UPDATES

ഹര്‍ദിക്, ഈ വിധി നിങ്ങളുടേത് മാത്രമല്ല

ഇന്ത്യയിലെ ക്രിക്കറ്റ് നായകന്മാരുടെ ചരിത്രം പീഢാനുഭവങ്ങളുടേതാണ്

                       

കപില്‍ ദേവിന് ശേഷം, ഫാസ്റ്റ് ബൗളര്‍ ഓള്‍ റൗണ്ടര്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടോ? ബാറ്റിംഗിലും ബോളിംഗിലും മുന്‍നിരക്കാരന്‍ എന്നു വിശ്വസിക്കാവുന്ന കളിക്കാരന്‍? ഹര്‍ദിക് പാണ്ഡ്യ പ്രതീക്ഷയായിരുന്നു. കാലങ്ങള്‍ക്കുശേഷം ഇന്ത്യ കണ്ട സീം ബൗളിംഗ് ഓള്‍ റൗണ്ടര്‍. അതുപോലൊരു കളിക്കാന്‍ ഇന്ത്യന്‍ ടീമില്‍ അത്യാവശ്യമായിരുന്നു. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഹര്‍ദിക്കിന്റെ കരിയറിന്റെ സ്ഥിരത നഷ്ടപ്പെടുത്തി. പക്ഷേ, അയാളിലുള്ള പ്രതീക്ഷകള്‍ പൂര്‍ണമായി നഷ്ടമായിട്ടില്ല. ക്യാപ്റ്റന്‍ മെറ്റീരിയലായാണ് ബിസിസിഐ പാണ്ഡ്യയെ കാണുന്നത്. ആദ്യവരവില്‍ തന്നെ ഐപിഎല്‍ കിരീടം നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് സാധിച്ചതോടെ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി പ്രശംസിക്കപ്പെട്ടതാണ്. ഗുജറാത്തില്‍ നിന്നും മുംബൈയില്‍ എത്തിയപ്പോള്‍, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവിടെയും നായകനായി അവരോധിക്കപ്പെട്ടു, അധികാരം നഷ്ടപ്പെട്ടതാകട്ടെ സാക്ഷാല്‍ രോഹിത് ശര്‍മയ്ക്കും.

രോഹിത് ഇനി അധികകാലം ടീം ഇന്ത്യയില്‍ ഉണ്ടാകില്ല. വിരമിക്കാനുള്ള സമയമായി. അടുത്ത നായകനാര് എന്ന ചോദ്യത്തിന് ആദ്യ ഉത്തരം പാണ്ഡ്യ തന്നെയാണ്. ബുംമ്രയ്ക്ക് ആഗ്രഹമുണ്ടെങ്കിലും, അയാള്‍ പാണ്ഡ്യക്ക് ശേഷം പരിഗണിക്കപ്പെടുന്നവരില്‍ ഒരാളായിരിക്കും. എന്നാല്‍ ഹര്‍ദിക് ഇപ്പോള്‍ നേരിടുന്നത് ചില അപ്രതീക്ഷിത തിരിച്ചടികളാണ്. ഇന്ത്യന്‍ ടീമിന്റെ നായകനാകും മുന്നേ അയാള്‍ ക്യാപ്റ്റന്‍സിയുടെ കുരിശ് ചുമക്കുകയാണ്. ഈ ഐപിഎല്‍ സീസണില്‍ മുംബൈയുടെ മോശം പ്രകടനത്തിന്റെ പഴി മുഴുവന്‍ ഹര്‍ദിക്കിന് മേലാണ്. അതിനൊപ്പം കളിക്കാരനെന്ന നിലയില്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനും സാധിക്കുന്നില്ല.

ഈ തെരഞ്ഞെടുപ്പിലും വണ്‍ മാന്‍ ഷോ; ഊര്‍ജമില്ലാതെ പ്രധാനമന്ത്രി, മങ്ങിയോ വ്യക്തി പ്രഭാവം?

