UPDATES

വിദേശം

‘ശബ്ദമുയര്‍ത്തരുത്, ഇത് കോടതിയാണ്’; വിചാരണ തടസപ്പെടുത്തിയ ട്രംപിനോട് ജഡ്ജി

സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിനിടയിലായിരുന്നു ട്രംപ് ബഹളമുണ്ടാക്കിയത്

                       

സാമ്പത്തിക തട്ടിപ്പ് കേസില്‍ വിചാരണ നേരിടുകയാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കേസുമായി ബന്ധപ്പെട്ട് ഓരോരോ വിവാദങ്ങളും വാര്‍ത്തകളും സ്ഥിരമായി ഉണ്ടാക്കാറുള്ള ട്രംപ് ഇത്തവണ കോടതിയില്‍ സാക്ഷി മൊഴി രേഖപ്പെടുത്തനിടിയില്‍ ബഹളം വയ്ക്കുകയാണുണ്ടായത്. ഇതിന്റെ പേരില്‍ ജഡ്ജിയില്‍ നിന്നും ശാസന കേട്ടിരിക്കുകയാണ്.

ബുധനാഴ്ച ന്യൂയോര്‍ക്ക് സിവില്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടയില്‍ ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ക്ക് ഡൊണാള്‍ഡ് ട്രംപിനോടും കൂടെയുള്ളവരോടും നിശബ്ദരായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കേണ്ടി വന്നു. വിചാരണക്കിടയില്‍ സാക്ഷി മൊഴി എടുക്കുന്നതിനിടെ ട്രംപ് കോടതി മുറിയില്‍ ക്ഷുഭിതനാവുകയും അഭിഭാഷകരോടു ശബ്ദമുയര്‍ത്തി സംസാരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ ട്രംപിനോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടത്.

മാന്‍ഹട്ടന്‍ കോടതിയില്‍ നടക്കുന്ന വിചാരണയുടെ രണ്ടാം ദിവസത്തില്‍ സാക്ഷി മൊഴി എടുക്കുന്നതിനിടയില്‍ അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്.
‘സാക്ഷി മൊഴിയെടുക്കുമ്പോള്‍ വാദിഭാഗം അഭിപ്രായം പറയുന്നത് നിര്‍ത്താന്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ കെവിന്‍ വാലസ് ജഡ്ജി ആര്‍തര്‍ എന്‍ഗോറോണിനോട് ആവശ്യപ്പെട്ടു. സാക്ഷി ഭാഗം കേള്‍ക്കണമെങ്കില്‍ എല്ലാവരും നിശബ്ദത പാലിക്കണമെന്നും, ശബ്ദമുയര്‍ത്തി സാക്ഷി മൊഴിയെ സ്വാധീനിക്കാന്‍ പാടുള്ളതല്ല എന്നും ജഡ്ജി ആവശ്യപെടുകയും ചെയ്തു.

തന്റെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തെയും സമ്പന്നനായ വ്യവസായി പ്രതിച്ഛായയെയും തകര്‍ക്കാന്‍ പോന്ന ഈ വിചാരണയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഡോണാള്‍ഡ് ട്രംപ് ഹാജരായിരുന്നു. കഴിഞ്ഞാഴ്ച്ച നടന്ന വിചാരണയില്‍ കോടതിയില്‍ വരാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ മാസം നടന്ന പ്രീ ട്രയലില്‍ വെച്ച് ട്രംപും അദ്ദേഹത്തിന്റെ കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷനും ആസ്തി മൂല്യങ്ങള്‍ പെരുപ്പിച്ചു കാട്ടി വര്‍ഷങ്ങളോളം വഞ്ചന നടത്തിയതായി കോടതി കണ്ടെത്തിയിരുന്നു.

