UPDATES

ഇരകള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍: നീതിയുടെ കാണാപ്പുറങ്ങള്‍

നിയമത്തില്‍ എത്രകണ്ട് ജ്ഞാനമുണ്ടെന്നാലും, തുല്യതയെ അതിന്റെ പരിപൂര്‍ണ്ണ അര്‍ഥത്തില്‍ ഗ്രഹിച്ചിട്ടില്ലെങ്കില്‍, ന്യായാധിപര്‍ യുക്തിരഹിതമായ വിധിന്യായങ്ങളിലേക്കാവും എത്തിച്ചേരുക

                       

”നീതി ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല കോടതി മുറിയിലെ സാക്ഷിക്കൂട്ടില്‍ ഒരിക്കല്‍ കൂടി പിച്ചിച്ചീന്തപ്പെടാന്‍ എനിക്കിനി വയ്യ”. ഇത് കേരളത്തെ നടുക്കിയ ഒരു ലൈംഗിക പീഡന കേസിലെ ഇരയുടെ നിസ്സഹായമായ വാക്കുകള്‍ ആണ്. ഈ വാക്കുകള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രായോഗിക തലം എത്രത്തോളം വികൃതവും ഇരകളെ സംബന്ധിച്ച് വേദനാജനകവുമാണെന്ന് വെളിപ്പെടുത്തുന്നവയാണ്. പൊതുജനത്തിന്റെ കാഴ്ചപ്പാടില്‍ കോടതിമുറികള്‍ നീതിയിലേക്കുള്ള വാതായനം ആയിരിക്കാം; എന്നാല്‍, ഒരിക്കലെങ്കിലും ഇരയുടെ (victim) കുപ്പായമണിഞ്ഞു സാക്ഷിക്കൂട്ടില്‍ കയറി നിന്ന് കുറ്റകൃത്യത്തിന്റെ പുനരാവിഷ്‌കരണം കണക്കെയുള്ള വിചാരണ നടപടികള്‍ (trial) നേരിട്ടവര്‍ക്കേ അതേല്‍പ്പിക്കുന്ന മാനസികാഘാതത്തിന്റെ വ്യാപ്തി അറിയുകയുള്ളൂ. കുറ്റം മോഷണമാകട്ടെ, വഞ്ചനയാകട്ടെ, ആള്‍മാറാട്ടമോ ഭവനഭേദനമോ ആകട്ടെ, ഇരയാക്കപ്പെട്ട വ്യക്തിയുടെ വിചാരണവേളയിലെ മാനസികവൃഥ തീവ്രം തന്നെ. അപ്പോഴത് ഒരു ലൈംഗിക ആക്രമണത്തിന്റെ വിചാരണ നടപടി ആണെങ്കിലോ?

ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട വ്യക്തിയുടെ സ്വകാര്യത മാനിക്കാനും, മൊഴിയെടുക്കുന്ന ഘട്ടത്തില്‍ തുടങ്ങി വിചാരണ കഴിയും വരെ ഒരു വിധത്തിലും അവര്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ ഇരിക്കാനും ഇന്ത്യന്‍ ശിക്ഷ നിയമത്തിലും ക്രിമിനല്‍ നടപടി ക്രമത്തിലും ധാരാളം വകുപ്പുകള്‍ ചേര്‍ത്തിരിക്കുന്നു. വിചാരണ വേളയില്‍ പീഡിത വ്യക്തിഹത്യ ചെയ്യപ്പെടാതിരിക്കാന്‍ ഇന്ത്യന്‍ തെളിവ് നിയമത്തിലും വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, നിയമനിര്‍മാണ സഭ ഈ വിഷയത്തില്‍ പുലര്‍ത്തിയ ശ്രദ്ധ ഫലവത്തായിരുന്നെങ്കില്‍ കോടതി മുറികള്‍ ഒരിക്കലും ഇരകള്‍ക്ക് പേടിസ്വപ്നമാകില്ലായിരുന്നു. നീതിക്കായി പലവിധ സാമൂഹിക ദുഷ്‌കീര്‍ത്തികളേയും പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് നീതിപീഠത്തിന് മുന്‍പില്‍ എത്തപ്പെടുമ്പോള്‍ പരിഹാസം കലര്‍ന്നതും, ലിംഗപരമായ സ്ഥിരസങ്കല്പങ്ങളില്‍ ഊന്നിയുമുള്ളതുമായ വിചാരണ പ്രക്രിയ പലപ്പോഴും വാദിയെ പ്രതിയാക്കുന്നു! അല്ലെങ്കില്‍ നീതി വേണ്ടെന്നു അലറിക്കരഞ്ഞുകൊണ്ടവളെ ഓടിയൊളിക്കാന്‍ പ്രേരിപ്പിക്കുന്നു.

