ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ മൂന്നാം മത്സരത്തിനു മുമ്പായി കിട്ടിയ ചെറിയ ഇടവേള ഇന്ത്യന്‍ താരങ്ങള്‍ കുടുംബവുമൊത്താണ് ചെലവഴിക്കുന്നത്. ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഭാര്യ സ്ഞ്ജനയ്‌ക്കൊപ്പം ഈ ദിവസങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ‘സന്തോഷം ഇവിടെയുണ്ട്’ എന്ന അടിക്കുറിപ്പോടെ ബുംറ ഭാര്യ സഞ്ജന ഗണേശനൊപ്പമുള്ള ഒരു ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. പ്രശസ്തയായ സ്‌പോര്‍ട്‌സ് അവതാരകയാണ് സഞ്ജന. അടുത്തിടെയാണ് ഇരുവര്‍ക്കും കുഞ്ഞു പിറന്നത്.
തങ്ങള്‍ എല്ലാവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന സന്തോഷത്തിന് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തിരിച്ചുള്ള അനുഭവമായിരിക്കും ഉണ്ടാവുക. ചിലരതില്‍ പകച്ചു പോകുമ്പോള്‍, വ്യക്തിത്വമുള്ളവര്‍ തങ്ങളെ ആക്രമിക്കാന്‍ വന്നവരെ അതിനേക്കാള്‍ ശക്തിയോടെ തിരിച്ചാക്രമിച്ച് അവരെ നിശബ്ദരാക്കിക്കളയും.
കഴിഞ്ഞ ദിവസം വാലന്റൈന്‍സ് ഡേ പ്രമാണിച്ചുള്ള ഒരു പ്രൊമോഷണല്‍ പോസ്റ്റില്‍ സഞ്ജനയ്‌ക്കെതിരേ വ്യപക സൈബര്‍ അക്രമണങ്ങളാണ് നടന്നത്. സഞ്ജനയുടെ ശരീര ഭാരം വര്‍ധിച്ചെന്ന തരത്തിലും അതിനെ ആക്ഷേപിച്ചുമാണ് പോസ്റ്റിനു താഴെ കമന്റുകള്‍ വന്നത്. എന്നാല്‍ ഇതിന് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജന ഗണേശന്‍. സ്‌കൂളില്‍ പഠിപ്പിച്ച സയന്‍സ് പുസ്തകങ്ങള്‍ നിങ്ങള്‍ മറന്നോ എന്നാണ് സഞ്ജന ചോദിക്കുന്നത്. സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ നിങ്ങള്‍ക്ക് എത്ര ധൈര്യമുണ്ട് എന്നും സഞ്ജന തിരിച്ചു ചോദിക്കുന്നു. സഞ്ജനയുടെ മറുപടിയെ പിന്തുണച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച്ച രാജ്കോട്ടില്‍ ആരംഭിക്കും. ജസ്പ്രീത് ബുംറയും മത്സരത്തിനുണ്ട്. മൂന്ന് ടെസ്റ്റുകള്‍ കൂടി ശേഷിക്കെ പരമ്പര 1-1ന് സമനിലയിലാണ്. ആദ്യ ടെസ്റ്റ് ബെന്‍ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ വിജയിച്ചു. മത്സരത്തില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യ പരമ്പര സമനിലയിലാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.