UPDATES

സ്വവര്‍ഗ വിവാഹ വിധി; എല്‍ജിബിടി സമൂഹത്തിന് പറയാനുള്ളത്…

‘ക്വിയര്‍ പോരാട്ടങ്ങളെ ഒന്നടങ്കം പിന്നോട്ടുവലിക്കുന്നതാണ് സുപ്രിം കോടതി വിധി’

                       

രാജ്യത്തെ എല്‍ജിബിടിക്യൂ ദമ്പതികളെയും ആക്ടിവിസ്റ്റുകളെയും നിരാശരാക്കി ചൊവ്വാഴ്ച സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയ്ക്ക് അനുമതി നല്‍കാന്‍ വിസമ്മതിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി വരുമ്പോള്‍, ക്വിയര്‍ ദമ്പതികളായ പൊന്നു ഇമയും റിച്ചുവും ആശുപത്രിയിലായിരുന്നു.

ലെസ്ബിയന്‍/ബൈസെക്ഷ്വല്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സേവനം നല്‍കുന്ന സംഘടനയായ ‘സഹയാത്രിക’യുടെ പ്രവര്‍ത്തകയാണ് പൊന്നു ഇമ, മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ ജന്‍ഡര്‍ സ്റ്റഡീസ് വിദ്യര്‍ത്ഥിയാണ് റിച്ചു. ഇരുവരും തൃശൂര്‍ സ്വദേശികള്‍. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നിയമപരിരക്ഷ അടിസ്ഥനമാക്കി വിവാഹം ചെയ്ത് ഭാവി ജീവിതം നയിക്കാനുള്ള പ്രതീക്ഷയിലായിരുന്ന ഈ ക്വിയര്‍ ദമ്പതികള്‍ക്ക് സുപ്രിം കോടതിയുടെ വിധി നല്‍കുന്ന നിരാശയും ആശങ്കയും ചെറുതല്ല. എല്‍ജിബിടിക്യൂ സമൂഹം നടത്തിവരുന്ന പോരാട്ടങ്ങളുടെ അംഗീകാരമെന്നോണം വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്ന് റിച്ചു അഴിമുഖത്തോടു പറഞ്ഞു.

ആരോഗ്യപരമായും മറ്റും വെല്ലുവിളികള്‍ നേരിടുന്ന ഈ ദമ്പതികളുടെ സാമൂഹിക ജീവിതം കോടതി വിധി കൂടുതല്‍ അരക്ഷിതമാക്കിയിരിക്കുകയാണ്. സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത ഇല്ലാത്തതിനാല്‍ കുട്ടികളെ ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം, ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, ഇന്‍ഷ്വറന്‍സ് പോളിസി എന്നിവ പോലുള്ള തടസങ്ങള്‍ എല്‍ജിബിടി സമൂഹം നേരിടുന്നതായി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ചൂണ്ടികാട്ടിയായിരുന്നു.

‘ഒരു തരത്തില്‍ നോക്കുമ്പോള്‍ വിധി പ്രതീക്ഷകള്‍ നല്‍കുന്നതാണ്. വിവാഹത്തിന് നിയമസാധ്യത നല്‍കിയില്ലെങ്കില്‍ പോലും കണ്‍വെര്‍ഷന്‍ തെറാപ്പി പോലുള്ള കാര്യങ്ങളെ പറ്റി കോടതി വിധിയില്‍ പരാമര്‍ശമുണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ച നടക്കാതിരിക്കുന്നിടത്ത്, ഇതുപോലുള്ള പരാമരാശങ്ങള്‍ പോലും പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. എന്നിരുന്നാലും, കോടതി നിര്‍ദേശിച്ച ഈ നിര്‍ദേശങ്ങള്‍ എത്രമാത്രം നടപ്പിലാകുമെന്നന്നത് കണ്ടു തന്നെ അറിയണം’ എന്നാണ് പൊന്നു ഇവ പറയുന്നത്.

സുപ്രീം കോടതി വിധിയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയില്ലെന്ന വസ്തുത മാത്രമാണ് മാധ്യമങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. കോടതിയുടെ മറ്റു നിര്‍ദേശങ്ങള്‍ ചര്‍ച്ചക്കെടുക്കാത്തതില്‍ അപകടം ഒളിച്ചിരിക്കുന്നതായും പൊന്നു ഇവ ചൂണ്ടികാണിക്കുന്നു.

