പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരും ഗവർണർ സി.വി. ആനന്ദ ബോസും തമ്മിലുള്ള തർക്കം ആരംഭിച്ചിട്ട് മാസങ്ങളായിരുന്നു. വ്യാഴാഴ്ചയോടെ രാജ്ഭവനിലെ ഒരു വനിതാ കരാർ ജീവനക്കാരിയെ ഗവർണർ “മാനഭംഗപ്പെടുത്തി” എന്നാരോപണം ടിഎംസി ഉയർത്തിയതോടെ തർക്കം രൂക്ഷമായിരിക്കുകയാണ്. സത്യം ജയിക്കുമെന്നാണ് ഗവർണർ തിരിച്ചടിച്ചത്. യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി പരാതി നൽകിയെന്ന് മുതിർന്ന ടിഎംസി നേതാക്കൾ അവകാശപ്പെട്ടതിന് പിന്നാലെയാണ് ബോസിൻ്റെ പ്രസ്താവന.
“എന്നെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ആരെങ്കിലും എന്തെങ്കിലും തെരഞ്ഞെടുപ്പ് നേട്ടങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവം അവരെ അനുഗ്രഹിക്കട്ടെ. എന്നാൽ ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ എൻ്റെ പോരാട്ടം തടയാൻ അവർക്ക് കഴിയില്ല.”ബോസ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഹെയർ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, ഏപ്രിൽ 24 നും വ്യാഴാഴ്ചയും രണ്ട് മീറ്റിംഗുകൾക്കായി ഗവർണർ ക്ഷണിച്ചതായും പീഡിപ്പിക്കാൻ ശ്രമിച്ചതായുമാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
താൻ രാജ്ഭവനിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് താമസിക്കുന്നതെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതിൽ ഇങ്ങനെ പറയുന്നു: “19.4.24-ന്, ഗവർണർ സാർ, എൻ്റെ ബയോഡാറ്റയുമായി അദ്ദേഹത്തെ കാണാൻ പറഞ്ഞു. 24.04.2024 ന്, ഏകദേശം 12.45 ന്, അദ്ദേഹം എന്നെ ഓഫീസ് മുറിയിലേക്ക് വിളിച്ചു, കുറച്ച് ചർച്ചകൾക്ക് ശേഷം അദ്ദേഹം എന്നെ ശരീരികമായി സ്പർശിച്ചു. ഒരുവിധം ഞാൻ ഓഫീസ് മുറി വിട്ടു. അദ്ദേഹം 02.05.2024 ന് ഒരിക്കൽ കൂടി എന്നെ വിളിച്ചു. ഭയം കാരണം ഞാൻ എൻ്റെ സൂപ്പർവൈസറെയും കൂട്ടി കോൺഫറൻസ് റൂമിലേക്ക്. കുറച്ചു നേരം ജോലിയെ കുറിച്ച് സംസാരിച്ച ശേഷം സൂപ്പർവൈസറോട് പോകാൻ പറഞ്ഞു. എൻ്റെ പ്രമോഷനെ കുറിച്ച് പറഞ്ഞ് അദ്ദേഹം സംഭാഷണം നീട്ടി. രാത്രി വിളിക്കാം എന്ന് പറഞ്ഞു ആരോടും പറയരുത് എന്ന്. ഞാൻ വിസമ്മതിച്ചപ്പോൾ അയാൾ എന്നെ തൊടാൻ ശ്രമിച്ചു. ഞാൻ പ്രതിഷേധിച്ചു പോയി.”
പരാതി സ്ഥിരീകരിച്ചുകൊണ്ട് സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിര മുഖർജി പറഞ്ഞു: “വൈകിട്ട് 5 മണിയോടെ പോലീസ് ഔട്ട്‌പോസ്റ്റിൽ ഒരു പരാതി ലഭിച്ചിരുന്നു. ഇത് ഹെയർ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. ഗവർണർക്കെതിരെ ലഭിച്ച പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.”
