UPDATES

കലാപത്തിന്റെ കാണാപ്പുറങ്ങള്‍

മണിപ്പുരില്‍ നടക്കുന്നത് എന്താണെന്നതിന്റെ വെളിപ്പെടുത്തലാണ് ജോര്‍ജ് കള്ളിവയലിലിന്റെ ‘മണിപ്പുര്‍ എഫ്ഐആര്‍’

                       

മണിപ്പുരില്‍ മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ട മേയ് മൂന്നു മുതല്‍ രാക്ഷസരൂപം പ്രാപിച്ച ദുരന്തത്തിന്റെ നേര്‍ചിത്രമാണ് ജോര്‍ജ് കള്ളിവയലില്‍ എഴുതിയ ‘മണിപ്പുര്‍ എഐആര്‍’ എന്ന പുസ്തകം. മെയ്തെയ്, കുക്കി മേഖലകളിലൂടെയുള്ള യാത്രകളില്‍ നേരില്‍ കണ്ടതും കേട്ടതും അന്വേഷിച്ചു കണ്ടെത്തിയതും 35 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിനിടെ വിവിധ ലോകരാജ്യങ്ങളിലൂടെയുള്ള യാത്രയില്‍ ഇന്നേവരെ കാണാത്ത കാര്യങ്ങളായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നു.

‘മണിപ്പുര്‍ കലാപം ഏകപക്ഷീയമല്ല. തീര്‍ത്തും വംശീയമോ, വര്‍ഗീയമോ മാത്രവുമല്ല. തെറ്റുകളും ശരികളും ഇരുപക്ഷത്തുമുണ്ട്. മെയ്തെയ്കള്‍ കുക്കികളെയും കുക്കികള്‍ മെയ്തെയ്കളെയും അതിക്രൂരമായി ആക്രമിച്ചു. ഇരുപക്ഷത്തും അക്രമികളും ഇരകളും ധാരാളമുണ്ട്. എന്നാല്‍ കുക്കികളുടെ നഷ്ടം മെയ്‌തെയ്കളുടേതിനേക്കാള്‍ ദയനീയമാണ്. ചിലതെല്ലാം കലാപത്തിന്റെ സ്വാഭാവിക ബാക്കിപത്രമാണെങ്കില്‍, ചിലതെല്ലാം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണ്. ഏഴു പതിറ്റാണ്ടു നീണ്ട ഏറ്റുമുട്ടലുകളുടെയും പരസ്പരമുള്ള അവിശ്വാസത്തിന്റെയും ചരിത്രത്തിന്റെ ബാക്കിപത്രം കൂടിയാണു മണിപ്പുര്‍ കലാപം. ആരും ഒന്നും നേടിയില്ല. നഷ്ടങ്ങളുടെ കണക്കാകും ഇരുപക്ഷത്തും കൂടുതല്‍.’; എഴുത്തുകാരന്‍ ജോര്‍ജ് കള്ളിവയലിന്റെ വാക്കുകള്‍.

‘മണിപ്പുരിലെ അന്തരീക്ഷം വിഷലിപ്തമാക്കിയ സ്വത്വരാഷ്ട്രീയത്തിന്, ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കുടപിടിക്കുകയാണ്. മാരകമായ വംശീയ, വര്‍ഗീയ, സ്വത്വ, സ്വാര്‍ഥ രാഷ്ട്രീയത്തിന്റെ ഇരകളാണു മണിപ്പുരിലെ സാധാരണ ജനങ്ങള്‍. വോട്ടുബാങ്കിനും അധികാര രാഷ്ട്രീയത്തിനും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കുമായി സംസ്ഥാനത്തിന്റെ പൊതുതാത്പര്യം നേതാക്കള്‍ മറന്നതാണു ദുരന്തം’ എന്നും അദ്ദേഹം പറയുന്നു.

മണിപ്പൂര്‍ എഫ് ഐ ആറിന്റെ എഴുത്തുകാരന്‍ തുടരുന്നു; ‘മണിപ്പുരിലെ കിരാതമായ വംശഹത്യയുടെ പിന്നിലെ കാര്യങ്ങളും കാരണങ്ങളും സങ്കീര്‍ണവും സമ്മിശ്രവും സമാനതകളില്ലാത്തതാണ്. ഗോത്രകലാപമെന്നു വിളിച്ചു ലഘൂകരിച്ച ഈ സംഘര്‍ഷത്തിനു വംശഹത്യയുടെയും വര്‍ഗീയതയുടെയും ഉള്‍പ്പെടെ പല വശങ്ങളുണ്ട്. വിദ്വേഷവും ശത്രുതയും വളര്‍ത്തിയെടുത്താല്‍ പാവം ജനങ്ങള്‍ എങ്ങിനെ പരസ്പരം തല്ലിച്ചാകുമെന്നതിനു മണിപ്പുരിനോളം പറ്റിയ ഉദാഹാരണങ്ങള്‍ കുറവാകും. അണയാത്ത പകയുടെയും വെറിയുടെയും മൂര്‍ത്തഭാവങ്ങളില്‍ വെട്ടിക്കീറിയതു മനുഷ്യത്വമാണ്.

