ജോസി ജോസഫ് എഴുതിയ ‘ നിശബ്ദ അട്ടിമറി; ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’ എന്ന പുസ്തകത്തെ കുറിച്ച്
‘എവരി വണ്‍ ലൗസ് എ ഗുഡ് ഡ്രൗട്ട്’ എന്നത് ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകളില്‍ ഏറ്റവും ആദരിക്കപ്പെടുന്നവരില്‍ ഒരാളായ പി. സായിനാഥിന്റെ വിഖ്യാത പുസ്തകത്തിന്റെ പേരാണ്. ഒരര്‍ത്ഥത്തില്‍ ജോസി ജോസഫ് അടക്കമുള്ളവര്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത അന്വേഷണാത്മക ജേര്‍ണലിസത്തിന്റെ ആദ്യ പാതകളിലൊന്ന് തുറന്നയാളാണ് പി. സായിനാഥ്. അദ്ദേഹം കണ്ടെത്തിയത് ഭരണകൂടമോ, അതിനെ ചുറ്റിപറ്റിയുള്ള അസംഖ്യം സങ്കീര്‍ണമായ ശൃംഖലകളോ, കോടതികളോ, നിയമ നിര്‍മാണ സഭകളോ ഒളിപ്പിച്ച് വയ്ക്കാന്‍ ആഗ്രഹിച്ചിരുന്ന രഹസ്യങ്ങളൊന്നുമല്ല, ഇന്ത്യയിലെ ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ തുറന്ന വെളിച്ചത്തില്‍ പ്രത്യക്ഷമായിരുന്ന വസ്തുതകളാണ്. ആരും അതിന് മുമ്പ് അത് അന്വേഷിച്ചിരുന്നില്ല എന്ന് മാത്രം.
ജോസി ജോസഫിന്റെ ‘ദ സൈലന്റ് കൂ, എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്റ്റേറ്റ്’ എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനത്തിന്റെ പ്രകാശന വേളയില്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്ന ഈ ചെറു അവതരണത്തിന് സായിനാഥില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ‘എവരി വണ്‍ ലൗസ് എ ബ്ലഡി വാര്‍’ എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ചോരച്ചാലുകളില്‍ നിന്ന് അധികാരങ്ങളും അന്തമില്ലാത്ത സമ്പത്തും സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു നിഗൂഢ സംഘം ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ചുകൊണ്ട് എല്ലാക്കാലത്തും പ്രവര്‍ത്തിച്ച് പോന്നിരുന്നത് എങ്ങനെയാണ് എന്നുള്ളതാണ് ജോസി പറയുന്നത്. ആമസോണ്‍ കാടുകളിലെയോ പശ്ചിമഘട്ടത്തിലെയോ ഒരു ചെറിയ ചിത്രശലഭത്തിന്റെ ചിറകടി ജപ്പാനിലെ ഓക്കിനാവ ദ്വീപില്‍ വേലിയേറ്റത്തിനോ അമേരിക്കയിലെ നെബ്രാസ്‌കയില്‍ ചക്രവാതത്തിനോ കാരണമാകാം എന്ന പ്രപഞ്ചത്തിന്റെ സൂക്ഷ്മമായ പരസ്പര ബന്ധം പോലെ ഇന്ന് നാം അനുഭവിക്കുന്ന ഒരോ പ്രതിസന്ധികള്‍ക്കും കാരണമായ നീക്കങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഈ നിഗൂഢ സംഘം നടത്തിയിയത് എങ്ങനെ എന്നതിന്റെ വിശദീകരണമാണ് ജോസിയുടെ നിശബ്ദ അട്ടിമറിയുടെ ആകെത്തുക. ഇതിനോടകം ആഴത്തിലും പരപ്പിലും രാജ്യത്തിന് അകത്തും പുറത്തും ചര്‍ച്ച ചെയ്ത ഈ പുസ്തകത്തിനായിരുന്നു കേരള മീഡിയ അക്കാദമിയുടെ 2023-ലെ ആഗോള മാധ്യമ പുരസ്‌കാരം.
ഇത്രയും ശ്രദ്ധേയമായ പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചതിന് ജോസിക്ക് നന്ദി പറയുന്നു. സുന്ദരവും തനതുമായ ഒരു എഴുത്ത് ശൈലി ജോസിയുടെ വാര്‍ത്തകളില്‍ പോലും കാണാം. ധൈഷണികതയും ലാവണ്യവും നിറഞ്ഞ ആ ഭാഷ മലയാളത്തിലാക്കുമ്പോഴും വേറിട്ട് നില്‍ക്കണം എന്നുള്ളതായിരുന്നു ആഗ്രഹം. എന്റെ ഭാഷയായി മാറരുത് എന്നു നിര്‍ബന്ധമുണ്ടായിരുന്നു. അതിനാണ് ശ്രമിച്ചത്. അതിന് സാധിച്ചിട്ടുണ്ടോ എന്നറിയില്ലെങ്കിലും വസ്തുതകള്‍ വിട്ടുപോയിട്ടില്ല എന്നുറപ്പുണ്ട്. വിവര്‍ത്തത്തിന്റെ പ്രശ്‌നങ്ങളോ ഗുണങ്ങളോ അല്ല, അതിനാധാരമായ പുസ്തകത്തെ കുറിച്ചാണ് ഈ അവതരണം.
ഒന്നാം യു.പി.എ സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളിലാണ് ഞാന്‍ ഡല്‍ഹിയില്‍ ജേര്‍ണലിസ്റ്റായി എത്തുന്നത്. അപ്പോഴേയ്ക്കും ജോസി ജോസഫ് ഡല്‍ഹിയിലെത്തിയിട്ട് ഒരു പതിറ്റാണ്ടോളമാവുകയും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയനായ ജേര്‍ണലിസ്റ്റായി മാറുകയും ചെയ്തിരുന്നു. ഏതാണ്ട് സമപ്രായക്കാരനായ ജോസി ജോസഫ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായി മാറുന്നത് അത്യാദരവോടെയാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കണ്ടു നിന്നത്. ഡി.എന്‍.എയിലും ടൈംസ് ഓഫ് ഇന്ത്യയിലും ഹിന്ദുവിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജോസി നിറഞ്ഞു നിന്നു. ജോസിയുടെ വാര്‍ത്തകളെ തുടര്‍ന്ന് പാര്‍ലമെന്റും പല സംസ്ഥാന നിയമസഭകളും പലവട്ടം സ്തംഭിച്ചു. ജനകീയ പ്രക്ഷോഭങ്ങളുയര്‍ന്നു, സംസ്ഥാനങ്ങളില്‍ മന്ത്രിസഭകള്‍ നിലം പതിച്ചു. മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പദവികള്‍ ഒഴിയേണ്ടി വന്നു. മാസങ്ങളോളം രാജ്യം ഒരേ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ വിഖ്യാതരായ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകളുടെ നിരയില്‍ ജോസി എത്തിച്ചേര്‍ന്നു.
