UPDATES

പുരാണത്തെ ചരിത്രവും മാന്ത്രികവിദ്യകളെ സയന്‍സും ആക്കുന്നവര്‍

കേരള നിയമസഭ സ്പീക്കറും സിപിഎം നേതാവുമായ എ എന്‍ ഷംസീര്‍ മതവികാരം വൃണപ്പെടുത്തിയെന്നാണ് ആരോപണം

                       

കേരള നിയമസഭ സ്പീക്കറും സിപിഎം നേതാവുമായ എ എന്‍ ഷംസീര്‍ മതവികാരം വൃണപ്പെടുത്തിയെന്നാണ് ആരോപണം. ബിജെപി രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ ആരോപണം കഴിഞ്ഞ ദിവസം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും ഏറ്റെടുത്തിരുന്നു. ഹിന്ദുത്വ സംഘടനകള്‍ ഷംസീറിനെതിരേ കേസ് കൊടുത്തിരിക്കുകയാണ്. സ്പീക്കര്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നാണ് സുകുമാരന്‍ നായരുടെ ആവശ്യം. ഹിന്ദു ദൈവ സങ്കല്‍പ്പമായ ഗണപതിയെ ഷംസീര്‍ അപമാനിച്ചുവെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ആരോപണം. ഇത്തരം ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണം സ്പീക്കര്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ്. ശാസ്ത്രീയാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസം നേടണം എന്ന ആഹ്വാനമാണ് വിദ്യാര്‍ത്ഥികളോടായി ഷംസീര്‍ നടത്തിയതെന്ന് ആ പ്രസംഗം ശ്രദ്ധിക്കുമ്പോള്‍ വ്യക്തം..

”നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയന്‍സിനെ പ്രമോട്ട് ചെയ്യണം. ഇന്നു കാണുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം സയന്‍സിനെ പ്രമോട്ട് ചെയ്യലാണ്. വിമാനം കണ്ടു പിടിച്ചതാരാണ് എന്ന ചോദ്യത്തിന് എന്റെ കുട്ടി കാലത്തെ ഉത്തരം റെറ്റ് സഹോദരന്മാര്‍ എന്നായിരുന്നു, ഇപ്പോള്‍ പറയുന്നത് ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണെന്നാണ്. പാഠപുസ്തകങ്ങളില്‍ സയന്‍സിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു, സയന്‍സിനെ മിത്തുകള്‍കൊണ്ട് റീപ്ലെയ്‌സ് ചെയ്യുന്നു. പ്ലാസ്റ്റിക് സര്‍ജറി മോഡേണ്‍ സയന്‍സിന്റെ കണ്ടു പിടിത്തുമാണ്. ഇപ്പോള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുത്വകാലത്തേ പ്ലാസ്റ്റിക് സര്‍ജറി ഉള്ളതാണെന്നാണ്. ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതി”– ഇങ്ങനെയാണ് സ്പീക്കര്‍ പറയുന്നത്. ഈ വാക്കുകളാണ് മതവിരുദ്ധതയായി ബിജെപിയും സംഘപരിവാറും എന്‍എസ്എസ്സും എല്ലാം പ്രചരിപ്പിക്കുന്നത്.

സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നം- സയന്‍സിനെ മിത്തുകള്‍ കൊണ്ട് റീപ്ലെയ്‌സ് ചെയ്യുക- ഒന്നാം മോദി സര്‍ക്കാരിന്റെ കാലം മുതല്‍ ഇന്ത്യയില്‍ ഉടലെടുത്തതാണ്. ആര്‍ഷഭാരത സംസ്‌കാരം പഠിപ്പിക്കലാണ് ഉദ്ദേശം. പാഠപുസ്തകങ്ങളിലേക്ക് വരെ വ്യാപിച്ചിരിക്കുകയാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പുരാണത്തെ ചരിത്രമായും മാന്ത്രികവിദ്യകളായി അറിയപ്പെടുന്നവയെ സയന്‍സായും ചിത്രീകരിച്ചിട്ടുണ്ട്. ഗണപതിയുടേതാണ് ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയെന്ന് പറഞ്ഞത് വേറെയാരുമായിരുന്നില്ല- പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു. അതും ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തുകൊണ്ട്.