എന്തുകൊണ്ട് ശക്തമായ നിയമങ്ങളും പ്രഗത്ഭരായ ന്യായാധിപന്മാരും ഉണ്ടായിട്ടും ഇരകള്‍ക്ക് ഈ ദുര്‍ഗ്ഗതി? പക്ഷാപാതരാഹിത്യവും (impartiality) വസ്തുനിഷ്ഠതയുമാണ് (objectivity) നീതിനിര്‍വ്വഹണത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. യാതൊരുവിധ മുന്‍വിധികളോ ചായ്വുകളോ (bias) ഇല്ലാതെ നിഷ്പക്ഷരായിരിക്കണം ന്യായാധിപര്‍ എന്ന് നിയമതത്ത്വങ്ങള്‍ അനുശാസിക്കുന്നു. എന്നാല്‍, കാലാകാലങ്ങളായി പിന്തുടര്‍ന്നുവരുന്ന വാര്‍പ്പുമാതൃകകളും (stereotypes) ലിംഗനീതിപരമായി ബോധവല്‍കൃതരല്ലാത്തവരുമായ (gender insensitized) ന്യായാധിപരും അവരുടെ ലിംഗ വിവേചനപരമായ സ്ഥിരസങ്കല്പങ്ങളുമാണ് ഇതിന്റെ മൂലകാരണം.

നിയമത്തില്‍ എത്രകണ്ട് ജ്ഞാനമുണ്ടെന്നാലും, തുല്യതയെ അതിന്റെ പരിപൂര്‍ണ്ണ അര്‍ഥത്തില്‍ ഗ്രഹിച്ചിട്ടില്ലെങ്കില്‍, ന്യായാധിപര്‍ യുക്തിരഹിതമായ വിധിന്യായങ്ങളിലേക്ക് എത്തിച്ചേരുമെന്നത് തീര്‍ച്ച. വളരെ സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ട ഇത്തരം വിഷയങ്ങളില്‍ വിവേചനപരവും മുന്‍വിധിയോടുകൂടിയുള്ളതുമായ തീര്‍പ്പുകള്‍ കോടതികളുടെ വികലമായ തുല്യത സങ്കല്പങ്ങളുടെ ദൃഷ്ടാന്തമാണ്. ബലാത്സംഗകേസുകളുടെ വിധിന്യായങ്ങളില്‍ പലതിലും മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളുടെ പ്രഹേളിക തന്നെയാണ്. സാമ്പ്രദായിക സ്ത്രീ സങ്കല്പങ്ങളില്‍ ഊന്നിക്കൊണ്ട് പാരമ്പര്യമായി ചുമത്തപ്പെട്ടിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ക്ക് ഉപരിയായി അവള്‍ക്കുള്ള അവകാശങ്ങളെയും വ്യക്തിത്വത്തെയും വിവേചിച്ചറിയുന്നതില്‍ മിക്കപ്പോഴും കോടതികള്‍ പരാജയപ്പെടുന്നു. പീഡിതയുടെ വസ്ത്രധാരണവും, പീഡനപ്രതിരോധത്തിന്റെ രീതിയും, അങ്ങനെ തികച്ചും ബാലിശമായ പല കാരണങ്ങളും നീതിനിര്‍ണയത്തിന് അടിസ്ഥാന ഘടകങ്ങളായി കണക്കിലെടുത്ത് പ്രതികളെ പലപ്പോഴും കോടതികള്‍ കുറ്റവിമുക്തരാക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ വിധിപ്രമാണങ്ങളായി (precedents) വര്‍ത്തിക്കുകയും തുടര്‍ന്ന് വരുന്ന സമാന കേസുകളിലും നിയമ സ്രോതസ്സായി ഉപയോഗിക്കപ്പെടുകയും ചെയ്തുവരുന്നു.

