UPDATES

ചരിത്രം

ടൈനോ ഗോത്രം; കൊളംബസും യൂറോപ്യന്‍ കുടിയേറ്റക്കാരും നടത്തിയ ക്രൂരതയുടെ ഇരകള്‍

ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കയിലേക്കുള്ള തന്റെ ആദ്യ യാത്രയിലാണ് ടൈനോ ഗോത്രത്തെ കണ്ടുമുട്ടുന്നത്

                       

ഒരിക്കലെങ്കിലും ഒരു ബാര്‍ബിക്യൂ ആസ്വദിക്കാത്തവരോ ഊഞ്ഞാലില്‍ (hammock) കിടക്കാത്തവരോ ചുരുക്കം ആയിരിക്കും. നാം ഓരോരുത്തരും ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ഇത്തരം വാക്കുകളോട് കടപ്പെട്ടിരിക്കുന്നത് കരീബിയന്‍ ദ്വീപുകളിലെ തദ്ദേശവാസികളായ ടൈനോ ജനതയോടാണ്.

ഒറിനോക്കോ ഡെല്‍റ്റയിലെ അരവാക് ഗോത്രങ്ങള്‍ക്കിടയിലാണ് ടൈനോ ഗോത്രത്തിന്റെ ഉത്ഭവം. ബിസി 400-നടുത്ത് ആരംഭിച്ച കുടിയേറ്റത്തിന്റെ അലയൊലികള്‍ വെനസ്വേലയില്‍ നിന്ന് ആന്റില്യസിലുടനീളം ക്രമേണ വ്യാപിച്ചു. കരീബിയനിലെ ടൈനോ ഗോത്രം ഹിസ്പാനിയോള ദ്വീപില്‍ (ഇന്നത്തെ ഹെയ്തിയും, ഡൊമിനിക്കന്‍ റിപ്പബ്ലിക്കും) മുന്‍നിരക്കാരായി ഉയര്‍ന്നുവന്നു.

ജമൈക്ക, കിഴക്കന്‍ ക്യൂബ, പ്യൂര്‍ട്ടോ റിക്കോ, ബഹാമസ് എന്നിവിടങ്ങളില്‍. അവര്‍ യൂക്ക(കപ്പ കിഴങ്ങ് ), മധുരക്കിഴങ്ങ്, ചോളം, ബീന്‍സ് തുടങ്ങിയ വിളകള്‍ കൃഷി ചെയ്തുകൊണ്ട് അവരുടെ സംസ്‌കാരം അഭിവൃദ്ധിപ്പെടുത്തി. സ്പാനിഷ് ചരിത്രകാരന്മാര്‍ വിവരിച്ച ടൈനോ പട്ടണങ്ങള്‍ ഇടതൂര്‍ന്നതും നന്നായി ചിട്ടപ്പെടുത്തിയതും വ്യാപകമായി ചിതറിക്കിടക്കുന്നതും ആയിരുന്നു.

ക്രിസ്റ്റഫര്‍ കൊളംബസിന്റെ സാഹസിക സഞ്ചാരങ്ങള്‍ ലോകഗതിയെ തന്നെ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു. തദ്ദേശീയരെ ഉന്‍മൂലനം ചെയ്തും വിഭവങ്ങള്‍ കൊള്ളയടിച്ചും അത് കോളനിവത്കരണത്തിന് ആക്കം കൂട്ടി. അതിന്റെ പ്രത്യാഘാതം അനുഭവിച്ച മറ്റൊരു ജനതയാണ് ടൈനോ ഗോത്രം. അതിഥിയായെത്തിയ ത ന്നോട് തദ്ദേശിയര്‍ കാണിച്ച ആതിഥേയത്വവും മര്യാദയും കൊളംബസ് മുതലെടുത്തു എന്ന് വേണം പറയാന്‍. തദ്ദേശീയരെ കൂട്ടക്കൊല ചെയ്തും അംഗച്ഛേദം വരുത്തിയുമാണു കൊളംബസ് സ്ഥലങ്ങള്‍ കീഴടക്കിയത്. കൊടുംക്രൂരതകളാണ് കൊളംബസ് താന്‍ പിടിച്ചടക്കിയ സ്ഥലങ്ങളിലെ തദ്ദേശവാസികള്‍ക്കു മേല്‍ അഴിച്ചുവിട്ടത്. അതിലൊന്ന് മാത്രമായിരുന്നു ടൈനോ ഗോത്രം.

