപെടല്‍’

മോദിയുടെ അവകാശവാദവും രാജ്യം തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളും

                       

ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ മണിപ്പൂര്‍ എന്ന ഇന്ത്യന്‍ സംസ്ഥാനം കലാപത്തീയില്‍ വെന്തുരുകാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം തികയും. 2023 മേയ് മൂന്നു മുതല്‍ തുടങ്ങിയതാണ് രണ്ട് വിഭാഗങ്ങള്‍ക്കിടയിലെ വംശീയ സംഘര്‍ഷം ഒരു നാടിനെ മൊത്തത്തില്‍ തകര്‍ക്കുന്നത്. ഇന്നും ശാന്തമായിട്ടില്ല, അവിടെയിപ്പോഴും അരക്ഷിതത്വമാണ്.

ഇപ്പോഴിതാ പ്രധാനമന്ത്രി മോദി പറയുന്നു, കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെയും ‘ സമയോചിത ഇടപെടല്‍’ മണിപ്പൂരില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്ന്. കുറച്ചു കൂടി വിശദമാക്കിയാല്‍ മോദിയുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം; ‘സാഹചര്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പാര്‍ലമെന്റില്‍ ഇക്കാര്യം ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. സംഘര്‍ഷം പരിഹരിക്കുന്നതിനായി ഞങ്ങളുടെ കഴിവും ഭരണ സംവിധാനങ്ങളും പ്രയോഗിച്ചു. ഇന്ത്യ ഗവണ്‍മെന്റിന്റെ സമയോചിതമായ ഇടപെടലും മണിപ്പൂര്‍ സര്‍ക്കാരിന്റെ ശ്രമങ്ങളും കാരണം, സംസ്ഥാനത്തിന്റെ സ്ഥിതിയില്‍ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ട്’. 2024 ഏപ്രില്‍ എട്ടിന് ദ അസം ട്രിബ്യൂണിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവകാശവാദം.

തീര്‍ന്നില്ല, ‘സംഘര്‍ഷം അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരില്‍ തങ്ങിക്കൊണ്ട് 15 ല്‍ അധികം യോഗങ്ങളാണ്, ബന്ധപ്പെട്ട വിവിധ കക്ഷികളുമായി നടത്തിയത്. സംഘര്‍ഷം അവസാനിപ്പിക്കുകയായിരുന്നു എല്ലാ ചര്‍ച്ചകളുടെയും ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ എല്ലാ സഹായങ്ങളും വിട്ടുവീഴ്ച്ചയില്ലാത്ത വിധം കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടേയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതടക്കമുള്ള പരിഹാര നടപടികളും സ്വീകരിച്ചിട്ടുണ്ട്’.

ഈ അവകാശവാദങ്ങള്‍ക്ക് അപ്പുറം ചില യാഥാര്‍ത്ഥ്യങ്ങള്‍ അറിയേണ്ടതുണ്ട്. കലാപം രൂക്ഷമായി, നൂറു കണക്കിനു പേര്‍ കൊല്ലപ്പെട്ട്, പതിനായിരക്കണക്കിന് മനുഷ്യര്‍ക്ക് വീടും സ്വത്തും നഷ്ടപ്പെട്ട്, അഭയാര്‍ത്ഥികളെ പോലെ, സര്‍വ്വവും ഉപേക്ഷിച്ച് പ്രാണന്‍ രക്ഷിക്കാന്‍ ഓടിപ്പാഞ്ഞു നടക്കുന്നതു കണ്ടിട്ടും മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി വന്നത് 79 ദിവസമാണ്! കലാപം തകര്‍ത്ത ആ നാട് സന്ദര്‍ശിക്കാനോ, അവിടെയുള്ള ജനങ്ങളെ കാണാനോ രാജ്യത്തിന്റെ പരമാധികാരി ഇതുവരെ തയ്യാറായിട്ടുമില്ല. ക്രമസമാധാന നില അപ്പാടെ തകര്‍ന്ന മണിപ്പൂരില്‍, പൂര്‍ണപരാജയമായി മാറിയൊരു സംസ്ഥാന സര്‍ക്കാരാണ് ബിജെപി നേതൃത്വത്തില്‍ ഉള്ളത്. ആഭ്യന്തര മന്ത്രി 15 ല്‍ അധികം യോഗങ്ങള്‍ നടത്തിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒരാളെപ്പോലും വിശ്വാസത്തിലെടുക്കാന്‍ അതുകൊണ്ടായില്ലെന്നതാണ് വാസ്തവം. കലാപം രൂക്ഷമായി ഒരു മാസം കഴിഞ്ഞാണ് ആഭ്യന്തര മന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ തോന്നിയതെന്നതും ഓര്‍ക്കണം.

മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുയ്‌കെയുടെ റിപ്പോര്‍ട്ട് പ്രകാരം 2023 മേയ് 3 മുതല്‍ ആരംഭിച്ച കലാപത്തില്‍ 219 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊലപാതകം മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ അക്രമങ്ങള്‍ തുടങ്ങി സംസ്ഥാനത്തെ ക്രമസമാധാന നില അപ്പാടെ തകരുകയും, അതില്‍ യാതൊരുവിധത്തിലുള്ള ഇടപെടലുകളും നടത്താനാകാതെ പൂര്‍ണ പരാജയമടഞ്ഞു നില്‍ക്കുകയാണ് എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ഏകദേശം അരലക്ഷം മനുഷ്യര്‍ ഇപ്പോഴും സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. അവര്‍ക്കൊരിക്കലും ഇനി തങ്ങള്‍ ജീവിച്ച പ്രദേശങ്ങളിലേക്ക് തിരികെ പോകാന്‍ കഴിയണമെന്നില്ല. അത്രയ്ക്കും തീവ്രമായി അവിടെ മനുഷ്യര്‍ വിഭജിക്കപ്പെട്ടു.

2023 ഓഗസ്റ്റ് 10 ന് തന്റെ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ മറുപടി പറയാന്‍ മോദി പാര്‍ലമെന്റില്‍ എത്തിയിരുന്നു. മണിപ്പൂര്‍ കലാപം വിഷയമാക്കിയാണ് പ്രതിപക്ഷ സംഖ്യമായ ‘ ഇന്ത്യ’ മുന്നണി അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അഞ്ച് മണിക്ക് ശേഷം ഏഴ് മിനിറ്റുള്ളപ്പോള്‍ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി മണിപ്പൂര്‍ എന്ന വാക്ക് മിണ്ടിയില്ല. പ്രതിപക്ഷം വലിയ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും മോദി കേട്ട ഭാവം കാണിച്ചില്ല. മണിപ്പൂര്‍… മണിപ്പൂര്‍… എന്ന് പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് ഉച്ചത്തില്‍ മുഴങ്ങി. മണിപ്പൂരിനെ കുറിച്ച് പറയൂ എന്ന് പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ഉയര്‍ന്ന ശബ്ദത്തിന് ചെവി കൊടുക്കാന്‍ മോദി തയ്യാറായില്ല. ഒന്നര മണിക്കൂര്‍ പ്രസംഗിച്ചിട്ടും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഒന്നും സംസാരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പ്രതിപക്ഷ അംഗങ്ങള്‍ സഭ വിട്ട് പുറത്തിറങ്ങിയ ശേഷമാണ് പ്രധാനമന്ത്രി മണിപ്പൂര്‍ എന്ന് ആദ്യം പറഞ്ഞത്. രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റ് നീണ്ട പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കേവലം ഏഴ് മിനിറ്റ് മാത്രമാണ് മണിപ്പൂരിനെ കുറിച്ച് പറഞ്ഞത്.