ഈ സാഹചര്യത്തിലാണ് സുപ്രിം കോടതി അടുത്തിടെ പുറത്തിറക്കിയ ‘Handbook on Combating Gender Stereotypes’ എന്ന കൈപുസ്തകത്തിന് പ്രസക്തിയേറുന്നത്. ലിംഗപരമായ വേര്‍തിരിവിലൂന്നിയുള്ള വാര്‍പ്പുമാതൃകകള്‍ അഥവാ സ്റ്റീരിയോടൈപ്പുകള്‍ കാലങ്ങളായി നമ്മള്‍ ആന്തരീകവല്‍ക്കരിച്ച് കഴിഞ്ഞിരിക്കുന്നു. സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യേകതകള്‍ ഇതില്‍ വലിയ സ്വാധീനം ചെലുത്തിയിരിക്കുന്നു. ന്യായാധിപരും ഇക്കാര്യത്തില്‍ വിഭിന്നരല്ല! സാമ്പ്രദായിക ചട്ടക്കൂടുകളിലൂന്നിയുള്ള ലിംഗനിര്‍വചനങ്ങളുടെയും പുരുഷകേന്ദ്രീകൃത സാമൂഹിക സംവിധാനങ്ങളുടെയും പ്രതിഫലനം ന്യായാധിപരുടെ യുക്തിചിന്തകളിലും കാണാം. എന്നാല്‍ ന്യായാധിപരുടെ സ്വയംകൃതമായ ലിംഗ ധാരണ ഒരു രീതിയിലും വിധി നിര്‍ണയത്തെ ബാധിക്കാന്‍ പാടില്ലായെന്നതും, അങ്ങനെയുണ്ടാകുമ്പോള്‍ അത് നീതിനിഷേധമായി ഭവിക്കുമെന്നുമുള്ള തിരിച്ചറിവിലാണ് സുപ്രിം കോടതി ഇപ്പോള്‍ ഇത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരമൊരു മാര്‍ഗ്ഗനിര്‍ദ്ദേശം പ്രധാനമായും ലിംഗപരമായ സ്ഥിരസങ്കല്പങ്ങളെ തിരിച്ചറിയുകയും അതിനെ തച്ചുടക്കുകയും നീതിനിര്‍ണയപ്രക്രിയയിലും(judicial process) വിധിന്യായങ്ങളിലും ലിംഗപരമായ സ്ഥിരസങ്കല്പങ്ങളെ നിരാകരിക്കുന്നതിനെയും ലക്ഷ്യം വെയ്ക്കുന്നു. നിയമപരമായ സംവാദങ്ങളിലും കോടതി നടപടികളിലും ലിംഗവിവേചനപരമായ സമീപനം ഒഴിവാക്കപെടുക എന്ന ഉദ്ദേശത്തോട് കൂടി ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഡോ. ഡി. വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഈ കൈപ്പുസ്തകം ലിംഗ നീതി സംബന്ധിച്ച് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിപ്ലവകരമായ ഒരു തുടക്കം ആയിരിക്കുമെന്നതില്‍ സംശയമില്ല.

