March 20, 2025 |

ഭരണഘടന പൊളിച്ച് ഫെഡറല്‍ സംവിധാനം തകര്‍ക്കരുത്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നാല് ദേശീയ പാര്‍ട്ടികളടക്കം 15 പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിച്ചുകൊണ്ട് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന നിർദേശവുമായി ഉന്നതതല സമിതി റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചു. 47 രാഷ്ട്രീയ പാർട്ടികളിൽ 32 പാർട്ടികൾ  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണക്കുകയും, മറ്റ് 15 പാർട്ടികൾ നിർദ്ദേശത്തെ എതിർക്കുകയും ചെയ്തു.

കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), സിപിഎം  തെരഞ്ഞെടുപ്പ് രീതിക്കെതിരെ എതിർപ്പുമായി രംഗത്തത്തി. ഉന്നതതല സമിതി 62 രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അഭിപ്രായം തേടുകയും 18 പാർട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്താണ് റിപ്പോർട്ട് തയ്യാറക്കിയിരിക്കുന്നത്. ബി.ജെ.പി.ക്കും എൻ.പി.പി.ക്കും പുറമെ,  തെരഞ്ഞെടുപ്പിനെ പിന്തുണച്ച പാർട്ടികളിൽ എഐഎഡിഎംകെയും ഉൾപ്പെടുന്നു. ബിജെപി സഖ്യകക്ഷികളായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്‌സ് യൂണിയൻ (എജെഎസ്‌യു), അപ്നാ ദൾ (സോണിലാൽ), ആസോം ഗണ പരിഷത്ത്, ലോക് ജനശക്തി പാർട്ടി (ആർ), നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (നാഗാലാൻഡ്), സിക്കിം ക്രാന്തികാരി മോർച്ച, മിസോ നാഷണൽ ഫ്രണ്ട്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ ഓഫ് അസം, എൻഡിഎയിലേക്ക് തിരിച്ചെത്തിയ ജെഡിയു, ബിജു ജനതാദൾ, ശിവസേന  എൻഡിഎയ്‌ക്കൊപ്പമാണ്.

നാല് ദേശീയ പാർട്ടികൾക്ക് പുറമെ എഐയുഡിഎഫ്, തൃണമൂൽ കോൺഗ്രസ്, എഐഎംഐഎം, സിപിഐ, ഡിഎംകെ, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), സമാജ്വാദി പാർട്ടി (എസ്പി) എന്നിവയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദ്ദേശത്തെ എതിർത്തു.

ഓരോ പാർട്ടികളുടെയും അഭിപ്രായങ്ങൾ:

ആം ആദ്മി പാർട്ടി

2024 ജനുവരി 18 നാണ് ആം ആദ്മി പാർട്ടി തങ്ങളുടെ അഭിപ്രായം സമിതിക്ക് മുമ്പിൽ സമർപ്പിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെയും ഫെഡറൽ രാഷ്ട്രീയത്തെയും തകർക്കുമെന്ന് എഎപി പറഞ്ഞു.

കോൺഗ്രസ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്നും ഫെഡറലിസത്തിൻ്റെ ഉറപ്പുകൾക്ക് വിരുദ്ധമാണെന്നും അതോടൊപ്പം പാർലമെൻ്ററി ജനാധിപത്യത്തെ അട്ടിമറിക്കുമെന്നും കോൺഗ്രസ് പറഞ്ഞു. ഒന്നിച്ച് തെരഞ്ഞെടുപ്പുകൾ നടത്തുന്നതിലെ സാമ്പത്തിക ലാഭത്തെ കുറിച്ച് തയാറാക്കിയ അവലോകനം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് ഈ വാദം തള്ളി. ജനാധിപത്യം നില നിർത്താൻ വേണ്ടിവരുന്ന ചെലവ്  സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി സഹിക്കാൻ ജനങ്ങൾ തയ്യാറാകും എന്നാണ് കോൺഗ്രസിന്റെ മറു വാദം. പാർലമെൻ്ററി ഭരണ സംവിധാനം നില നിൽക്കുന്ന ഒരു രാജ്യത്ത്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് സ്ഥാനമില്ല എന്നും കോൺഗ്രസ് പറഞ്ഞു.

ബഹുജൻ സമാജ് പാർട്ടി

2023 ഡിസംബർ 14 ന് അയച്ച കത്തിൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കുന്നതിനായി ഉന്നതതല സമിതി പ്രവർത്തന ചട്ടക്കൂട് നൽകണമെന്ന് ബിഎസ്പി നിർദ്ദേശിച്ചു. ഒരേസമയത്തുള്ള തെരഞ്ഞെടുപ്പുകളെ പാർട്ടി വ്യക്തമായി എതിർക്കുന്നില്ലെങ്കിലും, തെരെഞ്ഞെടുപ്പ് രീതിയെ നടപ്പിലാക്കുന്നത് വെല്ലുവിളിയാക്കിയേക്കാം എന്നും കത്തിൽ പരാമർശിച്ചിരിക്കുന്നു. വലിയ മാറ്റങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് നിലവിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായം ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും ബിഎസ്പി ഊന്നിപ്പറഞ്ഞു. നിലവിലെ വെല്ലുവിളികൾക്കുള്ള യഥാർത്ഥ പരിഹാരം ഭരണഘടനയ്ക്ക് അനുസൃതമായി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുകയാണെന്നും പാർട്ടി കത്തിൽ കൂട്ടിച്ചേർത്തു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

2023 ഡിസംബർ 7-ലെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന നിർദ്ദേശം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ആശയത്തെ സിപിഐഎം അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധം എന്നാണ് വിശേഷിപ്പിച്ചത്. “ഭരണഘടനയിൽ അനുശാസിക്കുന്ന പാർലമെൻ്ററി ജനാധിപത്യ വ്യവസ്ഥയുടെ അടിവേരിളക്കുന്നതാണെന്നും പാർട്ടി പറയുന്നുണ്ട്.

