UPDATES

കായികം

അത്യുന്നതങ്ങളില്‍ മിശിഹ

എട്ടാം തവണയും ‘ബാലണ്‍ ഡി ഓര്‍’ തന്റെ കൈകളിലേറ്റിക്കൊണ്ടുള്ള ഫുട്ബോളിന്റെ മിശിഹയുടെ പുഞ്ചിരി തന്റെമേലുള്ള എല്ലാ വിശേഷണങ്ങളുടെയും സാക്ഷ്യപ്പെടുത്തലായിരുന്നു

                       

‘ഫുട്ബോളില്‍, എതിര്‍ ടീമിന്റെ സാന്നിധ്യത്താല്‍ എല്ലാം സങ്കീര്‍ണമാണ്.’ഫ്രഞ്ച് ചിന്തകനായ ജീന്‍ പോള്‍ സാര്‍ത്രെയുടെ വാക്കുകളാണിത്. കാല്‍പന്തുകളിയില്‍ ഏറെക്കുറെ സത്യമായ നിര്‍വചനമാണിത്. സീനിയര്‍ അര്‍ജന്റീന ദേശീയ ടീമിനായി 2005 ഓഗസ്റ്റ് 17 ന് ഒരു 18 വയസ്സുകാരന്‍ കാല്‍പന്തുകളിയുടെ മൈതാനത്ത് അരങ്ങേറ്റം കുറിച്ചപ്പോള്‍ എതിര്‍ സ്ഥാനത്തുണ്ടായിരുന്ന ഹംഗറിയുടെ കളിക്കാര്‍ ഈ വാക്കുകള്‍ അരക്കെട്ടുറപ്പിച്ചിരിക്കണം. പിന്നീടങ്ങോട്ട് ലാ പുള്‍ഗ എന്നറിയപ്പെട്ട ആ 18 കാരന്‍ പങ്കെടുത്ത ഫിഫ ലോകകപ്പുകളിലും കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളിലും എതിര്‍ കളിക്കാരും ഒരേ സ്വരത്തില്‍ ഇതാവര്‍ത്തിച്ചിരിക്കണം. എട്ടാം തവണയും ‘ബാലണ്‍ ഡി ഓര്‍’ തന്റെ കൈകളിലേറ്റിക്കൊണ്ടുള്ള ഫുട്ബോളിന്റെ മിശിഹയുടെ പുഞ്ചിരി തന്റെമേലുള്ള എല്ലാ വിശേഷണങ്ങളുടെയും സാക്ഷ്യപ്പെടുത്തലായിരുന്നു.

ഒരു സീസണിലെ ലോകമെമ്പാടുമുള്ള മികച്ച പുരുഷ-വനിത കളിക്കാരെ ആദരിക്കുന്നതിനായുള്ള വ്യക്തിഗത പുരസ്‌കാരമാണ് ബാലണ്‍ ഡി ഓര്‍. ‘ഗോള്‍ഡന്‍ ബോള്‍’ എന്നാണ് ഈ ഫ്രഞ്ച് പദം അര്‍ത്ഥമാക്കുന്നത്. 1956-ല്‍ ഫ്രഞ്ച് പ്രസിദ്ധീകരണമായ ‘ഫ്രാന്‍സ് ഫുട്‌ബോള്‍’ നല്‍കി തുടങ്ങിയ ഈ അവാര്‍ഡ്, കോവിഡ്-19 പകര്‍ച്ചവ്യാധി കാരണം 2020 ഒഴികെ എല്ലാ സീസണിലും നല്‍കപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന പദവിയുടെ പര്യായമായാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഫുട്‌ബോളില്‍ കണക്കാക്കപ്പെടുന്നത്. ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം വാങ്ങിക്കൂട്ടിയ ഖ്യാതി ഓരോ വീഴ്ച്ചക്കൊടുവിലും ഉയര്‍ത്തെഴുന്നേറ്റു വരുന്ന ‘മിശിഹ’ ലയണല്‍ മെസിയുടെ പേരിലാണ്. ഇതിനു മുന്‍പ് 2009, 2010, 2011, 2012, 2015, 2019, 2021, എന്നീ വര്‍ഷങ്ങളിലെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയാണ് എതിരാളികളില്ലാത്ത ലോകത്തെ ഏറ്റവും മികച്ച കാല്‍പ്പന്തുകളിക്കാരനെന്ന സ്ഥാനം മെസി ഊട്ടി ഉറപ്പിച്ചത്.

തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ ഖത്തറില്‍ നടന്ന ലോകകപ്പ് കിരീടം അര്‍ജന്റീനക്ക് നേടികൊടുത്തതിന് പിന്നാലെയാണ് എട്ടാം തവണയും പുരുഷ ബാലണ്‍ ഡി ഓര്‍ ലയണല്‍ മെസിയെ തേടിയെത്തുന്നത്. ഏറ്റവും കൂടുതല്‍ പുരസ്‌കാരം നേടിയ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ഇത്തവണ മെസി മറികടന്നത്. ‘എന്റെ കരിയറില്‍ ഞാന്‍ നേടിയതെല്ലാം എനിക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടീമിനായി, ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിനായി കളിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ വ്യക്തിഗത ട്രോഫികള്‍ നേടിയതില്‍ സന്തോഷമുണ്ട്. കോപ്പ അമേരിക്കയും പിന്നെ ലോകകപ്പും നേടിയെടുക്കുക എന്നത് അതിശയകരമാണ്. എല്ലാ ബാലണ്‍ ഡി ഓറും വ്യത്യസ്ത കാരണങ്ങളാല്‍ സവിശേഷമാണ്’; അവാര്‍ഡ് സ്വീകരിച്ച ശേഷമുള്ള മെസിയുടെ വാക്കുകള്‍.

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജന്മദിനത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ മെസി പുരസ്‌കാരം അദ്ദേഹത്തിനും അര്‍ജന്റീനക്കുമായി സമര്‍പ്പിച്ചു. ഖത്തറില്‍ നടന്ന ലോകകപ്പില്‍, 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനക്ക് ഫുട്‌ബോളിലെ വിശ്വകിരീടം നേടിക്കൊടുത്ത നായകന് തന്നെയായിരിക്കും ഈ വര്‍ഷവും അവാര്‍ഡ് ലഭിക്കുകയെന്ന് ആരാധകര്‍ കണക്കുകൂട്ടിയിരുന്നു. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ ലീഗ് വണ്‍ ചാമ്പ്യന്‍മാരാക്കുന്നിതലും ആ കാലുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗിലും ലീഗ് വണ്ണിലുമായി 40 ഗോളുകളായിരുന്നു മെസി കഴിഞ്ഞ സീസണില്‍ ഗോള്‍ വലയത്തിലേക്കെത്തിച്ചത്. ഏഴു ഗോളുകളാണ് 2022 ലോകകപ്പില്‍ അടിച്ചു കൂട്ടിയത്. 2022 ലോക കപ്പ് ഗോള്‍ സ്‌കോര്‍മാരില്‍ ഒന്നാം സ്ഥാനത്ത് എംബാപെയെത്തിയപ്പോള്‍ മെസി രണ്ടാം സ്ഥാനത്തായിരുന്നു.