മുള്ളുകള്‍ നിറഞ്ഞതും അപകടകരവുമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായക പദവിയിലേക്കുള്ള വഴിയില്‍ തന്നെ പീഡകളുടെ മരക്കുരിശ് ചുമന്നു തുടങ്ങിയിരിക്കുകയാണ് ഹര്‍ദിക്. എല്ലാ നായകന്മാരുടെയും വിധി ക്രൂശിക്കപ്പെടുകയെന്നത് തന്നെയാണെങ്കിലും തന്റെ മുന്‍ഗാമികളില്‍ നിന്നും ഹര്‍ദിക് വ്യത്യാസപ്പെടുന്നത്, ദേശീയ ടീമിന്റെ നായകത്വത്തിലേക്ക് എത്തും മുന്നേ അയാള്‍ വിചാരണ ചെയ്യപ്പെട്ടു തുടങ്ങിയെന്നിടത്താണ്.

ധോണിയുടെ വിധി എന്തായിരുന്നു?

ഐപിഎല്ലില്‍ ഏതു സ്‌റ്റേഡിയത്തില്‍ കളി നടന്നാലും, ആ കളിയില്‍ ധോണിയുണ്ടെങ്കില്‍ ഗാലറി അയാള്‍ക്കായാണ് അലറി വിളിക്കുന്നത്. ധോണി ഇന്നൊരു വിഗ്രഹമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അയാള്‍ മഹോന്നതനായ നായകനാണ്. പക്ഷേ, അയാള്‍ കടന്നു പോകേണ്ടി വന്ന വഴികള്‍ എങ്ങനെയുള്ളതായിരുന്നു?

M S Dhoni facing challenges as team india captain

2011ലെ ലോകകപ്പ് വിജയം വരെ തെറ്റായ ഒരു ചുവട് പോലും അയാളുടെ ഭാഗത്തുനിന്നുണ്ടായില്ല. ധോണിയുടെ പരമ്പരാഗതമല്ലാത്ത രീതികള്‍കണ്ട് ചിലര്‍ പുരികം ചുളിച്ചു. എന്നാല്‍ വിജയം ഒന്നിന് പിറകെ ഒന്നായി വന്നു തുടങ്ങിയപ്പോള്‍ സംശയാലുക്കളെല്ലാം നിശബ്ദരായി.

2011ലെ ലോക കപ്പ് വിജയത്തിന് നാലു വര്‍ഷം മുന്‍പ് ടി-20 ലോക ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ടൂര്‍ണമെന്റില്‍ തന്നെ ധോണി വിജയ കിരീടം അണിഞ്ഞു. ഇതിനിടയില്‍ ലോക ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. മുന്‍പൊന്നും ഇല്ലാത്ത രൂപഭാവമായിരുന്നു അന്ന് ഇന്ത്യന്‍ ടീമിന്. കൂടാതെ തന്റെ തന്ത്രങ്ങളുടെ പേരിലും കളിക്കാരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതിയിലും ധോണി എല്ലാവരാലും പ്രകീര്‍ത്തിക്കപ്പെട്ടു.

ഏത് നിമിഷവും പൈശാചിക ഭാവത്തില്‍ തകിടം മറിയാവുന്ന ഐപിഎല്ലിലും അയാള്‍ വീരനായകനായി. കളിയുടെ എല്ലാ രൂപങ്ങളിലും എല്ലാ ടൂര്‍ണമെന്റുകളിലും എല്ലാത്തരം കളിക്കാരോടൊപ്പവും എല്ലാ എതിരാളികള്‍ക്കെതിരെയും ശരിയായ ഉത്തരങ്ങള്‍ കൈവശമുള്ള ഒരാളെപ്പോലെയായിരുന്നു ധോണിയുടെ രീതികള്‍.

കളിക്കളത്തിലെ തികഞ്ഞ ശാന്തഭാവം ധോനിയുടെ പ്രഭ ഉയര്‍ത്തി. ക്രിക്കറ്റ് എത്തി നോക്കിയിട്ടില്ലാതിരുന്ന റാഞ്ചിയില്‍ എന്താണോ കാട്ടിയത് അതുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടക്കം കുറിച്ച ധോണി ഇന്ത്യയുടെ ക്രിക്കറ്റ് ഭാവി പുനര്‍നിര്‍വചിക്കുന്ന പ്രതിഭയായിട്ടാണ് ആഘോഷിക്കപ്പെട്ടത്.

