UPDATES

കോട്ടയിലെ ‘കൊലയാളി’ സീലിംഗ് ഫാനോ?

ഓരോ വര്‍ഷവും കൂടി വരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍

                       

രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. പത്ത് ദിവസത്തിനിടയില്‍ രണ്ടാമത്തെ ആത്മഹത്യ. ഈ വര്‍ഷത്തെ ഏഴാമത്തെയും.

മെഡിക്കല്‍ എന്‍ട്രസിന് തയ്യാറെടുത്തു കൊണ്ടിരുന്ന 20 കാരിയാണ് പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയും ഒരു കുട്ടി മരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തി വന്നിരുന്ന 27 വിദ്യാര്‍ത്ഥികളാണു കോട്ടയില്‍ ജീവനൊടുക്കിയത്. 2023-ല്‍ ആദ്യ മൂന്നു വര്‍ഷം അഞ്ച് ആത്മഹത്യകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഏഴ് കുട്ടികളാണ് ജീവനൊടുക്കിയത്.

ഏറ്റവുമൊടുവിലായി ജീവനൊടുക്കിയിരിക്കുന്ന 20 കാരി ഉത്തര്‍പ്രദേശില്‍ നിന്നാണ്. രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണം എടുക്കാന്‍ പെണ്‍കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി കോട്ടയില്‍ എന്‍ട്രന്‍സ് പരിശീലനത്തിനെത്തുന്നത്. ഈ മാസം മൂന്നാം തീയതിയാണ് ആദ്യം താമസിച്ചിരുന്നിടത്ത് നിന്നും ഇപ്പോഴത്തെ താമസ്ഥലത്തേക്ക് മാറുന്നത്.

ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവിക ഉണ്ടായിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

പൊലീസ് ഹോസ്റ്റല്‍ ഉടമയെയും ചോദ്യം ചെയ്യുന്നുണ്ട്. എന്തുകൊണ്ട് സീലിംഗ് ഫാന്‍ മുറിയില്‍ നിലനിര്‍ത്തി എന്നതാണ് പൊലീസിന് അറിയേണ്ടത്. വിദ്യാര്‍ത്ഥികളുടെ താമസസ്ഥലത്ത് സീലിംഗ് ഫാനുകള്‍ ഒഴിവാക്കി സ്പ്രിംഗ് ലോഡഡ് ഫാനുകള്‍ സ്ഥാപിക്കണമെന്നു ജില്ല ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശമുള്ളതാണ്. വിദ്യാര്‍ത്ഥികള്‍ സീലിംഗ് ഫാനുകള്‍ ആത്മഹത്യക്ക് തെരഞ്ഞെടുക്കുന്നത് തടയുകയായിരുന്നു ജില്ല ഭരണകൂടത്തിന്റെ ലക്ഷ്യം. 2023 ഓഗസ്റ്റ് 17 ന് ആയിരുന്നു ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഹോസ്റ്റലുകളിലെയും പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങളിലെയും എല്ലാ മുറികളിലും സീലിംഗ് ഫാനുകള്‍ ഒഴിവാക്കി സ്പ്രിംഗ് ലോഡഡ് ഫാനുകള്‍ സ്ഥാപിക്കണമെന്നായിരുന്നു ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശം. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് തുടരുന്ന കോട്ടയിലെ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ എന്തെങ്കിലും നീക്കം നടത്തേണ്ടതിന്റെ ഭാഗമായിട്ടായിരുന്നു ഇങ്ങനെയൊരു തീരുമാനം. മാര്‍ഗനിര്‍ദേശം ലംഘിച്ച് മുറിയില്‍ സീലിംഗ് ഫാന്‍ സ്ഥാപിച്ചതിന് സ്ഥാപനം ഉടമയ്‌ക്കെതിരേ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ കൗമാരത്തിന്റെ മരണക്കോട്ടയായി മാറിയിരിക്കുകയാണ് ‘കോട്ട’. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എന്‍ട്രസ് കോച്ചിംഗ് ഹബ്ബ് ആയ രാജ്യസ്ഥാനിലെ കോട്ടയില്‍, ഓരോ വര്‍ഷവും വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ കൂടി വരികയാണ്. 2023 ല്‍ 27 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയപ്പോള്‍, 2022-ല്‍ 15 പേരാണ് ജീവിതം അവസാനിപ്പിച്ചത്. 2015 നും 2023നും ഇടയില്‍ 114 വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ വിദ്യാഭ്യാസത്തിന്റെ ഭാരം താങ്ങാനാകാതെ, മരണമാണ് എല്ലാത്തിനും പരിഹാരം എന്ന തീരുമാനമെടുത്തത്.