വിഷയത്തെ ഗഹനമായി പഠിച്ച ശേഷം തയ്യാറാക്കിയ ഈ കൈപുസ്തകത്തില്‍ മനുഷ്യന്റെ ഉപബോധ മനസില്‍ ലിംഗപരമായ വാര്‍പ്പ് മാതൃകകള്‍ അഥവ സ്റ്റീരിയോ ടൈപ്പുകള്‍ എങ്ങനെ ചായ്വുകള്‍ സൃഷ്ടിക്കുന്നു എന്ന് തുടങ്ങി അവ കേസുകളുടെ വിധി നിര്‍ണയത്തെ തന്നെ നിയന്ത്രിക്കുന്നത് എപ്രകാരമെന്ന് ഉദാഹരണ സഹിതം വിവരിച്ചിരിക്കുന്നു. ഇതില്‍ കാലാകാലങ്ങളായി കോടതികള്‍ ഉപയോഗിച്ചുവരുന്ന തെറ്റായതും ലിംഗപരമായ സ്ഥിരസങ്കല്പങ്ങളിലേക്ക് നയിക്കുന്നതുമായ ഭാഷാപ്രയോഗങ്ങളെ കണ്ടെത്തി അതിന് പകരമായി അനുയോജ്യമായ പ്രയോഗങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ലിംഗപരമായി സമൂഹം അടിച്ചേല്‍പ്പിച്ചിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യവുമായി പുലബന്ധം ഉള്ളവയായിരിക്കില്ല. സ്ത്രീകള്‍ വികാരാധീനരും, ദയാലുക്കളും, യുക്തിരഹിതരും, തീരുമാനങ്ങളെടുക്കാന്‍ കഴിവ് കുറഞ്ഞവരുമാണെന്നതാണ് സമൂഹത്തില്‍ പരക്കെയുള്ള ധാരണ എന്നിരിക്കെ, ഇതൊന്നും തന്നെ ലിംഗപരമായ പ്രത്യേകതകള്‍ അല്ലെന്നും സ്ത്രീകളെപോലെ തന്നെ പുരുഷന്മാര്‍ക്കും ഇത്തരം സ്വഭാവവിശേഷങ്ങള്‍ സ്വാഭാവികമായും ഉള്ളത് തന്നെയാണെന്നും, എല്ലാ സ്ത്രീകള്‍ക്കും മേല്‍പ്പറഞ്ഞ സ്വഭാവങ്ങള്‍ ഉണ്ടാകണമെന്നില്ലെന്നും സുപ്രിം കോടതി സമര്‍ഥിക്കുന്നു.

ഈ കൈപ്പുസ്തകത്തിലെ സുപ്രധാന ഭാഗം എന്ന് പറയാനാകുന്നത്, ലൈംഗിക അതിക്രമ കേസുകളില്‍ സാധാരണയായി കോടതികള്‍ കൈക്കൊള്ളുന്ന അനുമാനങ്ങളും അതിന്റെ യഥാര്‍ത്ഥ വശങ്ങളും വിധിപരാമര്‍ശങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വിവരിച്ചിട്ടുള്ളതാണ്. ഒരു സ്ത്രീയുടെ ജീവിത ശൈലിയോ, പെരുമാറ്റരീതിയോ, വസ്ത്രധാരണമോ ഒന്നുംതന്നെ അവളുടെ ലൈംഗിക താല്പര്യത്തെ സൂചിപ്പിക്കുന്നവ അല്ലെന്നും, ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ ലൈംഗിക അതിക്രമ കേസുകളില്‍ ഇരയുടെ ”സമ്മതം” എന്ന സുപ്രധാന ഘടകത്തെ സംബന്ധിച്ചുള്ള അനുമാനത്തില്‍ എത്തിച്ചേരാന്‍ പാടുള്ളതല്ല എന്നും നിര്‍ദ്ദേശിക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള കോടതികളുടെ ഇത്തരം വികലമായ വിധികളും ഉദ്ധരിച്ചിരിക്കുന്നു. കൈപ്പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ”ലൈംഗികത്തൊഴിലാളികള്‍ ലൈംഗിക പീഡനത്തിന് ഇരയാകാന്‍ സാധ്യതയില്ല”, ”സ്ത്രീകള്‍ മിക്കപ്പോഴും വ്യാജ പീഡന പരാതികള്‍ നല്‍കുന്നവരാണ്”, ”ഉയര്‍ന്ന ജാതിയില്‍പ്പെട്ട പുരുഷന്മാര്‍ ഒരിക്കലും താഴ്ന്ന ജാതിയിലുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല, അതിനാല്‍ തന്നെ അത്തരം ലൈംഗിക ആരോപണങ്ങള്‍ അസത്യമായിരിക്കും”, ”ആധുനിക രീതിയില്‍ വസ്ത്രമണിയുന്നവരും മദ്യമോ സിഗരറ്റോ ഉപയോഗിക്കുന്നവരുമായ സ്ത്രീകള്‍ ലൈംഗിക ബന്ധത്തിന് ആഗ്രഹിക്കുന്നവരായിരിക്കും, അത്തരക്കാര്‍ പീഡനത്തിനു വിധേയരാകുന്നത് അവരുടെ തന്നെ കുറ്റം കൊണ്ടാണ്” തുടങ്ങിയ ധാരണകള്‍ കോടതികളുടെ മാത്രമല്ല പുരുഷകേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തിന്റെ തന്നെ പൊതുധാരണകള്‍ ആണ്. ഇത്തരം പൊതു ആഖ്യാനങ്ങള്‍ കാലാകാലങ്ങളായി നമ്മളിലോരോരുത്തരിലും വേരോടുകയും ന്യായാധിപരില്‍ പോലും വിധിനിര്‍ണയത്തിനുള്ള ഉപപത്തിയായി രൂപപ്പെടുകയും ചെയ്തിരിക്കുന്നു. എഴുതപ്പെട്ടിരിക്കുന്ന നീതിസംഹിതകള്‍ വ്യാഖ്യാനിക്കുമ്പോള്‍ പോലും സാമൂഹികവും സാംസ്്കാരികവും മതപരമായും മറ്റും ആന്തരിക ചിത്തത്തില്‍ ആവിര്‍ഭവിച്ചിട്ടുള്ള ലിംഗപരമായ വിവേചനങ്ങളും മുന്‍വിധികളും ന്യായാധിപരെ നയിക്കുന്നതായി കാണാം. ബോധപൂര്‍വ്വമായ വ്യതിചലനത്തിലൂടെ മാത്രമേ ന്യായാധിപര്‍ക്ക് ഈ വിധത്തിലുള്ള പൂര്‍വകല്പനകളില്‍ നിന്നും മോചിക്കപ്പെട്ട് നീതിപൂര്‍ണമായ വിധിനിര്‍ണയത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂ.