‘കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ച നിയമനിര്‍മാണ കമ്മിറ്റിയെന്ന നിര്‍ദേശം കോടതി അംഗീകരിക്കുമ്പോഴും, കമ്മിറ്റിയില്‍ ആരെല്ലാം ഉള്‍പ്പെടുമെന്നതും അവരെത്രമാത്രം എല്‍ജിബിടി നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമെന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവില്‍ രാജ്യത്തെ വലതുപക്ഷ രാഷ്ട്രീയാനുകൂലികളായ ക്വിയര്‍ ആളുകള്‍ക്ക് മാത്രമാണ് പരിഗണന കിട്ടാറുള്ളത്. വൈവിധ്യപരമായി എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള നിയമനിര്‍മ്മാണം ഇവിടെ ഇതുവരെയും നടപ്പിലായിട്ടില്ല. എല്ലാ തലങ്ങളെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും ഈ മൂവ്‌മെന്റ് മുന്നോട്ടുപോകുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. ഞങ്ങള്‍ക്കു മുന്നേ നടന്നുപോയവര്‍ ബാക്കി വച്ച അവകാശങ്ങള്‍ക്കയുള്ള പോരാട്ടം പിന്‍തലമുറയ്ക്കായി ഞങ്ങളിപ്പോഴും തുടരുകയാണ്”; പൊന്നു ഇമ പറയുന്നു.

ക്വിയര്‍ പോരാട്ടങ്ങളെ ഒന്നടങ്കം പിന്നോട്ടുവലിക്കുന്നതാണ് സുപ്രിം കോടതി വിധിയെന്നാണു ഗവേഷകനായ അനഘ് പറയുന്നത്. ‘വിധി പ്രസ്താവിക്കുന്ന ആദ്യ നിമിഷങ്ങളില്‍ പുറത്തുവന്നിരുന്ന വിവരം ബെഞ്ചിന്റെ വിധികളില്‍ വൈരുധ്യമുണ്ടായിരുന്നു എന്നാണ്. വിധിയില്‍ കുഴപ്പങ്ങളുണ്ടെന്ന ചിന്ത അപ്പോഴേ തോന്നി തുടങ്ങിയിരുന്നെങ്കിലും ഇത്രമാത്രം ദാരുണമായി തീരുമെന്ന് വിദൂരമായി പോലും ചിന്തിച്ചിരുന്നില്ല. അതെ സമയം വിവാഹം എന്ന സ്ഥാപനത്തെ ഒരു യൂണിയനായി കണക്കാക്കുകയും അതിലേക്ക് ആര്‍ക്കു വേണമെങ്കിലും പ്രവേശിക്കാമെന്നും ചീഫ് ജസ്റ്റിസ് മുന്നോട്ടുവച്ച വിധയില്‍ വ്യക്തമാക്കുന്നുണ്ട്. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന് കീഴിലേക്ക് വിവാഹം എത്തുമ്പോഴാണ് പാര്‍ലമെന്റിന്റെ അംഗീകാരം വേണ്ടി വരുന്നത്. വിവാഹത്തെ യൂണിയന്‍ എന്ന രീതിയിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരു പ്രതീക്ഷ നിലനില്‍ക്കുണ്ടായിരുന്നു. ജസ്റ്റിസ് കൗള്‍ ഒഴികയെയുള്ള ബെഞ്ചിലെ മറ്റുള്ളവര്‍ അതിനെ എതിര്‍ത്തു എന്നത് വാസ്തവമാണെങ്കിലും ഈ സംഭവം പ്രതീക്ഷാജനകമാണ്. 2021-ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമയപ്രകാരം വിവാഹിതരായ ഭിന്നലിംഗ ദമ്പതികള്‍ക്ക് മാത്രമേ കുട്ടികളെ ദത്തെടുക്കാനും, ഐ.വി.എഫ് പോലുള്ളവയില്‍ ഏര്‍പ്പെടാനും അനുവാദമുള്ളൂ. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമം നടപ്പിലാകുമ്പോള്‍ എല്‍ജിബിടി ദമ്പതികള്‍ക്കും, ഏക രക്ഷിതാവിനും ദത്തെടുക്കാന്‍ സാധിക്കാതെ വരുന്നതിനെ ചോദ്യം ചെയ്തിരുന്നു. നിയമത്തിലെ ഇത്തരം ധാര്‍മികതകള്‍ അന്നും ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി എല്‍ജിബിടി സമൂഹം ഇവിടെ നേരിട്ടുകൊണ്ടരിക്കുന്ന വെല്ലുവിളികൂടിയാണ് ഇത്. വിശാല ബെഞ്ചിലേക്ക് ഹര്‍ജികള്‍ കൊണ്ടുപോകുന്ന കാര്യത്തിലടക്കം കാര്യമായ ചര്‍ച്ചകള്‍ നടപ്പിലാക്കേണ്ടതായുണ്ട്’.

കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച 50 ഹര്‍ജികള്‍ ഒറ്റയടിക്ക് തള്ളിക്കളഞ്ഞത് തീര്‍ത്തും നിരാശജനകമാണെന്നാണ് അനഘ് പറയുന്നത്. ഭരണഘടനാ വിരുദ്ധമായി 14 ,15, 19, 21, 29 എന്നീ ആര്‍ട്ടിക്കളുകളില്‍ പ്രതിപാദിക്കുന്ന സെക്ഷ്വല്‍ ഓറിയന്റഷന്‍ പ്രകാരമുള്ള വിവേചനത്തെയും കണക്കിലെടുക്കാതെ, ഇന്ത്യന്‍ സംസ്‌കരത്തിനാണ് ഊന്നല്‍ കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

‘ചരിത്രത്തിലും, സംസ്‌കാരത്തിലും ഇതുവരെ സംഭവിക്കാത്ത ഒന്നെന്ന് പറഞ്ഞുവയ്ക്കുന്നത് ബെഞ്ചിലെ ഏക വനിത ജഡ്ജി ആണെന്നുള്ളത് തീര്‍ത്തും സങ്കടകരമാണ്. പോരാട്ടങ്ങളെയും, വിവേചനങ്ങളെയും അംഗീകരിച്ച ബെഞ്ച് വിവാഹമെന്ന ഇന്‍സ്റ്റിട്യൂഷനിലേക്ക് നിങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നതും ഖേദകരമാണ്. അതെ സമയം സര്‍ക്കാരിന്റെ കീഴിലിലുള്ള കമ്മിറ്റിയിലേക്ക് ഈ തീരുമാനം കൈക്കൊള്ളാനായി വിട്ടു നല്‍കുന്നത് പ്രതീക്ഷ നല്‍കുന്നില്ല. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് സംവരണം നടപ്പിലാക്കാന്‍ ഉത്തരവിട്ട 2014 ലെ നല്‍സ വേഴസസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന വിപ്ലവകരമായ വിധി വന്നിട്ട് പത്തുവര്‍ഷത്തോളം പിന്നിട്ടിരിക്കുകയാണ്. ഇതുവരെയും ഈ വിധയില്‍ പറയുന്ന സംവരണം നടപ്പിലാക്കിയിട്ടില്ല. കണ്‍വെര്‍ഷന്‍ തെറാപ്പി നിലവില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഗൈഡ്ലൈന്‍സ് ഇതുവരെയും കൊണ്ടുവന്നിട്ടില്ല. ഇപ്പോഴും യഥേഷ്ടം കണ്‍വെര്‍ഷന്‍ തെറാപ്പികള്‍ നടക്കുന്നുണ്ട്. രണ്ടു മാസം മുമ്പാണ് കോഴിക്കോടുള്ള ഒരു ലെസ്ബിയന്‍ ദമ്പതികള്‍ കണ്‍വെര്‍ഷന്‍ തെറാപ്പിക്ക് വിധേയരായത്. കണ്‍വെര്‍ഷന്‍ തെറാപ്പിയിലൂടെ കടന്നുപോകേണ്ടി വന്നതിനെ കുറിച്ച് മുമ്പും ഒരു ലെസ്ബിയന്‍ ദമ്പതികള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഈ തുറന്നു പറച്ചിലുകള്‍ക്ക് അവസരങ്ങളില്ലാത്ത എത്ര മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടാകും. ഇന്ത്യയിലെ പല സ്വകാര്യ ആശുപത്രികളിലും കേരളത്തിന് പുറത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലും ആറു വര്‍ഷത്തിനുമേലെയായി ജന്‍ഡര്‍ അഫീര്‍മേഷന്‍ സര്‍ജറികളും ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പികളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാരോ സര്‍ക്കാരിന് കീഴിലുളള ആരോഗ്യവകുപ്പോ ഇതിനുള്ള പ്രോട്ടോകോള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. 2018-ല്‍ സ്വവര്‍ഗ രതി കുറ്റകരമല്ലാതാക്കിയെങ്കില്‍ക്കൂടി പിന്നീടുള്ള വര്‍ഷങ്ങളില്‍ ആര്‍ഷഭാരത സംസ്‌കാരത്തിന് എതിരാണെന്നും ചരിത്രത്തിന്റെ ഭാഗമല്ലെന്നും തുറന്നു പറഞ്ഞിരുന്നു. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും നേതാക്കള്‍ എല്‍ജിബിടി സമൂഹത്തെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ നിയമനിര്‍മാണം നടത്തുന്ന കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നവര്‍ ഈ അഭിപ്രയത്തോട് യോജിക്കുന്നവര്‍ തന്നെയായിരുക്കും’- അനഘിന്റെ വാക്കുകള്‍.