കോട്ടയിലെ കോച്ചിംഗ് സെന്ററുകളില്‍ പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 2015 ല്‍ 17 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തതെങ്കില്‍, 2016 ല്‍ 16 ഉം, 2017 ല്‍ ഏഴും വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. 2018 ല്‍ 20 കുട്ടികളാണ് ജീവിതം അവസാനിപ്പിച്ചത്. 2019 എട്ടുപേരാണ് ആത്മഹത്യ ചെയ്തത്. കോവിഡ് മഹാമാരി പടര്‍ന്ന 2020ലും 2021 ലും കണക്ക് വളരെ താഴ്ന്നിരുന്നു. 2020 ല്‍ നാല് പേര്‍ മാത്രമാണ് മരണം തെരഞ്ഞെടുത്തത്, തൊട്ടടുത്ത വര്‍ഷം ഒരു മരണവാര്‍ത്ത പോലും ഉണ്ടായില്ലെന്നത് ആശ്വാസമേകി. അതിനുള്ള കാരണം, ലോക്ഡൗണ്‍ മൂലം വിദ്യാര്‍ത്ഥികളെല്ലാം നഗരം വിട്ട് അവരവരുടെ വീടുകളിലേക്ക് പോയിരുന്നു എന്നതാണ്. എന്നാല്‍ 2022-ല്‍ മറ്റെല്ലാത്തിനുമൊപ്പം കോട്ടയിലെ ആത്മഹത്യ കണക്കും പഴയപടിയായി. 15 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം ജീവന്‍ വെടിഞ്ഞത്.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് പരിശീലനത്തിനായി രാജസ്ഥാനിലെ കോട്ടയിലുള്ള കോച്ചിംഗ് സെന്റുകളില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ജോയ്ന്റ് എന്‍ട്രസ് എക്സാമിനേഷന്‍(ജെ ഇ ഇ), നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) എന്നിവയ്ക്കായാണ് ബഹുഭൂരിഭാഗവും വരുന്നത്. ഐഐടി-കളും മെഡിക്കല്‍ വിദ്യാഭാസവും ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടുത്തെ കോച്ചിംഗ് സെന്റുകളുടെ പ്രധാന ടാര്‍ഗറ്റുകള്‍.

റെസിഡന്‍സികള്‍ എന്ന് അറിയപ്പെടുന്ന, 4000-ന് അടുത്ത് ഹോസ്റ്റലുകളും 40,000-ന് അടുത്ത് പേയിംഗ് ഗസ്റ്റ്(പിജി) സൗകര്യമുള്ള വീടുകളും കോട്ടയില്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തോളം കോച്ചിംഗ് സെന്റുകള്‍ കോട്ടയിലുണ്ട്. അതില്‍ ഏഴെണ്ണം വളരെ വലിയ സെന്റുകളാണ്. ഇവിടങ്ങളിലായി 4,000 -ഓളം അധ്യാപകരുണ്ട്.

