ആദ്യവരവില്‍ ബാംഗ്ലൂരിലെ പിള്ളേരിലൂടെ തിയേറ്റര്‍ തൂക്കിയ സംവിധായകനാണ് ജിത്തു മാധവന്‍. ഇത്തവണമറ്റൊരു ബാംഗ്ലൂര്‍ ഗ്യാങ്ങുമായാണ് എത്തിയിരിക്കുന്നത്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ആവേശം തിയേറ്റര്‍ മുഴുവന്‍ ആവേശം നിറയ്ക്കുകയാണ്. ചെറിയ കഥയും വലിയ മേക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന സവിഷേത.
ഇതുവരെ ആരും കണ്ടിട്ടില്ലാത്തൊരു ഫഹദ് ഫാസിലിനെയാണ് ആവേശത്തിലൂടെ ജിത്തു മാധവന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഏറെ വ്യത്യസ്തവും സങ്കീര്‍ണവുമായ രങ്ക എന്ന കഥാപത്രത്തിനാണ് സംവിധായകന്‍ ജന്മം കൊടുത്തിരിക്കുന്നത്. മൂന്ന് കോളേജ് പിള്ളേരുടെ സഹായത്തിനെത്തുന്ന രങ്ക എന്ന അധോലോക നായകനായാണ് ഫഹദ് ഫാസില്‍ വേഷമിടുന്നത്. നര്‍മം ചാലിച്ചാണ് ചിത്രത്തിന്റെ ഓരോ സീനും കടന്നു പോകുന്നത്. കോമഡി, ആക്ഷന്‍, ത്രില്ലര്‍ തുടങ്ങിയ ഘടകങ്ങളുടെ കൃത്യമായ ചേരുവ ആവേശത്തെ തീര്‍ത്തുമൊരു തിയേറ്റര്‍ സിനിമയാക്കി മാറ്റിയിരിക്കുന്നു.
ബാംഗ്ലൂരിലെ വാന വീക്ഷണ്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് പഠിക്കാനെത്തുന്ന ബിബി,അജു, ശാന്തന്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ബിബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിഥുന്‍ ജയശങ്കറും, അജുവായി മാറിയ യൂട്യൂബിലൂടെ മലയാളികള്‍ക്ക് പരിചിതനായ ഹിപ്സ്റ്ററും, ശാന്തനായി വേഷമിട്ട റോഷന്‍ ഷാനവാസും, മൂവരുടെയും കന്നി സിനിമയെന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.
സാധാരണ കോളേജുകളിലെ സ്ഥിരം ജൂനിയര്‍-സീനിയര്‍ റാഗിങ്ങിന്റെയും കലാപരിപാടികളുടെയും അര മണിക്കൂറിനു ശേഷമാണ് യഥാര്‍ത്ഥത്തില്‍ ആവേശത്തിന്റെ സീന്‍ മാറുന്നത്. രങ്കണ്ണന്റെ വരവോടെ ചിത്രം അടുത്ത ലെവലിലേക്ക് കടക്കുന്നു. പിന്നീട് അങ്ങോട്ട് തിയേറ്ററില്‍ നിറയുന്നത് രങ്കണ്ണനും അണ്ണന്റെ പിള്ളേരുടെയും പൂണ്ടു വിളയാട്ടമാണ്. അടുത്തത് എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാന്‍ പ്രേക്ഷകന് അവസരം നല്‍കാത്ത അത്ര ആഘോഷ തിമിര്‍പ്പാണ് ആവേശത്തില്‍.
