UPDATES

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനും ചരമഗീതം മുഴങ്ങുകയാണോ?

മോദി സര്‍ക്കാര്‍ വന്നശേഷം ശാസ്ത്രത്തിന് പകരം പുരാണകഥകളായിരുന്നു സയന്‍സ് കോണ്‍ഗ്രസ് വേദിയില്‍ നിന്നും കേട്ടിരുന്നത്

                       

നൂറ്റാണ്ടിന്റെ പഴക്കമുള്ള, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയിരുന്ന ശാസ്ത്ര സാങ്കേതിക സമ്മേളനത്തിന് തിരശീല വീഴുകയാണോ? 100 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ‘ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്’ അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്. സംഘാടകരും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ കുടുങ്ങി കിടക്കുന്നത് രാജ്യത്തെ പ്രധാന ശാസ്ത്ര സമ്മേളനം. പാഠപുസ്തകങ്ങളില്‍ നിന്നെന്ന പോലെ ശാസ്ത്ര ചര്‍ച്ചകള്‍ പൊതുവേദികളില്‍ നിന്നും ഇല്ലാതാവുകയാണോ എന്നാണ് ശാസ്ത്ര സമൂഹത്തിന്റെ ആശങ്ക.

രണ്ടു ദശാബ്ദത്തിനു മുന്‍പ് വരെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഇന്ത്യയുടെ ശാസ്ത്ര രംഗത്തിന്റെ വളര്‍ച്ചയില്‍ കാതലായി മാറുന്ന ഗൗരവമേറിയ ശാസ്ത്രീയ ചര്‍ച്ചകള്‍ നടക്കുന്ന സുപ്രധന പരിപാടി എന്ന നിലയിലായിരുന്നു ലോകവും ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ശാസ്ത്രീയവത്കരണത്തെക്കാള്‍ പുരാണവത്കരണം രാജ്യത്തില്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതോടെ ഈ ഖ്യാതിക്ക് കോട്ടം തട്ടി തുടങ്ങി. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളും പ്രസംഗങ്ങളും പലപ്പോഴും ശാസ്ത്രത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെ ആയിരുന്നില്ല പ്രതിഫലിപ്പിച്ചിരുന്നത്. വിചിത്രമായ അവകാശവാദങ്ങളും, ശാസ്ത്രീയമായി വിശ്വസനീയമല്ലാത്ത ആശയങ്ങളെയുമാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. മിത്തുകള്‍ക്ക് ശാസ്ത്രവേദയില്‍ നിന്നുകൊണ്ട് ആധികാരിത നല്‍കാന്‍ ശ്രമിച്ചവരില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി മുതലുണ്ടായിരുന്നു.

ദിനോസറിനെ കണ്ടെത്തിയത് ഹിന്ദു ദൈവമായ ബ്രഹ്‌മാവ് ആണെന്ന് ജിയോളജിസ്റ്റും പഞ്ചാബ് സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസറുമായ ആഷു ഖോസ്ല അവകാശവാദം ഉന്നയിച്ചത് 2019 ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ റിസര്‍ച്ച് പേപ്പര്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ദിനോസറിന്റെ പേരും പ്രബന്ധത്തില്‍ പറയുന്നുണ്ട്; രാജശൗര! 2019 ല്‍ സംഘടിപ്പിച്ച 106-മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ വേദിയില്‍ ആന്ധ്ര സര്‍വകലാശാല വൈസ്-ചാന്‍സിലര്‍ അവകാശപ്പെട്ടത് വിത്തുകോശങ്ങള്‍, ടെസ്റ്റ് ട്യൂബ് ചികിത്സ എന്നിവ തുടങ്ങുന്നത് ഹിന്ദു പുരാണമായ മഹാഭാരതത്തില്‍ നിന്നുമാണെന്നാണ്. ഹിന്ദു ദൈവമായ മഹാവിഷ്ണുവാണ് പ്രപഞ്ചത്തില്‍ ആദ്യമായി ഗൈഡഡ് മിസൈല്‍സ് ഉപയോഗിച്ചതെന്നു കൂടി നാഗേശ്വര റാവു വാദിച്ചിരുന്നു. വിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രമായിരുന്നു നാഗേശ്വര റാവുവിന്റെ അറിവിലെ ആദ്യത്തെ ഗൈഡഡ് മിസൈല്‍. ഇക്കാര്യം അദ്ദേഹം പറയുന്നതും സയന്‍സ് കോണ്‍ഗ്രസ് വേദിയില്‍ വച്ചായിരുന്നു.