അക്കാലത്തെല്ലാം ജോസിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി കാണാനും ബഹുമാനിക്കാനുമായായത് ജോസി കണ്ടെത്തിയ/ പുറത്ത് കൊണ്ടുവന്ന വാര്‍ത്തകളുടെ പേരില്‍ മാത്രമല്ല. ജേര്‍ണലിസ്റ്റിക് ധാര്‍മികത എന്ന ആശയത്തിന്റെ പ്രതിരൂപമായിരുന്നു ജോസി. ജോസിയുടെ വാര്‍ത്തകളുടെ അടിസ്ഥാനം ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ഭരണഘടനയും മൂല്യങ്ങളുമായിരുന്നു. അതിന്റെ ലംഘനമായിരുന്നു ജോസി നിരന്തരം ചൂണ്ടിക്കാണിച്ചത്. ഇക്കാലത്ത് നാമത് ഉറക്കെ പറയേണ്ടതുണ്ട്. ഭരണകൂടത്തിന്റെ പി.ആര്‍ ഏജന്റുമാരും ആജ്ഞാനുവര്‍ത്തികളുമായി മുഖ്യധാര ജേര്‍ണലിസം മാറുമ്പോള്‍, നുണകളും പച്ചക്കള്ളങ്ങളും ഏകാധിപത്യ ഭരണകൂടത്തിന് വേണ്ടി അവരുടെ മൗത്ത് പീസായ മാധ്യമങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ധാര്‍മികത എന്ന വാക്ക് ആവര്‍ത്തിച്ച് പറയേണ്ടി വരും. വാട്‌സ് ആപ്പില്‍ പ്രചരിക്കപ്പെടുന്ന കാര്യങ്ങളും നുണക്കഥകളും ഭീഷണികളും യൂട്യൂബിലൂടെ വിളിച്ചു പറയുന്നത് ജേര്‍ണലിസമാണ് എന്നു വിശ്വസിക്കുന്ന ജനതയും അതിനു പിന്തുണ നല്‍കുന്ന രാഷ്ട്രീയ നേതൃത്വങ്ങളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഉള്ള നാട്ടില്‍ ജേര്‍ണലിസ്റ്റ് ധാര്‍മികത എന്ന ജോസിയുടെ ആശയത്തിന്റെ മൂല്യത്തെ കുറിച്ച് ഊന്നി പറയുക തന്നെ വേണം.
‘കഴുകന്മാരുടെ വിരുന്ന്’ എന്ന ജോസിയുടെ ആദ്യ പുസ്തകം ഇന്ത്യന്‍ ജേര്‍ണലിസത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലുകളിലൊന്നാണ്. അതിന്റെ പുറകിലുള്ള ഗവേഷണവും അതിന്റെ അവതരണ ശൈലിയും വലിയ ചര്‍ച്ചയായി. ഏറ്റവും പാവപ്പെട്ട മനുഷ്യരുടെ കഥയില്‍ നിന്ന് ഏറ്റവും ധനികരായ മനുഷ്യരിലേയ്ക്ക് സഞ്ചരിച്ചെത്തുന്ന, സൂക്ഷ്മ ന്യൂനപക്ഷമായ അതിസമ്പന്നര്‍ക്ക് വേണ്ടി നിത്യവും ദരിദ്രരാക്കപ്പെടുന്ന ബഹുഭൂരിപക്ഷം മനുഷ്യരെ സൃഷ്ടിക്കുന്ന, നമ്മുടെ വ്യവസ്ഥയെ തെളിച്ചത്തോടെ അടയാളപ്പെടുത്തുന്ന ‘കഴുകന്മാരുടെ വിരുന്ന്’ ഇന്ന് ജേണലിസം ഗൗരവത്തോടെ ചെയ്യാനാഗ്രഹിക്കുന്ന സര്‍വ്വരുടേയും അടിസ്ഥാന പാഠപുസ്തകങ്ങളിലൊന്നാണ്.
അതുകൊണ്ട് തന്നെ ജോസിയുടെ ‘ദ സൈലന്റ് കൂ: എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്റ്റേറ്റ്’ എന്ന പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ തീരുമാനിക്കുന്നത് ഇക്കാലത്ത് ചെയ്യാന്‍ പറ്റുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ ദൗത്യം എന്നുള്ള നിലയില്‍ കൂടിയാണ്. അനുദിനം നമ്മള്‍ അനുഭവിക്കുന്ന, സാക്ഷ്യം വഹിക്കുന്ന അനീതികളുടെ ഉറവിടമാണ് ജോസി അനാവരണം ചെയ്യുന്നത്. നൂറുകണക്കിന്, ആയിരക്കണക്കിന്, ലക്ഷക്കണക്കിന് മനുഷ്യരെ ഇരയാക്കി മാറ്റിക്കൊണ്ട് എങ്ങനെയാണ് ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന ഒരു രഹസ്യസംഘം പ്രവര്‍ത്തിച്ച് പോരുന്നത് എന്ന് മനുഷ്യരുടെ അനുഭവങ്ങളിലൂടെ, വാര്‍ത്തകളിലൂടെ, വാര്‍ത്തകള്‍ക്ക് പിന്നിലെ നാമറിയാത്ത കഥകളിലൂടെ, ചരിത്രത്തിലൂടെ, നിയമങ്ങളിലൂടെ, നിയമ നിര്‍മാണങ്ങളിലൂടെ, അതിന്റെ ദുരുപയോഗത്തിന്റെ ചരിത്രത്തിലൂടെ, കശ്മീരും ശ്രീലങ്കയും മണിപ്പൂരും പഞ്ചാബും ഗുജറാത്തും അടങ്ങിയ ദേശങ്ങളില്‍ ഒരോ കാലങ്ങളില്‍ ഉണ്ടായ ദുരന്തങ്ങളിലൂടെ, അനീതി പേമാരി പോലെ പെയ്ത കാലഘട്ടങ്ങളുടെ വിവരണങ്ങളിലൂടെ, ജോസി രേഖപ്പെടുത്തുന്നു.
ആര്? എന്ത്? എവിടെ? എന്ന്? എന്തുകൊണ്ട്? എങ്ങനെ? എന്നിങ്ങനെയുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇതിലുണ്ട്. പക്ഷേ, ചോദ്യങ്ങള്‍ പോലെ ലളിതമല്ല, ഉത്തരങ്ങള്‍.