സാങ്കേതിക വിദ്യയിലും കൃഷിയിലും നൈപുണ്യം നേടിയവരായിരുന്നു ടൈനോ ഗോത്രം. അക്കാലത്ത് അവര്‍ യുദ്ധാവശ്യങ്ങള്‍ക്കായി കുരുമുളക് വാതകം വികസിപ്പിച്ചെടുത്തു. കൂടാതെ 100-ല്‍ അധികം ആളുകള്‍ക്ക് ഒരുമിച്ചിരുന്നു തുഴയാന്‍ കഴിയുന്നത്ര വലുപ്പമുള്ള കടല്‍ പായ്ക്കപ്പലുകള്‍ നിര്‍മിക്കുകയും, റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ച പന്തുപയോഗിച്ച് വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ടൈനോ ഒരിക്കലും ലിഖിതമായ ഒരു ഭാഷ വികസിപ്പിച്ചിട്ടില്ല. എങ്കിലും നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന പല വാക്കുകളും ടൈനോ ഗോത്രത്തിന്റെ ഭാഷയില്‍ നിന്ന് കടമെടുത്തതാണ്.

ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കയിലേക്കുള്ള തന്റെ ആദ്യ യാത്രയിലാണ് ടൈനോ ഗോത്രത്തെ കണ്ടുമുട്ടുന്നത്. 1492 ഒക്ടോബര്‍ 12-ന്, കൊളംബസ്, ഇന്നത്തെ ബഹാമാസ് പ്രദേശത്തേക്ക് എത്തുന്നത്. പിന്നീട് കൊളംബസ് ടൈനോ ജനതയെ കണ്ടുമുട്ടുകയും കരീബിയന്‍ പ്രദേശദേശത്തെ ജനങ്ങളുമായി കൂടുതല്‍ അടുക്കയും ചെയ്തു. കൊളംബസിന്റെ വരവ് ടൈനോ ഗോത്രത്തിലും കരീബിയയിലെ തദ്ദേശീയരായ ജനങ്ങളുടെ ജീവിതങ്ങളെ കീഴ്‌മേല്‍ മറിക്കുകയും ചെയ്തു.

1494-ല്‍ ഹിസ്പാനിയോളയുടെ വടക്കന്‍ തീരത്തുള്ള ലാ ഇസബെല്ലയില്‍ കോലുംബയില്‍ ആദ്യത്തെ അമേരിക്കന്‍ കോളനി സ്ഥാപിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സ്വര്‍ണ ഖനികളിലും തോട്ടങ്ങളിലും ജോലിചെയ്യാന്‍ ഗ്രാമങ്ങളില്‍ നിന്ന് ആളുളെ കൊണ്ടുപോകാന്‍ തുടങ്ങി. ഇത് നൂറ്റാണ്ടുകളുടെ കഷ്ടപ്പാടിലൂടെ വികസിപ്പിച്ചെടുത്ത ടൈനോ ഗോത്രത്തിന്റെ വിളകളെ ബാധിച്ചു. കൃഷിയവര്‍ക്ക് നഷ്ടമാകാന്‍ തുടങ്ങി. അതവരെ പട്ടിണിയിലേക്കും മാരകമായ മാറാവ്യാധികളിലേക്കും നയിച്ചു. നൂറുകണക്കിനാളുകള്‍ സ്‌പെയിന്‍കാരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു. കുറെയാളുകള്‍ കീഴടങ്ങാന്‍ വിസമ്മതിച്ച് സ്വയമേവ ജീവന്‍ വെടിഞ്ഞു. ശേഷിച്ച ചിലര്‍ ദൂരദിക്കുകളിലേക്ക് പലായനം ചെയ്തു.

