UPDATES

മലയാളി എന്ന ദുരഭിമാന കൊലയാളി

ദുരഭിമാന കൊലകള്‍ക്ക് പ്രത്യേക നിയമം വേണം

                       

വാര്‍ത്തകള്‍ പ്രകാരം, ഒരു പിതാവില്‍ നിന്നും ഒരിക്കലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാത്ത വിധമുള്ള ക്രൂരതകളാണ് ഫാത്തിമ എന്ന 14 കാരിക്കു നേരെയുണ്ടായത്. ഇതര മതസ്ഥനയുമായുള്ള പ്രണയം, താന്‍ എതിര്‍ത്തിട്ടും തുടര്‍ന്നതാണ്, സ്വന്തം മകളെ കമ്പി വടികൊണ്ട് തല്ലിയവശയാക്കി, കീടനാശിനി കുടിപ്പിച്ച് ഇല്ലാതാക്കാന്‍ അബീസ് എന്ന പിതാവിനെ പ്രേരിപ്പിച്ചത്. പത്തു ദിവസത്തോളം ജീവിത്തോട് പോരാടിയാണ് ഫാത്തിമ ചൊവ്വാഴ്ച്ച രാത്രി മരണത്തിന് കീഴടങ്ങിയത്.

ദുരഭിമാന കൊലയാളിയായി മാറിയ മറ്റൊരു മലയാളിയാണ് ആലുവ സ്വദേശി അബീസ്. ഉത്തരേന്ത്യയിലെ പോലെ, ഖാപ്പ് പഞ്ചായത്തുകള്‍ ഇവിടെ നീതി നടപ്പാക്കുന്നില്ലായിരിക്കാം, എന്നാല്‍ ഇന്നാട്ടിലെ ഓരോ മനുഷ്യനിലും പകയൊടുങ്ങാത്തൊരു ദുരഭിമാനിയുണ്ട്.

2018-ല്‍ മലപ്പുറം അരീക്കോട് രാജന്‍ എന്ന പിതാവ് കല്യാണത്തലേന്ന് സ്വന്തം മോളെ കുത്തിക്കീറി കൊന്നത് ഓര്‍ക്കുന്നില്ലേ! അവിടെ ജാതിയായിരുന്നു, ഇവിടെ മതം.

സമ്പത്ത്, മതം, ജാതി; ഇവയിലാണ് മലയാളി തങ്ങളുടെ അഭിമാനം സ്ഥാപിക്കുന്നത്. സമ്പത്തിനെക്കാള്‍, മതവും ജാതിയും തന്നെയാണ് പ്രധാനം. കെവിനെ അരുംകൊല ചെയ്തവരുടെ ഉള്ളില്‍ തിളച്ചതും നീചമായ ജാതിബോധമായിരുന്നു.

ഇര കൊല്ലപ്പെടാതിരുന്നതുകൊണ്ട് മാത്രം അത്രകണ്ട് ചര്‍ച്ച വേണ്ടെന്ന് കേരളം തീരുമാനിച്ചതായ സംഭവങ്ങളുമുണ്ട്. 2021-ല്‍ മിഥുന്‍ കൃഷ്ണ എന്ന 25 കാരന്‍ നടുറോഡില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത് അത്തരമൊരു സംഭവമായിരുന്നു. പട്ടിക ജാതിക്കാരനായ മിഥുന്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ദീപ്തിയെ പ്രണയിച്ചു വിവാഹം കഴിച്ചതാണ് തെറ്റായത്. മലപ്പുറം അരിക്കോട്ടെ ആതിര എന്ന പെണ്‍കുട്ടിയും കോട്ടയത്ത് കെവിന്‍ എന്ന ചെറുപ്പക്കാരനും ഇപ്പോള്‍ ആലുവയില്‍ ഫാത്തിമയും ചെയ്ത തെറ്റുകള്‍ സമാനമാണ്. ഇതര മത/ജാതിയില്‍പ്പെട്ടവരെ പ്രണയിച്ചു അല്ലെങ്കില്‍ വിവാഹം കഴിച്ചു.

രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദീപ്തിയും മിഥുനും ഒക്ടോബര്‍ 29 ന് വിവാഹിതരായത്. ഇവരെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇരുവരുടെയും ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തിയ മിഥുനും ദീപ്തിയും തങ്ങള്‍ വിവാഹിതരായെന്ന് പൊലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് രണ്ടുപേരുടെയും വിവാഹം പള്ളിയില്‍വച്ച് നടത്തി തരാമെന്ന് ദീപിതിയുടെ സഹോദരന്‍ ഡോക്ടര്‍ ഡാനിഷ് ജോര്‍ജ് വാക്ക് നല്‍കുന്നു. ഈ വാക്ക് വിശ്വസിച്ച് പള്ളിയില്‍ എത്തിയ മിഥുനോട് മതം മാറണമെന്ന് ആവശ്യപ്പെട്ടു. ഒന്നുകില്‍ മതം മാറി വിവാഹം കഴിക്കുക, അല്ലെങ്കില്‍ ബന്ധത്തില്‍ നിന്നും പിന്മാറുക. ദീപ്തിയെ ഒഴിവാക്കാന്‍ പണവും മിഥുന് വാഗ്ദാനം ചെയ്യപ്പെട്ടു. പക്ഷേ, മിഥുനും ദീപ്തിയും വഴങ്ങിയില്ല. വികാരിയുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം. പണത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ തങ്ങള്‍ പിരിയാനില്ലെന്ന് ദീപ്തിയും മിഥുനും ഉറച്ചു നിന്നതോടെ സംസാരം അവിടെ അവസാനിച്ചു. അതിനുശേഷമാണ് ഡാനിഷിന്റെ ക്രൂരതന്ത്രം നടപ്പിലായത്. അമ്മയെ കാണിക്കാം എന്നു പറഞ്ഞ് ദീപ്തിയെയും മിഥുനെയും വീട്ടിലേക്ക് ക്ഷണിച്ച ഡാനിഷ്, വഴിയില്‍ വച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ മിഥുനെ ക്രൂരമായി തല്ലി ചതയ്ക്കുകയായിരുന്നു.

മതവും ജാതിയുമാണ് കേരളത്തില്‍ പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള പ്രധാന യോഗ്യത. ആതിര കൊല്ലപ്പെട്ടപ്പോള്‍, കെവിന്‍ കൊല്ലപ്പെട്ടപ്പോള്‍; ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നു പറഞ്ഞു, കേരളത്തിന്റെ ദുരഭിമാന മനസ് പൊതിഞ്ഞു വയ്ക്കാനാണ് സമൂഹവും ഭരണകൂടവും ശ്രമിച്ചത്. അതിന്റെ അപകടം എത്ര വലുതാണെന്നാണ് ഇപ്പോള്‍ ഫാത്തിമയുടെ കൊലപാതകം പറഞ്ഞു തരുന്നുണ്ട്.

തങ്ങളെക്കാള്‍ ജാതിയമായും സാമ്പത്തികമായും താഴ്ന്നു നില്‍ക്കുന്നവരുമായുള്ള ബന്ധങ്ങള്‍ അഭിമാനത്തിന് ക്ഷതം ഉണ്ടാക്കുമെന്നു കരുതുന്നൊരു വിഭാഗം കേരളത്തില്‍ ഉണ്ടെന്നാണ് കെവിന്‍ കേസിലെ വിധിപ്രസ്താവത്തില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം പൊതുസമൂഹം ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് ഫാത്തിമയുടെ കൊലപാതക വാര്‍ത്തയോട് പുലര്‍ത്തുന്ന നിസ്സംഗത തെളിയിക്കുന്നത്. ഈ നിസ്സംഗത തന്നെയാണ് തങ്ങളുടെ മകളോ സഹോദരിയോ ജാതിയിലോ സമ്പത്തിലോ തങ്ങളെക്കാള്‍ താഴ്ന്നവരെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താല്‍ കൊല്ലാനും തല്ലിക്കൊല്ലാറാക്കാനും മടിയില്ലാത്തവരാക്കി ഒരു വിഭാഗത്തെ മാറ്റുന്നത്.

ഇത്തരം കൊലയാളികളോട് ഐക്യം പ്രഖ്യാപിക്കാനും കേരളത്തിലാളുണ്ട്. ‘വളര്‍ത്തി വലുതാക്കുന്ന’ മാതാപിതാക്കളുടെ വേദനയും, കുടുംബത്തിന്റെ അഭിമാനവുമായിരുന്നു ഇത്തരം ഐക്യപ്പെടലുകാരുടെ പ്രധാനവാദം. മലപ്പുറത്ത് ആതിരയെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവ് രാജനെ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞപ്പോള്‍ വെറുതെ വിട്ടു. ഈഴവ ജാതിയില്‍പ്പെട്ട തന്റെ മകള്‍ ഒരു പുലയ സമുദായക്കാരനെ വിവാഹം കഴിക്കുന്നത് അംഗീകരിക്കാന്‍ വയ്യാതെയാണ് ആതിരയുടെ കല്യാണത്തലേന്ന് രാജന്‍ മകളെ കുത്തികൊന്നത്. മുറിവേറ്റ് പ്രാണരക്ഷാര്‍ത്ഥം ഓടിയ ആതിര, അയല്‍വക്കത്തെ വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്നു, അവിടെ നിന്നും വലിച്ചിറക്കിയാണ് പിന്നെയും പിന്നെയും കുത്തിയത്. നാട്ടുകാരും വീട്ടുകാരുമൊക്കെ കണ്ടു നിന്നൊരു ക്രൂരത. പക്ഷേ, സാക്ഷികള്‍ എല്ലാം കൂറു മാറിയതോടെ രാജനെതിരേ തെളിവില്ലാതായി.