കാഴ്ചകള്‍ മിന്നി മറയുന്ന ആവേശകരമായ യാത്ര പോലെയായിരുന്നു ഇന്ത്യന്‍ ടീമിന് ആ കാലം. ലോകകപ്പ് വിജയത്തിന് ശേഷം ഇംഗ്ലണ്ടിനോടും ആസ്‌ട്രേലിയയോടും സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങിയത് മുതല്‍ ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു വരാന്‍ തുടങ്ങിയിരുന്നു. ഒരു രഹസ്യം പറച്ചില്‍ പോലെയും മൊഹീന്ദര്‍ അമര്‍നാഥിന്റെ പ്രതിഷേധമായും ഉയര്‍ന്നു വന്ന ധോണിക്കെതിരെയുള്ള നിക്കങ്ങള്‍ എന്നാല്‍ എളുപ്പത്തില്‍ നിശബ്ദമാക്കപ്പെട്ടു. എന്നാല്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ട് ടൂറില്‍ ഏറ്റ കനത്ത പരാജയം പഴയ വിമര്‍ശനങ്ങള്‍ക്ക് വീണ്ടും തിടം വെപ്പിച്ചു.

ഇത്തരം ഉദാഹരണങ്ങളുടെ ആവര്‍ത്തനമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം തന്നെ.

കാസ്റ്റിംഗ് വോട്ടില്‍ പുറത്തായ പട്ടോഡി

കഴിഞ്ഞ അര ശതാബ്ദത്തിനിടയില്‍ 13 ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ മൂന്നു പേര്‍ മാത്രമാണു ക്യാപ്റ്റന്‍മാരായിരിക്കുമ്പോള്‍ വിരമിച്ചിട്ടുള്ളത്. മന്‍സൂര്‍ അലിഖാന്‍ പട്ടോഡി, അജിത്ത് വഡേക്കര്‍, അനില്‍ കുംബ്ലെ എന്നിവരാണവര്‍. ഇവരില്‍ പട്ടോഡി പുറത്തായത് 1969ല്‍ അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ വിജയ് മെര്‍ച്ചന്റിന്റെ കാസ്റ്റിംഗ് വോട്ടിലൂടെയായിരുന്നു. അതും 1974-75ലെ അയാളുടെ വിടവാങ്ങല്‍ മത്സരം നയിക്കുന്നതിന് തൊട്ട് മുന്‍പ്.

mansoor ali khan pataudi

സ്വയം പിരിഞ്ഞ കുംബ്ലെ

പട്ടോഡിയുടെ പിന്‍ഗാമിയായി എത്തിയ വഡേക്കര്‍ തുടര്‍ച്ചയായി മൂന്നു സീരീസില്‍ വിജയം കൊയ്തു. എന്നാല്‍ 1974ല്‍ ഇംഗ്ലണ്ടിനോട് 0-3ന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വെട്ടിമാറ്റപ്പെടുകയായിരുന്നു. റിട്ടയര്‍ ചെയ്ത് ഒന്നു രണ്ട് ബെനിഫിറ്റ് മാച്ചുകളില്‍ പങ്കെടുത്തുകൊണ്ടാണ് വഡേക്കര്‍ തന്റെ മുഖം രക്ഷിച്ചത്. 2007ല്‍ ടെസ്റ്റ് ക്യാപ്റ്റനായ കുംബ്ലെ സ്വയം പിരിഞ്ഞു പോവുകയായിരുന്നു. എന്നാല്‍ കുംബ്ലെ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടത് അയാളുടെ കരിയറിന്റെ അവസാന കാലത്തായിരുന്നു. 37 വയസായിരുന്നു കുംബ്ലെക്ക് അപ്പോള്‍. ധോണി തന്നെയായിരുന്നു ആ സമയത്ത് യഥാര്‍ത്ഥത്തില്‍ ക്യാപ്റ്റന്റെ റോള്‍ കൈകാര്യം ചെയ്തിരുന്നത്. നായകനാക്കപ്പെട്ടതിന്റെ തൊട്ടടുത്ത വര്‍ഷം കുംബ്ലെ കളിയില്‍ നിന്ന് വിരമിച്ചു.

