UPDATES

സ്വവര്‍ഗ വിവാഹം; ഭരണഘടന ബെഞ്ചിലെ യോജിപ്പും വിയോജിപ്പുകളും

ചീഫ് ജസ്റ്റീസ് അടങ്ങുന്ന അഞ്ചംഗ ഭരണഘടന ബഞ്ചാണ് സ്വവര്‍ഗ വിവാഹത്തില്‍ തീരുമാനം പറഞ്ഞത്‌

                       

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാന്‍ വിസമ്മതിച്ചുള്ള സുപ്രിം കോടതി ഭരണഘടന ബഞ്ച് വിധി എല്‍ജിബിടിക്യൂ സമൂഹത്തെ മാത്രമല്ല, എല്ലാവിധ മനുഷ്യര്‍ക്കും ഭരണഘടനാവകാശങ്ങള്‍ തുല്യമായി ലഭിക്കാനാഗ്രഹിക്കുന്ന എല്ലാ ജനങ്ങളെയും നിരാശരാക്കിയിരിക്കുന്നു.

1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന ഹര്‍ജികള്‍ തള്ളിയ സുപ്രിം കോടതി രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്നാണു പറയുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന നിലപാടെടുത്തപ്പോള്‍, ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനോട് വിയോജിച്ചു. ഒടുവില്‍, സ്വവര്‍ഗ വിവാഹത്തിന്റെ കാര്യത്തില്‍ നിയമ നിര്‍മാണ സഭയാണ്(പാര്‍ലമെന്റ്) തീരുമാനമെടുക്കേണ്ടത് എന്ന ഭൂരിപക്ഷാഭിപ്രായത്തില്‍ സുപ്രിം കോടതി എത്തിച്ചേരുകയാണുണ്ടായത്.

കോടതി നിരീക്ഷണങ്ങള്‍

അഞ്ചാംഗ ഭരണഘടന ബഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യന്‍ വിവാഹ നിയമത്തിന്റെ ഭാഗങ്ങളില്‍ മാറ്റം വരുത്താനോ, നീക്കം ചെയ്യാനോ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും പകരം, ഈ വിഷയം രാജ്യത്തിന്റെ നിയമ നിര്‍മാണ സഭയായ പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചു. കൂടാതെ LGBTQ+ സമൂഹത്തിനോടുള്ള വിവേചനം തടയാന്‍ സര്‍ക്കാരിനും പോലീസിനും ചില പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചീഫ് ജസ്റ്റീസ് നല്‍കി. സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വവര്‍ഗ പങ്കാളിത്തത്തിലോ ക്വിയര്‍ യൂണിയനുകളിലോ ഉള്ള ആളുകള്‍ക്ക് നല്‍കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും ഈ കമ്മിറ്റി കണ്ടെത്തും.

തന്റെ വിധിന്യായത്തില്‍, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഭിന്നലിംഗ ബന്ധങ്ങളിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടി കാണിച്ചു. സ്വവര്‍ഗ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള അവിവാഹിതരായ ദമ്പതികള്‍ക്ക് ഒരുമിച്ച് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള അവകാശവും അദ്ദേഹം സ്ഥിരീകരിച്ചു. അവിവാഹിതരും ക്വിയര്‍ ദമ്പതികളും കുട്ടികളെ ദത്തെടുക്കുന്നതില്‍ നിന്ന് വിലക്കുന്ന CARA റെഗുലേഷന്റെ 5(3) റെഗുലേഷന്‍ വിവേചനം നിരോധിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ന്റെ ലംഘനമാണെന്നും സിജെഐ കണ്ടെത്തി.

ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിച്ച ജസ്റ്റിസ് എസ് കെ കൗള്‍ ക്വിയര്‍ യൂണിയനുകള്‍ പങ്കാളിത്തവും സ്‌നേഹവും നല്‍കാനുള്ള ഇടങ്ങളായി അംഗീകരിക്കപ്പെടണമെന്നാവിശ്യപ്പെട്ടു. തുല്യതയെ അഭിസംബോധന ചെയ്യുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം പ്രത്യേക വിവാഹ നിയമം വിവേചനപരമാണെന്നും അദ്ദേഹം കണ്ടെത്തി. എന്നിരുന്നാലും, സ്പെഷ്യല്‍ മാരേജ് ആക്ട് സ്വവര്‍ഗ യൂണിയനുകളെ ഉള്‍പ്പെടുത്തി മാറ്റാനുള്ള കോടതിയുടെ കഴിവിന് നിയമപരമായ പരിമിതികളുണ്ടെന്നും അത്തരമൊരു തീരുമാനം ആത്യന്തികമായി ഇന്ത്യന്‍ പാര്‍ലമെന്റാണ് എടുക്കേണ്ടതെന്നും സിജെഐയും ജസ്റ്റിസ് കൗളും അഭിപ്രായപ്പെട്ടു.

സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ നിലപാടിനോട് വിയോജിച്ച ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് നിയമപരമായി വിവാഹം കഴിക്കാനുള്ള അവകാശം സര്‍ക്കാര്‍ പാസാക്കിയ നിയമത്തിലൂടെ മാത്രമേ ലഭിക്കുകയുള്ളുവെന്ന് കണ്ടെത്തി. കോടതിയിലെ സോളിസിറ്റര്‍ ജനറലിന്റെ പ്രസ്താവനയ്ക്ക് സമാനമായി ജസ്റ്റിസ് ഭട്ട്, ക്വിയര്‍ ദമ്പതികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചു. ക്വിയര്‍ റൈറ്റ്സുമായി ബന്ധപ്പെട്ട മുന്‍ കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ കേസിലെ സാഹചര്യമെന്ന് നിരീക്ഷിച്ച അദ്ദേഹം മുന്‍കാലങ്ങളില്‍, LGBTQ+ വ്യക്തികളെ ആക്രമണങ്ങളില്‍ നിന്നോ ക്രിമിനല്‍വത്കരണത്തില്‍ നിന്നോ സംരക്ഷിക്കാന്‍ കോടതി ഇടപെട്ടിരുന്നതായും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും ചൂണ്ടികാണിച്ചു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം വളരെ വ്യത്യസ്തമാണ്.

വിവാഹം ഒരു ‘സാമൂഹിക സ്ഥാപനം’ ആണെന്നും സമൂഹത്തിന്റെ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഭാഗമാണെന്നും ജസ്റ്റിസ് ഭട്ട് വാദിച്ചു. അടിസ്ഥാനപരമോ അനിവാര്യമോ ആയ അവകാശമായി കണക്കാക്കുന്ന വിവാഹം കഴിക്കാന്‍ സമ്പൂര്‍ണമോ അനിയന്ത്രിതമോ ആയ അവകാശം ഉണ്ടാകരുതെന്ന് അദ്ദേഹം നിരീക്ഷിച്ചു. വിവാഹം സമൂഹത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കുകയാണെങ്കില്‍, സമാനമായ സ്ഥാപനം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന സമൂഹത്തിലെ ഏതെങ്കിലും ഗ്രൂപ്പിന് കോടതിയോട് സഹായം ചോദിക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധാരണഗതിയില്‍ സര്‍ക്കാരാണ് ഉത്തരവാദിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സ്പെഷ്യല്‍ മാരേജ് ആക്റ്റിന്റെ ലിംഗഭേദമില്ലാതെയുള്ള വ്യാഖ്യാനം തുല്യമായിരിക്കില്ല, മാത്രമല്ല അത് ഉദ്ദേശിക്കാത്ത വിധത്തില്‍ സ്ത്രീകള്‍ പരാധീനതകള്‍ക്ക് വിധേയരാകുന്നതിന് കാരണമാകുമെന്നും ജ. ഭട്ട് പ്രസ്താവിച്ചു. പിഎഫ്, ഇഎസ്ഐ, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ക്വിയര്‍ പാര്‍ട്ണര്‍മാര്‍ക്ക് നിഷേധിക്കപ്പെടുമെന്ന് തിരിച്ചറിയുമ്പോള്‍പ്രതികൂലവും വിവേചനപരവുമായ ഫലമുണ്ടാകും, ഈ ആശങ്കകള്‍ അഭിസംബോധന ചെയ്യാമെന്ന് ജസ്റ്റിസ് ഭട്ട് പറഞ്ഞു. ഭിന്നലിംഗക്കാരായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം വിവാഹം കഴിക്കാനുള്ള അവകാശത്തെക്കുറിച്ചും ജസ്റ്റിസ് ഭട്ട് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തോട് യോജിച്ചു. അതേസമയം, ക്വിയര്‍ ദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശം വേണോ എന്ന കാര്യത്തില്‍ സിജെഐയോട് വിയോജിച്ചു. CARA റെഗുലേഷന്റെ 5(3)റെഗുലേഷന്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കണ്ടെത്തി. ജസ്റ്റിസ് ഭട്ടിന്റെ സമാന വിധി തന്നെയാണ് ജസ്റ്റിസ് ഹിമ കോലിയും പങ്കുവെച്ചത്.

ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ഭട്ടുമായുള്ള യോജിച്ച വിധി പ്രസ്താവിച്ചു, വിവാഹം ചെയ്യാന്‍ സമ്പൂര്‍ണമോ അനിയന്ത്രിതമോ ആയ അവകാശം നിലനില്‍ക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വിവാഹത്തിന് സമാനമായ നിയമപരമായ പദവി സിവില്‍ യൂണിയനുകള്‍ സൃഷ്ടിക്കാന്‍ ഭരണഘടന അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

CARA ചട്ടങ്ങളും (ദത്തെടുക്കലുമായി ബന്ധപ്പെട്ടത്) ക്വിയര്‍ ദമ്പതികളുടെ ദത്തെടുക്കാനുള്ള അവകാശവും സംബന്ധിച്ച്, ജസ്റ്റിസ് ഭട്ടിന്റെ വീക്ഷണം അദ്ദേഹം പങ്കുവച്ചു. നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം, പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട് (പിഎഫ്), ഗ്രാറ്റുവിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളില്‍ നിന്ന് നിലവില്‍ ക്വിയര്‍ ദമ്പതികളെ ഒഴിവാക്കുന്ന നിയമങ്ങളുടെ അവലോകനം നടത്തേണ്ടതുണ്ടെന്നും പരാമര്‍ശിച്ചു.

ഹര്‍ജികളുടെ പശ്ചാത്തലം

സ്വവര്‍ഗ ദമ്പതികള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, LGBTQ+ ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുപതോളം ഹര്‍ജികള്‍ സുപ്രിം കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. ഈ ഹര്ജികള്‍ 1954-ലെ പ്രത്യേക വിവാഹ നിയമം, 1955-ലെ ഹിന്ദു വിവാഹ നിയമം, 1969-ലെ വിദേശ വിവാഹ നിയമം എന്നിങ്ങനെയുള്ള ചില നിയമങ്ങളെ ചോദ്യം ചെയ്തിരുന്നു. ഈ നിയമങ്ങള്‍ നിലവില്‍ നിലനില്‍ക്കുന്നതുപോലെ, ഭിന്നലിംഗക്കാര്‍ (LGBTQIA+) തമ്മിലുള്ള വിവാഹങ്ങളെ അംഗീകരിക്കുന്നില്ലെന്ന് അവര്‍ വാദിച്ചു. LGBTQIA+ കമ്മ്യൂണിറ്റിയോടുള്ള വിവേചനത്തിലേക്ക് നയിച്ചത്തിന്റെ പ്രധന കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്.

വാദത്തിനിടെ, ഇന്ത്യന്‍ സര്‍ക്കാര്‍ സ്വവര്‍ഗ-വിവാഹ ദമ്പതികള്‍ക്ക് നിയമപരമായി ‘വിവാഹം’ എന്ന് വിളിക്കപ്പെടുന്നില്ലെങ്കിലും, അവര്‍ക്ക് ചില നിയമപരമായ അവകാശങ്ങള്‍ നല്‍കാമോ എന്ന് പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ പങ്കാളിയെ നോമിനിയായി നാമനിര്‍ദ്ദേശം ചെയ്യുക, പിഎഫ്, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ സ്വവര്‍ഗ-ക്വിയര്‍ ദമ്പതികള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുമോയെന്ന് കോടതിയും സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

നിയമം മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ 2023 ഏപ്രില്‍ 18 മുതല്‍ മെയ് 11 വരെ 10 ദിവസങ്ങളിലായി 40 മണിക്കൂറോളം ഭരണഘടനാ ബെഞ്ച് വാദംകേട്ടിരുന്നു. സര്‍ക്കാരിന്റെയും മതനേതാക്കളുടെയും സ്വവര്‍ഗ സംഘടനകളുടെ ഹര്‍ജിയുടെ പേരിലുള്ള എതിര്‍പ്പ് ശക്തമായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