നീതിനിര്‍വഹണത്തിലും അത് സംബന്ധിച്ച എഴുത്തുകുത്തുകളിലും ലിംഗനീതിപരമായ സൂഷ്മബോധം ന്യായാധിപന്മാരും അതുപോലെതന്നെ അഭിഭാഷകരും ഉറപ്പ് വരുത്തുന്നതിലേക്ക് തയാറാക്കിയ ഈ പുസ്തകം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നവീനവും തികച്ചും അത്യന്താപേക്ഷിതവുമായ ഒരു ആശയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ലൈംഗികപീഡന കേസുകളില്‍ സ്ത്രീകള്‍ സ്ഥിരമായി നേരിടുന്ന വെല്ലുവിളികളെയും ടു ഫിംഗര്‍ ടെസ്റ്റ് (two finger test) പോലുള്ള പ്രാകൃതമായ രീതികളെയും മറ്റും വിശകലനം ചെയ്തപ്പോഴും LGBTQ+ സമൂഹം പലപ്പോഴും നീതിയുടെ വഴിയില്‍ സമൂഹത്തിലെ സ്റ്റീരിയോടൈപ്പ് ചിന്താഗതി മൂലം നേരിടേണ്ടി വരുന്ന സമാനമായ ദുരിതങ്ങളിലേക്ക് കാര്യമായി കടന്നിട്ടില്ല എന്നത് ഈ കൈപ്പുസ്തകത്തിന്റെ ഒരു പോരായ്മ ആയിട്ട് അനുഭവപ്പെടുന്നു.
സ്ത്രീകളെ കേവലം ഏകതാനമായ വിഭാഗമായി കണക്കാക്കിക്കൊണ്ട് ഹെട്രോജിനിറ്റിയെ മനസ്സിലാക്കാതെ പോകുന്നതാണ് നിലവിലുള്ള നിയമ സമ്പ്രദായത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ഒരു പ്രധാന വെല്ലുവിളി. ഒരു ദളിത് സ്ത്രീയും ഒരു മുസ്ലിം സ്ത്രീയും ഒരു നിരക്ഷരയായ സ്ത്രീയും ഒരു ആദിവാസി സ്ത്രീയും അനുഭവിക്കുന്ന വിഭിന്നമായ പാര്‍ശ്വവത്കരണത്തിനെ ഇന്‍ടര്‍സെക്ഷനാലിറ്റിയുടെ (intersectionality) വീക്ഷണകോണിലൂടെ അപഗ്രഥിക്കാന്‍ കഴിയാതെ വരുന്നതാണ് ഇവിടുത്തെ നിയമ വ്യവസ്ഥിതിയുടെയും കോടതി സമ്പ്രദായങ്ങളുടെയും പ്രധാന പരാജയം. സുപ്രിം കോടതി ലിംഗ നീതി സംബന്ധമായി ഇപ്പോള്‍ നടത്തിയ ഈ ഇടപെടലില്‍ ഇന്‍ടര്‍സെക്ഷനാലിറ്റിയുടെ മൂല്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് രചിച്ചിരുന്നുവെങ്കില്‍ ഈ കൈപ്പുസ്തകം എല്ലാ അര്‍ഥത്തിലും മികച്ചതാകുമായിരുന്നു.

