UPDATES

ഓഫ് ബീറ്റ്

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു

ഇന്ത്യ റിപ്പബ്ലിക്കായി

                       

1946ലെ കാബിനെറ്റ് മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപവത്കരിച്ച ഭരണഘടനാ നിര്‍മ്മാണ സഭയെയായ കോണ്‍സ്റ്റിറ്റുവന്‍റ് അസ്സംബ്ലിയെയായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏല്‍പിച്ചത്. 29 ഓഗസ്റ്റ്, 1947ന് അന്നത്തെ നിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. ബി. ആര്‍. അംബേദ്കറിന്‍റെ നേതൃത്വത്തില്‍ ഒരു കരട് (ഡ്രാഫ്റ്റിംഗ്) കമ്മിറ്റി രൂപവത്കരിച്ചു. ബി.എന്‍. റാവു ആയിരുന്നു ഭരണഘടനാ ഉപദേശകന്‍.
1949 നവംബര്‍ 26ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന അംഗീകരിച്ചു. ഭാരതത്തിന്‍റെ ഭരണഘടന സഭയുടെ അംഗങ്ങള്‍ ഒപ്പുവക്കുന്നത് 1950 ജനുവരി 25നാണ്. തുടര്‍ന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തത് 1950 ജനുവരി 26നായിരുന്നു. ഇതിന്‍റെ ഓര്‍മ്മക്കാണ് എല്ലാ വര്‍ഷവും ജനുവരി 26-ാം തീയതി ഭാരതം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായതാണ് ഇന്ത്യയുടെ ഭരണഘടന. 25 ഭാഗങ്ങള്‍, 470 അനുഛേദങ്ങള്‍, 12 പട്ടികകള്‍. ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കുന്നതാണ് ഇന്ത്യയുടെ ഭരണഘടന. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന നിയമനിര്‍മ്മാണ സഭയിലാണ് ഭരണഘടനാ ഭേദഗതികള്‍ അധികാരപ്പെടുത്തിയിരിക്കുന്നത്. പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഭരണഘടനയുടെ പിന്‍ബലത്തില്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു. ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക് സമ്മതിദാനാവകാശം ഉറപ്പ് നല്‍കി.
ഒരു സ്വതന്ത്രനീതിന്യായ വ്യവസ്ഥിതി നിര്‍മ്മിച്ചു.

ഇന്ത്യ റിപ്പബ്ലിക് ദിനമായി ജനുവരി 26 തെരെഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്. സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് 1929 ഡിസംബര്‍ 31ന് ലാഹോറില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം പൂര്‍ണസ്വരാജ്യമാണ് നമുക്ക് വേണ്ടതെന്ന് പ്രഖ്യാപിച്ചു. 1930 ജനുവരി 26ന് ആ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടു. ഈ സ്മരണ നിലനിര്‍ത്താനാണ് റിപ്പബ്ലിക്ദിനമായി ജനുവരി 26 തെരഞ്ഞെടുത്തത്. 1949 നവംബര്‍ 26ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന അംഗീകരിച്ചത് വിഷയമാക്കി നവംബര്‍ 27ന് ശങ്ക്സ്േ വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. പ്രസവ മുറിയില്‍ നിന്ന് നേഴ്സായ ഡോ. ബി. ആര്‍. അംബേദ്കര്‍ ജനങ്ങള്‍ക്ക് ഭരണഘടന എന്ന കുട്ടിയെ സമ്മാനിച്ച് പറയുന്നു. സ്വീകരിക്കൂ അല്ലെങ്കില്‍ ഉപേക്ഷിക്കൂ…

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്കേഴ്‌സ് വീക്കിലി

Share on

മറ്റുവാര്‍ത്തകള്‍