2023 മേയ് നാലിന് മണിപ്പൂരിലെ കാംഗ്‌പോക്പിയില്‍ നടന്നൊരു സംഭവത്തിന്റെ പേരില്‍ നമ്മുടെ രാജ്യം ലോകത്തിന് മുന്നില്‍ തല കുനിയ്‌ക്കേണ്ടി വന്നു. നടന്നു. മണിപ്പൂരില്‍ നിന്നും ലീക്ക് ചെയ്ത ഒരു വീഡിയോ ആയിരുന്നു ആധാരം. അക്രമികളായ ഒരുകൂട്ടം ആളുകള്‍ രണ്ടു കുക്കി വനിതകളെ കൂട്ടബലാത്സംഗത്തിന് വിധേയരാക്കിയശേഷം നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുന്നതിന്റെതായിരുന്നു വീഡിയോ. രാജ്യം നാണംകെട്ടു, രോഷം കൊണ്ടു.ലോകം ഇന്ത്യക്കു നേര്‍ക്ക് വിരല്‍ ചൂണ്ടി.

2023 ജൂലൈ 20 ന് പ്രധാനമന്ത്രി തന്റെ നീണ്ട നിശബ്ദത ഭഞ്ജിച്ചു. ആ വീഡിയോയായിരുന്നു കാരണം. മണിപ്പൂരിനെയോര്‍ത്ത് വികാരം കൊണ്ടു. പാര്‍ലമെന്റിനു പുറത്ത് അദ്ദേഹം വികാരാധീതനാകുമ്പോള്‍ മണിപ്പൂര്‍ കത്തി തുടങ്ങിയിട്ട് 79 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. 150 മനുഷ്യര്‍ അതിനകം കൊല്ലപ്പെട്ടിരുന്നു, പതിനായിരങ്ങള്‍ക്ക് ആശ്രയം നഷ്ടമായിരുന്നു. മോദി പ്രതികരിച്ചു എന്നത് ശരിയാണ്. എന്നാല്‍ തന്ത്രപരമായിരുന്നു. നമ്മുടെ അമ്മമാരും സഹോദരിമാരും സംരക്ഷിക്കപ്പെടണമെന്ന് മോദി പറഞ്ഞു. മണിപ്പൂരിലെ സംഭവങ്ങളെ കേന്ദ്രീകരിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകള്‍. കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലെയും കാര്യങ്ങള്‍ ചേര്‍ത്ത് വച്ച് പൊതുവിലൊരു ഉപദേശം എന്നപോലെ, തന്റെ പാര്‍ട്ടി ഭരിക്കുന്നിടത്ത് മാത്രമല്ല, പ്രതിപക്ഷം ഭരിക്കുന്നയിടങ്ങളിലും ഇതൊക്കെ നടക്കുന്നുണ്ടെന്ന് സ്ഥാപിച്ചുകൊണ്ട് തികച്ചും രാഷ്ട്രീയമായ പ്രതികരണമായിരുന്നു പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.

കലാപം തുടങ്ങിയ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി ഈ നിമിഷം വരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. പ്രധാനമന്ത്രി വരാന്‍ പലഭാഗങ്ങളിലും നിന്നും അഭ്യര്‍ത്ഥനകളും ആവശ്യങ്ങളും ഉണ്ടായിട്ടും, തൊട്ടടുത്ത സംസ്ഥാനത്ത് വരെ വന്നിട്ടും-മോദി മണിപ്പൂരിലേക്ക് കയറിയിട്ടില്ല. അസമില്‍ രണ്ടു തവണ മോദി എത്തി. കാസിരംഗ നാഷണല്‍ പാര്‍ക്കിലും കടുവ സങ്കേതത്തിലും സന്ദര്‍ശനം നടത്തി. ആനപ്പുറത്തു കയറി, ജീപ്പോടിച്ചു. തൊട്ടടുത്തുള്ള മണിപ്പൂരിലേക്ക് പോകാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് തോന്നിയില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ലോകനേതാക്കളില്‍ മുന്നിലുണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നിട്ടും എക്‌സിലോ ഫെയ്‌സ്ബുക്കിലോ മണിപ്പൂരിനെ കുറിച്ച് മോദി ഒരുവാക്ക് പോലും മിണ്ടിയില്ല. മന്‍ കി ബാത്തില്‍ പോലും. മറ്റ് രാജ്യങ്ങളുടെ ദേശീയ ദിനത്തിലും ആളുകളുടെ പിറന്നാളിനുമൊക്കെ എപ്പോഴും ട്വീറ്റ് ചെയ്യുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ മനുഷ്യരെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഒരു ട്വീറ്റോ, ഒരു വാക്കോ, പശ്ചാത്താപ്പം പ്രകടിപ്പിക്കലോ ഇല്ല എന്നു പരിഹസിച്ചത് കോണ്‍ഗ്രസാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി, തന്റെയൊരു സംസ്ഥാനത്ത് നടക്കുന്ന കലാപം കണ്ടില്ലെന്ന് നടിച്ചിരിക്കുന്നതിനിടയിലാണ്, മണിപ്പൂരിലെ സ്ഥിതി കണ്ടുനില്‍ക്കാന്‍ കഴിയുന്നതല്ലെന്ന് അമേരിക്ക പറയുന്നത്. മാനുഷിക ഇടപെടല്‍ ആ നാട്ടിലുണ്ടാകണമെന്ന് അമേരിക്കന്‍ സ്ഥാനപതി എറിക് ഗാര്‍സെറ്റി പ്രതികരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചു വീഴുന്ന കലാപത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ ഇന്ത്യക്കാരന്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ജനാധിപത്യം നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും സ്വന്തമായിരിക്കുക എന്നൊരു തോന്നല്‍ കെട്ടിപ്പടുക്കണമെന്നും ആ അമേരിക്കക്കാരന്‍ ഓര്‍മിപ്പിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഒരു യു എസ് സ്ഥാനപതി അഭിപ്രായം പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റ് ചെയ്തത്.