ശാസ്ത്രവും ജനാധിപത്യവും ‘ഭാരവും അപ്രസക്തവും’ ആകുന്ന പുതിയ ഇന്ത്യ

ബിജെപിയുടെ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിമാരും നേതാക്കളുമടക്കം അബദ്ധജടിലമായ കാര്യങ്ങള്‍ ‘ശാസ്ത്രീയത’യാക്കി പ്രചരിപ്പിക്കുന്നുണ്ട്. ഓക്സിജന്‍ ശ്വസിച്ച് പുറത്തുവിടുന്ന ഒരേയൊരു മൃഗം പശുവാണെന്നു പറഞ്ഞത് രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന വാസുദേവ് ദേവ്നാനി ആയിരുന്നു. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ – മദ്ധ്യപ്രദേശും ഗുജറാത്തും പാഠപുസ്‌ക നിര്‍മ്മാണ സമിതിക്ക് ഉപദേഷ്ടാവായി സ്വീകരിച്ചിരുന്നത് ആര്‍ എസ് എസ് നേതാവ് ദീനാനാഥ് ബത്രയെ ആയിരുന്നു. അതിന്റെ ഫലമായിരുന്നു, കാറുകള്‍ പ്രാചീന ഇന്ത്യയില്‍ ഉണ്ടായിരുന്നതായി ഗുജറാത്തിലെ പാഠപുസ്തകങ്ങളില്‍ അച്ചടിച്ചു വച്ചത്. അനസ്ഗ്വ രഥ് (കുതിരകളില്ലാത്ത രഥം) എന്നാണ് ഇതിനെ വിളിക്കുന്നതെന്നായിരുന്നു വാദം. ജെഎല്‍ ബേഡ് ടിവി കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ യോഗികള്‍ കയ്യില്‍ കൊണ്ടു നടക്കാമായിരുന്ന ടിവി ഉപയോഗിച്ചിരുന്നു എന്നും ഗുജറാത്തിലെ കുട്ടികളെ പഠിപ്പിച്ചിരുന്നു. യോഗികളുടെ ദിവ്യദൃഷ്ടിയെക്കുറിച്ചായിരുന്നു പുസ്തകങ്ങളില്‍ പറഞ്ഞിരുന്നത്. ശാസ്ത്രാഭിരുചിയും യുക്തിബോധവും വളര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ഭരണഘടനയുള്ള രാജ്യത്താണ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ യുക്തിരഹിതമായ പ്രസ്താവനകളിലൂടെ ജനങ്ങളെ വഴി തെറ്റിച്ചു കൊണ്ടിരിക്കുന്നത്.

മോദി അടക്കമുള്ള ബിജെപി നേതാക്കളുടെയും ഹിന്ദുത്വ പ്രചാരകരുടെയും ചില അശാസ്ത്രീയ പ്രസ്താവനകള്‍ നോക്കാം:

പഞ്ചാംഗം നോക്കൂ, സൂര്യഗ്രഹണം പറയൂ
അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ സൂര്യ ഗ്രഹണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍  മാദ്ധ്യമങ്ങള്‍ക്ക് അദ്ഭുതം. എന്നാല്‍ നിങ്ങളുടെ അടുത്തുള്ള ഒരു ജോത്സ്യനെ പോയി കാണൂ. അദ്ദേഹം പഞ്ചാംഗം തുറന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സൂര്യഗ്രഹണങ്ങളെ പറ്റിയും നൂറ് വര്‍ഷം കഴിഞ്ഞ് സംഭവിക്കാനിരിക്കും സൂര്യഗ്രഹണങ്ങളെ പറ്റിയും പറയും എന്ന് അവകാശപ്പെട്ടത് നിലവില്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിംഗ് ഒന്നാം മോദി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ്.