പോരായ്മകള്‍ക്കിടയിലും ലിംഗനീതിയിലേക്കുള്ള പടിവാതില്‍ എന്ന നിലയില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നതാണ് സുപ്രിം കോടതിയുടെ ഈ കാല്‍വെയ്പ്പ്. സമത്വ സങ്കല്‍പ്പങ്ങളില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും പ്രതീക്ഷ നല്‍കുന്ന ഒന്നാണ് നീതിനിര്‍ണയവേളയിലെ സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കുവാന്‍ ഉതകുന്ന ഈ കൈപ്പുസ്തകം. എന്നാല്‍, ഇതിലെ നിര്‍ദ്ദേശങ്ങള്‍ എത്രകണ്ട് നടപ്പിലാക്കപ്പെടും എന്നതാണ് പുരുഷമേധാവിത്വം നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ നിന്നുള്ള വലിയ വെല്ലുവിളി. ലിംഗ സമത്വം സംബന്ധിച്ച് ന്യായാധിപരുടെയുള്ളില്‍ പതിഞ്ഞു കിടക്കുന്ന വേര്‍തിരിവിലൂന്നിയുള്ള ലിംഗ സങ്കല്‍പ്പങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ കേവലം നിര്‍ദ്ദേശങ്ങള്‍ അപര്യാപ്തമാണ്. മുന്‍പും സുപ്രിം കോടതി വിധികളില്‍ പ്രസ്താവിച്ചിരുന്ന സമാന നിര്‍ദ്ദേശങ്ങള്‍ കീഴ്‌ക്കോടതി ന്യായാധിപരില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. ആകയാല്‍, ആഴത്തിലുള്ള ബോധവത്കരണത്തിലൂടെ മാത്രമേ ആവരുടെ ചിന്താഗതിയില്‍ മാറ്റങ്ങള്‍ സാധിക്കുകയുള്ളൂ. മാത്രവുമല്ല സുപ്രിം കോടതിയുടെ ഈ സുപ്രധാന ചുവടുവെപ്പ് ഫലപ്രാപ്തിയിലെത്തേണമെങ്കില്‍ ഇതിന്റെ ഉള്ളടക്കം നിരന്തരമായ പുതുക്കലുകള്‍ക്ക് വിധേയമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലിംഗമോ, ജാതിയോ, വംശീയതയോ ഒന്നും തന്നെ ഘടകമാകാതെ നിയമവും തെളിവുകളും മാത്രം പരിഗണിച്ച് സുതാര്യവും സത്യസന്ധവുമായ വിചാരണയും നീതിനിര്‍വ്വഹണവും ഉറപ്പുവരുത്തുന്ന ഒരു നാളെയിലേക്കുള്ള പ്രതീക്ഷയാണീ കൈപ്പുസ്തകം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ലക്ഷ്മി പ്രിയ ആർ

അഡ്വ. ലക്ഷ്മി പ്രിയ ആർ

റിസേര്‍ച്ച് സ്‌കോളര്‍, സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്, മഹാത്മഗാന്ധി സര്‍വ്വകലാശാല

More Posts

Share on

മറ്റുവാര്‍ത്തകള്‍