‘ആമുഖം’, ‘ഒരു മുംബൈ കഥ’, ‘പല ഇന്ത്യന്‍ കഥകള്‍’ എന്നിങ്ങനെയുള്ള മൂന്നു ഭാഗങ്ങളായാണ് ഈ പുസ്തകത്തെ ജോസി ഒരുക്കിയിട്ടുള്ളത്. ഒന്നാം ഭാഗം അഥവ ‘മുംബൈ കഥ’യ്ക്ക് മുന്നില്‍ നല്‍കിയിരിക്കുന്ന ബാബ അംബേദ്കര്‍ ഉദ്ധരണിയും രണ്ടാം ഭാഗം അഥവ ‘പല ഇന്ത്യന്‍ കഥകള്‍’ക്ക് മുന്നിയുള്ള മഹാത്മ ഗാന്ധി ഉദ്ധരിണിയും, ആമുഖം പോലെ തന്നെ പുസ്തകത്തിന്റെ അടിസ്ഥാന ആശയത്തിന്റെ തുടര്‍ച്ചയാണ്. അവയും ഒരോ ചാപ്റ്ററിന്റേയും ടിപ്പണിയായി നല്‍കിയിട്ടുള്ള അസംഖ്യം പത്രവാര്‍ത്തകളും പുസ്തക പരാമര്‍ശങ്ങളും രേഖകളും എല്ലാം ഈ പുസ്തകത്തിന്റെ പൂര്‍ണതയുടെ ഭാഗമാണ്.
നമ്മുടെ ഭരണഘടന എന്നത് ഒരു കേവലമായ ഭരണനിര്‍വ്വഹണത്തിനായുള്ള നിയമ സംഹിതമാത്രമല്ല, ആധുനിക സമൂഹ രൂപീകരണത്തിന്റെ അടിത്തറയായ ധാര്‍മിക മൂല്യം കൂടിയാണ് എന്ന് ഡോ. അംബേദ്കര്‍ ഊന്നി പറയുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം -സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവ വിശദീകരിക്കുന്ന ഭാഗമാണ് ജോസി ഒന്നാം ഭാഗത്തിന്റെ ആമുഖമായി ഉദ്ധരിക്കുന്നത്.
”These principles of liberty, equality and fraternity are not to be treated as separate items in a trinity സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങളെ ഒരു ത്രിത്വത്തിലെ വ്യത്യസ്ത ഘടകങ്ങള്‍ എന്ന നിലയിലല്ല പരിഗണിക്കേണ്ടത്. ഇവ മൂന്നും ഒരു ത്രിത്വത്തിനുള്ളിലെ പരസ്പര ബന്ധിതമായ ഘടകങ്ങളാണ്. ഇവയില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിനെ വേര്‍പെടുത്തിയാല്‍ ജനാധിപത്യം തന്നെ അന്തിമമായി പരാജയപ്പെടും. സമത്വത്തെ സ്വാതന്ത്ര്യത്തില്‍ നിന്നോ സ്വാതന്ത്ര്യത്തെ സാഹോദര്യത്തില്‍ നിന്നോ സാഹോദര്യത്തെ സമത്വത്തില്‍ നിന്നോ വേര്‍പ്പെടുത്താന്‍ കഴിയില്ല. രാഷ്ട്രീയ ജനാധിപത്യത്തില്‍ നമുക്ക് സമത്വമുണ്ടായിരിക്കുമ്പോഴും സാമ്പത്തിക/സാമൂഹ്യ ജനാധിപത്യത്തില്‍ അസമത്വം നിലനില്‍ക്കുന്ന അവസ്ഥയുണ്ട്. എത്രകാലം നമ്മളീ വൈരുദ്ധ്യത്തില്‍ ജീവിക്കും? എത്രകാലം നമ്മുടെ സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ തുല്യതയും സമത്വവും നിഷേധിക്കും? ഇനിയും ദീര്‍ഘകാലം അതു തുടരാനാണ് പദ്ധതിയെങ്കില്‍ നാം നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ സര്‍വ്വനാശത്തിലേയ്ക്കാണ് തള്ളിവിടുന്നത്”
അംബേദ്കര്‍ ഇത് എഴുതുന്നത് 1946-ലാണ്. അതിന് അരനൂറ്റാണ്ടിനപ്പുറമുള്ള ഒരു സംഭവത്തില്‍ നിന്നാണ് ജോസിയുടെ പുസ്തകം ആരംഭിക്കുന്നത്. അതിനും രണ്ട് പതിറ്റാണ്ടിനപ്പുറത്താണ് ഈ പുസ്തകം എഴുതപ്പെടുന്നത്. നമ്മുടെ രാഷ്ട്രീയ ജനാധിപത്യം എന്തുകൊണ്ടാണ് സര്‍വ്വനാശത്തിലേയ്ക്ക് വീണുപോകുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണം ചൂണ്ടിക്കാണിക്കാന്‍ കഴിയുകയുമില്ല.
2001 സെപ്തംബര്‍ 11-ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ ബട്ടര്‍ഫൈ്‌ള ഇഫക്റ്റ് എങ്ങനെയാണ് മുംബൈയിലെ ഒരു ചേരിപ്രദേശത്ത് ചെറിയൊരു വീട്ടില്‍ കഴിയുന്ന വാഹിദ് ദീന്‍ മുഹമ്മദ് ഷേഖ് എന്ന യുവാവിന്റെ ജീവിതത്തെ തകിടം മറിച്ചത് എന്നതില്‍ നിന്നാണ് ജോസി ആരംഭിക്കുന്നത്. അത് വാഹിദിന്റെ കഥ മാത്രമല്ല, വര്‍ഷങ്ങളോളം ജയിലില്‍ അടയ്ക്കപ്പെട്ട നിരപരാധികളായ മുസ്ലീം ചെറുപ്പക്കാരുടെ കഥകളും മാത്രമല്ല, മര്‍ദ്ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും നിത്യ രോഗികളാക്കപ്പെടുകയും വിഷാദത്തിലേയ്ക്കും ക്ഷോഭത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നൂറുകണക്കിന് മനുഷ്യരെ-മുസ്ലിങ്ങളെ-തള്ളിവിട്ട ജനാധിപത്യ ഹിംസയുടെ വംശവെറിയുടെ ഇന്ത്യന്‍ കഥ കൂടിയാണിത്. ഇന്ത്യ എന്ന ഭരണകൂടം ആഗോള പോലീസായ അമേരിക്കയ്ക്ക് നല്‍കിയ പിന്തുണയുടെ പേരില്‍ ചവിട്ടിയരയ്ക്കപ്പെട്ട മനുഷ്യ കീടങ്ങളുടെ കഥ. അതിന് ഒരുങ്ങിയ അരങ്ങുകള്‍, അതിലെ കഥാപാത്രങ്ങളും പങ്കെടുത്തവരും.