കര്‍ണനും ജെനിറ്റിക് സയന്‍സും
കര്‍ണന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല ഉണ്ടായതെന്നും ഇത് വ്യക്തമാക്കുന്നത് അക്കാലത്ത് തന്നെ ജെനിറ്റിക് സയന്‍സ് വികാസം പ്രാപിച്ചിരുന്നു എന്നാണ്. എന്നു പറഞ്ഞത് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയാണ്.

ഗണപതിയും പ്ലാസ്റ്റിക് സര്‍ജറിയും
2014 ഒക്ടോബറില്‍, മുംബൈയിലെ ഒരു ആശുപത്രിയില്‍ ഡോക്ടര്‍മാരും മറ്റ് പ്രൊഫഷണലുകളും ഉള്‍പ്പെട്ടൊരു സമ്മേളനത്തില്‍ സംസാരിക്കവേ, പുരാതന ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി നിലനിന്നിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മനുഷ്യന്റെ ഉടലും ആനയുടെ തലയും ഉള്ള ഗണപതിയെയാണ് അദ്ദേഹം ഉദ്ദാഹരണം പറഞ്ഞത്. ആനയുടെ തല ദൈവത്തിന്റെ ഉടലുമായി ചേര്‍ക്കണമെങ്കില്‍ (ഗണപതി) അതൊരു വിദഗ്ധന്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി തന്നെയാണെന്ന് മോദി പറഞ്ഞു.

ആഗോള താപനം തടയാന്‍ രാജയോഗം
ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയും കര്‍ഷകരുടെ പ്രശ്നങ്ങളും പരിഹരിക്കാന്‍ രാജയോഗം നടത്തിയാല്‍ മതിമതിയെന്ന് പറഞ്ഞത് ഒന്നാം മോദി മന്ത്രിസഭയിലെ കൃഷി മന്ത്രിയായിരുന്ന രാധാ മോഹന്‍ സിംഗ് ആയിരുന്നു. രാജയോഗത്തിലൂടെ കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കണം. പരമാത്മ ശക്തി ഉപയോഗിച്ച് വിത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കാം. പോസിറ്റീവ് തിങ്കിംഗ് പ്രോത്സാഹിപ്പിക്കാന്‍ യോഗിക് ഫാമിംഗ് ഉപയോഗപ്പെടുത്തണമെന്നും കാര്‍ഷിക ശാസ്ത്രജ്ഞരുടേയും കൃഷിക്കാരുടേയും യോഗത്തില്‍ രാധാമോഹന്‍ സിംഗ് പറഞ്ഞു.

കണാദ മുനിയും ആണവ പരീക്ഷണവും
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണാദ മുനി ആണവ പരീക്ഷണം നടത്തിയിരുന്നുവെന്നാണ് ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ബിജെപി എംപിയുമായ രമേഷ് പൊഖ്രിയാല്‍ ലോക്‌സഭയില്‍ പറഞ്ഞത്.

പശു മൂത്രം കുടിക്കൂ, കാന്‍സര്‍ തടയൂ
പശു മൂത്രം കാന്‍സറിനെ പ്രതിരോധിക്കും എന്ന് അവകാശപ്പെട്ടത്‌  ബിജെപി എംപി പ്രഗ്യാ സിംഗ്  താക്കൂറായിരുന്നു. തന്റെ ബ്രസ്റ്റ് കാന്‍സര്‍ ഭേദമായത് പശു മൂത്രവും ചാണകവും പാലും ചേര്‍ത്ത് കഴിച്ചിട്ടാണെന്ന അവകാശവാദവും അവര്‍ ഉന്നയിച്ചിരുന്നു. പശുവിനെ ഒരു പ്രത്യേക രീതിയില്‍ തടവിയാല്‍ നമ്മുടെ രക്തസമ്മര്‍ദ്ദം കുറയുമെന്ന വാഗ്ദാനം കൂടി പ്രഗ്യാ സിംഗിന്റെ വകയായി ഉണ്ടായിരുന്നു.

