എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നടന്ന പരിപാടിക്കിടെ ജാസി ഗിഫ്റ്റിൻെറ കയ്യിൽ നിന്ന് മൈക്ക് പിടിച്ച് വാങ്ങിയ സംഭവം ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ജാസി ഗിഫ്റ്റ് രണ്ടാമത്തെ ഗാനം പാടുന്നതിനിടയ്ക്കാണ് പ്രിൻസിപ്പൽ സ്റ്റേജിൽ കയറി വന്ന് മൈക്ക് പിടിച്ച് വാങ്ങിയത്. അധ്യാപികയുടെ ഭാഗത്ത് നിന്ന് ഒരു കലാകാരനോട് അത്തരത്തിൽ ഒരു സമീപനം ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന നിലപാടാണ് ഞങ്ങൾ ഓരോരുത്തർക്കുമുള്ളത് എന്ന് അഴിമുഖത്തോട് പറയുകയാണ് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജിലെ വിദ്യാർത്ഥികൾ.
സംഗീത മേഖലയിൽ ജാസി ഗിഫ്റ്റ് ഒരു പാട് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് അത്തരത്തിൽ ഒരാളോട് ഇങ്ങനെ പെരുമാറരുതായിരുന്നു. കോളേജിന് രണ്ടാമത് ഒരാൾ പാടുന്നതിൽ ഏതെങ്കിലും തരത്തിൽ പ്രശനമുണ്ടെങ്കിൽ പരിപാടി കഴിഞ്ഞതിനു ശേഷമോ അദ്ദേഹം പാടി കഴിഞ്ഞതിന് ശേഷമോ അവരുടെ എതിർപ്പ് അറിയിക്കാമായിരുന്നു. ഒരു മാന്യമായ രീതിയിൽ ഉള്ള സമീപനമായിരുന്നു പ്രിൻസിപ്പൽ കൈക്കൊള്ളേണ്ടിയിരുന്നത്. അദ്ദേഹത്തിനൊപ്പമുള്ള മറ്റൊരാൾ പാടി എന്ന് മാത്രമേ ഉണ്ടായിട്ടുള്ളൂ, അല്ലാതെ ആ വേദി യാതൊരു വിധത്തിലുമുള്ള മോശം പ്രവർത്തികൾക്ക് വേണ്ടിയും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. കുറച്ചു കൂടി പക്വതയുള്ള നിലപാട് വേണമായിരുന്നു കോളേജും പ്രിൻസിപ്പലും ഈ വിഷയത്തിൽ സ്വീകരിക്കേണ്ടിയിരുന്നത് എന്ന അഭിപ്രയമാണ് വിദ്യാർത്ഥികൾക്ക്.
പ്രിൻസിപ്പൽ എന്ന വ്യക്തി സെന്റ് പീറ്റേഴ്സ് കോളേജിന്റെ പ്രതിനിധിയാണ്. അവരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു നീക്കം ഉണ്ടാകുമ്പോൾ അത് വളരെ ഗൗരവകരമായ ഒരു വിഷയമാണ്. നാളെ ക്യാമ്പസിലേക്ക് പഠിക്കാൻ വരുന്ന വിദ്യാർത്ഥികളെ വലിയ രീതിയിൽ ഈ സംഭവം ബാധിക്കാനിടയുണ്ട്. കുസാറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം കോളജിൽ പരിപാടി നടത്തില്ലെന്ന് പറഞ്ഞിരുന്നു, പിന്നീട് വിദ്യാർത്ഥികൾ നാലുമണിക്കൂറോളം സമരം നടത്തിയതിനു ശേഷമാണ് പരിപാടിക്ക് അനുമതി കിട്ടിയത്. കുസാറ്റിൽ ഉള്ള അത്രയും വിദ്യാർത്ഥികൾ സെന്റ് പീറ്റർ കോളജിൽ ഇല്ല എന്നതാണ് വാസ്തവം. യൂണിവേഴ്സിറ്റിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന കോളജ് ആണെങ്കിൽ കോളേജ് ഇലക്ഷൻ മുതലുള്ള എല്ലാ മാർഗ നിർദേശങ്ങളും പാലിക്കണം.