sachin,dravid,gavaskar former indian team captains

ഗവാസ്‌കറിനും സച്ചിനും ദ്രാവിഡിനും സംഭവിച്ചത്

ഏറ്റവും രസകരമായ കാര്യം ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് വമ്പന്‍മാര്‍ സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറി നിന്നത് സമ്മര്‍ദവും അനിഷ്ടവും താങ്ങാന്‍ കഴിയാതെയാണ്. പട്ടോഡിയെ പോലെ രണ്ട് തവണ വീതം ഗവാസ്‌കറും ടെണ്ടുല്‍ക്കറും ക്യാപ്റ്റന്‍സിയിലേക്ക് വന്നിട്ടുണ്ട്. (യഥാര്‍ത്ഥത്തില്‍ ഗവാസ്‌കര്‍ ഒരു തവണ ക്യാപ്റ്റനായത് ബേദിക്ക് പരുക്ക് പറ്റിയപ്പോഴാണ്). പക്ഷേ ഇതും അവരുടെ സമ്മര്‍ദത്തെ ഒട്ടും കുറയ്ക്കുന്നതിന് സഹായിച്ചില്ല.

Kapil dev with world cup

ലോകകപ്പിനു പിന്നാലെ ഒഴിവാക്കപ്പെട്ട കപില്‍

ഈ കൂട്ടത്തില്‍ ഏറ്റവും രസകരമായ കേസ് സ്റ്റഡി തീര്‍ച്ചയായും കപില്‍ ദേവിന്റെയും അസ്ഹറുദ്ദീന്റെയും ആണ്. ഇവരും രണ്ട് തവണ വീതം ക്യാപ്റ്റന്‍മാരായിരുന്നിട്ടുണ്ട്. 1983ലെ ലോകകപ്പ് വിജയത്തിന് തൊട്ടടുത്ത വര്‍ഷം കപില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് 1985ലാണ് ക്യാപ്റ്റന്‍സി തിരിച്ചു കിട്ടുന്നത്. ഒന്നൊഴികെ എല്ലാ ടെസ്റ്റ് സീരീസും വിജയിച്ചിട്ടും, 1987ല്‍ ലോകകപ്പിന്റെ സെമിഫൈനല്‍ വരെ എത്തിച്ചിട്ടും കപില്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടു.

ക്യാപ്റ്റന്‍സിയും കരിയറും പോയ അസ്ഹറുദ്ദീന്‍

ടെണ്ടുല്‍ക്കര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എടുക്കപ്പെടുകയും ഒപ്പം അതിനോട് അയാള്‍ക്ക് മമത നഷ്ടമാവുകയും ചെയ്ത അതേ കാലഘട്ടത്തിലാണ് അസ്ഹറുദ്ദീന് ക്യാപ്റ്റന്‍സി നഷ്ടമാവുകയും തിരിച്ചു കിട്ടുകയും ചെയ്യുന്നത്. എന്നാല്‍ ദീര്‍ഘമായ ഒരു ക്യാപ്റ്റന്‍ കരിയര്‍ ഉണ്ടാകും എന്നു കരുതിയ ആ സമയത്താണ് അസ്ഹറുദ്ദീനെതിരെ 2000ത്തില്‍ ഒത്തു കളി വിവാദം ഉയരുന്നതും കരിയര്‍ തന്നെ നഷ്ടമാകുന്നതും.

former indian captain mohammad azharuddin batting

ഹ്രസ്വകാല നായകര്‍

പട്ടോഡി, ഗവാസ്‌കര്‍, ദ്രാവിഡ്, കുംബ്ലെ, ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ഒഴികെ 50 വര്‍ഷത്തിനിടയില്‍ വന്നിട്ടുള്ള ഓരോ രണ്ടാമത്തെ ക്യാപ്റ്റനും പുറത്താക്കപ്പെട്ടപ്പോള്‍ അപവാദം ഗുണ്ടപ്പ വിശ്വനാഥന് മാത്രമായിരുന്നു. തുടര്‍ച്ചയായ പര്യടനങ്ങള്‍ക്കിടയില്‍ വിശ്രമത്തിന് പോയ ബ്രദര്‍ ഇന്‍ ലോ ആയ ഗവാസ്‌കര്‍ക്ക് പകരം രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിക്കാന്‍ ഗുണ്ടപ്പ വിശ്വനാഥിന് അവസരം ലഭിക്കുകയുണ്ടായി.