ഉപമിക്കാന്‍ കഴിയാത്തത്ര ആവേശത്തില്‍, തീപറക്കുന്ന സ്‌ക്രീന്‍ പ്രെസന്‍സ് ആണ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്. ഇരുപ്പിലും നടപ്പിലും വേഷത്തിലും ഭാവത്തിലും ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ചെറുപ്പത്തിന്റെ ആവേശം ഒട്ടും ചോരാതെ ഫഹദ് ‘രങ്കണ്ണന്‍’ എന്നെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുന്നു. പാട്ടും ഡാന്‍സും അത്യുഗ്രന്‍ ആക്ഷന്‍ രംഗംങ്ങളുംകൊണ്ട് കസറുകയാണ് ഫഫ. ചിത്രത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് ഫഹദിന്റെ വേഷ വിധാനം. കന്നഡ കലര്‍ന്ന സംസാരവും വെള്ള വസ്ത്രവും നിറയെ സ്വര്‍ണഭാരണങ്ങളും രങ്കണ്ണനെ വ്യത്യസ്തമാക്കി തീര്‍ക്കുന്നു. തല്ലിന് തല്ലും വെട്ടിന് വെട്ടുമായി നടക്കുന്ന രംഗണ്ണനില്‍ ഇടക്ക് മാത്രം മിന്നി മായുന്ന മൃദുല വികാരങ്ങളും, വികാര വിക്ഷേപങ്ങളും സന്തത സഹചാരിയായ ആ കറുത്ത റെയ്ബാന്‍ കണ്ണടക്കുള്ളില്‍ ഒളിപ്പിക്കുന്നത് പ്രേക്ഷകര്‍ കൃത്യമായി കണ്ടുപിടിക്കുന്നുണ്ട്. അവസാനമുളള വേഷത്തിലെ ട്വിസ്റ്റ് ആദ്യത്തേതിനേക്കാള്‍ ഒരു പടി മുകളിലാണ്. സിനിമയുടെ രണ്ടാം പാതിയില്‍ രങ്കണ്ണന്‍ ഒറ്റക്ക് ആറാടി എന്ന് പറയേണ്ടി വരും.
എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ് സജിന്‍ ഗോപു അവതരിപ്പിച്ച ‘അമ്പാന്‍’ എന്ന കഥാപാത്രം. രംഗണ്ണന്റെ വലം കൈയായെത്തുന്ന അമ്പാനെ സജിന്‍ ഗോപു വളരെ തന്മയത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അനായാസേന നര്‍മം ഉണര്‍ത്തുന്ന അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ മിക്കപ്പോഴും രങ്കണ്ണന്റെ കൂടെ കട്ടക്ക് പിടിക്കുന്നുണ്ട് അമ്പാന്‍.
ഫഫയുടെ വേഷവിതാനത്തില്‍ എവിടെയൊക്കെയോ ചട്ടമ്പിനാടിലെ മമ്മൂട്ടി അവതരിപ്പിച്ച വിജേന്ദ്ര മല്ലയ്യ എന്ന കഥാപാത്രത്തിന്റെ ലാഞ്ചന തോന്നിയിരുന്നു(തീര്‍ത്തും വ്യക്തിപരമായ അഭിപ്രായം). തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന ചിത്രമാണ് ജിത്തു മാധവന്റെ ആവേശം. രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുമെന്നതില്‍ ഒരു സംശയവുമില്ല.
മന്‍സൂര്‍ അലി ഖാന്‍ വേഷമിട്ട റെഡ്ഢി എന്ന കഥാപാത്രവും ശ്രദ്ധേയമാണ്. രങ്കനെ അധോലോകത്തേക്ക് കൈ പിടിച്ച് കൊണ്ടുവരുന്നത് റെഡിയാണ്.
ആശിഷ് വിദ്യാര്‍ത്ഥി, പൂജ മോഹന്‍രാജ്, എന്നിവര്‍ക്ക് പുറമെ നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരും ചിത്രത്തിലുണ്ട്. രോമാഞ്ചത്തിലൂടെ കിടിലന്‍ പാട്ടുകള്‍ നല്‍കിയ വിനായക് ശശികുമാര്‍-സുഷിന്‍ ശ്യാം കൂട്ടുകെട്ട് ആവേശത്തിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. ഓരോ ഭാഗങ്ങളും കൃത്യമായി പ്രേക്ഷരിലേക്ക് എത്തുന്നു. വിവേക് ഹര്‍ഷന്റെ എഡിറ്റിംഗ് മികവ് കൂടി ചേരുമ്പോള്‍ ആവേശം വേറെ ലെവല്‍ ആകുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിറാണ് നിര്‍വ്വഹിച്ചത്.