ഇന്ത്യയിലെ ‘ഭൂരിപക്ഷ സസ്യാഹാരികളെ’ തൃപ്തിപ്പെടുത്താനുള്ള തീരുമാനം സൊമാറ്റോയ്‌ക്കെതിരേ വ്യാപക പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് സിഇഒ ഭൂപീന്ദര്‍ ഗോയല്‍ സസ്യഹാര പ്രിയരെ ലക്ഷ്യം വച്ച് സൊമാറ്റോ പ്യുവര്‍ വെജ് മോഡ് അവരിപ്പിച്ചത്. പുതിയ ഫീച്ചറില്‍ സൊമാറ്റോ ആപ്പ് വഴി പ്യുവര്‍ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ തെരഞ്ഞെടുത്ത് ഇഷ്ടമുള്ള വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാമെന്നതാണ് കമ്പനി ഉപഭോക്താവിന് നല്‍കിയിരിക്കുന്ന സേവനം. ഇത്തരം ഓര്‍ഡറുകള്‍ വിതരണം ചെയ്യാന്‍ പ്രത്യേക വിഭാഗത്തെയും തയ്യാറാക്കിയുണ്ട്. സൊമാറ്റോ പ്യുവര്‍ വെജ് ഫ്‌ളീറ്റ്. സൊമാറ്റയുടെ ചുവന്ന യൂണിഫോം ആയിരിക്കില്ല വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവറി ഏജന്റ് ധരിക്കുക, പകരം പച്ച നിറത്തിലുള്ളതായിരിക്കും. അതുപോലെ, ഭക്ഷണം കൊണ്ടുവരുന്ന ബാഗും ചുവപ്പിനു പകരം പച്ചയായിരിക്കും.
ശുദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണം ആഗ്രഹിക്കുന്നവരുണ്ട്. ഇപ്പോള്‍ ഒരുവെജിറ്റേറിയന്‍ ഭക്ഷണം കൊണ്ടു പോകുന്നത്, അതിനു മുമ്പ് നോണ്‍-വെജ് ഭക്ഷണം കൊണ്ടുപോയ ഡെലിവറി ബോക്‌സില്‍ തന്നെയായിരിക്കും. ആ ഭക്ഷണം ചോര്‍ന്നൊലിച്ചോ മറ്റോ അതിന്റെ ഗന്ധം ബോക്‌സില്‍ നിറഞ്ഞിരിക്കും. ഇത് 100 ശതമാനവും വെജിറ്റേറിയന്‍ ആയൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അത് പരിഹരിക്കാനായാണ് ഞങ്ങള്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനായി പ്രത്യേകം ഫ്‌ളീറ്റുകള്‍ തയ്യാറാക്കുന്നത്’ വെജ് മോഡിന് കാരണമായി സൊമാറ്റോ സിഇഒ ഭൂപീന്ദര്‍ ഗോയല്‍ പറയുന്ന കാരണമിതാണ്. പുതിയ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് കിട്ടുന്നതെന്നാണ് ഭൂപീന്ദര്‍ പറയുന്നത്. യുവാക്കളാണ് കൂടുതല്‍ പിന്തുണയ്ക്കുന്നത്. ഇപ്പോള്‍ ഞങ്ങളുടെ മാതാപിതാക്കളും സൊമാറ്റോയുടെ ഉപഭോക്താക്കളായെന്നാണ് ചെറുപ്പക്കാര്‍ പറയുന്നതെന്നും ഭൂപീന്ദര്‍ എക്‌സില്‍ കുറിച്ചിരിക്കുന്നു.
എന്നാല്‍, സൊമാറ്റയുടെ പുതിയ പദ്ധതിക്ക് അവര്‍ പ്രതീക്ഷിച്ചതുപോലെയുള്ള സ്വീകാര്യതയല്ല കിട്ടിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ കാണിക്കുന്നത്. ഭക്ഷണത്തില്‍ ജാതീയ വേര്‍തിരിവ് സൃഷ്ടിക്കാനാണ് സൊമാറ്റയുടെ നീക്കമെന്നാണ് പൊതുവേയുള്ള വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ സൊമാറ്റയ്‌ക്കെതിരായ കാമ്പയിനും നടക്കുന്നുണ്ട്. പല ഹൗസിംഗ് സൊസൈറ്റികളിലും റസിഡന്റ്‌സ് അസോസിയേഷനുകളിലും ചുവന്ന ടീഷര്‍ട്ട് ധരിച്ച, ചുവന്ന ബോക്‌സുകളില്‍ ഭക്ഷണം കൊണ്ടുവരുന്ന സാധാരണ സൊമാറ്റോ ഡെലിവറി ഏജന്റുമാരെ പ്രവേശിപ്പിക്കാതിരിക്കാന്‍ പുതിയ മാറ്റം കാരണമാകുമെന്നാണ് പരാതി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സൊമാറ്റോ ജാഗ്രത പുലര്‍ത്തുമെന്നും റെസിന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് ഈ പരാതിക്ക് ഭൂപീന്ദര്‍ ഗോയല്‍ മറുപടി പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള സാമൂഹികാഘാതം പുതിയ മാറ്റം കൊണ്ട് ഉണ്ടാവുകയാണെങ്കില്‍, ഞൊടിയിടയില്‍ തങ്ങള്‍ പഴയരീതിയിലേക്ക് മടങ്ങുമെന്ന ഉറപ്പും സിഇഒ നല്‍കുന്നുണ്ട്.
എന്നാല്‍, ഇത്തരം വാഗ്ദാനങ്ങളിലൊന്നും കാര്യമില്ലെന്നും, കൃത്യമായ ജാതിവിവേചനം ഉണ്ടാക്കാന്‍ മാത്രമാണിത് ഉപകരിക്കുകയെന്നുമാണ് പൊതുവിലുള്ള വിമര്‍ശനം. പലകോണുകളില്‍ നിന്നും സൊമാറ്റോയ്‌ക്കെതിരേ ആക്ഷേപം ഉയരുന്നുണ്ട്. വെജിറ്റേറിയന്‍ ബോക്‌സുകള്‍ കൈകാര്യം ചെയ്യാന്‍ വെജിറ്റേറിയനായ ഡെലിവറി ഏജന്റുമാരെ മാത്രം നിയോഗിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി പങ്കുവയ്ക്കുന്ന ആശങ്ക. വിഡ്ഢിത്തം എന്നാണ് ജേര്‍ണലിസ്റ്റും ഡിജിറ്റല്‍ ആക്ടിവിസ്റ്റുമായ നിഖില്‍ പഹ്വ സൊമാറ്റോയുടെ നീക്കത്തെ അപലപിച്ചത്. ഭക്ഷണം ആവശ്യമുള്ളവരോട് കാണിക്കുന്ന വിവേചനമാണിതെന്നും നിഖില്‍ കുറ്റപ്പെടുത്തി. ഭക്ഷണ വിവേചനം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങളുടെ ഫോണില്‍ നിന്നും സൊമാറ്റോ ആപ്പ് ഡിലീറ്റ് ചെയ്യുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.