UPDATES

ഇന്ത്യന്‍ സിനിമയെ വീണ്ടും കാനില്‍ എത്തിച്ച് രണ്ട് ‘മലയാളി നഴ്‌സുമാര്‍’

പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ കാൻ ചലച്ചിത്രമേളയിൽ

                       

30 വർഷത്തിനുശേഷം കാൻ ചലച്ചിത്രമേളയിൽ ഒരിക്കൽ കൂടി മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യൻ സിനിമ. പായൽ കപാഡിയ സംവിധാനംചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ കേരളത്തിൽ നിന്നുള്ള രണ്ട് നഴ്‌സുമാരാണ് ഇന്ത്യയെ കാനിലെത്തിച്ചിരിക്കുന്നത്. കനി കുസൃതിയും, ദിവ്യ പ്രഭയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് സിനിമ വരച്ചിടുന്നത്.
പായലിന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണ് കാനിലെത്തുന്ന ചിത്രം. മേയ്‌ 14 മുതൽ 25 വരെയാണ് ചിലച്ചിത്ര മേള നടക്കുക. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്.

1994-ൽ മലയാള ചലച്ചിത്ര നിർമ്മാതാവ് ഷാജി എൻ കരുണിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്വം (എൻ്റെ സ്വന്തം) ആയിരുന്നു കാനിൽ മത്സരിച്ച അവസാനത്തെ ഇന്ത്യൻ ചിത്രം. 30 വർഷം മുമ്പ് ധോത്തിയും ഷർട്ടും ധരിച്ച് റെഡ് കാർപെറ്റിലൂടെ നടന്നു നീങ്ങിയ മലയാളിക്ക് ശേഷം എന്നും ഇതിനെ വിശേഷിപ്പിക്കാം. ഷാജിയും കപാഡിയയും പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (FTII) പൂർവ്വ വിദ്യാർത്ഥികളാണ്. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് കാനിൽ മത്സരിക്കുന്നുവെന്ന് ചലച്ചിത്രമേളയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെസ്റ്റിവലിൽ അമേരിക്കൻ സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കൊപ്പോള, കനേഡിയൻ സംവിധായകൻ ഡേവിഡ് ക്രോണൻബെർഗ്, ചൈനീസ് സംവിധായകൻ ജിയ ഷാങ്കെ, ഫ്രഞ്ച് സംവിധായകൻ ജാക്വസ് ഓഡിയാർഡ്, ഇറ്റാലിയൻ സംവിധായകൻ പൗലോ സോറൻ്റിനോ, മറ്റൊരു അമേരിക്കൻ ഇതിഹാസം പോൾ ഷ്രാഡർ തുടങ്ങിയവർക്കൊപ്പമാകും, കപാഡിയ പാം ഡി ഓർ മത്സര വിഭാഗത്തിൽ പങ്കെടുക്കുക. കൊപ്പോളയും ഓഡിയാർഡും കാനിന്റെ മുൻ ജേതാക്കളാണ്.

ആഗോള സിനിമയിലെ വളർന്നുവരുന്ന പ്രതിഭകൾക്കുള്ള ‘അൺ സെർട്ടെയ്ൻ റിഗാർഡ് ‘;ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലേക്കുള്ള ഔദ്യോഗിക തിരഞ്ഞെടുപ്പ് ഏപ്രിൽ 11 ന് പാരീസിലാണ് വെളിപ്പെടുത്തിയത്. തെരഞ്ഞെടുത്ത ചിത്രങ്ങളിൽ ഇന്ത്യൻ വംശജയായ സംവിധായിക സന്ധ്യാ സൂരിയുടെ “സന്തോഷ്” എന്ന ആദ്യ ചിത്രവുമുണ്ട്. ഈ വിഭാ​ഗത്തിലേക്ക് ഔദ്യോ​ഗികമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രംകൂടിയാണിത്.
1956-ൽ സത്യജിത് റേയുടെ പഥേർ പാഞ്ചാലി ഉൾപ്പെടെ കാനിലെത്തിയ ഒരു ഇന്ത്യൻ സിനിമക്കും ഇതുവരെ പാം ഡി ഓർ നേടാനായിട്ടില്ല. മത്സര വിഭാഗത്തിൻ്റെ ഭാഗമായ പഥേർ പാഞ്ചാലിക്ക് കാനിലെ മികച്ച ഹ്യൂമൻ ഡോക്യുമെൻ്റ് അവാർഡ് ലഭിച്ചിരുന്നു.

കപാഡിയ കാനിൽ പുതിയ മുഖമല്ല. 2017-ൽ, കപാഡിയയുടെ ഹ്രസ്വചിത്രം, ആഫ്റ്റർനൂൺ ക്ലൗഡ്‌സ്, കാൻ ഫെസ്റ്റിവൽ മത്സരത്തിനായി തെരഞ്ഞെടുത്ത ആദ്യത്തെ കപാഡിയ ചിത്രമായി മാറി. മുംബൈയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള രണ്ട് നഴ്‌സുമാരുടെ കഥയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.  കേരളത്തിൽ നിന്നുള്ള പ്രഭ (കനി കുസൃതി), അനു (ദിവ്യ പ്രഭ) എന്നീ രണ്ട് നഴ്‌സുമാരുടെ കഥയിൽ രാജ്യത്തെ സെൻസിറ്റീവ് ലിംഗഭേദവും സാംസ്‌കാരിക രാഷ്ട്രീയവും ചർച്ചചെയ്യപെടുന്നുണ്ട്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ പ്രഭക്ക് അപ്രതീക്ഷിതമായ ഒരു സമ്മാനം  ലഭിക്കുകയും, അവളുടെ ജീവിതത്തെ തന്നെ താറുമാറാക്കുകയും ചെയുന്നു. ഇതിനിടയിൽ അവളുടെ റൂംമേറ്റായ അനു, തന്റെ കാമുകനുമായി അടുത്തിടപഴകാൻ ഇടം തേടുന്നു. ബീച്ച് ടൗണിലേക്ക് ഒരു ദിവസത്തെ യാത്ര നടത്താൻ നിർബന്ധിതരായ രണ്ട് നഴ്‌സുമാർ ഇതുവരെ അവരുടെ ജീവിതത്തെ നിയന്ത്രിച്ച അലിഖിത നിയമങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

Share on

മറ്റുവാര്‍ത്തകള്‍