കൗരവരും ടെസ്റ്റ് ട്യൂബും
വിത്തുകോശങ്ങള്‍, ടെസ്റ്റ് ട്യൂബ് ചികിത്സ എന്നിവ തുടങ്ങുന്നത് ഹിന്ദു പുരാണമായ മഹാഭാരതത്തില്‍ നിന്നുമാണെന്നാണ് ആന്ധ്ര സര്‍വകലാശാല വൈസ്-ചാന്‍സിലര്‍ ജി നാഗേശ്വര റാവു പറഞ്ഞത്. കൗരവരുടെ ജനനമാണ് അതിനുള്ള തെളിവെന്നും ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അവകാശപ്പെട്ടു. 2019 ല്‍ സംഘടിപ്പിച്ച 106-മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ വേദിയില്‍വച്ചായിരുന്നു.

മഹാവിഷ്ണുവും മിസൈലും
ഹിന്ദു ദൈവമായ മഹാവിഷ്ണുവാണ് പ്രപഞ്ചത്തില്‍ ആദ്യമായി ഗൈഡഡ് മിസൈല്‍സ് ഉപയോഗിച്ചതെന്നു കൂടി നാഗേശ്വര റാവു വാദിച്ചിരുന്നു. വിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രമായിരുന്നു നാഗേശ്വര റാവുവിന്റെ അറിവിലെ ആദ്യത്തെ ഗൈഡഡ് മിസൈല്‍. ഇക്കാര്യം അദ്ദേഹം പറയുന്നതും സയന്‍സ് കോണ്‍ഗ്രസ് വേദിയില്‍ വച്ചായിരുന്നു.

ദിനോസറിനെ കണ്ടെത്തിയ ബ്രഹ്‌മാവ്
ദിനോസറിനെ കണ്ടെത്തിയത് ഹിന്ദു ദൈവമായ ബ്രഹ്‌മാവ് ആണെന്ന് പറഞ്ഞത് ജിയോളജിസ്റ്റും പഞ്ചാബ് സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസറുമായ ആഷു ഖോസ്ലയായിരുന്നു. 2019 ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ റിസര്‍ച്ച് പേപ്പര്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഖോസ്ലയുടെ അവകാശവാദം. ഇന്ത്യയിലെ ആദ്യത്തെ ദിനോസറിന്റെ പേരും പറയുന്നുണ്ട്; രാജശൗര! ഇത്തരം കണ്ടുപിടിക്കലുകളെക്കുറിച്ചുള്ള ദൈവത്തിന്റെ രേഖപ്പെടുത്തലുകള്‍ പൗരാണിക ഹിന്ദു ഗ്രന്ഥങ്ങളിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

മഹാഭാരതത്തിലെ ഇന്റര്‍നെറ്റ്
ത്രിപുരയിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് ദേബ് 2018 ല്‍ പറഞ്ഞതാണ് മഹാഭാരതത്തില്‍ ഇന്റര്‍നെറ്റിനെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന്. മൈലുകള്‍ക്ക് അപ്പുറം കുരുക്ഷേത്രത്തില്‍ നടക്കുന്ന യുദ്ധത്തെക്കുറിച്ച് സഞ്ജയന്‍ അപ്പപ്പോള്‍ ദൃതരാഷ്ട്രര്‍ക്ക് വിവരിച്ചു കൊടുത്തിരുന്നത് തെളിയിക്കുന്നത് ഇന്ത്യയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പേ ഇന്റര്‍നെറ്റും സാറ്റ്‌ലെറ്റ് ടെക്‌നോളജിയും ഉണ്ടായിരുന്നു എന്നാണെന്നാണ് ബിജെപിയുടെ മുഖ്യമന്ത്രി പറഞ്ഞുവച്ചത്.