കുറച്ചധികം കാലം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന ബിഷന്‍ സിംഗ് ബേദിക്കും ദിലീപ് വെംഗ്‌സാര്‍ക്കര്‍ക്കും പരാജയങ്ങളെ മറികടക്കാനോ സെലക്ഷന്‍ കമ്മിറ്റിയുമായുള്ള ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെടാനോ സാധിച്ചില്ല.

നിലവിലുള്ള ക്യാപ്റ്റന്‍മാര്‍ പരുക്ക് പറ്റി വിശ്രമത്തിന് പോയപ്പോഴാണ് ചന്ദു ബോര്‍ഡെയും രവി ശാസ്ത്രിയും ഓരോ ടെസ്റ്റില്‍ വീതം ക്യാപ്റ്റന്മാരായത്. 1967-68ല്‍ ഓസ്‌ട്രേലിയയോട് ബോര്‍ഡെ പരാജയപ്പെട്ടപ്പോള്‍ ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെ തറപറ്റിച്ച് കഴിവുറ്റ വ്യക്തിയും ബുദ്ധിമാനുമാണ് താനെന്ന് തെളിയിക്കാന്‍ രവിശാസ്ത്രിക്ക്ക്ക് സാധിച്ചു. എന്നാല്‍ എന്നിട്ടും മറ്റൊരു അവസരം ശാസ്ത്രിയെ തേടി എത്തുകയുണ്ടായില്ല.

s venkataraghavan formar indian cricket team captain

അപമാനിക്കപ്പെട്ട വെങ്കട്ടരാഘവന്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി 1989ല്‍ പാകിസ്ഥാനുമായുള്ള ഒരു ടെസ്റ്റ് സീരീസില്‍ സമനില നേടാന്‍ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് സാധിച്ചെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ശ്രീകാന്തും പുറത്താക്കപ്പെടുകയായിരുന്നു. എന്നാല്‍ എസ് വെങ്കട്ടരാഘവനുണ്ടായിട്ടുള്ളയത്ര അപമാനം മറ്റൊരാള്‍ക്കും ഉണ്ടായിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. 1979ല്‍ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞു തിരിച്ചു വരുന്ന വഴി വിമാനത്തില്‍ വെച്ച് പൈലറ്റിന്റെ അനൌണ്‍സ്‌മെന്റിലൂടെയാണ് വെങ്കടരാഘവന്‍ താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു എന്നറിഞ്ഞത്!

തഴയപ്പെട്ട ദാദ

എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന വിശേഷം പേറുന്നത് സൗരവ് ഗാംഗുലി ആണെന്നു പറഞ്ഞാല്‍ അതിശപ്പെടേണ്ടതില്ല. കിരീട നേട്ടങ്ങളല്ല, ടീം ഇന്ത്യയെ പിന്നീടുള്ള കാലം ചുമലിലേറ്റിയ കുറെ കളിക്കാരെ വളര്‍ത്തിയെടുത്തതും, ആരോടും ഏറ്റുമുട്ടാനുള്ള കരുത്തന്മാരാക്കി ടീമിനെ മാറ്റിയതും ഗാംഗുലിയായിരുന്നു. പക്ഷേ, ദാദയെയും നിരവധി കാരണങ്ങള്‍ നിരത്തി പുറത്താക്കുകയായിരുന്നു. അതിന്, ഏറെ വിവാദമായ കോച്ച് ഗ്രേഗ് ചാപ്പലുമായുള്ള അഭിപ്രായ ഭിന്നതകള്‍ വരെ കാരണമായിട്ടുണ്ട്.

sourav ganguly former indian cricket team captain

ഒറ്റ രാത്രി കൊണ്ട് ഒരു ക്യാപ്റ്റന് തന്റെ എല്ലാ കഴിവുകളും ശക്തിയും നഷ്ടപ്പെട്ടു പോകുമോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. ഒരു ക്യാപ്റ്റന് തന്റെ ടീമിന്റെ അത്ര നല്ല ഗുണങ്ങള്‍ മാത്രമേയുള്ളൂ എന്ന ക്രിക്കറ്റ് പഴമൊഴിയുമായി ചേര്‍ത്ത് വേണം ഇതിനെ വായിച്ചെടുക്കാന്‍. ഇന്ത്യയില്‍ ക്യാപ്റ്റന്‍മാരുടെ മരണ നിരക്ക് അല്പം കൂടുതലാണെങ്കിലും മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ക്യാപ്റ്റന്‍മാരുടെ അവസ്ഥയും തെല്ലും ഭേദമല്ല.