മുംബൈയിലെ വാഹിദിന്റെ കഥയില്‍ നിന്ന് ഡല്‍ഹിയിലെ റിഥാലയിലെ ഇര്‍ഷാദ് അലിയിലേയ്ക്കും മറ്റനേകം മനുഷ്യരിലേയ്ക്കും അത് വികസിക്കും. അതിനിടയില്‍ ഐ ബിയും എ ടി എസും പോലീസും ഒട്ടേറെ അന്വേഷണ ഏജന്‍സികളും വരും. അഫ്‌സല്‍ ഗുരു എന്ന തൂക്കിലേറ്റപ്പെട്ട മനുഷ്യനും രാജ്ബീര്‍ സിങ് എന്ന പോലീസുകാരനും വരും. ദവീന്ദര്‍ സിങ്ങിന്റെ ചരിത്രത്തിലേയ്ക്ക് പോകും വര്‍ത്തമാനത്തിലേയ്ക്ക് തിരിച്ച് വരും. അനീതികളെ കുറിച്ചോര്‍ത്ത് നമുക്ക് ഉള്ളു പൊള്ളും. നമ്മുടെ ജനാധിപത്യമെന്നത് എന്തൊരു പരിഹാസ്യമായ കഥയാണ് എന്നോര്‍ത്ത് ശ്വാസം നിലയ്ക്കും.
ഗുജറാത്തില്‍ ഗോധ്രയിലെ തീവണ്ടിയില്‍ 2002 ഫെബ്രുവരി 27-ന് രാവിലെ ഉണ്ടായ തീപിടുത്തം മുന്‍കൂട്ടി തീരുമാനിച്ച പദ്ധതിയല്ല, അത് യാദൃശ്ചികമായി സംഭവിച്ചതാണ്, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നുള്ള ജില്ലാ കളക്ടര്‍ ജയന്തി രവി പ്രഖ്യാപിക്കുകയും അതേ നിലയില്‍ തന്നെ ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ വിശദീകരിക്കുകയും ചെയ്തിരുന്നു. അന്നുച്ചയ്ക്ക് ശേഷം സംഭവസ്ഥലത്ത് എത്തിയ നരേന്ദ്ര മോദി എന്ന അക്കാലത്ത് തീരെ പ്രഭാവമില്ലാതിരുന്ന പുതിയ മുഖ്യമന്ത്രിയാണ് ഇതു ഗൂഢാലോചനയാണെന്നും ഭീകരാക്രമണമാണെന്നും ഒരു അന്വേഷണവുമില്ലാതെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് മോദിയുടെ താത്പര്യ പ്രകാരം ആ അന്വേഷണം മുന്നോട്ട് കൊണ്ടുപോയ രാകേഷ് അസ്താന തന്നെയാണ് രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം സിബിഐയുടെ പ്രത്യേക മേധാവി പദവിയടക്കം വഹിച്ച് 2022-ല്‍ ഡല്‍ഹി പോലീസ് കമ്മീഷണറായി ഒരു വര്‍ഷത്തെ സര്‍വ്വീസ് എക്‌സ്റ്റെന്‍ഷനും വാങ്ങി പിരിഞ്ഞത്. അധികാര ദുര്‍വിനിയോഗം മുതല്‍ കോടിക്കണക്കിന് രൂപയുടെ വലിയ അഴിമതി ആരോപണങ്ങള്‍ വരെയുള്ള ഒരു കളങ്കവും രാകേഷ് അസ്താനയെ ബാധിച്ചില്ല. എല്ലാ കാലത്തും ഗോധ്ര അന്വേഷണം നടത്തിയ വിശ്വസ്തനെന്ന സംരക്ഷണം അയാള്‍ക്കുണ്ടായിരുന്നു. രാകേഷ് അസ്താന ജയിലിടച്ച് പതിറ്റാണ്ടോളം ഉപദ്രവിച്ച മനുഷ്യരും ജീവിതങ്ങളും അവരുടെ കുടുംബങ്ങളും അവര്‍ അനുഭവിച്ച ദുരിതങ്ങളും കാണാമറയത്തായി. വാഹിദിനേയും ഇര്‍ഷാദ് അലിയെയും പോലെ അസ്താനയും ഒരു ഉദാഹരണം മാത്രമാണ്. സമാനമായ ശിക്ഷയോ രക്ഷയോ ലഭിച്ച മനുഷ്യരുടെ ദൃഷ്ടാന്തം.
ഗൂജറാത്തിലെ കഥകള്‍ ഇനിയുമുണ്ട്. ഹരേണ്‍ പാണ്ഡ്യ, ഡി.ജി വന്‍സാര, സൊഹ്രാബുദ്ദീന്‍ ഷേഖ്, തുളസീ റാം പ്രജാപതി എന്നീ പേരുകളില്‍ ആരംഭിക്കുന്ന ആ കഥകള്‍ അമിത് ഷാ, ജസ്റ്റിസ് ലോയ എന്നിങ്ങനെ നീളും. നാം അറിഞ്ഞ കഥകളേക്കാള്‍ അവിശ്വസിനീയമായ വസ്തുതകളുടെ ആഖ്യാനങ്ങള്‍. വാജ്‌പേയി സര്‍ക്കാര്‍, മന്‍മോഹന്‍ സിങ്ങിന്റെ രണ്ട് സര്‍ക്കാരുകള്‍ എന്നിങ്ങനെയുള്ള ഒരു കാലത്തും മാറ്റവുമില്ലാതെ പ്രവര്‍ത്തിക്കുന്ന പോലീസ്/അന്വേഷണ/രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരു വശത്തും നരകയാതനകള്‍ അനുഭവിക്കുന്ന മനുഷ്യര്‍ മറുഭാഗത്തും തുടരുന്നത് ഈ ഭാഗത്ത് നമുക്ക് കാണാം. എങ്ങനെയാണ് ഐ.ബിയും മറ്റ് ഏജന്‍സികളും ഹിന്ദുത്വ ഭീകരവാദത്തെ അവഗണിക്കുകയും ഭീകരവാദികളെ സംരക്ഷിക്കുകയും ചെയ്തു പോന്നിരുന്നത് എന്നു നമുക്ക് വ്യക്തമാകും. നമ്മുടെ പോലീസിനും പട്ടാളത്തിനും സര്‍വ്വ ഏജന്‍സികള്‍ക്കും പ്രകടമായി ഉണ്ടായിരുന്ന, പിന്നീടു തീവ്രമായ മുസ്ലീം വിദ്വേഷം യാഥാര്‍ത്ഥ്യമാണ്. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ കാലമാണ് ഈ പുസ്തകത്തില്‍ തെളിഞ്ഞു തെളിഞ്ഞു വരുന്നത്.
