UPDATES

നാപ്കിന്‍ പേപ്പറിലെഴുതിയ ‘ മിശിഹ’യുടെ വിധി

ഫുട്ബോൾ ലോകത്തെ മിശിഹായും സ്വപ്‍ന ക്ലബായ എഫ്‌സി ബാഴ്‌സലോണയുമായി കടലാസിലെഴുതിയ കരാർ

                       

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും  നിർണായകമായ രേഖകളിലൊന്ന് എഴുതിച്ചേർത്തത് മുഖവും കയ്യുമൊക്കെ തുടക്കുന്ന ഒരു തുണ്ടു കടലാസിലാണെന്ന് പറഞ്ഞാൽ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ ഫുട്ബോൾ ലോകത്തെ മിശിഹായും സ്വപ്‍ന ക്ലബായ എഫ്‌സി ബാഴ്‌സലോണയുമായുള്ള കരാർ അത്തരത്തിലുള്ള ഒന്നായിരുന്നു. പിന്നീട് നടന്നത് ചരിത്രം. എഫ്‌സി ബാഴ്‌സലോണയ്‌ക്കായി അന്നത്തെ പതിമൂന്നുകാരനായ ലയണൽ മെസ്സി ഒപ്പിട്ടു നൽകിയ ആദ്യ കരാർ ഫുട്ബോൾ ലോകത്തിലേക്കുള്ളതും ഒപ്പം ലോകമൊട്ടാകെയുള്ള ഒരു പറ്റം ആരാധകരുടെ ഹൃദയത്തിലേക്കുള്ള ആദ്യ കാൽവെപ്പായിരുന്നു. അതിനെല്ലാം തുടക്കമിട്ട ആ നാപ്കിന്‍ പേപ്പറിലെഴുതിയ കാരാർ ലേലം ചെയ്യാനൊരുങ്ങുകയാണിപ്പോൾ.

മാർച്ച് 18 മുതൽ 27 വരെ നടക്കുന്ന ഓൺലൈൻ ലേലത്തിൽ അർജൻ്റീനിയൻ ഏജൻ്റായ ഹൊറാസിയോ ഗാജ്ജോളിക്ക് വേണ്ടിയാണ് ബോൺഹാംസ് ന്യൂയോർക്ക് (സ്വകാര്യ അന്താരാഷ്ട്ര ലേല സ്ഥാപനം) കരാർ ലേലത്തിൽ വക്കുന്നത്. 2000ൽ മെസ്സിയുടെ അർജന്റീനിയൻ ഏജന്റ് ആയിരുന്നു ഹൊറാസിയോ ഗാജ്ജോളി. കരാറിന്റെ പ്രാരംഭ വിലയായി കണക്കാക്കുന്നത് 300,000 പൗണ്ട് ആണ് ( ഏകദേശം 3,14,11,114.08 ഇന്ത്യൻ രൂപ).

ബാഴ്‌സലോണ ക്ലബ് നേരത്തെ തന്നെ മെസ്സിയുടെ കഴിവ് പരിശോധിക്കാൻ സ്പെയിനിൽ വച്ച് ട്രൈഔട്ട് നടത്തിയിരുന്നു. തൻെറ പിതാവായ ജോർജിനോപ്പമായിരുന്നു മെസ്സി ബാഴ്‌സലോണക്കൊപ്പമുള്ള തൻെറ ഭാഗ്യ പരീക്ഷണത്തിനെത്തിയത്. എന്നാൽ മാസങ്ങൾക്ക് ശേഷവും ക്ലബ്ബിൽ നിന്ന് യാതൊരു വിധത്തിലുള്ള മറുപടിയും ലഭിച്ചിരുന്നില്ല. തുടർന്ന് 2000 ഡിസംബർ 14 ന് ഉച്ചഭക്ഷണ സമയത്ത് സംഘടിപ്പിച്ച ഒരു മീറ്റിംഗിൽ വച്ച്
മെസ്സിയുടെ ഏജൻ്റും ദീർഘകാല ബാഴ്‌സലോണ പരിശീലകനും ഹൊറാസിയോ ഗാജ്ജോളിയും ക്ലബിൻ്റെ ട്രാൻസ്ഫർ അഡൈ്വസറുടെയും സാനിധ്യത്തിൽ ഒരു വെള്ള കടലാസിൽ ബാഴ്‌സലോണയുടെ സ്‌പോർട്ടിംഗ് ഡയറക്‌ടറായ കാർലെസ് റെഷാക്ക് ഉടമ്പടി എഴുതി ഒപ്പു വെക്കുകയായിരുന്നു.