തൃണമൂൽ കോൺഗ്രസ്

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതിൻ്റെ ഭരണഘടനാപരമായ പ്രത്യാഘാതങ്ങളെ ചോദ്യം ചെയ്തു, കൂടാതെ ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ്, ജനങ്ങളെ അടിച്ചമർത്തലിലേക്ക് നയിക്കാൻ പോന്നതാണെന്നും വാദിച്ചു. 2024 ജനുവരി 11 നാണ് തൃണമൂൽ കോൺഗ്രസ് ഉന്നത സമിതിയെ തങ്ങളുടെ പ്രതികരണം അറിയിക്കുന്നത്.

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ

ഇത്തരമൊരു അടിസ്ഥാന മാറ്റം ഉൾപ്പെടുത്താൻ വേണ്ട ഭരണഘടനാപരമായ അനുമതിയെ ചോദ്യം ചെയ്യുന്നതാണെന്നും തെരഞ്ഞെടുപ്പ് വെറും ഔപചാരികതയല്ലെന്നും വോട്ടർമാരെ റബ്ബർ സ്റ്റാമ്പുകളായി കണക്കാക്കരുതെന്നും പാർട്ടി പറഞ്ഞു. “ഇന്ത്യയുടെ ഭരണഘടനാ സൗധം” നിലകൊള്ളുന്ന സ്തംഭമായ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ ഇത്തരത്തിലുള്ള ദുർബലമായ പരിഗണനകൾക്ക് വിധേയമാക്കാൻ സാധിക്കില്ലെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പറയുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന നിർദ്ദേശം ജനാധിപത്യത്തിനും സംസ്ഥാനങ്ങളുടെ അവകാശങ്ങളും പരിമിതപ്പെടുത്തുന്നതാണെന്നും. ഒരു തെരെഞ്ഞെടുപ്പ് നടത്തുന്നത് അഭിപ്രായങ്ങൾ അടിച്ചമർത്താനുള്ള ശ്രമമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ആരോപിച്ചു.

ദ്രാവിഡ മുന്നേറ്റ കഴകം
ഡിഎംകെ, ജനുവരി 16നിയച്ച കത്തിൽ, രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും നിർദ്ദേശിക്കുകയും. കേന്ദ്ര ഗവൺമെൻ്റിൻ്റെ ഉന്നതതല സമിതിയുടെ അധികാരപരിധി ചോദ്യം ചെയ്യുകയും ചെയ്തു.

നാഗാ പീപ്പിൾസ് ഫ്രണ്ട്

ഒരു തെരഞ്ഞെടുപ്പ് ഇന്ത്യൻ ഫെഡറൽ ഘടനയുടെ ആത്മാവിനെ പരാജയപ്പെടുത്തുമെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത തീരുമാനമാണിതെന്നും പറഞ്ഞു. കൂടാതെ നിർദ്ദേശത്തിന് ആവശ്യമായ ഭരണഘടനയുടെ പുനരുദ്ധാരണത്തെയും പാർട്ടി ശക്തമായെതിർക്കുകയും ചെയ്തു. സമിതിക്ക് ജനുവരി 12 നയച്ച കത്തിലാണ് പാർട്ടി വിയോജിപ്പ് രേഘപെടുത്തിയിട്ടുള്ളത്.

19 പാർട്ടികൾ പങ്കെടുത്ത ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തെക്കുറിച്ചും രാംനാഥ് കോവിന്ദ് പാനൽ റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ഹാജരായ 19 പാർട്ടികളിൽ 16 പേർ ഒരു തെരെഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ചുവെന്നും, മൂന്ന് പേർ മാത്രമാണ് എതിർത്തത് എന്നുമാണ് പറഞ്ഞിട്ടുള്ളത്. സമിതിയുടെ റിപ്പോർട്ട് അനുസരിച്ച്, ബിജെപി, സഖ്യകക്ഷികളായ ജെഡിയു, ലോക് ജനശക്തി പാർട്ടി, അകാലിദൾ, അപ്നാ ദൾ, ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്നിവയാണ് നിർദ്ദേശത്തെ അനുകൂലിച്ച പാർട്ടികൾ.

ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച് യോഗത്തിലേക്ക് 40 പാർട്ടികളെ ക്ഷണിച്ചപ്പോൾ, ടിഡിപി, ആം ആദ്മി പാർട്ടി, എഐഎഡിഎംകെ എന്നിവർ തങ്ങളുടെ അഭിപ്രായങ്ങൾ കത്തുകളിലൂടെ അറിയിക്കുകയാണ് ചെയ്തത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, സമാജ്‌വാദി പാർട്ടി, ഡിഎംകെ തുടങ്ങിയ പാർട്ടികൾ യോഗം ബഹിഷ്‌കരിച്ചിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ചു പഠിക്കാൻ രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിക്കുന്നത്. ദേശീയ താല്പര്യം കണക്കിലെടുത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് റാംനാഥ് കോവിന്ദ് രംഗത്തത്തിയിരുന്നു. നിർദ്ദേശം നടപ്പിലാവുകയാണെങ്കിൽ തെരഞ്ഞെടുപ്പ് ചെലവിൽ ലാഭിക്കുന്ന പണം രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിൽ മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന ഗുലാം നബി ആസാദ്, ധനകാര്യ കമ്മീഷൻ മുൻചെയർപേഴ്സൺ എൻ കെ സിങ്, മുൻ ലോക്സഭ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.

×