UPDATES

” ആ വ്യാജ ഐഡികള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപയോഗിച്ചേക്കാം”

ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഡിവൈഎഫ്‌ഐ

                       

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മാത്രം ഉപയോഗിക്കാനല്ല വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇവ വ്യാപകമായി ഉപയോഗപ്പെടുത്തിയേക്കാമെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അഴിമുഖത്തോട് പറഞ്ഞത്. ഈ വിഷയത്തില്‍ ശക്തമായ നിയമനടപടികള്‍ക്കായി മുന്നോട്ടു പോകുമെന്നും സനോജ് പറഞ്ഞു.

‘യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന തിരിച്ചറിയില്‍ കാര്‍ഡുകളല്ല വ്യജമായി നിര്‍മിക്കപ്പെട്ടിട്ടുള്ളത്. മറിച്ച് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനടക്കം ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കും. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് നടത്തിയ റിഹേഴ്‌സല്‍ ആയിക്കൂടി ഇതിനെ കണക്കാക്കാം. കള്ളനോട്ടു കേസുകള്‍ പോലെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്ന അതീവ ഗുരുതരമായ വിഷയമാണിത്. സമഗ്രമായ അന്വേഷണം ഇതില്‍ നടത്തേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ മൊത്തം നടന്ന തെരഞ്ഞെടുപ്പാണെന്നിരിക്കെ മറ്റിടങ്ങളിലും സമാനമായി വ്യജ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത് മറ്റിടങ്ങളിലും നടന്നിട്ടുണ്ടാവുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. കോണ്‍ഗ്രസിനകത്തു തന്നെ ഇതിനെതിരേ ശക്തമായ അഭിപ്രായ ഭിന്നതകളുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാര്‍ഥിയായിരുന്ന ഫര്‍സിന്‍ മജീദിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാനയില്ല. സുധാകരന്റെ നോമിനിയെ പോലും വെല്ലുവിളിച്ചു കൊണ്ട്, അല്ലെങ്കില്‍ അട്ടിമറിക്കാന്‍ കരുത്തുള്ള നിലയിലാണ് വ്യജ ഐഡി കാര്‍ഡിന്റെ നിര്‍മാണം നടന്നത്. ഈ കൃതിമത്വം ചൂണ്ടിക്കാണിച്ചു ഫര്‍സിന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങള്‍ നല്‍കിയ പരാതിയിന്മേലടക്കം ഗൗരവമായ രാജ്യദ്രോഹ കുറ്റത്തിന്റെ പരിധിയില്‍ പെടുത്തി അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റും എം പിയുമായ എ എ റഹീം പരാതിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്; സനോജ് പറഞ്ഞു.

ഈ മാസം നവംബര്‍ 14 നാണ് യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. അബിന്‍ വര്‍ക്കിയെയും അരിത ബാബുവിനെയും പിന്നിലാക്കി സംസ്ഥാന പ്രസിഡന്റായി 2,21,986 വോട്ടുകള്‍ക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളുടെ പിന്തുണ നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തി നേതൃത്വത്തെ തെരഞ്ഞെടുത്തതായി യൂത്ത് കോണ്‍ഗ്രസ് ആഹ്ലാദം കൊണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് കൂടി നാണക്കേട് ഉണ്ടാക്കിക്കൊണ്ട് വലിയ വിവാദമായി തീര്‍ന്നിരിക്കുകയാണ്. കോടതി കേറേണ്ടി വരുന്ന അവസ്ഥയിലാണ് നേതാക്കള്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണവും ഉപയോഗവുമാണ് കുറ്റം. കൈവിട്ടു പോയാല്‍ കേന്ദ്ര ഏജന്‍സികള്‍ വരെ ഇടപെട്ടേക്കാവുന്ന കേസ്.

ആന്‍ഡ്രോയ്ഡിലും ഐ ഫോണിലും ഉപയോഗിക്കാന്‍ കഴിയുന്ന With IYC എന്ന ആപ്പ് വഴിയാണ് തെരഞ്ഞെടുപ്പ് നടന്നത്. യൂത്ത് കോണ്‍ഗ്രസ് ഇലക്ഷന്‍ അഥോറിറ്റി എന്ന വെബ്‌സൈറ്റിലും ആപ്പിനെ പ്രതിയുള്ള വിവരങ്ങളും ഇലക്ഷന്‍ വിവരങ്ങളും ലഭ്യമാണ്. ഇതില്‍ അംഗത്വം എടുത്തതിനു ശേഷം മാത്രമെ പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളു. 18 നും 35 നുമിടയിലുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സജീവ അംഗങ്ങള്‍ക്ക് മാത്രമേ മെമ്പര്‍ഷിപ്പ് ലഭിക്കുകയുള്ളു. വോട്ടേഴ്സ് ഐഡി കാര്‍ഡ് ഉള്‍പ്പെടയുള്ള തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ മാത്രമെ അംഗത്വം സ്ഥിരീകരിക്കപ്പെടുകയുള്ളു. ഇതില്‍ പ്രധാനരേഖകളിലൊന്നായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയില്‍ കാര്‍ഡ് ഇലക്ഷനില്‍ വ്യാജമായി ഉപയോഗിക്കപ്പെട്ടുവെന്ന പാരാതിയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിനെ കുടുക്കിയിരിക്കുന്നത്.

സിആര്‍ കാര്‍ഡ് എന്ന അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് വ്യജ ഐഡി കാര്‍ഡുകള്‍ വ്യപകമായി നിര്‍മ്മിച്ചെടുത്തതെന്നാണ് പരാതി. ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അടിസ്ഥാന വ്യക്തിഗത വിവരങ്ങളും മാത്രം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ സിആര്‍ കാര്‍ഡ് വഴി നിര്‍മ്മിച്ചെടുത്തതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ തന്നെ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനു പരാതി നല്‍കിയതയോടെയാണ് വിവരം പുറത്തു വരുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു നിവേദനം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം നടത്തുന്ന കേസില്‍ പോലീസ് നവംബര്‍ 22 ന് 24 വ്യാജ കാര്‍ഡുകള്‍ കണ്ടെടുത്തു. പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്ത സംഘടന പ്രവര്‍ത്തകരായ അടൂര്‍ സ്വദേശികളായ അഭി വിക്രം, ഫെനി, ബിനില്‍ ബിനു എന്നിവരില്‍ നിന്നാണ് കാര്‍ഡുകള്‍ കണ്ടെടുത്തത്. തിങ്കളാഴ്ച ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഉപകരണങ്ങളില്‍ നിന്ന് വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