UPDATES

റിവ്യൂ ബോംബിംഗ് ആണോ സിനിമയെ തകര്‍ക്കുന്നത്?

സുവ്യക്തമായൊരു കാര്യം മലയാള സിനിമ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നുണ്ട് എന്നതാണ്

                       

മലയാളത്തിലെ ക്ലാസിക് ആയി അറിയപ്പെടുകയും, നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത പദ്മരാജന്റെ ‘ദേശാടന കിളികള്‍ കരയാറില്ല’ ബോക്‌സ് ഓഫീസ് പരാജയമായിരുന്നു. മറ്റൊരു തലത്തില്‍ നില്‍ക്കുന്ന പ്രിയദര്‍ശന്‍-ദിലീപ് ചിത്രമായ ‘വെട്ടം’ പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കാണുന്ന ജനപ്രിയ ചിത്രമായെങ്കിലും റിലീസ് ചെയ്ത സമയത്ത് തിയേറ്ററില്‍ ആളെ കയറ്റിയ ഒന്നായിരുന്നില്ല. ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ എന്ന രീതിയിലായിരുന്നു, സിനിമകളുടെ വിജയത്തെയും, പരാജയത്തെയും അണിയറ പ്രവര്‍ത്തകരും, പ്രേക്ഷകരും വിലയിരുത്തികൊണ്ടിരുന്നത്. ചലച്ചിത്രപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചക്ക് സിനിമ നിരൂപകരില്‍ നിന്നുള്ള ക്രിയാത്മക വിമര്‍ശനം വഹിക്കുന്ന ആരോഗ്യകരമായ പങ്കിനെക്കുറിച്ച് സംവിധയകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ വാചാലനായിട്ടുണ്ട്. ഇന്നിപ്പോള്‍ നിരൂപണങ്ങളുടെ മേലുള്ള വിമര്‍ശനമാണ് മലയാള സിനിമയ്ക്കുള്ളതെന്നാണ് സിനിമ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ട ഭൂരിപക്ഷത്തിനുമുള്ളത്.

സുവ്യക്തമായൊരു കാര്യം മലയാള സിനിമ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നുണ്ട് എന്നതാണ്. സാമ്പത്തികമായി നേരിടുന്ന പ്രതിസന്ധിയാണ് സിനിമാക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. അത്തരമൊരു വീഴ്ച്ചയ്ക്ക് എന്താണ് കാരണമെന്നതാണ് അന്വേഷിക്കേണ്ടത്. സാങ്കേതിക വശങ്ങളെക്കുറിച്ചു പരിമിതമായ അറിവ് മാത്രമുള്ളവര്‍ നടത്തുന്ന വിമര്‍ശനങ്ങളാണോ ഏക കാരണം? നിരൂപണം തടഞ്ഞും കേസ് എടുത്തും പ്രതിസന്ധിയൊഴിവാക്കിയാല്‍ മാറുന്ന പ്രശ്‌നങ്ങളെ മലയാള സിനിമയ്ക്കുള്ളോ? കോവിഡ് മഹാമാരിക്ക് ശേഷം തളര്‍ന്നു പോയ മലയാളം ചിലച്ചിത്ര വ്യവസായത്തിന്റെ പുനരുജ്ജീവനം തടയാന്‍ സമൂഹമാധ്യമങ്ങളിലെ സിനിമ നിരൂപണങ്ങള്‍ കാരണമാകുന്നുണ്ടോ?