സ്വകാര്യ അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോൺഹാംസ് ന്യൂയോർക്കിന്റെ തലവനായ ഇയാൻ എഹ്ലിംഗ് താൻ കൈകാര്യം ചെയ്ത ഏറ്റവും ആവേശകരമായ വസ്തുക്കളിൽ ഒന്നാണ് ഈ കരാർ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഒരു കടലാസ് കഷ്ണം മെസ്സിയുടെയും ഒപ്പം ബാഴ്‌സലോണയുടെയും ഭാവി തന്നെ മാറ്റിമറിക്കാൻ ഇടയായതാണെന്നും ഇയാൻ തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

അക്കാലത്ത് മെസ്സിയുടെ ബാഴ്‌സലോണ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഫുട്ബാളിൽ വൈദഗ്ധ്യം ആവോളമുണ്ടായിരുന്നുവെങ്കിലും 13 വയസ്സുകാരൻ മെസ്സിക്ക് അഞ്ചടിയിൽ താഴെ മാത്രമാണ് ഉയരമുണ്ടായിരുന്നത്. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്താണ് ചില ബാഴ്‌സലോണ നേതാക്കൾ മെസ്സിയെ പോലൊരു യുവ കളിക്കാരനിലേക്ക് പണം നിക്ഷേപിക്കുന്നതിൽ മടിച്ചത്.

എങ്കിലും, ചർച്ചകൾക്കും ആശങ്കകൾക്കുമൊടുവിൽ 2000 ഡിസംബർ മാസത്തിൽ ബാഴ്‌സലോണ സ്‌പോർട്‌സ് ഡയറക്ടർ കാർലെസ് റെഷാക്ക് തന്റെ മേശയിലിരുന്ന ഒരു കടലാസിൽ ഇപ്രകാരം എഴുതി ” 2000 ഡിസംബർ 14-ന് ബാഴ്‌സലോണയിൽ, മെസർസ് മിങ്‌വെല്ലയുടെയും ഹൊറാസിയോയുടെയും സാന്നിധ്യത്തിൽ, മറ്റു വിയോജിപ്പുകൾ ഒന്നും കണക്കിലെടുക്കാതെ എഫ്‌സി ബാഴ്‌സലോണയുടെ സ്‌പോർട്‌സ് ഡയറക്‌ടറായ എന്റെ ഉത്തവാദിത്തത്തിൽ ബാഴ്‌സലോണയുടെ കളിക്കാരനായി മെസ്സിയെ തെരഞ്ഞെടുത്തതായി സമ്മതിക്കുന്നു.” ഈ വാക്കുകൾ അത്യുന്നതങ്ങളിലേക്കുളള മിശിഹായുടെ ആദ്യ ചുവടായിരിക്കുമെന്ന് അന്നവിടെ സന്നിഹിതരായിരുന്ന ഒരാൾ പോലും ചിന്തിച്ചു കാണില്ല.

ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുന്ന മെസ്സി ഈ വർഷത്തേതടക്കം എട്ട് തവണ ‘ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ’ ആയി മാറി. 2022ൽ അർജൻ്റീനയുടെ ദേശീയ ടീമിനെ ലോകകപ്പ് ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചതും അതെ ബൂട്സിട്ട കാലുകൾ ആയിരുന്നു. 2021 വരെ മെസ്സി ബാഴ്‌സലോണയിൽ തുടർന്നു പിന്നീട്, ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ പ്രൊഫഷണൽ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് മാറുകയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