വിമാന നിര്‍മാണത്തിന്റെ ടെക്നോളജിയെക്കുറിച്ച് 7,000 വര്‍ഷങ്ങള്‍ക്കു മുമ്പേ ഹിന്ദു പുരാണത്തിലെ ഭരദ്വാജ മഹര്‍ഷി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഒരു റിട്ടയേര്‍ഡ് പൈലറ്റ് അവകാശപ്പെട്ടതും സയന്‍സ് കോണ്‍ഗ്രസില്‍ വച്ചായിരുന്നു. 2015 ജനുവരിയില്‍ മുംബൈയില്‍ സംഘടിപ്പിച്ച 102-മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് വേദിയില്‍ നിന്നുകൊണ്ടാണ് ക്യാപ്റ്റന്‍ ആനന്ദ് ബോദാസ് ഇക്കാര്യം പറയുന്നത്. എരുമ, പശു, ആട് എന്നിവയുടെ പാല്‍ ഉള്‍പ്പെടെയുള്ള പൈലറ്റുമാരുടെ ഭക്ഷണക്രമത്തെക്കുറിച്ചും ഇന്ത്യന്‍ പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും പുരാതന ഇന്ത്യയിലെ വിമാനങ്ങളുടെ പൈലറ്റുമാര്‍ വെള്ളത്തിനടിയില്‍ വളരുന്ന സസ്യജാലങ്ങളില്‍ നിന്നുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്ക് ഇന്റര്‍പ്ലാനറ്ററി എയര്‍ക്രാഫ്റ്റുകള്‍ ഉണ്ടായിരുന്നുവെന്നും, കൂടാതെ ഇന്നുള്ളതിനെക്കാള്‍ മികച്ച രീതിയിലുള്ള അത്യാധുനിക റഡാര്‍ സംവിധാനങ്ങളും ഉണ്ടായിരുന്നുവെന്നും പറയാന്‍ അദ്ദേഹത്തിന് സയന്‍സ് കോണ്‍ഗ്രസ് വേദിയില്‍ അവസരം കിട്ടി.

ഐന്‍സ്റ്റീന്റെ ആപേക്ഷിത സിദ്ധാന്തക്കെക്കാള്‍ ശ്രേഷ്ഠമായ തിയറി ഇന്ത്യന്‍ വേദങ്ങളില്‍ ഉണ്ടെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞിട്ടുണ്ടെന്നൊരു അവകാശ വാദം ഉയര്‍ത്താന്‍ ഇന്ത്യയുടെ ശാസത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ തെരഞ്ഞെടുത്ത് 2018 ലെ സയന്‍ കോണ്‍ഗ്രസ് വേദിയായിരുന്നു. ഹോക്കിംഗിന്റെ മരണശേഷമായിരുന്നു യാതൊരു തെളിവോ അടിസ്ഥാനമോ ഇല്ലാതെയുള്ള മന്ത്രിയുടെ പ്രസ്താവന.

ഒരു കാലത്ത് ശാസ്ത്രീയ ചര്‍ച്ചകള്‍ക്കുള്ള വിലയേറിയ വേദിയായിരുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗസിന് അതിന്റെ ഗതകാല പ്രതാപത്തിനൊത്ത് ഉയരാന്‍ കഴിയാത്തതിന് പുറമെ അര്‍ത്ഥശൂന്യമായ വേദിയായി മാറിയത് ആഗോളതലത്തില്‍ തന്നെ ശാസ്ത്രജ്ഞരെ നിരാശരാക്കിയിരുന്നു. പല പ്രമുഖ ശാസ്ത്രജ്ഞരും ഇവന്റ് നിര്‍ത്തലാക്കണമെന്ന ആവിശ്യം വരെ ഉന്നയിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് കോവിഡ് കാലത്തല്ലാതെ, ചരിത്രത്തിലാദ്യമായി നടക്കാതെ പോകുന്നത്. അമിതഭാരം, അശാസ്ത്രീയം എന്നൊക്കെ കണ്ടെത്തി ഇന്ത്യയിലെ പാഠപുസ്തകങ്ങളില്‍ നിന്നും ശാസ്ത്രവും ജനാധിപത്യവും നീക്കം ചെയ്തതിനു പുറമെയാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാവി കൂടി അവതാളത്തിലാവുന്നത്.