രോഗങ്ങളും സ്പാനിഷ് വംശജരുമായുള്ള വിവാഹവും ടൈനോ ഗോത്ര സംസകാരത്തിന്റെ വളര്‍ച്ചയെ തടഞ്ഞു. 1500-കളുടെ തുടക്കത്തില്‍ തന്നെ ടൈനോ ജനസംഖ്യയുടെ 85 ശതമാനവും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. കരീബിയന്‍ ദ്വീപുകളിലെ ടൈനോ ഗോത്രവര്‍ഗം സംസ്‌കാരം, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളില്‍ വലിയ സംഭാവനകള്‍ ലോകത്തിന് നല്‍കിയിട്ടുണ്ട്. നാവികരും അക്കാലത്തെ മികച്ച ബോട്ട് നിര്‍മാതാക്കളുമാണ് ടൈനോക്കാര്‍. കടലിനെക്കുറിച്ചുള്ള അവരുടെ അറിവ് കടല്‍ സഞ്ചാരത്തില്‍ മറ്റെല്ലാവരെക്കാളും മികച്ചവരാക്കി.

ക്രിസ്റ്റഫര്‍ കൊളംബസിന്റെ വരവോടു കൂടി യൂറോപ്യന്‍ ശക്തികള്‍ ടൈനോ പ്രദേശങ്ങള്‍ തങ്ങളുടേതായി അവകാശപ്പെട്ടുകൊണ്ട് ഭൂമി നികത്തല്‍ പ്രക്രിയയ്ക്ക് തുടക്കമിട്ടു ഇതോടു കൂടെ ടൈനോക്കാര്‍ അവരുടെ പൂര്‍വികരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇത് പമ്പരാഗത ജീവിതരീതികളെ തടസ്സപ്പെടുത്തുകയും സുപ്രധാന വിഭവങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്തു.

യൂറോപ്യന്‍ കോളനിവല്‍ക്കരണം കോളനിവാസികളുടെ സംസ്‌കാരവും മതവും ജീവിതരീതിയും ടൈനോ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. അതിന്റെ ഫലമായി അവരുടെ സാംസ്‌കാരിക ആചാരങ്ങളും സ്വത്വവും ഇല്ലാതായി. യൂറോപ്യന്‍ ആചാരങ്ങളും ഭാഷയും വിശ്വാസങ്ങളും സ്വീകരിക്കാന്‍ ടൈനോ നിര്‍ബന്ധിതരാവുകയും അവരുടെ തനതായ സംസ്‌കാരവും പൈതൃകവും ഇല്ലാതാവുകയും ചെയ്തു.

കുടിയേറ്റക്കാര്‍ ടൈനോ ജനതയ്ക്കെതിരെ ക്രൂരത അഴിച്ചു വിട്ട് ആ ജനതയെ വംശഹത്യയ്ക്ക വിധേയരാക്കുകയാണ് ചെയ്തത്. നൂറ്റാണ്ടുകളായുള്ള അമേരിക്കയുടെ തദ്ദേശീയ ജനതകളുടെമേലുള്ള കോളനിവത്കരണത്തിനും ചൂഷണത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും ഇരകളായി ടൈനോ ജനത ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ചിതറപ്പെട്ടു. ഡൊമനിക്കയിലും ക്യൂബയിലും പ്യൂട്ടോറിക്കിയലുമുള്ള ചില ജനവിഭാഗങ്ങള്‍ തങ്ങള്‍ ടൈനോ ഗോത്രത്തിന്റെ പിന്‍തലമുറക്കാരാണെന്ന് അവകാശപ്പെടുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