ഭൂരിപക്ഷ മെയ്‌തെയ്കളും കുക്കി ഗോത്രവര്‍ഗവും തമ്മിലാണ് നേരിട്ട് ഏറ്റുമുട്ടിയതെങ്കിലും വിവിധങ്ങളായ ഗോത്ര വര്‍ഗങ്ങളും സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും വര്‍ഗീയ ശക്തികളും തീവ്ര ഗ്രൂപ്പുകളും വരെ ചേര്‍ന്ന തികച്ചും വ്യത്യസ്തമായ സ്ഥിതിവിശേഷമാണു മണിപ്പുരിലേത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളുമായി താതാത്മ്യമില്ല. ആറു മാസത്തിലേറെയായി നീളുന്ന കലാപത്തില്‍ കത്തിയമരുന്നതു നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയാണ്. സമാധാനവും രാജ്യസുരക്ഷയും അപകടത്തിലാക്കിയ കലാപം നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സര്‍ക്കാരുകള്‍ ഭാവിതലമുറയോടു കണക്കുപറയേണ്ടി വരും.’

റഷ്യ- യുക്രെയ്ന്‍ യുദ്ധം പോലെയോ ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷം പോലെയോ മണിപ്പുരിലെ മെയ്തെയ്- കുക്കി കലാപവും മാസങ്ങള്‍ നീളുകയാണ്. ആറു മാസത്തിനു ശേഷം മണിപ്പുരിലെ സംഘര്‍ഷം ശമിച്ചില്ല. കാലം എല്ലാം സുഖപ്പെടുത്തുമെന്നാണു പഴമൊഴി. പക്ഷേ മണിപ്പുരിലെ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. പുറമേ കാണുന്നതിനേക്കാള്‍ ആഴത്തിലാണ് ഇരുഭാഗത്തെയും ഹൃദയ മുറിവുകളും പരസ്പര വിദ്വേഷവും അവിശ്വാസവും. ചരിത്രപരവും വംശീയവും വര്‍ഗീയവും മുതല്‍ പലതും ചേര്‍ന്നു വഷളാക്കിയ സംഘര്‍ഷമാണ് മണിപ്പുരിലേത്. സംവരണ ആനുകൂല്യങ്ങളും ഭൂമി അവകാശങ്ങളും മുതല്‍ മയക്കുമരുന്ന്, ആയുധ ലോബികളുടെ കളികളും തീവ്ര സായുധ സേനകളുടെയും മത, സാമുദായിക സംഘടനകളുടെ കപടതകളും രാഷ്ട്രീയ നേതൃത്വത്തിന്റെ ദുഷ്ടലാക്കുകളും അടക്കം നിരവധി പ്രശ്നങ്ങള്‍ ഇഴചേര്‍ന്ന പ്രശ്നമാണിത്.

സ്ഥിതി വഷളാക്കാന്‍ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെ പക്ഷപാത നടപടികളും പ്രസ്താവനകളും വ്യാജപ്രചാരണങ്ങളും കാരണമാകുകയും ചെയ്തു. കലുഷിതമായ അന്തരീക്ഷം കൂടുതല്‍ വിഷലിപ്തമാക്കാന്‍ ആസൂത്രിത ശ്രമങ്ങളുമുണ്ടായി. ആരോ നശിപ്പിച്ച ഒരു ചിലന്തിവല പോലെ കീറിമുറിഞ്ഞ വലയായി മാറി മണിപ്പുരിലെ സ്ഥിതി. സാധാരണ ചിന്തകള്‍ക്കതീതമായ സങ്കീര്‍ണതകള്‍ ഉള്ളതിനാലാണു പരിഹാരവും എളുപ്പമാകാത്തത്.’

മണിപ്പൂര്‍ കലാപത്തിന്റെ പിന്നെല കാരണങ്ങളും ചരിത്രങ്ങളും, ഈ നാടിന്റെ ഭാവിയും വിശദമായി വിവരിക്കുന്നുണ്ട് ജോര്‍ജ് കള്ളിവയലില്‍ എഴുതിയ ‘മണിപ്പുര്‍ എഫ്ഐആര്‍’. അഴിമുഖം ബുക്സ് പ്രസിദ്ധീകരിക്കുന്ന ബുക്കിന്റെ പ്രകാശനം നവംബര്‍ 12, ഞായറാഴ്ച എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല പുസ്തകം ഏറ്റുവാങ്ങും.

Share on

മറ്റുവാര്‍ത്തകള്‍