തുടര്‍ ശിക്ഷ നടപടികളുടെ ഭാഗമായി കോടതി നിയോഗിക്കുന്ന റിസീവര്‍ വഴി ചില ട്രംപ് കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ജഡ്ജി എന്‍ഗോറോണ്‍ ഉത്തരവിട്ടിരുന്നു. ഇത് ട്രംപ് ടവറിന്റേതടക്കം മറ്റ് വലിയ സ്വത്തുക്കളുടെയും ഭാവിയെ ചോദ്യം ചെയ്യാന്‍ പോന്നതായിരുന്നു. ഈ വിചാരണക്ക് മുന്‍പ് സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാകാത്തതിനാല്‍ കോടതി ഉത്തരവ് താല്‍കാലികമായി തടഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ മൂന്നാഴ്ചയോളമായി പ്രോസിക്യൂട്ടര്‍മാര്‍ ഡോണാള്‍ഡ് ട്രംപും കുടുംബവും മനപൂര്‍വം തങ്ങളുടെ സ്വത്തുക്കളുടെ മൂല്യവും ആസ്തിയും പെരുപ്പിച്ചു കാട്ടിയതായി വാദിക്കുന്നു. എന്നാല്‍ ഇതിനു ബദലായി പ്രോസിക്യൂട്ടര്‍മാരുടെ വാദം തെറ്റാണെന്നും, മൂല്യ നിര്‍ണയങ്ങള്‍ കൃത്യമാണെന്നും എന്തെങ്കിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവരുടെ തെറ്റാണെന്നുമാണ് ട്രംപിന്റെ വാദം.

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് പുറത്ത് കൊണ്ടുവന്ന ഈ കേസിനെ പറ്റി കോടതിയിലേക്കുള്ള വഴിയില്‍ വെച്ച് ചോദിച്ച മാധ്യമങ്ങളോട് ഡോണാള്‍ഡ് ട്രംപ് ഒന്നും തന്നെ പ്രതികരിച്ചില്ല.

കാമറകള്‍ക്ക് അനുവാദമില്ലാത്ത കോടതി മുറിക്കുള്ളില്‍ വെച്ച് നടന്ന ലാര്‍സന്റെ സാക്ഷി മൊഴിക്കിടെ ട്രംപ് പ്രകോപിതനായെന്നാണ് പറയപ്പെടുന്നത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള വാള്‍സ്ട്രീറ്റ് ഓഫീസ് കെട്ടിടത്തിന്റെ 2015-ലെ പ്രൊജക്റ്റ് മൂല്യം 114 മില്യണ്‍ ഡോളറായി ലാര്‍സണ്‍ കുറച്ചുകാണിച്ചതായി ട്രംപ് അഭിഭാഷകന്‍ ലസാരോ ഫീല്‍ഡ്‌സ് സ്ഥാപിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ സമര്‍പ്പിച്ച രേഖകളിലെ മൂല്യങ്ങള്‍ തെറ്റല്ലെന്നും ഇത് ആദ്യം മുതലേ ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണെന്നും ലാര്‍സണ്‍ പറയുന്നു.

ട്രംപ് ഓര്‍ഗനൈസേഷന്റെ മുന്‍ കണ്‍ട്രോളറായ ജെഫ്രി മക്കോണിയെ ട്രംപിന്റെ സാമ്പത്തിക പ്രസ്താവനകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിച്ച സ്പ്രെഡ് ഷീറ്റുകളില്‍ പരിശോധന നടത്താനായി അനുമതി കൊടുക്കുകയോ, അക്കാര്യവുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്തുകയോ ചെയ്തിട്ടില്ലെന്നും ചൊവ്വാഴ്ച ലാര്‍സണ്‍ സാക്ഷ്യപ്പെടുത്തി.

ജെഫ്രി മക്കോണിയും ലാര്‍സനും തമ്മിലുള്ള വളരെ പഴയ ഇമെയില്‍ ചൂണ്ടികാണിച്ചു കൊണ്ട് ലാര്‍സണ്‍ കള്ളം പറഞ്ഞതായി ട്രംപിന്റെ അഭിഭാഷകന്‍ ലസാറോ ഫീല്‍ഡ്‌സ് ആരോപിച്ചിരുന്നു.