വിദ്യാർത്ഥികൾക്ക് ജീവിതകാലം മുഴുവനും ഓർമ്മിക്കാൻ വേണ്ടിയാണ് കോളേജ് ഡേ, എന്നാലത് നടത്താൻ കഴിയാത്ത സാഹചര്യമാണിപ്പോൾ. പ്രിൻസിപ്പൽ ജാസി ഗിഫ്റ്റിനോട് മാപ്പ് പറയണം എന്നതാണ് ഞങ്ങളുടെ നിലപാട്. എത്ര വിശദീകരണം നൽകിയാലും ഒരു കോളേജ് പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ട പ്രവർത്തിയല്ല നിലവിൽ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. യഥാർത്ഥത്തിൽ സമൂഹത്തിനു തെറ്റായ സന്ദേശം പടർത്തുന്ന തരത്തിലുള്ള നീക്കങ്ങൾക്ക് വഴിവെക്കരുതായിരുന്നു. എല്ലാവരിലേക്കും യാഥാർഥ്യങ്ങൾ എത്തിക്കാൻ സാധിച്ചുകൊള്ളണം എന്നില്ല. നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്ന ജാതി വർണ്ണ ചിന്തകൾ പടർത്തുന്ന വാർത്തകൾ പോലുള്ളവ അതിനുദാഹണരങ്ങളാണ്. എസ് എഫ് ഐ പ്രവർത്തകനും പീറ്റേഴ്‌സ് കോളേജിലെ വിദ്യാർത്ഥിയുമായ ജോസ് പോളിന്റെ വാക്കുകൾ
സംഭവം നടക്കുമ്പോൾ ആ ഓഡിറ്റോറിയത്തിലുണ്ടായിരുന്ന എല്ലാ വിദ്യാർത്ഥികളും പാട്ടിൽ ലയിച്ച് നിൽക്കുകയായിരുന്നു. അപ്രതീക്ഷതമായി ഈ സംഭവമുണ്ടായപ്പോൾ സ്റ്റേജിൽ ഉണ്ടായിരുന്ന അദ്ദേഹവും ഒപ്പം ഞങ്ങളും അമ്പരന്നു പോയി. വലിയൊരു കലാകാരൻ ഒരുപാട് വിദ്യാർത്ഥികളുടെ മുമ്പിൽ വച്ച് അപമാനിതനായി എന്നത് വളരെ വേദനജനകമായ വിഷയമാണ്. കുസാറ്റിൽ ഉണ്ടായ അപകടത്തിന്റെ ആകുലതയിലാണ് പ്രിൻസിപ്പൽ എടുത്തു ചാടി കാര്യത്തിന് മുതിർന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പക്ഷെ ഹാളിൽ തിക്കും തിരക്കും ഉണ്ടാകാൻ പാകത്തിന് കുട്ടികൾ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം . അദ്ദേഹത്തിനെ ഇത്രയും അപമാനിച്ചതിന് ശേഷവും ജാസി ഗിഫ്റ്റ് സർ പാട്ട് , പരിപാടി തുടരാം എന്ന് പറഞ്ഞിരുന്നു. എങ്കിലും പ്രിൻസിപ്പൽ സമ്മതിക്കാഞ്ഞതിനെ തുടർന്നാണ് അദ്ദേഹം അപമാനിതനായി വേദിയിൽ നിന്ന് ഇറങ്ങി പോയത്.
സംഭവമുണ്ടായ അന്ന് തന്നെ വിദ്യാർത്ഥികൾ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. ഒരു ചർച്ചക്ക് ഞങ്ങൾ മുൻകൈ എടുത്തിട്ട് പോലും കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. പ്രധാനമായും രണ്ടാവശ്യങ്ങൾ പറഞ്ഞുകൊണ്ടാണ് ഞങ്ങൾ സമരം നടത്തിയത്. ഒന്ന് ജാസി ഗിഫ്റ്റിനോട് പ്രിൻസിപ്പൽ മാപ്പ് പറയണം, രണ്ട് വിദ്യാർത്ഥികൾ മാത്രം ധനസമാഹരണം നടത്തിയ പരിപാടിയായിരുന്നു, അത് ഈ രീതിയിലാക്കിയത് പ്രിൻസിപ്പലും അവർക്ക് ഒത്താശ ചെയുന്ന മാനേജ്മെന്റും ചേർന്നാണ്. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം നൽകണം എന്നുമായിരുന്നു ഞങ്ങളുടെ ആവശ്യം. പക്ഷെ ഇതുവരെ കോളജിന്റെ ഭാഗത്ത് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. സെന്റ് പീറ്റേഴ്സിലെ മറ്റൊരു വിദ്യാർത്ഥി പറയുന്നു.