തന്നെ ലൈംഗികമായി പീഢിപ്പിച്ച അച്ഛനെതിരേ മൊഴി കൊടുക്കാതിരിക്കാന്‍ മകളെ നിര്‍ബന്ധിക്കുന്ന അമ്മമാരുടെ നാടാണിത്. കുടുംബത്തിന്റെ അഭിമാനമോര്‍ത്ത് ഒന്നും പറയരുതെയെന്ന് അപേക്ഷിച്ചോ, ഭീഷണിപ്പെടുത്തിയോ പെണ്‍മക്കളെ നിശബ്ദരാക്കുന്നവരുടെ നാട്. അതുകൊണ്ടാണ് രാജന്‍ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുന്നത്. നാളെ അബീസും അതേ രീതിയില്‍ പുറത്തു വന്നേക്കാം. അതല്ലെങ്കില്‍ ദുരഭിമാന കൊലകള്‍ക്ക് ഇവിടെ പ്രത്യേക നിയമം വേണം.

ഐപിസി 302(മനപൂര്‍വമുള്ള കൊലപാതകം) വരുന്ന കുറ്റത്തിനെല്ലാം തന്നെ ഒരു കാരണം ഉണ്ടായിരിക്കും. ദുരഭിമാന കൊലകളില്‍, ജാതീയമായുണ്ടായ ദുരഭിമാനം കൊലയ്ക്ക് കാരണമായെന്ന വാദം മാത്രമായിരിക്കും കോടതിക്കു മുന്നില്‍ വരുന്ന ഘടകം. ഇന്ത്യന്‍ പീനല്‍ കോഡില്‍ ദുരഭിമാന കൊലകള്‍ക്ക് പ്രത്യേത ശിക്ഷാനിയമം നിലവില്‍ ഇല്ല. എന്നാല്‍, ഫാത്തിമയുടെ കൊലപാതകം നിയമം മൂലം ഉറപ്പാക്കിയിരിക്കുന്ന സാമൂഹികാവകാശങ്ങളെ ഹനിച്ചുകൊണ്ട് നടത്തിയ ഒരു കൊലയായി കണക്കാക്കി ശിക്ഷ വിധി നടപ്പാക്കാന്‍ കഴിയുന്ന തരത്തിലുള്ള കേസാകണം. കൊലപാതകത്തിലേക്ക് നയിച്ച ക്രൂരതകളും പരിഗണിക്കണം.

ഇന്ത്യയുടെ പലഭാഗങ്ങളിലും വ്യാപകമായി നടക്കുന്ന ദുരഭിമാന കൊല കേരളത്തിലും സംഭവിക്കുന്നുണ്ടെന്നും സര്‍ക്കാരിനെയും സമൂഹത്തെയും കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് ഓര്‍മപ്പെടുത്തിയിട്ടുള്ളതാണ്. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ദുരിഭാമാന കൊലപാതകങ്ങളിലൂടെ ഉണ്ടാകുന്നതെന്ന് ഇതിനു മുമ്പും ഇന്ത്യന്‍ നീതിന്യായ കോടതികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഖാപ് പഞ്ചായത്ത് തീരുമാനപ്രകാരം നടന്ന മനോജ്-ബാബ്ലി ദുരഭിമാന കൊലയില്‍ കര്‍ണാല്‍ ജില്ല കോടതി ജഡ്ജി വാണി ഗോപാല്‍ ശര്‍മ, കുറ്റക്കാരായി കണ്ടെത്തിയ അഞ്ചു പ്രതികള്‍ക്ക്(ബബ്ലിയുടെ ബന്ധുക്കള്‍) വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയില്‍ ദുരഭിമാന കൊലകളില്‍ ഉണ്ടാകുന്ന ചരിത്രപരമായ വിധിയായിരുന്നു ജ. വാണി ഗോപാല്‍ ശര്‍മ നടത്തിയിരുന്നത്. എന്നാല്‍ ജില്ല കോടതി വിധിക്കെതിരേ പ്രതികള്‍ പഞ്ചാബ്-ഹപരിയാന ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് വധ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. മനോജ്-ബാബ്ലി വധക്കേസ് വലിയ ചര്‍ച്ചയാവുകയും രാജ്യത്തെ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് ഖാപ് പഞ്ചായത്തുകള്‍ വിധിക്കുന്ന ദുരഭിമാന കൊലകള്‍ക്ക് അവസാനമുണ്ടാക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. വ്യാപകമാകുന്ന ദുരഭിമാന കൊലകളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിം കോടതിയും രംഗത്തു വന്നു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇക്കാര്യത്തില്‍ എന്തു നിലപാടുകളാണ് എടുക്കാന്‍ കഴിയുകയെന്നു പരമോന്നത കോടതി ചോദിച്ചിരുന്നു. 2010 ഓഗസ്റ്റ് അഞ്ചിന് ഈ വിഷയം അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ലോക്സഭയില്‍ ചര്‍ച്ചയ്ക്കു കൊണ്ടുവന്നു. ദുരഭിമാന കൊലകളില്‍ പരാമവധി ശിക്ഷ ഉറപ്പാക്കുന്ന ബില്ല് ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ചിദംബരം ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലത്തില്‍ വരാതെ പോയി. 2010 ല്‍ തന്നെ അന്നത്തെ നിയമ മന്ത്രി എം വീരപ്പമൊയ്ലി ദുരഭിമാന കൊലപാതകങ്ങള്‍ക്ക് പ്രത്യേക ശിക്ഷ നല്‍കുന്നതിനായി ഇന്ത്യന്‍ പീനല്‍ കോഡ് ഭേദഗതി ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയോഗിച്ച പ്രത്യേക മന്ത്രിമാരുടെ സംഘം, ദുരഭിമാന കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി വീരപ്പ മൊയ്ലിയുടെ നിര്‍ദേശങ്ങള്‍ തള്ളിക്കളയുകയായിരുന്നു.