കഴിഞ്ഞ കുറച്ചു കാലമായി സമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന നിരൂപണങ്ങള്‍ സിനിമകളെ സാരമായി ബാധിക്കുന്നുവെന്നാണ് സിനിമ മേഖലയിലുള്ളവരുടെ ആരോപണം. ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുബീന്‍ റൗഫ് കോടതിയെ സമീപിക്കുന്നതുമങ്ങനെയാണ്. ഹര്‍ജിയുടെ പുറത്ത് നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറി, റിലീസ് ചെയ്ത ഉടന്‍ സിനിമകളെ കുറിച്ച് നിരൂപണം നടത്തുന്നത് ‘റിവ്യൂ ബോംബിംഗ്’ ആണെന്നു വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സിനിമ പുറത്തിറിങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിംഗ് എന്ന തരത്തില്‍ പരാമര്‍ശിച്ചത്. ‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയില്‍ സിനിമ മോശമെന്ന് വരുത്തി തീര്‍ക്കാന്‍ മനപൂര്‍വം ശ്രമിച്ചെന്ന കുറ്റത്തിന് ആദ്യ കേസ് കൊച്ചി സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്തതോടെ സിനിമയും നിരൂപണവും മറ്റൊരു തലത്തിലേക്ക് മാറി.

സിനിമയെ മോശമായി ബാധിക്കാന്‍ കെല്‍പ്പുള്ളതാണ് ഇത്തരം നിരൂപണങ്ങളെന്ന് ഉറപ്പിച്ചു പറയുകയാണ് സംവിധയകന്‍ ബാഷ് മുഹമ്മദ്. ‘മറ്റേതു കലാരൂപത്തെയും പോലെ ചിലച്ചിത്രവും വളരെ ആത്മനിഷ്ഠമായതാണ്. ഓരോ വ്യക്തിയും ഓരോ രീതിയിലാണ് ഈ കല ആസ്വദിക്കുന്നത്. ഒരു നിരൂപകന്‍ നടത്തുന്ന നിരൂപണം സമൂഹത്തിലെ ആളുകളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. കഠിനാധ്വാനവും, സാമ്പത്തികവും കൂടിക്കലരുന്ന സിനിമ ഒരുപാട് ആളുകളുടെ ശ്രമഫലമായി പുറത്തിറങ്ങുമ്പോള്‍, അതിനാവശ്യമായ ചെലവുകള്‍ വഹിക്കുന്ന ഒരു നിര്‍മാതാവ് ഇതിനിടയിലുണ്ട്. അശ്വന്ത് കോക്കിനെ പോലുള്ള റിവ്യൂവര്‍മാരുടെ റിവ്യൂസ് കാണുന്ന ഒരാളാണ് ഞാന്‍. അദ്ദേഹത്തിന്റെ റിവ്യൂസ് ഒരുതരത്തിലും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. എന്തുകൊണ്ടാണ് അശ്വന്ത് കോക്ക് സിനിമകളുടെ റിവ്യൂസ് ചെയ്യുന്നത്? ഉത്തരം നിസാരമാണ്, അദ്ദേഹത്തിന് അതില്‍ നിന്ന് വരുമാനം ഉണ്ടാവുന്നുണ്ട്. ഓരോ ആളുകളുടെയും ആസ്വാദന നിലവാരം വളരെ വ്യത്യസ്തമാണ്. കോടികള്‍ മുതല്‍മുടക്കി വലിയ അധ്വാനത്തിലൂടെ പുറത്തിറക്കുന്ന സിനിമകള്‍ നിരൂപണം ചെയുന്ന ആളുകള്‍ സിനിമയെ പറ്റിയുള്ള അവരുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. 50 ശതമാനം ആളുകളെയെങ്കിലും ഇത് സ്വാധീനിക്കും. പണത്തിന്റെ പ്രേരണയില്ലെങ്കില്‍ സിനിമ പുറത്തിറങ്ങി 10 ദിവസമെങ്കിലും ഇടവേള കൊടുത്തുകൊണ്ട് റിവ്യൂ ജനങ്ങളിലേക്ക് എത്തിക്കണം. പണം ഉണ്ടാക്കുന്നതിന് അവര്‍ക്ക് അവരെ പിന്തുടരുന്ന ആളുകളെ ആവിശ്യമായിടത്തോളം ഇങ്ങനെ ഒന്ന് ചെയ്യാന്‍ അവര്‍ തയ്യാറാവില്ല. പണത്തിന് വേണ്ടിയല്ലെങ്കില്‍ ഈ നിരൂപണങ്ങള്‍ നിയന്ത്രിക്കപ്പെടണം. അതല്ല, ഇത്തരം നിരൂപണങ്ങള്‍ കൊണ്ട് ഏതെങ്കിലും സാമൂഹ്യമാധ്യമങ്ങള്‍ വഴി പണം സമ്പാദിക്കുന്നുണ്ടെങ്കില്‍ അതൊരു ശരിയായ നടപടിയല്ല. ഇത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്. നിലവാരത്തകര്‍ച്ച മലയാള സിനിമ നേരിടുന്ന യാഥാര്‍ഥ്യം തന്നെയാണ്. സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണെങ്കിലും, അതല്ലാത്ത ചിത്രങ്ങളാണെങ്കിലും സിനിമയുടെ നിലവാരം കണക്കിലെടുത്താണ് സിനിമ വിജയിക്കുക. എന്നാല്‍ നെഗറ്റീവ് റിവ്യൂ വരുന്നതോടെ ആളുകള്‍ തിയേറ്ററില്‍ എത്താതാവും സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ രണ്ടു ദിവസമെങ്കിലും പിടിച്ചു നില്‍ക്കും, മറ്റുള്ളവരുടെ ചിത്രങ്ങള്‍ക്ക് തീരെ പിടിച്ചു നില്ക്കാന്‍ സാധിക്കില്ല’; ബാഷ് മുഹമ്മദ് പറയുന്നു.