കോച്ചിംഗ് സെന്റുകള്‍ക്കു മാത്രമല്ല, പ്രദേശവാസികള്‍ക്കും എന്‍ട്രസ് പരിശീലന ബിസിനസ് ലാഭം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ച് രണ്ടു നില കെട്ടിടങ്ങള്‍ പണിതിടുകയാണ്, അല്ലെങ്കില്‍ നിലവിലുള്ള വീട് പേയിംഗ് ഗസ്റ്റുകള്‍ക്കായി ചെറിയ മാറ്റം വരുത്തുന്നു. നൂറിലധികം കുട്ടികളെ പാര്‍പ്പിക്കുന്ന അഞ്ചു നില ഹോസ്റ്റല്‍ കെട്ടിടങ്ങളും കോട്ടയിലുണ്ട്. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും മാസം ഏഴായിരം രൂപയാണ്(ഭക്ഷണം ഉള്‍പ്പെടെ) ഇടാക്കുന്നത്. ഔദ്യോഗിക വിവരമനുസരിച്ച് കോട്ടയില്‍ ഒരു വര്‍ഷം നടക്കുന്നത് 12,000 കോടിയുടെ എന്‍ട്രസ് കോച്ചിംഗ് ബിസിനസാണ്.

പരിശീലനത്തിന് എത്തുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും ഡിപ്രഷന്‍ അനുഭവിക്കുന്നവരാണെന്നാണ് കോട്ട സ്റ്റുഡന്റ്സ് സെല്‍ നല്‍കുന്ന വിവരം. 2022 ജൂണിലാണ് 11 അംഗ സ്റ്റുഡന്റ് സെല്‍ രൂപീകരിച്ചത്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ സഹായങ്ങള്‍ ഈ സെല്‍ ചെയ്തുകൊടുക്കുന്നുണ്ട്. ഓരോരുത്തരോടുമെന്നപോലെ, പ്രത്യേകം പ്രത്യേകം വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സ്റ്റുഡന്റസ് സെല്ലിന്റെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സഞ്ജു ശര്‍മ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. സഹായം ചോദിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ തങ്ങളെ വിളിക്കാറുണ്ടെന്നും സെല്ലിലുള്ളവര്‍ പറയുന്നു. കോച്ചിംഗ് സെന്റുകളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അവര്‍ക്ക് ഒരുപോലെ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ട്. പഠനഭാരവും അധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദവും, ഭാവിയെക്കുറിച്ചോര്‍ത്തുള്ള ആശങ്കയുമെല്ലാം വിദ്യാര്‍ത്ഥികളെ തെറ്റായ തീരുമാനത്തിലേക്ക് തള്ളിവിടുകയാണ്. ഒരു ദിവസം പോലും ക്ലാസ് മുടങ്ങരുതെന്നത് കര്‍ശനമാണ്. ഫെയ്സല്‍ റെകഗ്നെഷന്‍ സംവിധാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളുമാണ് വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പാക്കാന്‍ കോച്ചിംഗ് സെന്റുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ദിവസമെങ്കിലും ക്ലാസ് മുടക്കുന്ന വിദ്യാര്‍ത്ഥിക്ക് കനത്ത മാനസിക സമ്മര്‍ദ്ദം നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളായിരിക്കും പിന്നീടുണ്ടാവുക.

