ദുരനുഭവം പങ്കുവച്ച് കന്നഡ നടി ഹര്‍ഷിക
കന്നഡ സംസാരിച്ചുവെന്ന കാരണം പറഞ്ഞു തന്നെയും ഭര്‍ത്താവിനെയും ഒരു സംഘം അപമാനിക്കുകയും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് കന്നഡ അഭിനേത്രി ഹര്‍ഷിക പൂനാച്ച. തങ്ങള്‍ക്കു നേരെ ഉണ്ടായ അതിക്രമങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അടക്കം ഹര്‍ഷിക ഇന്‍സ്റ്റഗ്രാമില്‍ വിശദീകരിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികള്‍ മോഷണത്തിന് ശ്രമിച്ചതായും നടി പരാതിപ്പെടുന്നുണ്ട്.
‘ നമ്മള്‍ ജീവിക്കുന്നത് പാകിസ്താനിലോ അഫ്ഗാനിസ്താനിലോ ആണോ? ബംഗളൂരുവില്‍ ഇവിടുത്തെ പ്രദേശവാസികള്‍ എത്രമാത്രം സുരക്ഷിതരാണ്? ഹര്‍ഷിത ചോദിക്കുന്ന കാര്യങ്ങളാണ്. ബെംഗളൂരു ഫ്രേസര്‍ ടൗണിന് സമീപം പുലികേശി നഗറിലുള്ള മോസ്‌ക് റോഡില്‍ സ്ഥിതി ചെയ്യുന്ന കരാമ റസ്റ്ററന്റില്‍ ഭര്‍ത്താവ് ഭുവന്‍ പൊന്നണ്ണയ്ക്കും കുടുംബത്തിനുമൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു നടി. ഭക്ഷണം കഴിച്ചശേഷം റസ്റ്ററന്റില്‍ നിന്നും മടങ്ങാന്‍ നേരത്തായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടതെന്നാണ് ഹര്‍ഷിക പറയുന്നത്.
കരാമ റസ്റ്ററന്റില്‍ നിന്നും ഡിന്നര്‍ കഴിച്ചശേഷം കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും വാഹനം എടുക്കുന്ന സമയത്ത് ബൈക്കില്‍ വന്ന രണ്ടുപേരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നാണ് ഹര്‍ഷിതയുടെ ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നത്. ഞങ്ങളുടെ കാര്‍ വളരെ വലുതാണെന്നും, വാഹനം പെട്ടെന്ന് എടുത്താല്‍ അവരുടെ വണ്ടിയില്‍ മുട്ടുമെന്നും ആരോപിച്ച് ഡ്രൈവര്‍ സീറ്റിലെ സൈഡ് വിന്‍ഡോയ്ക്ക് സമീപം വന്ന് ബഹളം വയ്ക്കാന്‍ തുടങ്ങി. ഒന്നും സംഭവിക്കാത്ത സാഹചര്യത്തില്‍ അവര്‍ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നതിനാല്‍ അവരോട് പോകാനാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. കാര്‍ കുറച്ചു മുന്നോട്ട് എടുത്തപ്പോള്‍ ബൈക്കുകാര്‍ ഞങ്ങളെ മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും എന്റെ ഭര്‍ത്താവിനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ ലോക്കല്‍സിനെ ഒരു പാഠം പഠിപ്പിക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്റെ ഭര്‍ത്താവ് ക്ഷമാപൂര്‍വ്വമാണ് സാഹചര്യത്തെ നേരിട്ടത്, അദ്ദേഹം അവരോട് പ്രതികരിക്കാന്‍ നിന്നില്ല. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 30 ഓളം ആളുകള്‍ ഞങ്ങളെ വളഞ്ഞു. അവര്‍ ഞങ്ങളുടെ കാര്‍ കേടുത്തുവരുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കാനും ശ്രമിച്ചു. ആര്‍ക്കും മനസിലാകുന്ന കാര്യങ്ങളായിരുന്നില്ല അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇതിനിടയില്‍ അവര്‍ എന്റെ ഭര്‍ത്താവിന്റെ സ്വര്‍ണ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. അവരുടെ ഉദ്ദേശം മനസിലാക്കിയ അദ്ദേഹം മാല എന്റെ കൈയിലേക്ക് തന്നു. സ്ത്രീകളും കുടുംബവും ഒപ്പമുള്ളതുകൊണ്ട് അവരോട് കൂടുതല്‍ പ്രശ്‌നമുണ്ടാക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്നും ഹര്‍ഷിക പറയുന്നു.