ആപേക്ഷികത സിദ്ധാന്തവും വേദങ്ങളും
ഐന്‍സ്റ്റീന്റെ ആപേക്ഷിത സിദ്ധാന്തക്കെക്കാള്‍ ശ്രേഷ്ഠമായ തിയറി ഇന്ത്യന്‍ വേദങ്ങളില്‍ ഉണ്ടെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞിട്ടുണ്ടെന്നൊരു അവകാശ വാദം ഇന്ത്യയുടെ ശാസത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ നടത്തിയിരുന്നു. ഹോക്കിംഗിന്റെ മരണശേഷമായിരുന്നു മന്ത്രിയുടെ അവകാശവാദം. 2018 ലെ സയന്‍സ് കോണ്‍ഗ്രസിലായിരുന്നു യാതൊരു തെളിവോ അടിസ്ഥാനമോ ഇല്ലാത്ത മന്ത്രിയുടെ പ്രസ്താവന.

‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അബദ്ധം’
ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നായിരുന്നു മോദി മന്ത്രിസഭയിലെ മാനവവിഭവശേഷി വകുപ്പ് സഹ മന്ത്രിയായിരുന്ന സത്യപാല്‍ സിംഗ് അവകാശപ്പെട്ടത്. 2018 ല്‍ അസം യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മന്ത്രി പറഞ്ഞത്, ലോകത്തിലെ പ്രശസ്തരായ 15 ഓളം ശാസ്ത്രജ്ഞര്‍ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടെന്നാണ്. ഭൂമിയില്‍ മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ മനുഷ്യരൂപം തന്നെയാണെന്നും കുരങ്ങില്‍ നിന്നും പരിണാമം കൊണ്ടതാണെന്ന് ഹിന്ദു പുരണാങ്ങളില്‍ ഉള്‍പ്പെടെ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇക്കാര്യങ്ങള്‍ വിശദമാക്കുന് തരത്തില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കണമെന്ന ആവശ്യവും മന്ത്രിക്കുണ്ടായിരുന്നു.

നിത്യ ബ്രഹ്‌മചാരിയായ മയില്‍
2017 മെയ് മാസത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന മഹേഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞത് മയിലുകള്‍ ഇണചേരില്ല എന്നാണ്. ‘മയില്‍ ആജീവനാന്ത ബ്രഹ്‌മചാരിയാണ്’ എന്നും അദ്ദേഹം പറഞ്ഞു. ആണ്‍ മയിലിന്റെ കണ്ണുനീര്‍ വിഴുങ്ങിയാണ് പെണ്‍മയില്‍ ഗര്‍ഭിണിയാകുകയും പ്രത്യുല്‍പാദനം നടത്തുകയും ചെയ്യുന്നതെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്ത വിധി പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ജഡ്ജിയുടെ മയില്‍ വിവരണം.

പശു മൂത്രത്തില്‍ സ്വര്‍ണം
2016 ജൂണില്‍, ജുനഗഡ് കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകര്‍ ഗുജറാത്തിലെ ഗിര്‍ മേഖലയിലെ 400 പശുക്കളുടെ മൂത്രസാമ്പിളുകള്‍ വിശകലനം ചെയ്തപ്പോള്‍ ഓരോ ലിറ്റര്‍ മൂത്രത്തിലും 3-10 മില്ലിഗ്രാം സ്വര്‍ണം കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ”മൂത്രത്തില്‍ 5100 സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു, അതില്‍ 388 എണ്ണത്തിന് ഔഷധ ഗുണങ്ങളുണ്ട്’ എന്നായിരുന്നു ശാസ്ത്രജ്ഞനായ ഡോ ബി എ ഗോലാകിയ ന്യൂസ് 18 നോട് പറഞ്ഞത്. ”സ്വര്‍ണ്ണത്തിന്റെ ശ്രേണി അത് കഴിക്കുന്ന പ്രായത്തിനും തീറ്റയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നുവെന്നും, രാവിലത്തെ സാമ്പിളുകളില്‍ വൈകുന്നേരത്തെക്കാള്‍ സ്വര്‍ണ്ണത്തിന്റെ അംശം കൂടുതലുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. പശുക്കിടാക്കളിലും സ്വര്‍ണ്ണമുണ്ടെന്നു കൂടി അവര്‍ വാദിച്ചു.

