UPDATES

‘ദില്ലി ചലോ’; വീണ്ടും സമരത്തിനിറങ്ങി കർഷകർ

കർഷകരെ അനുനയിപ്പിക്കാനായി കേന്ദ്രമന്ത്രിമാരും കർഷക സംഘടനാ നേതാക്കളുമായുള്ള യോഗം ഫെബ്രുവരി 12 തിങ്കളാഴ്ച ചണ്ഡീഗഡിൽ നടക്കും.

                       

വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, കര്‍ഷകരുടെയും തൊഴിലാളികളുടെയും കടം സമ്പൂര്‍ണമായി എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ വീണ്ടും സമരരംഗത്തേക്ക്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വീണ്ടുമൊരു കാര്‍ഷിക സമരം തിരിച്ചടിയാകുമെന്നതിനാല്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരും കര്‍ഷക സംഘടന നേതാക്കളുമായുള്ള യോഗം ഫെബ്രുവരി 12 തിങ്കളാഴ്ച ചണ്ഡീഗഡില്‍ നടക്കുന്നതും ഇതിന്റെ ഭാഗമാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍, കര്‍ഷക പ്രതിഷേധം നേരിടുന്നതിന്റെ മുന്നൊരുക്കമായി പഞ്ചാബ്, ഹരിയാന, ഡല്‍ഹി അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെയും അര്‍ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം), സംയുക്ത കിസാന്‍ മോര്‍ച്ച എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഫത്തേഗഡ് സാഹിബില്‍ സംഗമിക്കും.

പഞ്ചാബിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ തങ്ങളുടെ ട്രാക്ടറിൽ എത്തുമെന്ന് കിസാൻ മസ്ദൂർ മോർച്ച കോർഡിനേറ്റർ സർവാൻ സിംഗ് പന്ദേർ പറഞ്ഞു. അവർ രാത്രി പാതയോരങ്ങളിൽ എത്തുമെന്നും തുടർന്ന് ചർച്ചയുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലേക്ക് പോകുമെന്നാണ് അറിയിച്ചതിട്ടുള്ളത്.

പഞ്ചാബിൽ നിന്ന് എത്ര ട്രാക്കറുകൾ ഉണ്ടാകും എന്ന ചോദ്യത്തിന് ആയിരക്കണക്കിന് എന്നായിരുന്നു ലഭിച്ച മറുപടി. ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിൽ നിന്നും 1000-ലധികം ട്രാക്ടറുകൾ വരുന്നുണ്ട്, പിന്നെ പഞ്ചാബിൽ നിന്നുള്ള പങ്കാളിത്തത്തിൻ്റെ നിലവാരം ഊഹിക്കാമല്ലോയെന്നും സർവാൻ സിംഗ് പന്ദേർ പറയുന്നു.

ഫെബ്രുവരി 12 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ചണ്ഡീഗഡിൽ നടക്കുന്ന യോഗത്തിൻ്റെ രണ്ടാം റൗണ്ടിലേക്ക് സർവാൻ സിംഗ് പന്ധേർ, ഭാരതീയ കിസാൻ യൂണിയൻ (ഏക്ത സിദ്ധുപൂർ) പ്രസിഡൻ്റ് ജഗ്ജിത് സിംഗ് ദല്ലേവാൾ എന്നിവരെ കേന്ദ്ര സർക്കാർ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്.
കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരുൾപ്പടെ യോഗത്തിൽ പങ്കെടുക്കും. കിസാൻ മസ്ദൂർ മോർച്ചയിൽ നിന്നും (കെഎംഎം), സംയുക്ത കിസാൻ മോർച്ചയിൽ നിന്നും 13 പേർ വീതം 26 പേർ ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു. സമാധാനത്തിന്റെ പാതയിലാണ് തങ്ങൾ ഉള്ളതെന്നും സമാധാനപരമായി തുടരാൻ ഞങ്ങളുടെ കർഷകരോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട് എന്നിരുന്നാലും ഹരിയാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കർഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്ന് സർവാൻ സിംഗ് പന്ധേർ ഊന്നിപ്പറഞ്ഞു.

സമരം ചെയ്യുന്ന കർഷക സംഘടനകളുടെ പ്രധാന ആവശ്യങ്ങൾ ;

ഡോ. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം എല്ലാ വിളകൾക്കും മിനിമം താങ്ങുവില( MSP മിനിമം സപ്പോർട് പ്രൈസ് ) ഉറപ്പുനൽകുന്ന ഒരു നിയമം നടപ്പിലാക്കുക.

കർഷകരുടെയും തൊഴിലാളികളുടെയും കടം സമ്പൂർണമായി എഴുതിത്തള്ളുക.

കർഷകരുടെ രേഖാമൂലമുള്ള സമ്മതവും കളക്ടർ നിരക്കിൻ്റെ നാലിരട്ടി നഷ്ടപരിഹാരവും ഉറപ്പാക്കിക്കൊണ്ട് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം രാജ്യവ്യാപകമായി പുനഃസ്ഥാപിക്കുക.

ലഖിംപൂർ ഖേരി കൂട്ടക്കൊലയുടെ കുറ്റവാളികളെ ശിക്ഷിക്കുകയും ദുരിതബാധിതരായ കർഷകർക്ക് നീതി ലഭ്യമാക്കുകയും ചെയ്യുക.

വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ നിന്ന് പിൻവാങ്ങുകയും എല്ലാ സ്വതന്ത്ര വ്യാപാര കരാറുകൾക്കും നിരോധനം ഏർപ്പെടുത്തുകയും ചെയ്യുക.

കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ നൽകുക.

ഡൽഹി പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കുടുംബത്തിലെ ഒരു അംഗത്തിന് ജോലി വാഗ്ദാനം ചെയ്യുക. 2020 ലെ വൈദ്യുതി ഭേദഗതി ബിൽ ഒഴിവാക്കുക.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിവർഷം 200 ദിവസത്തെ തൊഴിലും ₹700 ദിവസ വേതനവും നൽകുക, കൃഷിയുമായി ബന്ധിപ്പിക്കുക.

വ്യാജ വിത്ത്, കീടനാശിനികൾ, വളങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾക്ക് കർശനമായ പിഴ ചുമത്തുകയും വിത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക.

മുളക്, മഞ്ഞൾ, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കായി ഒരു ദേശീയ കമ്മീഷൻ രൂപീകരിക്കുക.

ആദിവാസി ഭൂമി കൊള്ളയടിക്കുന്ന കമ്പനികളെ തടയുക, വെള്ളം, വനം, ഭൂമി എന്നിവയുടെ മേലുള്ള തദ്ദേശവാസികളുടെ അവകാശങ്ങൾ ഉറപ്പാക്കുക.

അവകാശങ്ങൾ നേടും വരെ പൊരുതാനായി, 2024 ഫെബ്രുവരി 13ന് ഒരു ലക്ഷം കർഷകർ പങ്കെടുക്കുന്ന സമര റാലി, പതിനായിരക്കണക്കിന് ട്രാക്ടറുകളും ട്രെയിലറുകളുമായി അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