ഒരു കോച്ചിംഗ് സെന്ററില്‍ ഒരു വിദ്യാര്‍ത്ഥിയെ ചേര്‍ക്കുമ്പോള്‍ തന്നെ മുഴുവന്‍ ഫീസും നല്‍കണം. ഇടയില്‍ വച്ച് പഠനം അവസാനിപ്പിച്ചാല്‍ കൊടുത്ത പണം തിരികെ നല്‍കില്ല. വലിയ സംഖ്യയാണ് മക്കളുടെ ഭാവിക്കു വേണ്ടി ഓരോ മാതാപിതാക്കളും ഇത്തരം കോച്ചിംഗ് സെന്റുകളില്‍ നിക്ഷേപിക്കുന്നത്. ആ നിക്ഷേപം വെറുതെയാകാതിരിക്കാനും, ലാഭമില്ലാതെ നഷ്ടമാകാതിരിക്കാനുമുള്ള പൂര്‍ണ ഉത്തരവാദിത്തം വിദ്യാര്‍ത്ഥികളുടെ മേല്‍ വീഴുകയാണ്. താത്പര്യമില്ലെങ്കിലും, മാനസികമായി തകര്‍ന്നു പോയാലും വിദ്യാര്‍ത്ഥികള്‍ക്കു തുടര്‍ന്നും പഠിക്കേണ്ടി വരുന്നത്, മാതാപിതാക്കളുടെ കാശിനെ കരുതിയാണ്. കോച്ചിംഗ് സെന്റുകളിലെ ഒരു വര്‍ഷത്തേക്കുള്ള ശരാശരി ഫീസ് ഒരു ലക്ഷം രൂപയാണ്. ഒരു മാസത്തെ ഹോസ്റ്റല്‍/ പേയിംഗ് ഗസ്റ്റ് ഫീസ് 7,000. ഒരു വര്‍ഷം പഠിക്കുമ്പോള്‍ ശരാശരി രണ്ടു ലക്ഷത്തിന് അടുത്താണ് ഒരു വിദ്യാര്‍ത്ഥിക്കോ അവന്റെ മാതാപിതാക്കള്‍ക്കോ ചെലവ്.

രാജസ്ഥാനില്‍ കോട്ടയില്‍ മാത്രമല്ല, കോച്ചിംഗ് സെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. സിക്കാര്‍ പോലെ എന്‍ട്രസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് പേരുകേട്ട സ്ഥലങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍, സിക്കാറിലടക്കം രാജസ്ഥാനില്‍ തന്നെയുള്ള വിദ്യാര്‍ത്ഥികളാണ് പരിശീലനത്തിന് ചേരുന്നത്. കോട്ടയുടെ പ്രത്യേക, അവിടെ പുറത്തു നിന്നുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും അധികമായി വരുന്നുവെന്നതാണ്. അതിന്റെയൊരു മോശം വശം എന്തെന്നാല്‍; മറ്റ് പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളെ ആഴ്ച്ചയിലോ മാസത്തിലോ അവരുടെ മാതാപിതാക്കള്‍ സന്ദര്‍ശിക്കുന്നുണ്ട്, കോട്ടയിലുള്ള വിദ്യാര്‍ത്ഥികള്‍ പുറത്തു നിന്നുള്ളവരായതിനാല്‍, മാതാപിതാക്കളുടെ സാന്നിധ്യം അവര്‍ക്ക് കിട്ടുന്നേയില്ല. കോട്ട പൊലീസ് സൂപ്രണ്ട് ശരത് ചൗധരി ചൂണ്ടിക്കാണിക്കുന്നത് ഗൗരവമുള്ള വിഷയം തന്നെയാണ്.

15 നും 17 നും ഇടയിലുള്ള കുട്ടികളാണ് കൂടുതലും ഇവിടെയുള്ളത്. വലിയ സ്വപ്നങ്ങളാണ് അവര്‍ക്കെല്ലാം സ്വന്തം ഭാവിയെക്കുറിച്ചുള്ളത്. ആഗ്രഹിച്ചതുപോലെ പഠിച്ച് ഡോക്ടറും ഐഐടി പ്രൊഫഷണലുകളുമൊക്കെയായി ജീവിതം ആഘോഷിക്കണമെന്ന് സ്വപ്നം കാണുന്നവര്‍. അവര്‍ അതിനൊക്കെ മിടുക്കുള്ളവരുമാണ്. പക്ഷേ, ആ യാത്രയ്ക്കിടയില്‍ അവര്‍ തളര്‍ന്നു പോയാല്‍ മരണം തെരഞ്ഞെടുക്കുന്ന അവസ്ഥയുണ്ടാക്കരുത്, ആ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെയും പ്രതീക്ഷകളാണ്.

Share on

മറ്റുവാര്‍ത്തകള്‍