തങ്ങളെ ആക്രമിക്കാന്‍ വന്നവരെ ശ്രദ്ധിച്ചതില്‍ നിന്നും മനസിലായത്, അവര്‍ക്ക് ഞങ്ങള്‍ കന്നഡ സംസാരിക്കുന്നത് ഇഷ്ടമായില്ല എന്നതാണെന്നും ഹര്‍ഷിക പറയുന്നു. ‘ ഇവര്‍ ലോക്കല്‍ കന്നഡക്കാരാണ്’ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഞാനും ഭര്‍ത്താവും അവരോട് കന്നഡയില്‍ സംസാരിച്ചത് അവരെ കൂടുതല്‍ പ്രകോപിതരാക്കിയതായി തോന്നി. നിന്റെയൊക്കെ കന്നഡ കൈയില്‍ വച്ചാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. അക്രമികളില്‍ കൂടുതല്‍ പേരും ഹിന്ദിയും ഉര്‍ദുവുമായിരുന്നു സംസാരിച്ചിരുന്നത്. ചിലര്‍ മാത്രം കുറച്ചു കന്നഡയും പറയുന്നുണ്ടായിരുന്നുവെന്നും നടി പറയുന്നു. ഇത്തരമൊരു കാര്യം നടന്നത് സ്വന്തം നഗരത്തില്‍ വച്ചാണെന്നതാണ് കൂടുതല്‍ ഭയപ്പെടുത്തുന്നതെന്ന് ഹര്‍ഷിക പറയുന്നു. ‘ നമ്മള്‍ ജീവിക്കുന്നത് പാകിസ്താനിലോ അഫ്ഗാനിസ്താനിലോ ആണോ? എന്റെ ഭാഷയായ കന്നഡ സംസാരിക്കുന്നത് തെറ്റാണോ, അതിന്റെ പേരില്‍ എന്റെ സ്വന്തം നഗരത്തില്‍ വച്ച് അപമാനിക്കപ്പെടുമോ? ഈ നഗരത്തില്‍ ഞങ്ങളെത്രമാത്രം സുരക്ഷിതരാണ്? ഹര്‍ഷികയുടെ ചോദ്യങ്ങളാണ്.
പ്രശ്‌നം കൂടുതല്‍ വഷളാകുന്നുവെന്ന മനസിലാക്കിയതോടെ ഹര്‍ഷിക സ്ഥലത്തെ പൊലീസ് ഇന്‍സ്‌പെക്ടറെ വിളിച്ചു. അതിനു പിന്നാലെ അക്രമികള്‍ അപ്രത്യക്ഷരായി എന്നാണ് നടി പറയുന്നത്. അവര്‍ എങ്ങോട്ടാണ് പോയതെന്ന് ഞങ്ങള്‍ നോക്കി, അവര്‍ നിമിഷങ്ങള്‍ കൊണ്ട് അന്തരീക്ഷത്തില്‍ അപ്രത്യക്ഷരായതുപോലെയായിരുന്നു, ഹര്‍ഷിക എഴുതുന്നു.
പൊലീസില്‍ നിന്നുണ്ടായ ദുരനുഭവും ഹര്‍ഷിക പങ്കുവയ്ക്കുന്നുണ്ട്. സംഭവത്തിനു പിന്നാലെ ഒരു പൊലീസ് പെട്രോളിംഗ് വണ്ടി കണ്ടു. സമീപത്തുള്ള സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് വണ്ടിയിലുണ്ടായിരുന്നു. ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞിട്ടും അദ്ദേഹം ഞങ്ങളെ സഹായിക്കാന്‍ ശ്രമിച്ചില്ല. എന്താണ് സംഭവിച്ചതെന്നു പോലും തിരക്കാതെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ പോയി കാണാനാണ് പറഞ്ഞത്. ഹര്‍ഷിക പറയുന്നു. തങ്ങള്‍ അതിക്രമം നേരിട്ട സ്ഥലത്ത് നിന്നും രണ്ടു കെട്ടിടത്തിനു അപ്പുറമുള്ള ഒരു റെസ്റ്ററന്റിനു മുന്നിലായിരുന്നു പൊലീസ് എന്നും തങ്ങളുടെ പ്രശ്‌നം കേള്‍ക്കാന്‍ താത്പര്യപ്പെടാതെ, മൊസാമ്പി ജ്യൂസ് കുടിക്കുന്നതിലായിരുന്നു ഇന്‍സ്‌പെക്ടര്‍ക്ക് താത്പര്യമെന്നും ഹര്‍ഷിക ആരോപിക്കുന്നു.
എന്നാല്‍ പൊലീസ് പറയുന്നത്, സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്നാണ്. ഏപ്രില്‍ രണ്ടിന് നടന്ന സംഭവമാണിതെന്നും, നടിയുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് കുറച്ചു കൂടി സമയം വേണമെന്നാണെന്നും പൊലീസ് പറയുന്നു. നടിയുടെ കുടുംബത്തില്‍ നിന്നും പരാതി കിട്ടാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും പൊലീസ് പറയുന്നു. കുടുംബത്തിന്റെ സുരക്ഷിതത്വം ഓര്‍ത്താണ് പൊലീസില്‍ പരാതി നല്‍കാത്തതെന്നാണ് ഹര്‍ഷിക പറയുന്നത്. മുഖ്യമന്ത്രി സിദ്ദരാമയ്യയുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും സഹായം തേടിയിട്ടുണ്ടെന്നും ഹര്‍ഷിക പൂനാച്ച പറയുന്നു.
English Summary: Actress harshika poonacha and family attacked by mob in bengaluru for speaking in kannada