എന്താണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്

1905-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, പണ്ഡിതന്മാര്‍ തുടങ്ങിയവര്‍ക്ക് ഒത്തുചേരാനും ശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇന്ത്യയില്‍ ശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കാനും ഒരു വേദിയെന്ന നിലയിലാണ്. ബ്രിട്ടീഷ് രസതന്ത്രജ്ഞരായ ജെ.എല്‍. സൈമണ്‍സനും, പി.എസ്. മക്മഹോണും അന്ന് മുന്നോട്ടു വച്ച ഈ ആശയം കാലക്രമേണ ഇന്ത്യയുടെ ശാസ്ത്രരംഗത്തിന് നല്‍കി വന്ന സംഭവനകള്‍ ചെറുതല്ലായിരുന്നു. വാര്‍ഷിക കോണ്‍ഗ്രസിന്റെ മേല്‍നോട്ടം വഹിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ (ISCA) തന്നെ സ്ഥാപിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരെ ഒരുമിച്ച് കൊണ്ടുവരികയും ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതിക്കും ആശയങ്ങളുടെ കൈമാറ്റത്തിനും വേദിയൊരുക്കുകയും ചെയ്ത ഈ വേദി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര സംഭവങ്ങളിലൊന്നായി മാറി. സിക്കല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്, അഗ്രികള്‍ച്ചറല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, എഞ്ചിനീയറിംഗ് എന്നീ ശാസ്ത്രശാഖകള്‍ ഒരുമിച്ചു സംഘടിക്കുന്ന മറ്റൊരു വേദി ഇന്ത്യയില്‍ ഇല്ലെന്ന് തന്നെ പറയാം. കൂടാതെ യുവതലമുറയെ ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ തൊഴിലെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

എന്താണ് നിലവിലെ ആശങ്ക

കാലങ്ങളായി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ കലണ്ടറില്‍ തന്നെ രേഖപ്പെടുത്തിവക്കുന്ന ഈ വേദി സാധാരണാഗതയില്‍ വര്‍ഷാരംഭത്തിലാണ് സംഘടിപ്പിക്കാറുള്ളത്. അതായത് പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുമായി ഇടപഴകുന്ന ആദ്യ വേദി കൂടിയാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി നടക്കാതിരുന്നത് മഹാമാരി കാലത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം സയന്‍സ് കോണ്‍ഗ്രസിനെ ഓണ്‍ലൈന്‍ വഴിയാണ് അഭിസംബോധന ചെയ്തത്. എന്നാല്‍ എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ കൂടാതെ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവയ്ക്കുന്നത് നടാടെയാണ്. പരിപാടി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷനും (ISCA) കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (DST) തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലമാണ് ഇത്തവണ സയന്‍സ് കോണ്‍ഗ്രസ് നടത്താനാകാതെ വരുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2023 സെപ്തംബറില്‍, സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന് അവകാശപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (DST) ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിയിരുന്നു. പരിപാടി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ ഈ ആരോപണത്തോട് വിയോജിക്കുകയും സയന്‍സ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഒന്നിനും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കരുതെന്ന ഡിഎസ്ടിയുടെ നിര്‍ദേശത്തെ വെല്ലുവിളിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ വിയോജിപ്പ് നിയമപരമായ തര്‍ക്കത്തിലേക്ക് നയിച്ചു, അത് ഇപ്പോഴും തുടരുകയാണ്. 2023 സെപ്റ്റംബറില്‍, ‘സാമ്പത്തിക ക്രമക്കേടുകള്‍’ ആരോപിച്ച് ഡിഎസ്ടി കോണ്‍ഗ്രസിന് നല്‍കി വന്നിരുന്ന ധനസഹായം പിന്‍വലിച്ചു. പരിപാടി സംഘടിപ്പിക്കുന്ന സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ ഈ ആരോപണത്തോട് വിയോജിക്കുകയും സയന്‍സ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഒന്നിനും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കരുതെന്ന ഡിഎസ്ടിയുടെ നിര്‍ദേശത്തെ വെല്ലുവിളിക്കുകയും ചെയ്തു. ഇരു കൂട്ടരും തമ്മിലുള്ള വിള്ളലിന്റെ ആഴം കൂട്ടിയ വിഷയത്തില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