ബാഷ് മുഹമ്മദിന്റെ സമാന അഭിപ്രായമാണ് പേര് വെളുപ്പെടുത്താത്ത മറ്റൊരു അണിയറ പ്രവര്‍ത്തകനും പങ്കുവെക്കുന്നത്. സിനിമയുടെ ആദ്യ ദിവസങ്ങളില്‍ തിയേറ്ററില്‍ എത്തുന്ന യുവ പ്രേക്ഷകരില്‍ നിന്നു തുടങ്ങി, പിന്നീട് എത്തുന്ന എഴുപത്തിയഞ്ചു ശതമാനത്തോളം വരുന്ന കുടുംബ പ്രേക്ഷകരിലേക്കും ഇത്തരം റിവ്യൂകള്‍ എത്തുന്നുണ്ട്. അവരെ റിവ്യൂകള്‍ സ്വാധീനിക്കുന്നുമുണ്ട്. എന്തു റിവ്യൂ വന്നാലും സിനിമ കാണുമെന്ന് ഉറപ്പിക്കുന്നത് ചെറിയ ശതമാനമാണ്. അത് ചെറുപ്പക്കാരും ഫാന്‍സുമായിരിക്കും. അത്തരം ചെറിയ ശതമാനം എല്ലാ സിനിമകളും കാണും. പക്ഷേ, സിനിമ വ്യവസായത്തിന് പിന്തുണ കിട്ടുന്ന ഭൂരിപക്ഷ/ കുടുംബ പ്രേക്ഷകര്‍ തിയേറ്ററിലെത്താന്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ആഴ്ച്ച എടുക്കും. അതിനുള്ളില്‍ അവരിലേക്ക് മോശം റിവ്യൂസ് വരികയാണെങ്കില്‍ സിനിമ കാണല്‍ ഉപേക്ഷിക്കുകയാണ് ഭൂരിഭാഗവും ചെയ്യുന്നത്. മറിച്ചു ചിന്തിക്കുന്നവര്‍ തിയേറ്ററിലേക്ക് എത്തുമ്പോഴേക്കും സിനിമ മാറിയിട്ടുണ്ടാകും. ആളില്ലാതെ ഓടിക്കാന്‍ തിയേറ്ററുകാര്‍ തയ്യാറാകില്ല, അവര്‍ക്കത് സാമ്പത്തിക നഷ്ടമുണ്ടാക്കും.