അര്‍ജന്റീനിയന്‍ താരത്തിന്റെ എതിരാളിയായി കാണാക്കപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് അഞ്ച് ബാലണ്‍ ഡി ഓറുമായി മെസിക്ക് പിന്നിലുള്ളത്(2008, 2013, 2014, 2016,2017 എന്നീ വര്‍ഷങ്ങളിലാണ് റൊണാള്‍ഡോ അവാര്‍ഡിന് അര്‍ഹനായത്). എക്കാലത്തെയും മികച്ച കളിക്കാരെന്നറിയപ്പെടുന്ന 10 പേര്‍ മാത്രമാണ് ഒന്നിലധികം തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടിയത്. കരിയറില്‍ ഒറ്റ തവണ മാത്രം ബാലണ്‍ ഡി ഓര്‍ നേടിയ 34 കളിക്കാരുമുണ്ട്. മൈക്കല്‍ പ്ലാറ്റിനി, യോഹാന്‍ ക്രൈഫ്, മാര്‍ക്കോ വാന്‍ ബാസ്റ്റന്‍ എന്നിവര്‍ മൂന്നു തവണയും, ഫ്രാന്‍സ് ബെക്കന്‍ബോവര്‍, റൊണാള്‍ഡോ, ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ, കെവിന്‍ കീഗന്‍, കാള്‍-ഹെയ്ന്‍സ് റുമെനിഗ്ഗെ എന്നിവര്‍ ഈരണ്ടു തവണയും അവാര്‍ഡ് ജേതാക്കളായിട്ടുണ്ട്. 1956-ല്‍ ബ്ലാക്ക്പൂള്‍ ഇതിഹാസം സ്റ്റാന്‍ലി മാത്യൂസിനാണ് ആദ്യത്തെ ബാലണ്‍ ഡി ഓര്‍ ലഭിക്കുന്നത്. മൂന്ന് തവണ ഇത് നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോര്‍ഡ് ഡച്ച് ഇതിഹാസം യോഹാന്‍ ക്രൈഫ് 1970 കളില്‍ സ്വന്തമാക്കി.

തന്റെ ഏഴാം ട്രോഫിക്കായി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെയും ജോര്‍ഗിഞ്ഞോയെയും നേരിയ വ്യത്യാസത്തില്‍ പിന്തള്ളികൊണ്ടാണ് മെസി 2021 ബാലണ്‍ ഡി ഓര്‍ നേടിയത്. രണ്ട് വര്‍ഷത്തിന് ശേഷം എര്‍ലിംഗ് ഹാലന്‍ഡിനെയും കിലിയന്‍ എംബാപ്പെയെയും മറികടന്നും അദ്ദേഹം അവാര്‍ഡ് സ്വന്തമാക്കി. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കഴിഞ്ഞ 14 ബാലണ്‍ ഡി ഓര്‍ അവാര്‍ഡുകളില്‍ 13 എണ്ണവും നേടിയിട്ടുണ്ട്. ഈ നിരക്ക് കോട്ടം തട്ടുന്നത് 2018-ല്‍ ലൂക്കാ മോഡ്രിച്ച് തന്റെ ആദ്യ അവാര്‍ഡ് സ്വന്തമാക്കിയതോടെയാണ്. മൂന്ന് സജീവ കളിക്കാര്‍ മാത്രം കൊണ്ടാടിയിരുന്ന ഈ നേട്ടത്തിന് നാലാമതൊരാളുടെ പേരുകൂടി എഴുതിച്ചേര്‍ക്കുന്നത് 2022 ല്‍ കരീം ബെന്‍സെമ അവാര്‍ഡ് ജേതാവാകുന്നതോടു കൂടിയാണ്.

ഈ വര്‍ഷത്തെ ലോകകപ്പ് നേടിയ സ്‌പെയ്ന്‍ ടീം അംഗം ബാഴ്‌സലോണയുടെ ഐതാന ബോന്‍മാതിയാണ് മികച്ച വനിത താരമായി മെസിക്കൊപ്പം അവാര്‍ഡ് ഏറ്റുവാങ്ങിയത്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റിന്റെ ജൂഡ് ബെല്ലിങ്ഹാമും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസും ഏറ്റുവാങ്ങി. ഏറ്റവും കൂടുതല്‍ ഗോളിനുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാലന്‍ഡ് നേടിയപ്പോള്‍ മെന്‍സ് ക്ലബ് ഓഫ് ദ ഇയര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിക്കാണ്. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിനാണ് സോക്രട്ടീസ് അവാര്‍ഡ്.

Share on

മറ്റുവാര്‍ത്തകള്‍