ഡിഎസ്ടി പണം നല്‍കാതായതോടെ അസോസിയേഷന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. 2023-ല്‍ 5 കോടി രൂപയായി ഉയര്‍ത്തിയ ഡിഎസ്ടിയുടെ ഫണ്ടിംഗ്, സാധാരണയായി സയന്‍സ് കോണ്‍ഗ്രസ് ഇവന്റിനുള്ള മിക്ക ചെലവുകളും നടത്താന്‍ പര്യാപ്തമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പണം ഡിഎസ്ടിയില്‍ നിന്ന് ലഭിക്കാതായതോടെ ഈ ഫണ്ടിംഗ് വെല്ലുവിളി നേരിടുന്നതിനായി, സയന്‍സ് കോണ്‍ഗ്രസ് വേദി സ്ഥിരമായി നടത്തിയിരുന്ന ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ നിന്ന് ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലേക്ക് (എല്‍പിയു) മാറ്റാന്‍ ഐഎസ്സിഎ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ ഡിഎസ്ടി ആദ്യം തന്നെ എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ വേദിക്കായി ഡിഎസ്ടിയുടെ അനുമതി ആവശ്യമില്ലെന്നും എല്‍പിയു വേദിയായി തെരഞ്ഞെടുക്കുമ്പോള്‍ ഒരു ഡിഎസ്ടി പ്രതിനിധി അവിടെ സന്നിഹിതനായിരുന്നുവെന്നും ഐഎസ്സിഎ വാദിച്ചു. ഈ അഭിപ്രായ വ്യത്യാസത്തിനിടയിലാണ്, സയന്‍സ് കോണ്‍ഗ്രസ് ഇവന്റ് ഹോസ്റ്റ് ചെയ്യാനുള്ള വാഗ്ദാനം എല്‍പിയു പിന്‍വലിക്കുന്നത്. ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പുറമെ പരിപാടി സംഘടിപ്പിക്കനുള്ള വേദി ലഭിക്കത്തതും സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാവിയെ തന്നെ ചോദ്യ ചിഹ്നത്തിലാക്കിയിരിക്കുയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ നിലപാട്

1947 ജനുവരിയില്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 34-ാമത് വാര്‍ഷിക സമ്മേളനത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ജനറല്‍ പ്രസിഡന്റായിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും മുതല്‍ കൂട്ടാവുന്ന ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അന്നത്തെ പ്രധനമന്ത്രിക്ക് സയന്‍സ് കോണ്‍ഗ്രസില്‍ പ്രത്യേക താല്പര്യമുണ്ടായിരുന്നു. വര്‍ഷാരംഭത്തില്‍ നടത്തിയിരുന്ന പരുപാടിയില്‍ അദ്ദേഹം എല്ലായ്‌പ്പോഴും നിറ സാന്നിധ്യം കൂടിയായിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവതലമുറകള്‍ക്കിടയില്‍ ശാസ്ത്രീയ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ താല്‍പര്യം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. സയന്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിനായി വിദേശ സമൂഹങ്ങളില്‍ നിന്നും അക്കാദമികളില്‍ നിന്നും പ്രതിനിധികളെ ക്ഷണിക്കുന്നതിനുള്ള ആശയം അദ്ദേഹത്തിന്റേതായിരുന്നു. അതുകൊണ്ടു തന്നെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ നടത്തിവന്നിരുന്ന സമ്മേളനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ശാസ്ത്രത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കാനും ചര്‍ച്ച ചെയ്യാന്ന ലോകത്തിനു മുന്നില്‍ തന്നെ ഇന്ത്യയുടെ അഭിമാനമായിരുന്ന സയന്‍സ് കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി സംഭവിച്ച ഗുണനിലവാരമില്ലായ്മയും ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