റിവ്യൂസ് ആണ് മലയാള സിനിമയെ തകര്‍ക്കുന്നത് എന്ന അഭിപ്രായം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവര്‍ക്കുമില്ല. കൊറോണ ധവാന്‍ എന്ന ചിത്രത്തിന്റെ സംവിധയകനായ സി സി നിധിന്‍ പങ്കുവക്കുന്ന അഭിപ്രായം അത്തരത്തിലാണ്. ‘സിനിമ പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റിയാണ് ഏറ്റവും വലിയ റിവ്യൂ. അതുകൊണ്ട് തന്നെ ഒരാള്‍ പങ്കുവയ്ക്കുന്ന മോശം റിവ്യൂ കൊണ്ട് മാത്രം സിനിമ തകര്‍ന്നു പോകില്ല. ഭീഷ്മപര്‍വ്വത്തിന് മോശം റിവ്യൂ ഉണ്ടായിരുന്നു. ആ സിനിമ തിയേറ്ററില്‍ കളക്ഷന്‍ റെക്കോര്‍ഡ് ആണ് നേടിയത്. സിനിമ മാറിക്കൊണ്ടിരിക്കുന്നതു പോലെ ആളുകളുടെ താല്പര്യവും മാറികൊണ്ടിരിക്കയാണ്. ജയിലര്‍ പോലൊരു വലിയ സിനിമക്ക് മുമ്പില്‍ കൊറോണ ധവാന്‍ പോലൊരു സിനിമക്ക് പിടിച്ചു നില്ക്കാന്‍ സാധിക്കാതെ വന്നതായും നിധിന്‍ പറയുന്നു.

മോശം റിവ്യൂ ലഭിക്കുന്ന സിനിമകളും വലിയ രീതിയില്‍ ബോക്‌സ് ഓഫീസില്‍ നേട്ടം ഉണ്ടാക്കിയ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് സിനിമ പി ആര്‍ ഒ റോജിന്‍ കെ.റോയ്. ഒ.ടി.ടി പ്ലാറ്റുഫോമുകളുടെ കടന്നു വരവോടു കൂടി തിയേറ്റര്‍ അനുഭവങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ മാത്രമാണ് ആളുകള്‍ തിയേറ്ററില്‍ പോയി കാണാന്‍ തെരഞ്ഞെടുക്കുന്നത്. ആളുകളെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ക്ക് മോശം നിരൂപണത്തിന്റെ പേരില്‍ മാത്രം തിയേറ്ററില്‍ നില നില്‍ക്കാതെ പോയിട്ടുമില്ല. റോജിന്‍ പറയുന്നു.

സമാന അഭിപ്രയമാണ് ആളുകളെ തിയേറ്ററില്‍ വരുത്താതിരിക്കാനുള്ള പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയ നിരൂപകര്‍ ചെയ്യുന്നതെന്നാണ് ഫിലിം എക്‌സിബിറ്റേസ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ(ഫിയോക്) പ്രതിനിധി എം സി ബോബി പറയുന്നത്. ഒരു വ്യവസായത്തെ മൊത്തം നശിപ്പിക്കാന്‍ പാകത്തിലുള്ളതാണിത്. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ സിനിമ മികച്ചതായിരിക്കും. ആ രീതി ആസ്വദിക്കാന്‍ പാറ്റാതിരുന്ന ഒരു വ്യക്തി, സിനിമ മൊത്തമായി മോശമാണെന്ന് പറയുമ്പോള്‍ മറ്റൊരു തരത്തില്‍ സിനിമ ഇഷ്ടപ്പെട്ടേക്കാവുന്ന പ്രേക്ഷകര്‍ തിയ്യേറ്ററിലേക്ക് വരാതിരിക്കും. തിയേറ്റകളില്‍ വന്നു തത്സമയ റിവ്യൂ നല്‍കുന്നവര്‍ക്കെതിരേ നടപടിയെടുക്കാനാണ് തിരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