ദുരഭിമാന കൊലപാതകങ്ങള്‍ പ്രത്യേക കുറ്റമായി പരിഗണിക്കുക, ദുരഭിമാന കൊലകളുടെ കാര്യത്തില്‍ ഇന്ത്യന്‍ എവിഡന്‍സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരിക, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ദുരഭിമാന കൊലകള്‍ക്ക് നിര്‍ദേശം നല്‍കുന്നവരെയും ശിക്ഷയ്ക്ക് വിധേയരാക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു വീരപ്പമൊയ്ലി മുന്നോട്ടു വച്ചത്. നിലവില്‍ കൊലപാതക കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷകള്‍ തന്നെ ദുരഭിമാന കൊലപാതകങ്ങള്‍ക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വീരപ്പമൊയിലിയുടെ നിയമഭേദഗതി എതിര്‍ക്കപ്പെട്ടത്. നിയമം കൊണ്ടു മാത്രം കൊണ്ട് ദുരഭിമാന കൊലപാതകങ്ങള്‍ തടയാന്‍ കഴിയില്ലെന്നും സാമൂഹകമായി മാറ്റം കൊണ്ടുവന്നാല്‍ മാത്രമാണ് ഇതിന് പരിഹാരം കാണാന്‍ കഴിയൂ എന്ന നിര്‍ദേശവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം അവബോധങ്ങള്‍ സ്വീകരിക്കാന്‍ കേരളം പോലൊരു സംസ്ഥാനം പോലും തയ്യാറാകുന്നില്ലെന്നതാണ് കെവിന്റെ കൊലപാതകം കാണിക്കുന്നത്. കോടതിയും ചൂണ്ടിക്കാണിച്ചിരിക്കുന്നത് അതാണ്. സംസ്ഥാനത്തിന് ഒറ്റയ്ക്ക് ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിന് സാധിക്കില്ലെങ്കിലും ശക്തമായ നടപടികള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഭരണഘടനാടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്ന ഒരു രാജ്യത്ത് ജാതി-മതം-ഗോത്രം തുടങ്ങിയവയുടെ പേരില്‍ അളുകളെ കൊല്ലുന്നത് തടയുക എന്നതിന് പുതിയ നിയമനിര്‍മാണങ്ങള്‍ ഉപകരിക്കുമെങ്കില്‍, ഇന്ത്യന്‍ പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് എടുക്കേണ്ടത്. നിലവിലെ പീനല്‍ കോഡുകള്‍ പ്രകാരം കിട്ടുന്ന ശിക്ഷകള്‍ തന്നെ മതിയോ ദുരഭിമാന കൊലകള്‍ക്കും എന്നതിനെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ കേന്ദ്രസര്‍ക്കാരും തയ്യാറാകണം. അതല്ലെങ്കില്‍ കീഴ്ക്കോടതി വിധികള്‍ മറികടക്കാന്‍ മേല്‍ക്കോടതികളില്‍ പ്രതികള്‍ക്ക് കഴിയുന്ന സാഹചര്യത്തില്‍ ജാതിയും മതവും ഗോത്രവും നോക്കാതെ സ്‌നേഹിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ നിരവധി യുവതി-യുവാക്കള്‍ കൊല്ലപ്പെടും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