ഇതിന് കാരണം മറ്റ് പല കളികളിലേത് പോലെ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം ചടങ്ങിന് വേണ്ടി തിരഞ്ഞെടുക്കുന്നതോ യാന്ത്രികമായി പ്രവര്‍ത്തിക്കുന്നതോ അല്ല എന്നുള്ളതാണ്. ഇത് ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലും നിരന്തരമുള്ള തീരുമാനം എടുക്കലുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒന്നാണ്.

‘ഇത് പാകിസ്താനോ അഫ്ഗാനിസ്താനോ ആണോ’

ഒരു ടീമിന്റെ മാനസികനില, തന്ത്രങ്ങള്‍, സ്വാഭാവികമായും ഭാഗ്യങ്ങള്‍ എല്ലാം നിലകൊള്ളുന്നത് ക്യാപ്റ്റന്റെ വ്യക്തിത്വത്തിലും ഓരോ കളിക്കാരനെയും സാഹചര്യങ്ങളെയും ഫലപ്രദമായി വിനിയോഗിക്കുന്ന രീതികളിലുമാണ്. അതുകൊണ്ടാണ് 11 കളിക്കാരില്‍ ഒരാള്‍ മാത്രമായിരിക്കുമ്പോഴും ടീമിന്റെ പ്രകടനത്തിന് നായകന് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നത്.

എന്നാല്‍ വിവിധ കളിരൂപങ്ങള്‍, വിശ്രമമില്ലാത്ത പര്യടനങ്ങള്‍, വലിയ തോതിലുള്ള കച്ചവടവത്ക്കരണം, കഠിനമായ വിജയതൃഷ്ണ, ആധിപത്യ മനോഭാവം എന്നിവകൊണ്ട് ശ്രദ്ധേയമായ പുതിയ കാലത്ത് താരതമ്യേന ക്യാപ്റ്റന്‍മാരുടെ ഭാഗത്ത് നിന്നുള്ള പിഴവുകളുടെ തോത് വളരെ ചെറുതായിരിക്കും.

hardik pandya team india player and mumbai indians captain in ipl

സ്ഥിരതയെക്കുറിച്ചുള്ള ചിന്തയ്ക്ക് പ്രാമുഖ്യമുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ വലിയ രീതിയില്‍ വിജയമായ റിക്കി പോണ്ടിംഗിന് പോലും തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. തങ്ങള്‍ക്ക് കിട്ടുന്ന പൂച്ചെണ്ടുകളില്‍ ആഹ്ലാദിച്ചിരിക്കാന്‍ ഇന്നത്തെ ക്യാപ്റ്റന്‍മാര്‍ക്ക് കഴിയില്ല. ഓരോ ഘട്ടത്തിലും അവര്‍ നവീകരിച്ചുകൊണ്ടിരിക്കണം. എപ്പോഴും ഊര്‍ജസ്വലരായി നിലകൊള്ളാനും കളിയുടെ എല്ലാ രൂപങ്ങളിലും തങ്ങള്‍ കളിക്കണോ നയിക്കണോ എന്നു പോലും അവര്‍ തീരുമാനിക്കേണ്ടതുണ്ട്.

തീര്‍ച്ചയായും ഹര്‍ദിക് പാണ്ഡ്യ ഒരു മികച്ച കളിക്കാരനാണ്, അയാളില്‍ ഒരു മികച്ച ക്യാപ്റ്റനുമുണ്ട്. ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ മറി കടക്കാന്‍ സാധിക്കുമായിരിക്കും. ഇവിടെ നിന്നു കിട്ടുന്ന അനുഭവങ്ങള്‍ പാണ്ഡ്യയെ കൂടുതല്‍ പക്വതയുള്ളവനും കരുത്തനുമാകട്ടെ.

 

English Summary: Ipl cricket mumbai indians captain hardik pandya facing challenges and former team india captains fate

Share on

മറ്റുവാര്‍ത്തകള്‍