എയര്‍ക്രാഫ്റ്റും ഭരദ്വാജ മുനിയും
വിമാന നിര്‍മാണത്തിന്റെ ടെക്‌നോളജിയെക്കുറിച്ച് 7,000 വര്‍ഷങ്ങള്‍ക്കു മുമ്പേ ഹിന്ദു പുരാണത്തിലെ ഭരദ്വാജ മഹര്‍ഷി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടത് ഒരു റിട്ടയേര്‍ഡ് പൈലറ്റ് ആയിരുന്നു. 2015 ജനുവരിയില്‍ മുംബൈയില്‍ സംഘടിപ്പിച്ച 102-മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ വച്ചായിരുന്നു ക്യാപ്റ്റന്‍ ആനന്ദ് ബോദാസ് ഇക്കാര്യം പറയുന്നത്. എരുമ, പശു, ആട് എന്നിവയുടെ പാല്‍ ഉള്‍പ്പെടെയുള്ള പൈലറ്റുമാരുടെ ഭക്ഷണക്രമത്തെക്കുറിച്ചും ഇന്ത്യന്‍ പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും പുരാതന ഇന്ത്യയിലെ വിമാനങ്ങളുടെ പൈലറ്റുമാര്‍ വെള്ളത്തിനടിയില്‍ വളരുന്ന സസ്യജാലങ്ങളില്‍ നിന്നുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്ക് ഇന്റര്‍പ്ലാനറ്ററി എയര്‍ക്രാഫ്റ്റുകള്‍ ഉണ്ടായിരുന്നുവെന്നും, കൂടാതെ ഇന്നുള്ളതിനെക്കാള്‍ മികച്ച രീതിയിലുള്ള അത്യാധുനിക റഡാര്‍ സംവിധാനങ്ങളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അശാസ്ത്രീയത പ്രസംഗിക്കുന്നത് ഒരു വശത്ത് നടക്കുമ്പോള്‍, മറ്റൊരു വഴിയിലൂടെ അവ പഠിപ്പിക്കാനുള്ള പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് അമിതഭാരം, അശാസ്ത്രീയം എന്നൊക്കെ കണ്ടെത്തി ഇന്ത്യയിലെ പാഠപുസ്തകങ്ങളില്‍ നിന്നും ശാസ്ത്രവും ജനാധിപത്യവും നീക്കം ചെയ്യുന്നത്. ബിരുദപഠന ക്ലാസുകളില്‍ നിന്നും ഗാന്ധിയെയും അംബേദ്കറെയും മൗലാന അബ്ദുള്‍ കലാം ആസാദിനെയും മുഹമ്മദ് ഇക്ബാലിനെയുമൊക്കെ പുറത്താക്കിയതിന്റെ തുടര്‍ച്ചയായി ചാള്‍സ് ഡാര്‍വിനെയും ഐന്‍സ്റ്റീനെയും ഒഴിവാക്കുന്നു.

സര്‍വകലാശാലകള്‍ സ്വന്തം നിലയ്ക്ക് തുടങ്ങിയ ഒഴിവാക്കലുകള്‍ രാജ്യത്തെ പൊതു സ്‌കൂള്‍ പാഠ്യപദ്ധതിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. അതിനുള്ള ചുക്കാന്‍ പിടിച്ചിരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി)ആണ്. വിദഗ്ധരോടോ വിദ്യാര്‍ത്ഥികളോടോ, മാതാപിതാക്കളോടോ, അധ്യാപകരോടോ ഒന്നും കൂടിയാലോചിക്കാതെയാണ് ശാസ്ത്രത്തിലും ചരിത്രത്തിലും കുറച്ചാളുകള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

എന്‍സിഇആര്‍ടി തയ്യാറാക്കിയ പത്താംക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും ഊര്‍ജ്ജ സ്രോതസ്സുകള്‍, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയ മറ്റ് അടിസ്ഥാന വിഷയങ്ങള്‍ക്കൊപ്പം പീരിയോഡിക്കല്‍ ടേബിളിലെ(ആവര്‍ത്തന പട്ടിക) ഒരു അധ്യായവും പൂര്‍ണമായും മാറ്റിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം, കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ എന്നിവയും ഇനി പഠിപ്പിക്കില്ല, ഹൈസ്‌കൂള്‍ തലത്തില്‍ ബയോളജി, കെമിസ്ട്രി, ജ്യോഗ്രഫി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലും വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടായിട്ടുണ്ട്.