ഇത് പ്രതിഭാഗവും വാദി ഭാഗവും തമ്മില്‍ തര്‍ക്കത്തിനു കാരണമായി. ട്രംപിന്റെ മറ്റൊരു അഭിഭാഷകനായ ക്രിസ്റ്റഫര്‍ കിസ്സെ ലാര്‍സണ്‍ കോടതിയെ തെറ്റിധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ലാര്‍സണ്‍ ഉയര്‍ത്തുന്ന അവകാശവാദങ്ങളെ പറ്റി കൂടുതല്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രോസിക്യൂട്ടര്‍ കൊളീന്‍ ഫഹേറിറ്റി ക്രിസ്റ്റഫറിന്റെ അഭിപ്രായങ്ങള്‍ ‘സാക്ഷിയെ ഭീഷണിപ്പെടുത്തുന്നതാണെന്ന്’ കുറ്റപ്പെടുത്തി.

എന്നാല്‍ സാക്ഷിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന് മൊഴിയെടുക്കലിന് ശേഷം ക്രിസ്റ്റഫര്‍ പറഞ്ഞു. അതേസമയം പ്രതിഭാഗം മാധ്യമങ്ങളുടെ മുന്നില്‍ ‘പ്രകടനം’ കാണിക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍ കെവിന്‍ വാലസ് പറഞ്ഞു.

ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ ലാര്‍സനോട് മറുപടി ഇമെയിലിന്റെ കാര്യത്തില്‍ വ്യക്തത നല്‍കാന്‍ ആവശ്യപ്പെട്ടു. തനിക്ക് മേല്‍പ്പറഞ്ഞ ഇമെയില്‍ സന്ദേശം ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് ലാര്‍സണ്‍ കോടതിയോട് പറഞ്ഞത്.

”എന്താണ് സംഭവിച്ചതെന്ന് നോക്കു, സര്‍ക്കാര്‍ ഞങ്ങളോട് നുണ പറഞ്ഞു. അവര്‍ വെറുതെ കള്ളം പറയുകയാണ്. തങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും അവര്‍ വെളിപ്പെടുത്തിയിട്ടില്ല, അവരുടെ കൈവശമുള്ള എന്നെ നിരപരാധിയാക്കുന്ന ഒരു തെളിവുകളും അവര്‍ വെളിപ്പെടുത്തിയിട്ടില്ല”; കോടതി ഇടവേളയ്ക്ക് പിരിഞ്ഞ സമയത്തു ട്രംപ് കോടതിക്കെതിരെ ആഞ്ഞടിച്ചു.

ഗൂഢാലോചന, ഇന്‍ഷുറന്‍സ് തട്ടിപ്പ്, ബിസിനസ് രേഖകള്‍ വ്യാജമാക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉള്‍പ്പെടെ ജഡ്ജി ആര്‍തര്‍ എന്‍ഗോറോണിന്റെ പ്രീ-ട്രയല്‍ വിധിയില്‍ പരിഹരിക്കപ്പെടാത്ത ആറ് ക്ലെയിമുകള്‍ ട്രംപിന്റെ കേസ് ബെഞ്ച് ട്രയല്‍ ആയാണ് നടക്കുന്നത്. അതിനാല്‍ ജൂറി ഉണ്ടാകില്ല. കേസിന്റെ മേല്‍നോട്ടക്കാരനായ ന്യൂയോര്‍ക്ക് സുപ്രീം കോടതി ജസ്റ്റിസ് ആര്‍തര്‍ എന്‍ഗോറോണ്‍ മാത്രമായിരിക്കും കേസില്‍ തീരുമാനമെടുക്കുക. ബുധനാഴ്ച്ച നടന്ന ട്രയല്‍ ട്രംപും എന്‍ഗോറോണും തമ്മിലുള്ള ഏറ്റവും പുതിയ ഏറ്റുമുട്ടല്‍ മാത്രമായിരുന്നു. ട്രംപിന്റെ മുന്‍ അക്കൗണ്ടന്റുമാരും ട്രംപ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവുകളും ഉള്‍പ്പെടെ ഇതുവരെ ഒരു ഡസനോളം സാക്ഷികള്‍ വിചാരണയില്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്നെ എപ്പോഴാണ് വിളിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും വിളിച്ചാല്‍ മൊഴി നല്‍കുമെന്ന് ട്രംപ് പറഞ്ഞു. ഡിസംബര്‍ 22 വരെയാണ് ട്രയല്‍ നടപടികള്‍.

Share on

മറ്റുവാര്‍ത്തകള്‍