ഡോ. മാലിനിയെ പോലെ ഈ ശൃംഖലയിലെ അവിശ്വസനീയമായ കണ്ണികളെയും നമുക്ക് ഈ പുസ്തകത്തില്‍ കാണാം. ഒരു വ്യാജ ബിരുദവുമായി രാജ്യത്തെ സുപ്രധാനമായ കേസുകളില്‍- മാസങ്ങളോളം വര്‍ഷങ്ങളോളം സംസ്ഥാനങ്ങള്‍ രാജ്യം മുഴുവനും ചര്‍ച്ച ചെയ്ത- നിര്‍ണായക കേസുകളില്‍ നാര്‍ക്കോ അനലറ്റിക്‌സ് നടത്തുകയും രാജ്യത്തെ എത്രയോ സുപ്രധാനമായ കേസുകളില്‍ അട്ടിമറി സൃഷ്ടിക്കുകയും ചെയ്ത ഡോ. മാലിനി. ഭീകരവാദ വിരുദ്ധ സേനയുടെ, ഇന്ത്യന്‍ പോലീസ് ശൃംഖലയുടെ, അന്വേഷണ ഏജന്‍സികളുടെ, രാഷ്ട്രീയാധികാരങ്ങളെ നിര്‍ണയിക്കുന്ന നിഗൂഢ സംഘങ്ങളുടെ ഡോ.നാര്‍ക്കോ എന്ന പ്രിയപ്പെട്ട താരം. 2009-ല്‍ അവര്‍ അറസ്റ്റിലായിട്ടും ഇന്നുവരെ ഒരുഭരണ കൂടവും, പോലീസ് നേതൃത്വവും ഈ അനീതിയില്‍, ഈ മനുഷ്യാവകാശ ലംഘനങ്ങളില്‍ മാപ്പ് ചോദിച്ചിട്ടില്ല.
മുംബൈ സ്ഫോടന പരമ്പരകള്‍, ഹിന്ദുത്വ സേനകള്‍ പ്രധാന പ്രതിസ്ഥാനത്തു വന്ന സംഝോധ, മാലേഗാവ്, മക്ക മസ്ജിദ് സ്ഫോടനങ്ങള്‍, ബട്‌ല ഹൗസ് എന്‍കൗണ്ടര്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന സംഘടന, മുംബൈയിലെ ഭീകരാക്രമണം, ഹേമന്ത് കാര്‍ക്കറെ എന്ന മുംബൈ എ.ടി.എസ് തലവന്‍, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, ആര്‍തര്‍ ജയിലിലെ അണ്ടാ ജയില്‍, അന്യായതടങ്കലില്‍ കാലാകാലങ്ങളോളം പാര്‍പ്പിച്ചിട്ടുള്ള നിരപരാധികള്‍ക്ക് വേണ്ടി വാദിക്കുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട അഡ്വ ഷാഹിദ് ആസ്മി എന്നിങ്ങനെ വാര്‍ത്തകളിലൂടെ നാം എത്രയോ വട്ടം ചര്‍ച്ച ചെയ്തിട്ടുള്ള പേരുകള്‍, വാര്‍ത്തകള്‍ക്ക് പിന്നിലുള്ള നാമറിയാത്ത കഥകള്‍, നാടകങ്ങള്‍ എന്നിവയിലൂടെ വികസിച്ച് വരുന്നത് ഇന്ത്യയുടെ അനീതിയുടെ, ക്രമരാഹിത്യത്തിന്റെ, അന്യായത്തിന്റെ, അട്ടിമറികളുടെ, പിടിപ്പില്ലായ്മയുടെ, ഭരണകൂടങ്ങളുടെ അവഗണനകളുടെ, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തങ്ങളുടെ ചരിത്രമാണ്. അതില്‍ കുടങ്ങി ഇല്ലാതായ ഒട്ടേറെ മനുഷ്യരുടെ ജീവിതങ്ങളാണ്.
പത്തു വര്‍ഷത്തിലധികം നീണ്ട അന്വേഷണ ഏജന്‍സികളുടെ വേട്ടയാടലിനും ജയില്‍ വാസത്തിനും ആരോഗ്യ തകര്‍ച്ചയ്ക്കും കുടുംബത്തിലെ ശൈഥില്യങ്ങള്‍ക്കും ശേഷം വാഹിദ് മോചിതനാകുന്നിടത്താണ് ‘നിശബ്ദ അട്ടമറി’യുടെ ഒന്നാം ഭാഗം അവസാനിക്കുന്നത്. പക്ഷേ അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. എങ്ങനെയാണ് നമ്മുടെ പോലീസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിയമത്തോടും പൗരസമൂഹത്തോടും ഭരണകൂടത്തോടും ഇത്രയേറെ അനാദരവ് പ്രകടിപ്പിക്കാനാവുക? ജോസി ഒന്നാം ഭാഗം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് -”ഇന്ത്യയിലെ രഹസ്യ സമാന്തര ഭരണകൂടം രൂപം കൊണ്ടത് ഇവിടത്തെ ജനാധിപത്യത്തിന്റെ അപശ്രുതിയിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആഗോള വാചോടോപത്തിന്റെയും ഇടയിലുമാണ്. എന്നാണ് എവിടെയാണ് എന്നൊന്നും പറയാനാവില്ലെങ്കിലും ഒരു ഊഹക്കണക്ക് വച്ച് നോക്കിയാല്‍ 1947-ലെ രക്തം പുരണ്ട വിഭജനത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതിമനോഹരമായ കശ്മീര്‍ താഴ്വരയിലെവിടെയോ ആണ് ഈ മന്ദഗതിലുള്ള ഈ അപചയം ആരംഭിച്ചത്.”
കശ്മീരിന്റെ രക്തച്ചൊരിച്ചിലിന്റെ ഇനിയും അവസാനിക്കാത്ത അല്ലലുകളുടെ, കലാപങ്ങളുടെ ദുരിതങ്ങളുടെ ചരിത്രമാണ് രണ്ടാം ഭാഗത്തിലാദ്യം. പല ഇന്ത്യന്‍ കഥകള്‍ എന്നു പേരിട്ടിട്ടുള്ള ഈ ഭാഗത്തിന് മുന്നോടിയായി ജോസി ഗാന്ധിജിയെ ഉദ്ധരിക്കുന്നുണ്ട്. സമൂഹത്തിലെ ഏറ്റവും ശക്തനായ വ്യക്തിക്ക് തുല്യമായ അവസരങ്ങള്‍ ഏറ്റവും ദുര്‍ബലനായ വ്യക്തിക്കും ലഭിക്കുന്ന ജനാധിപത്യ സങ്കല്പമാണ് തന്റേത് എന്നുള്ള ഗാന്ധിജിയുടെ ചിന്തയാണ് ഇവിടെ ഓര്‍മ്മിക്കപ്പെടുന്നത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഒരു കാലത്തെ ഓപറേഷണല്‍ മേധാവി ആയിരുന്ന അബ്ദുള്‍ മജീദ് ദറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് ആരംഭിക്കുന്ന ജോസിയുടെ കശ്മീര്‍ വിവരണം നമ്മുടെ ഏറ്റവും മനോഹര ദേശത്തിന്റെ ദുഖഭരിതമായ ചരിത്രമാണ്. പോലീസ്-സൈനിക-രാഷ്ട്രീയ മേധാവികളുടെ സ്വാര്‍ത്ഥ താത്രപ്യങ്ങളും താത്കാലിക ലാഭങ്ങള്‍ക്കായുള്ള തെറ്റായ തീരുമാനങ്ങളും മനുഷ്യ ദുരിതത്തോടുള്ള അനാമാന്യമായ അവഗണനയും കരുതലില്ലായ്മയും കരുണയില്ലായ്മയും ദേശീയതതെ കുറിച്ചുള്ള മൗഢ്യബോധ്യങ്ങളും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തങ്ങളിലൊന്നിന്റെ ചരിത്രം.