മനുഷ്യന്റെയും പ്രകൃതിയുടെയും ഉത്പത്തിയുമായി ബന്ധപ്പെട്ട പുരാണകഥകള്‍ക്ക് അടിസ്ഥാനമുണ്ടാക്കിയെടുക്കാന്‍ പ്രചാരണം നടക്കുന്ന കാലത്ത് തന്നെയാണ് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധന്തവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

പരിണാമത്തെ കുറിച്ച് പറയാതെയാണ് ഇന്ത്യയില്‍ ജീവശാസ്ത്രം പഠിപ്പിക്കാന്‍ പോകുന്നത്. രസതന്ത്രജ്ഞരുടെ മഹത്തായ ബൗദ്ധിക നേട്ടമായി കണക്കാക്കുന്ന പീരിയോഡിക്കല്‍ ടേബിള്‍ എന്‍സിഇആര്‍ടിയുടെ പത്താംക്ലാസ് രസതന്ത്ര പുസ്തകത്തില്‍ നിന്നും ഒഴിവാക്കി. പീരിയോഡിക്കല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് എലമെന്റ്സ് എന്ന അഞ്ചാം അധ്യായം കുട്ടികളെ പഠിപ്പിക്കേണ്ടെന്നു തീരുമാനിച്ചു. ആവര്‍ത്തന പട്ടികയും പരിണാമ സിദ്ധാന്തവുമൊക്കെ ഹയര്‍സെക്കന്‍ഡറി തലത്തില്‍ പഠിച്ചാല്‍ മതിയത്രേ! സ്‌കൂളില്‍ പഠിക്കേണ്ട.

ഊര്‍ജ്ജ സ്രോതസ്സുകളെയും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര മാനേജ്മെന്റിനെയും കുറിച്ചുള്ള മുഴുവന്‍ അധ്യായങ്ങളും നീക്കം ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വൈദ്യുതിയെയും കാന്തികതയെയും മനസ്സിലാക്കുന്നതിന് മൈക്കല്‍ ഫാരഡെ നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള ഒരു ഭാഗവും പത്താം ക്ലാസ് സിലബസില്‍ നിന്ന് നീക്കം ചെയ്തു. ഇന്നത്തെ ലോകത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിഷയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതില്ലാത്ത കാര്യങ്ങളാക്കി ഒളിപ്പിച്ചു കളയുന്നത്.

പരിണാമം സിദ്ധാന്തം പഠിക്കാത്ത, പരിണാമത്തിന് ഡാര്‍വിന്‍ നല്‍കിയ സംഭാവനകളോ, ഫോസിലുകള്‍ എങ്ങനെ രൂപപ്പെടുന്നുവെന്നോ, മനുഷ്യ പരിണാമം എങ്ങനെയുണ്ടായി എന്നോ പഠിക്കാത്ത, ജീവജാലങ്ങളിലെ വൈവിധ്യത്തെക്കുറിച്ചു പഠിക്കാത്ത, ‘എന്തുകൊണ്ട് നമ്മള്‍ രോഗബാധിതരാകുന്നു’ എന്നു പഠിക്കാത്ത ഒരു വിദ്യാര്‍ത്ഥിയെയാണ് ആധുനിക ലോകത്തേക്ക് സംഭാവന ചെയ്യാന്‍ ഹുന്ദുത്വ ഇന്ത്യ തയ്യാറാക്കുന്നതെന്നാണ് വിമര്‍ശനം. സയന്‍സിനെ മിത്ത് കൊണ്ട് റിപ്ലെയ്‌സ് ചെയ്താല്‍ ഈ ലോകത്ത് നിങ്ങള്‍ ഒരു അപരിചിതനെപ്പോലെ ജീവിക്കേണ്ടി വരും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