ഭരണഘടനയുടെ ആർട്ടിക്കിൾ 361 പ്രകാരം ഗവർണർക്കുള്ള പരിരക്ഷയെ കുറിച്ച് മുഖർജി പറയുന്നത്: “ഒരു സ്ത്രീ പരാതി നൽകുമ്പോൾ, അതിൽ അന്വേഷണം നടത്താൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അത് സെൻസിറ്റീവായ പരാതിയാണ്. ഞങ്ങളുടെ നിയമ വകുപ്പുമായും ഭരണഘടനാ വിദഗ്ധരുമായും ഞങ്ങൾ സംസാരിക്കും. എനിക്ക് വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല, എന്നാൽ പരാതി പ്രകാരം, രാജ്ഭവനിലാണ് സംഭവങ്ങൾ നടന്നിരിക്കുന്നത്. ഒന്നിലധികം തവണ ഞങ്ങൾ ആ സ്ത്രീയോടും സംസാരിച്ചു.
അതെ സമയം തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബോസിനെ കടന്നാക്രമിച്ചു. ടിഎംസിയുടെ രാജ്യസഭാ എംപിയായ സാഗരിക ഘോഷ് സമൂഹമധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പിൽ : “നരേന്ദ്ര മോദിയുടെ കൊൽക്കത്ത സന്ദർശനത്തിന് മുന്നോടിയായി ഇത്തരം ആരോപണം വരുന്നത്. രാജ്ഭവനിൽ വച്ച് ഗവർണർ പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ച സംഭവം ഞെട്ടിപ്പിക്കുന്നതും അപമാനകരവുമാണ്.”സംസ്ഥാന ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു, “ഇതെന്താണ്? പ്രധാനമന്ത്രി ഇന്ന് രാത്രി വന്ന് രാജ്ഭവനിൽ തങ്ങും. ഈ സമയത്ത്, ഒരു സ്ത്രീക്കെതിരായ അതിക്രമത്തിന് ഗവർണർക്കെതിരെ ആരോപണം ഉയരുന്നത് ലജ്ജാകരമാണ്.
വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്ഭവൻ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച്ചു: “ഗവർണർക്കെതിരെ അപകീർത്തിപ്പെടുത്തുന്നതിനും ഭരണഘടനാ വിരുദ്ധ മാധ്യമ പ്രസ്താവനകൾക്കും, ചന്ദ്രിമ ഭട്ടാചാര്യയെ കൊൽക്കത്ത, ഡാർജിലിംഗ്, ബാരക്ക്പൂർ എന്നിവിടങ്ങളിലെ രാജ്ഭവൻ വളപ്പിൽ (ഇതിൽ നിന്ന്) പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു. മന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയിലും പങ്കെടുക്കരുതെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്. മന്ത്രിക്കെതിരെയുള്ള തുടർ നിയമനടപടികളുടെ ഉപദേശത്തിനായി ഇന്ത്യയുടെ അറ്റോർണി ജനറലിനെ ബന്ധപ്പെട്ടിട്ടുണ്ട്.
പശ്ചിമ ബംഗാൾ വനിതാ ശിശുവികസന മന്ത്രി ശശി പഞ്ച പറഞ്ഞു , “ഇതേ ഗവർണർ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സ്ത്രീ ശക്തിയെക്കുറിച്ചും സംസാരിക്കാൻ സന്ദേശ്ഖാലിയിൽ എത്തിയിരുന്നു. അവർക്ക് സ്ഥിരം ജോലി നൽകാമെന്ന് ഗവർണർ വാഗ്ദാനം നൽകിയത് ലജ്ജാകരമാണ്. നാളെ ബംഗാളിൽ റാലികളെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ പ്രതികരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്ഭവനിലെത്തുകയും, വെള്ളിയാഴ്ച കൃഷ്ണനഗർ, ബോൾപൂർ, ബിർഭം ലോക്‌സഭാ മണ്ഡലങ്ങളിലെ മൂന്ന് തിരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കുകയും ചെയ്യും.
English summary: TMC leaders flag woman’s allegations aginst West Bengal Governor on sexual harassment