വടക്കേ അറ്റത്ത് കശ്മരില്‍ നിന്ന് തെക്കേ അറ്റവും കടന്നുള്ള ശ്രീലങ്കയിലേയ്ക്കാണ് പുസ്തകം സഞ്ചരിക്കുന്നത്. മറ്റൊരു രാജ്യമാണെങ്കിലും അവരുടെ ആഭ്യന്തര കലാപം ഇന്ത്യയുടെ കൂടെ മുറിവായിരുന്നു. ആ മുറിവ് സൃഷ്ടിച്ചതിലുള്ള പങ്കുപോലെ തന്നെ ആ മുറിവില്‍ നിന്നുണ്ടായ നഷ്ടങ്ങളും വേദനകളും നമ്മുടേത് കൂടിയാണ്. നമ്മുടെ ധൃതിപിടിച്ചുള്ള തീരുമാനങ്ങളുടെ, നമ്മുടെ പിടിപ്പുകേടുകളുടെ, നമ്മുടെ തെറ്റായ രാഷ്ട്രീയ യുക്തികളുടെ ഫലമായി കൂടിയാണ് ആ ചോരപ്പുഴ സൃഷ്ടിക്കപ്പെട്ടത്. ‘ഔര്‍ ബോയ്‌സ’് എന്നാണ് ഈ അധ്യായത്തിന് ജോസി നല്‍കിയിരിക്കുന്ന പേര്. എല്‍.ടി.ടി.ഇ എന്ന തമിഴ് പുലികളെ കുറിച്ച് ഇന്ത്യന്‍ സൈനിക-രാഷ്ട്രീയ നേതൃത്വം പറഞ്ഞിരുന്നതും വിശ്വസിച്ചിരുന്നതും അങ്ങനെയാണ്. നമ്മുടെ കുട്ടികള്‍. വിവിധ സൈനിക മേധാവികളുടെ അനുഭവങ്ങളില്‍ നിന്ന്, രേഖകളില്‍ നിന്ന് പുസ്തകങ്ങളില്‍ നിന്ന് ആ കാലത്തെ പുനരാവിഷ്‌കരിക്കുകയാണ് ഈ ചാപ്റ്ററില്‍ ജോസി. ഒടുവില്‍ എങ്ങനെയാണ് വിവിധ തീവ്രവാദങ്ങളില്‍ ഇന്ത്യയ്ക്ക് സൈനികരെ, പോലീസുദ്യോഗസ്ഥരെ നഷ്ടപ്പെട്ടിട്ടുള്ളത് എന്നതിന്റെ കണക്കവതരിപ്പിക്കുന്നു.
ജോസി ആ അധ്യായത്തിനൊടുവില്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു. ”അസ്വാരസ്യങ്ങളേയും തീവ്രവാദങ്ങളേയും നേരിടുന്നതില്‍ രാജ്യത്തിനുണ്ടായിട്ടുള്ള അനുഭവങ്ങളുടെ വൈവിധ്യം തന്നെ നമ്മുടെ സംവിധാനത്തില്‍ മുന്‍വിധികള്‍ കടന്ന് കൂടുന്നതിനെ തടയേണ്ടതായിരുന്നു. എന്നിട്ടും നമ്മുടെ ഭീകരവാദത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഇപ്പോഴും ഇസ്ലാമില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. ഇന്ത്യയുടെ വിഭവങ്ങളുടെ ഭൂരിപക്ഷവും ഇസ്ലാമിക ഭീകരവാദത്തെ തടയുന്നതിനായി ചെലവഴിക്കുമ്പോഴും രാജ്യത്തിന്റെ ഏറ്റവും ക്രൂരരായ ചില ശത്രുക്കള്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മതേതര മാവോയിസ്റ്റുകളുമായി തുടരുന്നു. ഈ മുന്‍വിധികളുടെ ഫലം ഭരണകൂടത്തിന്റെ ഘടനകളിലും രീതികളിലും ദൃശ്യമാണ്. റോ (ആര്‍ ആന്‍ഡ് എ ഡബ്ല്യു) ഇപ്പോഴും ഉന്നത പദവികളില്‍ മുസ്ലീങ്ങളെ നിയമിക്കില്ല. പ്രത്യേക സംരക്ഷണ സേന (എസ്.പി.ജി) ഇപ്പോഴും സിഖുകാരെ ഒഴിവാക്കുന്നു. ഐ ബിയാകട്ടെ, പലവട്ടം തങ്ങളുടെ തന്നെ ഉദ്യോഗസ്ഥര്‍ കൃത്രിമം കാണിച്ച് വ്യാജമായി സൃഷ്ടിക്കുന്നുണ്ടെന്ന് തെളിക്കപ്പെട്ട, അതേ തരം വിവരശേഖര റിപ്പോര്‍ട്ടുകളെ തന്നെ ആശ്രയിക്കുന്നു. 2008-ലെ മുംബൈ ആക്രമണങ്ങള്‍ക്ക് ശേഷം സൃഷ്ടിക്കപ്പെട്ട എന്‍.ഐ.എ ആകട്ടെ തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരുടെ അള്‍ത്താരയില്‍ തങ്ങളുടെ പ്രൊഫഷണലിസം ഹോമിച്ച് കഴിഞ്ഞതായാണ് തോന്നുന്നത്.”