വിധി പ്രതികൂലമായിരുന്നെങ്കില്‍ പോലും പ്രതീക്ഷ നല്‍കുന്ന പല വസ്തുതകളുമുണ്ടെന്നാണ് ഇന്റര്‍സെക്‌സ് റൈറ്റ് ആക്ടിവിസ്റ്റായ ആനന്ദ് സി രാജപ്പന്‍ പറയുന്നത്. ‘സ്വവര്‍ഗരതിക്ക് പുറമെയുള്ള മറ്റു വൈവിധ്യങ്ങളെയും കോടതി ചൂണ്ടിക്കണിച്ചത് പ്രതീക്ഷ നല്‍കുന്നതാണ്. ട്രാന്‍സ്ജന്‍ഡര്‍, ഇന്റര്‍ സെക്‌സ് വ്യക്തികള്‍ക്ക് തങ്ങള്‍ക്കിഷ്ടമുളള ആളുകളോടൊപ്പം ജീവിക്കാനുള്ള അവകാശമുണ്ടെന്നു കോടതി പറയുന്നുണ്ട്. പക്ഷെ ഇതില്‍ നിയമപരമായ പരിരക്ഷ കോടതി ഉറപ്പു നല്‍കുന്നില്ല. നിയമപരമായി വിവാഹിതരായ ദമ്പതികള്‍ക്ക് വിവാഹിതരല്ലാത്തവര്‍ക്ക് ലഭിക്കുന്നതിക്കാള്‍ കൂടുതല്‍ സംരക്ഷണം സമൂഹത്തില്‍ ലഭിക്കുന്നുണ്ട്. ഈ നിയമപരമായ സംരക്ഷണം കൂടിയാണ് ഞങ്ങള്‍ അവകാശപ്പെടുന്നത്’.

ബാങ്ക്, ലൈഫ് ഇന്‍ഷ്വറന്‍സ് എന്നിവയില്‍ നോമിനിയായി രക്തബന്ധത്തിലുള്ളവരെ മാത്രമേ നിര്‍ദേശിക്കാന്‍ കഴിയുകയുള്ളു. മറ്റൊരു കുടുംബ ജീവിതം നയിക്കുന്ന സഹോദരങ്ങളെയും, മുതിര്‍ന്ന പൗരന്മാരായ മാതാപിതാക്കളെയും നോമിനിയായി നിര്‍ദേശിക്കുന്നതില്‍ പ്രയോഗിക ബുദ്ധിമുട്ടുകള്‍ നിരവധിയാണെന്നും ആനന്ദ് ചൂണ്ടി കാണിക്കുന്നു. ‘നിയമപരമായി വിവാഹിതരാവാന്‍ സാധിക്കത്തതുമൂലം നോമിനായി പങ്കളിയുടെ പേര് നല്‍കാനും സാധിക്കാതെ വരുന്നു. എന്റെ മരണശേഷം എന്റെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് രക്തബന്ധത്തിലുള്ളവര്‍ക്കാണ്. അതിനുപകരമായി എന്റെ പങ്കാളിയുടെ പേര് നല്‍കണമെന്നാണ് ഞാന്‍ ആവിശ്യപ്പെടുന്നത്”; ആനന്ദ് കൂട്ടിച്ചേര്‍ക്കുന്നു. നിയമപരമായ വിവാഹത്തിലൂടെ സ്വത്തുക്കള്‍ക്കുള്ള സംരക്ഷണം കൂടിയാണ് ഞങ്ങള്‍ ആവിശ്യപ്പെടുന്നത്. എല്‍ജിബിടി സമൂഹത്തിന് വിവേചനത്തില്‍ നിന്നും അക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വത്തമെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നതും പ്രതീക്ഷ നല്‍കുന്നതാണ്. ക്വീര്‍ഫോബിക്കല്ലാത്ത പാര്‍ലമെന്ററി സംവിധാനം നിലവില്‍ വരുന്നതിന് പാര്‍ലമെന്റില്‍ എല്‍ജിബിടി കമ്മ്യൂണിറ്റി പ്രതിനിധാനം കൊണ്ടുവരേണ്ട ആവിശ്യം കൂടി മുന്നോട്ടുവയ്ക്കാനുണ്ടെന്നും ആനന്ദ്. സി രാജപ്പന്‍ പറയുന്നു.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