മണിപ്പൂരിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കള്‍ ഡല്‍ഹിയല്‍ മോദിയെ കാണാനെത്തി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ശിവസേന(യുബിടി), എന്‍സിപി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിപക്ഷത്തെ പത്തംഗ പ്രതിനിധി സംഘം 2023 ജൂണ്‍ പത്തു മുതല്‍ ഡല്‍ഹിയില്‍ കാത്തിരുന്നു. ജൂണ്‍ 10 ന് സന്ദര്‍ശനാനുമതി ചോദിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന് അവര്‍ അപേക്ഷ സമര്‍പ്പിച്ചു. ജൂണ്‍ 12 ന് പ്രധാനമന്ത്രിയെ കണ്ടു സംസാരിക്കാന്‍ ആഗ്രഹിച്ചു. എന്നാലവര്‍ക്ക് സമയം അനുവദിച്ച് കിട്ടിയില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഏതെങ്കിലും തരത്തിലുള്ള പ്രതികരണത്തിനു പോലും തയ്യാറായില്ല. അടുത്ത ദിവസം മോദി അമേരിക്കയിലേക്ക് പറക്കുകയും ചെയ്തു.

‘യാതൊരു വിലയും ഞങ്ങള്‍ക്കില്ലെന്ന് തോന്നുകയാണ്. ഞങ്ങളെന്തെങ്കിലും യാചിച്ചു വന്നവരല്ല, ഞങ്ങള്‍ യാചകരുമല്ല. ഞങ്ങളുടെ ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ നാട് കത്തിയെരിയുകയാണ്. ഞങ്ങള്‍ക്ക് സമാധാനം വേണം, പക്ഷേ ഞങ്ങള്‍ക്കു വേണ്ടി പ്രധാനമന്ത്രിക്ക് അഞ്ചു മിനിട്ട് സമയം പോലുമില്ല…’

നരേന്ദ്ര മോദിയുടെ അവഗണനയില്‍ മനം നൊന്ത് മണിപ്പൂരിലെ മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് പറഞ്ഞ വാക്കുകളാണിത്. ഒരു നാട് കത്തുമ്പോള്‍, അതു കാണാതെ അമേരിക്കയില്‍ തന്റെ ‘ ലോകനേതാവ്’ സ്ഥാനം ഉറപ്പിക്കാന്‍ പോയൊരു പ്രധാനമന്ത്രിയാണ് മോദിയെന്ന് പ്രതിപക്ഷം മാത്രമല്ല, പൊതുസമൂഹത്തിലുള്ളവരും കുറ്റപ്പെടുത്തിയതാണ്.

Share on

മറ്റുവാര്‍ത്തകള്‍