ഈ പശ്ചാത്തലത്തില്‍ അടുത്ത അധ്യായത്തില്‍ വീണ്ടും കശ്മീരിലേയ്ക്ക് തിരിച്ചു പോകുന്ന ജോസി എങ്ങനെയാണ് കശ്മീരില്‍ ഈ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തീവ്രവാദ വ്യവസായം വളരുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത് സര്‍വ്വര്‍ക്കും താത്പര്യമുള്ള ഒരു വ്യവസായമാണ്. ആയുധങ്ങള്‍, പുതിയ പുതിയ സേനകള്‍, അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍, വീണ്ടും ആയുധങ്ങള്‍, വീണ്ടും ആക്രമണങ്ങള്‍, പുതിയ ഭീകരസംഘടനകള്‍, പുതിയ സൈനിക-സൈനികേതര സേനകള്‍ എന്നിങ്ങനെ ഒരു വിഷ്യസ് സര്‍ക്കിളായി ഇത് മാറുന്നു. അവിടെ തീവ്രവാദം യുദ്ധം എല്ലാം ലാഭകരമായ സംവിധാനങ്ങളാകുന്നു. കരുണയറ്റ ആ ആക്രമങ്ങളുടെ, ആയുധങ്ങളുടെ ചരിത്രത്തില്‍ നിന്ന് ഇന്ത്യയിലേറ്റവും ചര്‍ച്ച ചെയ്യപ്പെട്ട, ഒരുപക്ഷേ ഇന്ത്യന്‍ ആഭ്യന്തര സുരക്ഷ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായ ഖണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ കഥ വിവരിക്കുന്ന അധ്യായത്തിലേയ്ക്ക് ജോസി കടക്കുന്നു.
എങ്ങനെയാണ് വന്‍വ്യവസായികളുടെ കൂലിപ്പടയായി, സ്വകാര്യ സേനയായി പഞ്ചാബ് പോലീസ് പ്രവര്‍ത്തിച്ചത് എന്നതിനും, ഇന്ത്യന്‍ ബാങ്കുകളെ കൊള്ളടയിച്ച് രാജ്യം വിടാന്‍ കാട്ടുകള്ളന്മാരെ ഉദ്യോഗസ്ഥ-രാഷ്ട്രീയ-പോലീസ് നേതൃത്വം എങ്ങനെയാണ് സഹായിക്കുന്നത് എന്നതിനും അപ്പുറത്തേയ്ക്ക് ആഭ്യന്തരയുദ്ധം കൊണ്ട് തകര്‍ന്നു പോയ പഞ്ചാബ് എന്ന സംസ്ഥാനത്തിന്റെ കഥ കൂടി ജോസി പറയുന്നു. സിഖ് തീവ്രവാദത്തിന്റെ ഉദയവും അതില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുള്ള പങ്കും ഓപറേഷന്‍ ബ്ലൂ സ്റ്റാറും തുടര്‍ന്നുള്ള ഇന്ദിര ഗാന്ധിയുടെ കൊലപാതകവും മാത്രമല്ല, അതിന് ശേഷമുള്ള പോലീസ് അടിച്ചമര്‍ത്തലില്‍ പിടഞ്ഞ പഞ്ചാബിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ നാമറിയാത്ത ഒട്ടേറെ കഥകളും കൂടെയാണ് ജോസി ഈ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ വിഖ്യാതനായ പോലീസ് മേധാവി കെ.പി.എസ് ഗില്ലിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ള ദീര്‍ഘമായ മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളും ജസ്വന്ത് സിങ് ഖാല്‍റ എന്ന മനുഷ്യവകാശ പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ അധ്യായത്തില്‍ വിവരിക്കപ്പെടുന്നു. പഞ്ചാബില്‍ നിന്ന് മണിപ്പൂരില്‍ പ്രത്യേക സൈനികാധികാര നിയമം ഉപയോഗിച്ച് നടത്തിട്ടുള്ള മനുഷ്യവേട്ടയുടെ ചരിത്രത്തിലേയക്ക് ജോസി വിരല്‍ ചൂണ്ടുന്നു. അവിടെ നിന്ന് ഛത്തീസ്ഗഢിലേയ്ക്കും.
ഗുജറാത്ത് മോഡല്‍ എന്ന് ബി.ജെ.പി/സംഘപരിവാര്‍ വൃത്തങ്ങളും പിന്നീട് നരേന്ദ്ര മേദിയുടെ തെരഞ്ഞെടുപ്പ് പ്രചാരകരും വിശേഷിപ്പിച്ച മോദിയുടെ ഗുജറാത്ത് ഭരണകാലയളവിലേയക്കാണ് ഈ പുസ്തകം തുടര്‍ന്ന് സഞ്ചരിക്കുന്നത്. മുസ്ലീം ഭീകരര്‍ ആക്രമിക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്ന ഒരാളായി മോദി എങ്ങനെയാണ് ഗുജറാത്ത് പോലീസിന്റെ ഒരു വിഭാഗത്തെ ഉപയോഗിച്ച് സ്വയം അതരിപ്പിച്ചത്, എന്നു മുതലാണ് ഏറ്റമുട്ടല്‍ കൊലപാതക നാടകങ്ങള്‍ എന്നത് ഗുജറാത്ത് പോലീസിന്റെ നിത്യ തൊഴിലാക്കി മാറ്റിയതെന്നും, മുസ്ലിങ്ങളെ അപരവത്കരിക്കാന്‍ എന്തെല്ലാം നടപടികള്‍ ഉപയോഗിച്ചുവെന്നും ജോസി ഇവിടെ ചൂണ്ടിക്കാണിക്കുന്നു.
അന്വേഷണ ഏജന്‍സികള്‍, പോലീസ്, കേന്ദ്രസേനകള്‍ എന്നിങ്ങനെ പലതും ഒരു ഗൂഢാലോചന സംഘത്തിന്റെ ഉപകരണങ്ങളായി മാറിയ കാലമായിരുന്നു അത് എന്നു നമുക്ക് വ്യക്തമാകുന്നു. അതില്‍ നിന്നാണ് സര്‍വ്വശൈഥില്യം ആരംഭിക്കുന്നത്. കയോസ് എന്ന അവസാന അധ്യായത്തില്‍ എന്‍.ഐ.എ എന്ന മുംബൈ ഭീകരാക്രമരണത്തിന് ശേഷം രൂപം കൊണ്ട പ്രത്യേക സേന എങ്ങനെയാണ് മോദിയുടെയും ഹിന്ദുത്വയുടെയും ആയുധമായി പിന്നീട് മാറിയതെന്നതിന്റെ ചരിത്രം ഇവിടെ വെളിപ്പെടുന്നു എന്‍.ഐ.എ മാത്രമല്ല സര്‍വ്വ സേനകളും. ഇസ്രത് ജഹാന്‍ കേസ്, ഭീമ കൊറേഗാവ് കേസ്, ഹൈന്ദവ ഭീകരവാദികളെ കുറ്റവിമുക്തരാക്കിയ നടപടികള്‍ എല്ലാം ഇവിടെ വ്യക്തമാണ്.
അവസാനം ഡല്‍ഹിയില്‍ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശയോടെ, പ്രേരണയോടെ, അംഗീകാരത്തോടെ നടന്ന മുസ്ലീം വിരുദ്ധ കലാപത്തിന്റെ ഒരു ദൃശ്യത്തിലാണ് ജോസി ‘നിശബ്ദ അട്ടിമറി’ അവസാനിപ്പിക്കുന്നത്.
ജോസി എഴുതുന്നു: ” 2020 ഫെബ്രുവരി 23-ന് ബി.ജെ.പിയുടെ ദുഷ്പ്രചാരകരില്‍ ഒരാളായ കപില്‍ മിശ്ര പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്ന ആള്‍ക്കൂട്ടത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹി ജില്ലയുടെ പോലീസ് മേധാവി ബേദ് പ്രകാശ് സൂര്യയെ അരികില്‍ നിര്‍ത്തിക്കൊണ്ട് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നവരെ തെരുവുകളില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് പോലീസിന് അന്ത്യശാസനം കപില്‍ മിശ്ര നല്‍കി. തന്റെ ഭീഷണിയുടെ സാരാശം അയാള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ജഫ്രാബാദിലേയും ചാന്ദ്ബാഗിലേയും തെരുവുകള്‍ ഒഴിപ്പിക്കാനുള്ള’ പോലീസിനുള്ള ഉത്തരവും ഭീഷണിയുമായിരുന്നു അത്. ‘ഇതിന് ശേഷം ഞങ്ങളോട് ന്യായം പറഞ്ഞ് വരരുത്. ഞങ്ങളത് കേള്‍ക്കില്ല’. അയാളുടെ പ്രസംഗത്തിന്റെ ഒരു വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതില്‍ അയാള്‍ ഇങ്ങനെ പ്രസംഗിക്കുന്നത് കാണാം. ‘യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇവിടെ ഉള്ളിടത്തോളം കാലം ഞങ്ങള്‍ സമാധാനം പാലിക്കും. അതിന് ശേഷവും തെരുവുകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ പോലീസ് പറയുന്നത് പോലും ഞങ്ങള്‍ കേള്‍ക്കില്ല.”
ഇതുകേട്ടു പോലീസ് ഓഫീസര്‍ നിശബ്ദനായി ഫ്രെയ്മിന് പുറത്തേയ്ക്ക് നടക്കുന്നു.
തുടര്‍ന്ന് കലാപം ആരംഭിച്ചു.” അണ്‍ ക്വാട്ട്
ഇതിലും ആഴത്തില്‍ നമ്മുടെ വര്‍ത്തമാനകാലത്തെ ആവിഷ്‌കരിക്കാന്‍ ആവില്ല എന്ന് തോന്നുന്നു. വായിക്കുന്നതിനേക്കാള്‍ കഠിനമായിരുന്നു, വിവര്‍ത്തനം ചെയ്യാന്‍. കാരണം ഇതു പല വട്ടം വായിക്കേണ്ടി വരും. നമ്മള്‍ പടുത്തുയര്‍ത്തിയ ജനാധിപത്യം നമ്മള്‍ സൃഷ്ടിച്ച ഇന്ത്യ എന്ന ആശയം മനുഷ്യവംശത്തിന്റെ വലിയ സ്വപ്നങ്ങള്‍ സര്‍വ്വവും പരിപൂര്‍ണ ശൈഥില്യത്തില്‍, കയോസില്‍, എത്തിയിരിക്കുന്ന കാലമാണല്ലോ എന്നോര്‍ത്ത് കടുത്ത നിരാശ തോന്നും. എങ്കിലും ഈ നിരാശയ്ക്കപ്പുറത്ത് മനുഷ്യരെ കുറിച്ച്, ഈ രാജ്യത്തെ കുറിച്ച്, ഇപ്പോഴും ജീര്‍ണിക്കാത്ത ഇതിന്റെ പല നന്മകളെ കുറിച്ചുമുള്ള പ്രതീക്ഷയും ആദരവുമായിരിക്കുമല്ലോ ഇങ്ങനെയൊരു പുസ്തരം എഴുതാന്‍ ജോസിയെ പ്രേരിപ്പിച്ചത് എന്നോര്‍ത്ത് ആ നിരാശയെ മറികടന്നു. ആന്തരികമായി ജീര്‍ണിച്ച സംവിധാനങ്ങളുള്ള, പൗരസമൂഹത്തെ ചതിക്കുകയും പീഡിപ്പിക്കുകയും ജയിലിലിടുകയും വധിക്കുകയും ചെയ്യുന്ന ഭരണകൂടത്തെ തുറന്ന് കാണിക്കുകയല്ല മാത്രമല്ല ഈ പുസ്തകത്തിന്റെ ലക്ഷ്യം. മഹത്തായ ഈ രാജ്യത്തെ, അതിന്റെ മഹനീയമായ ഭരണഘടനയെ, അതിന്റെ ഉന്നതമായ ജനാധിപത്യത്തെ സംരക്ഷിക്കാനായി ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പൗരസമൂഹത്തോടുള്ള ആഹ്വാനവുമാണിത്.
ഇതു വിവര്‍ത്തനം ചെയ്യാന്‍ അവസരം തന്നതിന് ഒരിക്കല്‍ കൂടി ജോസിക്ക് നന്ദി. ഈ പുസ്തക രചനയുടെ ത്യാഗത്തെ കുറിച്ചും ക്ഷമയെ കുറിച്ചും സ്ഥൈര്യത്തെ കുറിച്ചും ഓര്‍ക്കുമ്പോള്‍ വിവര്‍ത്തനം എളുപ്പമായിരുന്നു. ഇങ്ങനെയൊരു പുസ്തകം എഴുതിയതിന് വലിയ ആദരവ്.
ഭരണഘടന നീണാള്‍ വാഴട്ടെ. മനുഷ്യോന്മുഖമായ ജേര്‍ണലിസം നിലനില്‍ക്കട്ടെ.
2023 ഓഗസ്റ്റ് 12 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഫ്രീഡം ഫെസ്റ്റ്-2023 വേദിയില്‍ ജോസി ജോസഫിന്റെ ‘ ദ സൈലന്റ് കൂ; എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്റ്റേറ്റ്’ എന്ന പുസ്തകത്തിന്റെ അഴിമുഖം പബ്ലിക്കേഷന്‍ പുറത്തിറക്കിയ മലയാള വിവര്‍ത്തനം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് മലയാള പരിഭാഷ നിര്‍വഹിച്ച മുതിര്‍ന്ന ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ ശ്രീജിത്ത് ദിവാകരന്‍ നടത്തിയ അവതരണം . ‘നിശബ്ദ അട്ടിമറി’ ലഭിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക https://rzp.io/l/yI1igYDqPk